രാജ്യം കോവിഡ് -19 വാക്സിനേഷൻ യജ്ഞത്തിലേക്ക് കടക്കുകയാണ്. ഇതിനു മുന്നോടിയായി വാക്സിനേഷൻ ദൗത്യവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ സംബന്ധിച്ച മാർഗനിർദേശങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും രോഗപ്രതിരോധ ഉദ്യോഗസ്ഥർക്കും അയച്ചിട്ടുണ്ട്. കോവാക്സിൻ, കോവിഷീൽഡ് എന്നീ രണ്ട് വാക്സിനുകൾക്കാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതിയുള്ളത്. ഇവയുമായി ബന്ധപ്പെട്ട വസ്തുതാ പത്രങ്ങൾ (ഫാക്ട്ഷീറ്റ്) അടക്കമുള്ള വിവരങ്ങൾ കേന്ദ്രം സംസ്ഥാനങ്ങൾക്ക് കൈമാറിയിട്ടുണ്ട്.

എന്താണ് ഈ വസ്തുതാ പത്രം?

വാക്സിനുകളെ സംബന്ധിച്ചുള്ള പ്രധാന വിവരങ്ങളാണ് ഫാക്ട് ഷീറ്റിലുണ്ടാവുക. വാക്സിൻ പ്ലാറ്റ്‌ഫോം, ഭൗതികമായ സവിശേഷതകൾ, ഡോസേജ്, കോൾഡ് ചെയിൻ സ്റ്റോറേജ് ആവശ്യകതകൾ, വിപരീതഫലങ്ങളെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ, വാക്സിനേഷന് ശേഷം പ്രതികൂല ഫലങ്ങൾ സംഭവിക്കാനുള്ള സാധ്യത എന്നിവയെക്കുറിച്ചുള്ള പൊതുവായ വിവരങ്ങൾ ഫാക്ട് ഷീറ്റിലുണ്ടാവും.

Read more: കോവിഡ്-19 വാക്സിനേഷൻ: ലോകം എവിടെ എത്തിനിൽക്കുന്നു; കണക്കുകൾ അറിയാം

വാക്സിനേഷനുമായി ബന്ധപ്പെട്ട പ്രത്യേക മുൻകരുതലുകളെക്കുറിച്ചും ഫാക്ട് ഷീറ്റിൽ പറയുന്നു. എല്ലാ വാക്സിനേഷൻ പ്രോഗ്രാം മാനേജർമാർക്കും കോൾഡ് ചെയിൻ സംവിധാനങ്ങളുടെ ചുമതലയുള്ളവർക്കും വാക്സിനേറ്റർമാർക്കും ഫാക്റ്റ് ഷീറ്റ് ലഭ്യമാക്കാൻ കേന്ദ്രം സംസ്ഥാനങ്ങളോടും ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

പൊതുവായ മാർഗ്ഗനിർദ്ദേശങ്ങൾ എന്തൊക്കെയാണ്?

 • 18 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമാണ് വാക്സിനേഷൻ നൽകേണ്ടത്.
 • ഒരാൾക്ക് രണ്ടു തരത്തിലുള്ള വാക്സിനുകൾ നൽകരുത്. ആദ്യ ഡോസ് നൽകിയ അതേ വാക്സിൻ ആയിരിക്കണം രണ്ടാം തവണയും നൽകേണ്ടത്.
 • രക്തസ്രാവം അല്ലെങ്കിൽ രക്തം കട്ടപിടിക്കുന്നതിലുള്ള പ്രശ്നങ്ങൾ എന്നിവ നേരിടുന്നവർക്ക് വാക്സിൻ നൽകുമ്പോൾ ജാഗ്രത പാലിക്കണം. പ്ലേറ്റ്‌ലെറ്റ് ഡിസോർഡർ, രക്തം കട്ടപിടിക്കുന്ന ഘടകങ്ങളുടെ കുറവ്, അല്ലെങ്കിൽ കൊയാഗുലോപ്പതി എന്നിവ വന്നിട്ടുള്ള വ്യക്തികളുടെ കാര്യത്തിൽ ഇക്കാര്യം ശ്രദ്ധിക്കണം.
 • വാക്സിനേറ്റർമാർ രണ്ട് വാക്സിനുകളും + 2 ഡിഗ്രി സെൽഷ്യസിനും + 8  ഡിഗ്രി  സെൽഷ്യസിനും ഇടയിലുള്ള താപനിലയിൽ സൂക്ഷിക്കണം. വെളിച്ചം തട്ടാതെ അവ സൂക്ഷിക്കണം. വാക്സിൻ തണുത്തുറഞ്ഞതരത്തിലായാൽ അത് ഉപേക്ഷിക്കണം.

Read more: കോവിഡ് രോഗമുക്തരിൽ പ്രതിരോധ ശേഷി എത്രകാലം നീണ്ടുനിൽക്കും? പഠനം പറയുന്നത് ഇങ്ങനെ

പ്രതികൂല ഫലങ്ങളെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

പ്രതികൂല ഫലങ്ങൾക്ക് സാധ്യതയുള്ളതിനാൽ മൂന്ന് വിഭാഗങ്ങലിലുള്ളവർക്ക് വാക്സിൻ നൽകരുതെന്ന് നിർദേശമുണ്ട്.

 1. കോവിഡ് -19 വാക്‌സിനിന്റെ മുൻ ഡോസിനോട് അലർജിക് റിയാക്ഷനുള്ള ആളുകൾക്ക്. വാക്സിനിന്റെ ആദ്യ ഡോസ് ലഭിച്ചതിനെത്തുടർന്ന് പ്രശ്നങ്ങൾ നേരിട്ട ആളുകളെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
 2. വാക്സിനുകൾ അല്ലെങ്കിൽ മറ്റ് കുത്തിവയ്പ്പ് ചികിത്സകൾ, മരുന്നുകൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയോട് അലർജിയുള്ള, അവ കാരണം പ്രതികൂല ഫലങ്ങൾ കാണിക്കുന്ന ആളുകൾ.
 3. ഗർഭിണികളും മുലയൂട്ടുന്ന സ്ത്രീകളും. ഗർഭിണികളെയും മുലയൂട്ടുന്ന സ്ത്രീകളെയും പങ്കെടുപ്പിച്ച് ഇതുവരെ ഒരു ക്ലിനിക്കൽ പരീക്ഷണവും നടന്നിട്ടില്ല. അതിനാൽ അവർക്ക് വാക്സിൻ നൽകരുതെന്ന് നിർദേശിക്കുന്നു.

താൽക്കാലികമായി കുത്തിവയ്പ് മാറ്റേണ്ടി വരുന്ന സാഹചര്യങ്ങൾ

ചില സാഹചര്യങ്ങളിൽ ചില വ്യക്തികൾക്ക് കുത്തിവയ്പ് നൽകുന്നത് മാറ്റിവയ്ക്കേണ്ടി വരുമെന്നും വാക്സിനേഷനുമായി ബന്ധപ്പെട്ട ഫാക്ട് ഷീറ്റിൽ പറയുന്നു. ടെംപററി കോൺട്രഇൻഡിക്കേഷൻസ് എന്ന ഈ വിഭാഗത്തിൽ നാല് എട്ട് ആഴ്ചത്തേക്ക് വാക്സിനേഷൻ മാറ്റിവയ്ക്കണം. മൂന്ന് വിഭാഗങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

 1. സാർസ്-കോവ്-2 അണുബാധയുടെ സജീവ ലക്ഷണങ്ങൾ കാണിക്കുന്ന വ്യക്തികൾ.
 2. ആന്റി-സാർസ്-കോവ് -2 മോണോക്ലോണൽ ആന്റിബോഡികൾ സ്വീകരിക്കുകയോ അല്ലെങ്കിൽ സുഖകരമായ പ്ലാസ്മ ചികിത്സ നടത്തുകയോ ചെയ്തവർ.
 3. ഏതെങ്കിലും അസുഖം കാരണം ഗുരുതരാവസ്ഥയിലുള്ളതും ആശുപത്രിയിൽ പ്രവേശിപ്പിച്ചതുമായ രോഗികൾ.

രോഗാവസ്ഥയുണ്ടെങ്കിലും വാക്സിൻ നൽകാവുന്ന സാഹചര്യങ്ങൾ

ചില ആരോഗ്യ പ്രശ്നങ്ങളുള്ളവർക്ക് വാക്സിൻ നൽകാനാവുമെന്നും ഇത് സംബന്ധിച്ച ഫാക്ട് ഷീറ്റീലെ മാർഗനിർദേശങ്ങൾ വ്യക്തമാക്കുന്നു.

 • മുൻപ് കോവിഡ് -19 വന്നവർക്ക് വാക്സിൻ നൽകാം.
 • ഹൃദ്രോഗം, നാഡീവ്യവസ്ഥയോ വൃക്കയോ ആയി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ഉപാപചയ പ്രശ്നങ്ങൾ, അർബുദ ബാധ തുടങ്ങിയ ദീർഘകാല ആരോഗ്യ പ്രശ്നങ്ങളുള്ളവരെയും വാക്സിൻ യജ്ഞത്തിൽ പങ്കെടുപ്പിക്കാം.
 • രോഗപ്രതിരോധ ശേഷിയില്ലായ്മ അല്ലെങ്കിൽ എച്ച്ഐവി ബാധ ഉള്ളവർക്കും “ഏതെങ്കിലും അവസ്ഥ” മൂലം രോഗപ്രതിരോധ ശേഷി കുറയുന്ന രോഗികൾക്കും കോവിഡ് -19 വാക്സിൻ നൽകാം. എന്നിരുന്നാലും, കോവിഡ് -19 വാക്‌സിനിന്റെ ഫലം “ഈ വ്യക്തികളിൽ കുറവായിരിക്കാം” എന്ന് ഫാക്ട് ഷീറ്റിൽ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook