Coronavirus Vaccine Tracker: നാല് കൊറോണ വൈറസ് വാക്സിനുകൾ ഇന്ത്യയിൽ പ്രീ ക്ലിനിക്കൽ പരീക്ഷണത്തിന്റെ പുരോഗതിയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ അറിയിച്ചു.
“ആഗോളതലത്തിൽ 145 വാക്സിനുകൾ പ്രീ-ക്ലിനിക്കൽ മൂല്യനിർണയ ഘട്ടത്തിലാണ്. ഏകദേശം 35 വാക്സിനുകളുടെ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. ഇന്ത്യയിൽ നാം 30 വാക്സിനുകൾക്കാണ് പിന്തുണ നൽകുന്നത്. ഇതിൽ മൂന്നെണ്ണം ഒന്നും രണ്ടും മൂന്നും ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിലാണ്. നാലെണ്ണത്തിൽ കൂടുതൽ ക്ലിനിക്കൽ പരീക്ഷണത്തിന് ഒരുങ്ങി നിൽക്കുകയാണ്,” ലോക്സഭയിൽ കോവിഡ്-19 മഹാമാരിയെ കുറിച്ചുള്ള ചർച്ചയ്ക്കിടെ ആരോഗ്യമന്ത്രി ഡോ.ഹർഷ് വർധൻ പറഞ്ഞു.
ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡും അഹമ്മദാബാദ് ആസ്ഥാനമായുള്ള സൈഡസ് കാഡിലയും പരീക്ഷിക്കുന്ന വാക്സിനുകളുടെ പുരോഗതി സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യയിൽ ഒരു കോവിഡ് -19 വാക്സിൻ നിർമാണത്തിൽ മുൻനിരക്കാരിൽ ഒന്നാണ് ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ. പൂനെ ആസ്ഥാനമായുള്ള സെറം ഇൻസ്റ്റിസ്റ്റിറ്റ‌്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ) യുകെയുടെ ഓക്സ്ഫോർഡ്-അസ്ട്രാസെനെക്ക വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിന് തയ്യാറെടുക്കുകയാണ്.
മൂന്നാം ഘട്ട ഹ്യൂമൻ ക്ലിനിക്കൽ ട്രയൽ ഈയാഴ്ച പൂനെയിലെ സാസൂൺ ജനറൽ ആശുപത്രിയിൽ നടക്കും. രണ്ടാം ഘട്ടത്തിൽ പൂനെയിലെ ഭാരതി വിദ്യാപീഠ് മെഡിക്കൽ കോളേജിലും കെഇഎം ആശുപത്രിയിലും വാക്സിൻ പരീക്ഷണങ്ങൾ നടത്തിയിരുന്നു.
ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിച്ചെടുത്ത കോവിഡ്-19 വാക്സിൻ കാൻഡിഡേറ്റ് നിർമാണത്തിനായി ബ്രിട്ടീഷ്-സ്വീഡിഷ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അസ്ട്രാസെനെക്കയുമായി സെറം ഇൻസ്റ്റിറ്റ്യൂട്ട് പങ്കാളിത്തത്തിലെത്തിയിരുന്നു.
Read More: ഓക്സ്ഫോർഡ് വാക്സിൻ: മൂന്നാംഘട്ട പരീക്ഷണം അടുത്ത വാരത്തോടെ പൂനെയിൽ
ഈ മാസം തുടക്കത്തിൽ രാജ്യത്ത് വാക്സിൻ പരീക്ഷണം സിറം ഇൻസ്റ്റിറ്റ്യൂട്ട് താൽക്കാലികമായി നിർത്തിയിരുന്നു. മരുന്ന് പരീക്ഷണത്തിൽ പങ്കെടുത്ത വോളന്റിയർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന റിപോർട്ടുകളെത്തുടർന്ന് ആഗോള തലത്തിൽ ഓക്സ്ഫോർഡ്-ആസ്ട്ര സെനക വാക്സിൻ പരീക്ഷണം നിർത്തിവച്ചതിന് പിറകേയായിരുന്നു ഇന്ത്യയിലെ പരീക്ഷണങ്ങളും നിർത്തി വയ്ക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് തീരുമാനിച്ചത്.
മരുന്നു പരീക്ഷണം നിർത്തിവയ്ക്കാൻ ഓക്സ്ഫോർഡ് ആസ്ട്രാസെനക തീരുമാനിച്ചതിന് പിറകെ സെറം ഇൻസ്റ്റിറ്റ്യൂട്ടിനോടും പരീക്ഷണം നിർത്തിവയ്ക്കാണൻ ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ (ഡിജിസിഐ) നിർദേശിച്ചിരുന്നു. എന്നാൽ, വാക്സിൻ പരീക്ഷണം പുനരാരംഭിക്കാൻ ഡിസിജിഐ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് പിന്നീട് അനുമതി നൽകുകയും ചെയ്തു.