scorecardresearch

‘നിങ്ങളൊരു പരോക്ഷ കൊലയാളി ആകരുത്’, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തിരുവനന്തപുരത്തുകാരോട് ഇങ്ങനെ പറയേണ്ടിവന്നത് എന്തുകൊണ്ട്‌?

തിരുവനന്തപുരം ജില്ലയില്‍ 181 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്‌

covid-19, കോവിഡ്-19, thiruvananthapuram, തിരുവനന്തപുരം, thiruvananthapuram corporaiton,തിരുവനന്തപുരം കോര്‍പറേഷന്‍, status in thiruvananthapuram, തിരുവനന്തപുരത്തെ സ്ഥിതി, corona virus, കൊറോണവൈറസ്‌, pandemic situation in thiruvananthapuram,തിരുവനന്തപുരത്ത് അതീവ ജാഗ്രത, district administration on high alert, iemalayalam

തിരുവനന്തപുരം: ‘നിങ്ങളൊരു പരോക്ഷ കൊലയാളിയാകരുത്, ജനങ്ങളോടുള്ള തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് മോഹന്‍ റോയിയുടെ അഭ്യര്‍ഥനയാണിത്. അദ്ദേഹം ഇതു പറയാന്‍ കാരണം, കോവിഡിനെ പേടിക്കാതെ, ജാഗ്രത പുലര്‍ത്താതെ ജനങ്ങള്‍ പൊതു ഇടങ്ങളില്‍ എത്തുന്നതുകൊണ്ടാണ്. ജനങ്ങള്‍ക്കിടയില്‍ രോഗഭീതിയില്ലെന്നും അലംഭാവം കാണിക്കുന്നുമെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.

മറ്റു ജില്ലകളെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഇപ്പോള്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം കുവാണെങ്കിലും രോഗ ബാധയുടെ ഉറവിടം അറിയാത്ത 12 കേസുകള്‍ തിരുവനന്തപുരത്തുണ്ട്. അപകടത്തില്‍പ്പെട്ട് ചികിത്സയിലിരിക്കെ മരിച്ച വൈദികനും ജില്ലയിലെ ആദ്യ മരണമായ റിട്ട. എ എസ്ഐക്കും കോവിഡ് ബാധിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

തിരുവനന്തപുരത്ത് എത്ര രോഗികൾ?

ജില്ലയില്‍ 75 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. തിരുവനന്തപുരം നഗരത്തില്‍ അധികൃതര്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ധാരാളം ഓഫീസുകള്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ അനവധി പേര്‍ നഗരത്തില്‍ വന്നു പോകുന്നു. ഇതുവരെ 181 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നാല് പേര്‍ മരിക്കുകയും ചെയ്തിരുന്നു. മരണത്തിന്റെ കണക്കില്‍ കണ്ണൂരിനൊപ്പം ഒന്നാമതാണ് തിരുവനന്തപുരം. സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണത്തില്‍ തിരുവനന്തപുരത്തിന് 12-ാം സ്ഥാനമാണുള്ളത്. ജില്ലയ്ക്കു പിന്നില്‍ ഇടുക്കിയും വയനാടും.

എന്താണ് തിരുവനന്തപുരത്തെ ഭീതിപ്പെടുത്തുന്നത്?

തിരുവനന്തപുരത്ത് രോഗവ്യാപനത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിയാത്ത കേസുകള്‍ ഉണ്ട്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നതും വര്‍ധിക്കുന്നുണ്ട്. 12 പേരുടെ രോഗ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. രണ്ട് മരണങ്ങളും ഈ കണക്കിലുണ്ട്. ഉറവിടം അറിയാത്ത കേസുകള്‍ എന്ന് പറയുന്നുണ്ടെങ്കിലും ഇവരുടെയെല്ലാം സമ്പര്‍ക്കപട്ടികയില്‍ വരുന്നവര്‍ക്ക് ആന്റി ബോഡ് ടെസ്റ്റ് അടക്കമുള്ളവ ചെയ്യുന്നുണ്ടെന്ന് മോഹന്‍ റോയ് പറഞ്ഞു. എങ്കിലും സമ്പര്‍ക്കത്തില്‍ വരുന്ന എല്ലാവരെയും കണ്ടെത്തുന്നതിൽ‌ പ്രായോഗിക പ്രശ്‌നങ്ങളും ടെസ്റ്റിന് പരിമിതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read Also: മോദി സർക്കാർ അൺലോക്ക് ചെയ്‌തത് കൊറോണ വ്യാപനവും ഇന്ധനവിലയും: രാഹുൽ ഗാന്ധി

എറ്റവും പുതുതായി രോഗം ബാധിച്ചവരില്‍ ആറ്റുകാലിലെ ഓട്ടോ ഡ്രൈവറും മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനും എവിടെ നിന്നാണ് വൈറസ് പിടിപെട്ടതെന്ന് കണ്ടെത്താനായിട്ടില്ല. ഇരുവരും ധാരാളം പേരുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുമുണ്ടെന്നത് ആശങ്ക വര്‍ധിക്കുന്നു. ഓട്ടോ ഡ്രൈവര്‍ മേയ് 30 മുതല്‍ ജൂണ്‍ 12 വരെ നഗരത്തിലെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും യാത്ര ചെയ്തിട്ടുണ്ട്. അദ്ദേഹത്തില്‍നിന്നു ഭാര്യയ്ക്കും മകള്‍ക്കും രോഗം പിടിപെടുകയും ചെയ്തിരുന്നു.

സമ്പര്‍ക്ക പട്ടിക തയ്യാറാക്കി വരികയാണെന്നും ജീവനക്കാര്‍ അടക്കമുള്ളവര്‍ ഐസോലേഷനില്‍ പോയിട്ടുണ്ടെന്നും മെഡിക്കല്‍ കോളെജ് സൂപ്രണ്ട് പറയുന്നു. “ഹൈ-റിസ്‌ക് പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള പരിശോധനകള്‍ നടത്തുന്നു.” കോവിഡിനും കോവിഡ് അല്ലാത്തവര്‍ക്കും ചികിത്സ നല്‍കേണ്ടതിനാല്‍ ജാഗ്രത ശക്തിപ്പെടുത്തുകയും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കുന്നതായി സൂപ്രണ്ട് പറഞ്ഞു. സുരക്ഷാ ജീവനക്കാരന്‍ അത്യാഹിത വിഭാഗത്തിലും ഒപി വിഭാഗത്തിലും ജോലി നോക്കിയിരുന്നു. അതിനാല്‍, മറ്റു സുരക്ഷാ ജീവനക്കാരും രോഗികളും കൂട്ടിരുപ്പുകാരും ആരോഗ്യപ്രവര്‍ത്തകരുമെല്ലാം സമ്പര്‍ക്കപ്പട്ടികയില്‍ വന്നിട്ടുണ്ട്.

ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്ത് വിട്ടിരുന്നു. സീരിയലില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കൂടിയായ ഇദ്ദേഹം രണ്ട് ഷൂട്ടിങ് ലൊക്കേഷനുകളില്‍ പോകുകയും അഭിനയിക്കുകയും ചെയ്തിരുന്നു. നഗരത്തില്‍ മണക്കാട്, ആറ്റുകാല്‍, കാലടി വാര്‍ഡുകളിലെ അഞ്ച് നിയന്ത്രണ മേഖലയില്‍ നിന്നായി 46 പേരുടെ ശ്രവ പരിശോധന നടത്തി. പകര്‍ച്ച പനി ലക്ഷണമുള്ള ഏഴ് പേരെ കണ്ടെത്തി പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

Read Also: ബെംഗളൂരു വീണ്ടും സമ്പൂർണ അടച്ചു പൂട്ടലിലേക്കെന്ന സൂചനയുമായി ആരോഗ്യ മന്ത്രി

കാട്ടാക്കടയില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്ക് രോഗം ബാധിച്ചതും ആശങ്ക ഉയര്‍ത്തിയിരുന്നു. ഇതേതുടര്‍ന്ന്, കാട്ടാക്കട പഞ്ചായത്തിലെ 10 വാര്‍ഡുകള്‍ നിയന്ത്രണ മേഖലയായി പ്രഖ്യാപിക്കുകയും സര്‍വൈ‌ലന്‍സ് പ്രവര്‍ത്തനം നടത്തുകയും ചെയ്യുന്നുണ്ട്. 362 പേരുടെ ശ്രവ പരിശോധന നടത്തി. അതില്‍ 217 പേര്‍ക്ക് രോഗമില്ലെന്ന് കണ്ടെത്തി. ഇനി 145 പേരുടെ ഫലമാണ് ലഭിക്കാനുള്ളത്.

തിരുവനന്തപുരത്തേക്ക് തമിഴ്‌നാട്ടിലെ രോഗബാധിത പ്രദേശമായ കന്യാകുമാരി, നാഗര്‍കോവില്‍ മേഖലകളില്‍ നിന്നും ആളുകള്‍ എത്തുന്നുണ്ട്.

തിരുവനന്തപുരത്ത് സമൂഹ വ്യാപനം ഉണ്ടോ?

തിരുവനന്തപുരം നഗരത്തില്‍ സമൂഹ വ്യാപനം ഇല്ലായെന്ന് റോയ് പറയുന്നു. ലോകമെമ്പാടും ലക്ഷണങ്ങളില്ലാത്ത രോഗികള്‍ ഉണ്ട്. ഏറ്റവും കൂടുതല്‍ രോഗം വന്നിട്ടുള്ളതും ലക്ഷണമില്ലാതെയാണ്. എങ്കിലും, എനിക്കും വരരുത്. ഞാന്‍ മൂലം മറ്റുള്ളവര്‍ക്കും വരരുത് എന്ന ജാഗ്രത എല്ലാവരും പുലര്‍ത്തണമെന്ന് അദ്ദേഹം പറയുന്നു. സമൂഹ വ്യാപനം ഉണ്ടോ ഇല്ലയോ എന്ന് ചിന്തിച്ച് വ്യാകുല്ലപ്പെടാതെ ജാഗ്രത പുലര്‍ത്തി ജീവിക്കുകയാണ് വേണ്ടത്. വ്യാപനം ഉണ്ടായാലും ഇല്ലെങ്കിലും ഒരു വ്യക്തി അയാളുടെ സുരക്ഷ ഉറപ്പുവരുത്തി ജീവിക്കുകയാണ് വേണ്ടത്. ഒരിടത്ത് പുലിയുണ്ടെന്ന് കേട്ടാല്‍ ആരും ആ വഴിക്ക് പോകാറില്ലാത്തത് പോലെ സമൂഹ വ്യാപനമുണ്ടെന്ന് കരുതി ജീവിച്ചാല്‍ കൊറോണ വരാതെ സൂക്ഷിക്കാമെന്ന് മോഹന്‍ റോയ് പറയുന്നു.

എന്താണ് തിരുവനന്തപുരത്തുകാർ ചെയ്യേണ്ടത്?

തിരുവനന്തപുരത്ത് അതീവ ജാഗ്രത വേണ്ട ഘട്ടമാണിത്. ലോക്ക്ഡൗണ്‍ ഇളവുകള്‍ വന്നപ്പോള്‍ അത് രോഗം ഇല്ലാത്ത അവസ്ഥയാണെന്ന് കരുതിയാണ് ആളുകൾ മുന്നോട്ടുപോകുന്നത്. എല്ലാ രാജ്യങ്ങളിലും ലോക്ക്ഡൗണ്‍ രോഗം കുറയ്ക്കുകയും പിന്നീട് ഇളവ് വന്നപ്പോള്‍ രോഗവ്യാപനം ഉണ്ടായിട്ടുണ്ട്. ദക്ഷിണ കൊറിയ അടക്കമുള്ള രാജ്യങ്ങളില്‍ ഉദാഹരണമാണ്. ജീവനോപാധികള്‍ നഷ്ടപ്പെട്ടു പോയവര്‍ അത് തിരിച്ചുപിടിക്കാനുള്ള അവസരമായി ഈ ഇളവിനെ കാണരുതെന്നാണ് മോഹന്‍ റോയ് പറയുന്നത്.

ആത്യന്തികമായി ഒരോ വ്യക്തിയും സ്വീകരിക്കേണ്ടത് എനിക്ക് രോഗം പിടിക്കരുത്, ഞാന്‍ മൂലം മറ്റൊരാള്‍ക്ക് രോഗം വരരുത് എന്ന നിലപാടാണ്. അതിന് ചെയ്യേണ്ടത്, മറ്റുള്ളവരില്‍നിന്ന് എനിക്കും എന്നില്‍നിന്നു മറ്റുള്ളവര്‍ക്കും രോഗം പിടിപെടരുതെന്ന ജാഗ്രതയാണ്.

Read Also: എറണാകുളത്ത് ആരോഗ്യപ്രവർത്തകയ്ക്ക് കോവിഡ്; പ്രതിരോധ കുത്തിവയ്‌പെടുത്ത കുഞ്ഞുങ്ങള്‍ നിരീക്ഷണത്തില്‍

“സര്‍ക്കാരിനുവേണ്ടി ചെയ്യുന്നതല്ല. ഓരോ വ്യക്തിക്കും വേണ്ടി ചെയ്യുകയാണ് വേണ്ടത്. കോവിഡ്-19 ബാധിച്ച് എന്തെങ്കിലും സങ്കീര്‍ണതയുണ്ടായി മരണം സംഭവിച്ചാല്‍ നഷ്ടം ആ വ്യക്തിയുടെ കുടുംബത്തിനാണെന്നും മോഹന്‍ റോയ് ഓര്‍മിപ്പിക്കുന്നു. ഒരു വ്യക്തിയെന്ന നിലയില്‍ നിങ്ങളുടെ അതിജീവനത്തിന്റെ പ്രശ്‌നമാണ്. ജീവനുണ്ടെങ്കിലേ ജീവിതമുള്ളൂവെന്ന് ഓര്‍ക്കണം,” അദ്ദേഹം പറഞ്ഞു.

നിയന്ത്രണങ്ങള്‍ എന്തെല്ലാം?

നാല് ദിവസങ്ങളില്‍ മാത്രമേ പച്ചക്കറി, പഴവര്‍ഗ കടകള്‍ തുറക്കാവൂ. തിങ്കള്‍, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളില്‍. മറ്റ് ദിവസങ്ങളില്‍ കടകള്‍ അടച്ചിടണം. മീന്‍ കടകളില്‍ പകുതി എണ്ണത്തിനു മാത്രം പ്രവര്‍ത്തിക്കാം. ഇപ്പോള്‍ മീന്‍ വില്‍ക്കുന്നവരില്‍ അമ്പത് ശതമാനം പേര്‍ മാത്രം വില്‍പ്പനയ്ക്ക് എത്തിയാല്‍ മതി. പലച്ചരക്ക് കടകളും മറ്റു കടകളും ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം തുറക്കാം. മാംസവില്‍പ്പന നടത്തുന്ന കടകള്‍ രാവിലെ 11 വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ. കോഴിയിറച്ചി വില്‍ക്കുന്ന കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാം. ആള്‍ക്കൂട്ടം മാര്‍ക്കറ്റില്‍ കടക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തും. പാളയം, ചാല മാര്‍ക്കറ്റുകളില്‍ കവാടങ്ങളില്‍ പരിശോധന. മാളുകളിലെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഹോം ഡെലിവറി ശക്തിപ്പെടുത്തും.

തലസ്ഥാനത്ത് രാഷ്ട്രീയ പരിപാടികള്‍ക്ക് അടക്കം നേരത്തെ തന്നെ നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്. തലസ്ഥാനനഗരിയില്‍ നടക്കുന്ന പ്രതിഷേധ പരിപാടികള്‍ക്കും സമരങ്ങള്‍ക്കും പത്ത് പേരിലധികം പങ്കെടുക്കരുത്. സര്‍ക്കാര്‍ പരിപാടികളില്‍ ഇരുപതില്‍ താഴെ ആളുകള്‍ മാത്രമേ പങ്കെടുക്കാവൂ. ആശുപത്രികളില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്, കൂട്ടിരിപ്പിന് ഒരാള്‍ മാത്രമേ പാടുള്ളൂ. ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുമ്പോള്‍ പേരും വണ്ടി നമ്പറും കുറിച്ചെടുക്കണം. നഗരത്തില്‍ ഓട്ടോ ഡ്രൈവറായ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാള്‍ നിരവധിപേരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. വിവാഹത്തിനും സംസ്‌കാര ചടങ്ങുകള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശാനുസരണമുള്ള ആളുകളേ പങ്കെടുക്കാവൂ.

ജനത്തിരക്കേറിയ സ്ഥലങ്ങളില്‍നിന്ന് സാമ്പിളുകള്‍ എടുക്കും

ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി കലക്ടറേറ്റില്‍ കോവിഡ് വാര്‍ റൂം തുറക്കാന്‍ തീരുമാനിച്ചതായി കലക്ടര്‍ നവജ്യോത് ഖോസ പറഞ്ഞു. മേഖലകള്‍ തിരിച്ച് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിക്കുമെന്നും പരിശോധന കേന്ദ്രങ്ങള്‍ വികേന്ദ്രീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു.

ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് പൂള്‍ സാമ്പിള്‍ എടുക്കുന്നത്. കോര്‍പറേഷന്‍ പരിധിയില്‍പ്പെടുന്ന മാര്‍ക്കറ്റ്, ആശുപത്രികള്‍, തീരപ്രദേശം, ആളുകള്‍ കൂടുന്ന മറ്റിടങ്ങള്‍ എന്നിവിടങ്ങളില്‍നിന്നാണ് ഇത്തരത്തില്‍ സാമ്പിളുകള്‍ പരിശോധനയ്ക്കായി എടുക്കുന്നത്. ഇതിലൂടെ രോഗ വ്യാപനത്തിന്റെ തോത് മനസിലാക്കാന്‍ സാധിക്കും.

Read Also: കോവിഡ് സര്‍ട്ടിഫിക്കറ്റ്, പിപിഇ, ഫെയ്‌സ്‌ ഷീല്‍ഡ്: മടങ്ങാനൊരുങ്ങുന്ന പ്രവാസികള്‍ അറിയേണ്ട കാര്യങ്ങള്‍

ആരോഗ്യപ്രവര്‍ത്തകര്‍ അടക്കമുള്ള വിദഗ്ദര്‍ 24 മണിക്കൂറും വാര്‍ റൂമിന്റെ ഭാഗമായി പ്രവര്‍ത്തിക്കും. ജില്ലയിലെ സ്ഥിതിവിവരങ്ങള്‍ അവലോകനം ചെയ്ത് അടിയന്തര പ്രവര്‍ത്തന പരിപാടികള്‍ ഏകോപിപ്പിക്കും. തലസ്ഥാനത്ത് നിലവില്‍ രോഗികളുടെ എണ്ണത്തില്‍ കുറവുെങ്കിലും കര്‍ശനമായ ജാഗ്രത പാലിക്കേ സാഹചര്യമാണുള്ളതെന്നും കളക്ടര്‍ പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് ബഹുമുഖ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ആദ്യ പടിയായി താലൂക്കുകള്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍ വര്‍ദ്ധിപ്പിക്കും. ജില്ലയിലെ ആരോഗ്യവകുപ്പിന് കീഴിലെ എല്ലാ ഡോക്ടര്‍മാര്‍ക്കും കോവിഡ് സംബന്ധിച്ച പ്രത്യേക പരിശീലനം നല്‍കും. കോര്‍പ്പറേഷന്‍ പരിധിയില്‍ പ്രത്യേക ശ്രദ്ധവേണ്ട പ്രദേശങ്ങളില്‍ സര്‍വസജ്ജമായ കോവിഡ് ടെസ്റ്റിംഗ് മൊബൈല്‍ യൂണിറ്റുകള്‍ പരിശോധന നടത്തും. ഏഴ് ആംബുലന്‍സുകള്‍ ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. പൊതുജനങ്ങളുടെ കൂടി സഹകരണമുണ്ടെങ്കിലേ ഈ ഘട്ടത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാകൂ.

രോഗലക്ഷണം പ്രകടമാകുന്നവര്‍ ആദ്യം ഫോണിലൂടെ ഡോക്ടറുടെ സേവനം തേടണം. ആവശ്യമെങ്കില്‍ മാത്രമേ ആശുപത്രി സന്ദര്‍ശനം നടത്താന്‍ പാടുള്ളു. 1077 ല്‍ വിളിച്ച് കോവിഡ് സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാം. കടകളില്‍ ആള്‍ക്കൂട്ടമുണ്ടാകുന്നത് തടയുന്നതിനുള്ള നടപടികളോട് എല്ലാവരും സഹകരിക്കണം. സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകുകയും വേണം. സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കാന്‍ ശ്രദ്ധിക്കണമെന്നും കളക്ടര്‍ പറഞ്ഞു.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Covid 19 situation in thiruvananthapuram