കോവിഡ് കേസുകൾ കുറയുന്ന ദേശീയ ട്രെൻഡ്; ‘ഒപ്പം നിൽക്കാതെ’ കേരളം

പുതിയ കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ സംസ്ഥാനത്തുണ്ടായത്

പൂണെ: ദേശീയതലത്തിൽ കൊറോണ വൈറസ് കേസുകള്‍ കുറയുന്ന പ്രവണത തുടരുമ്പോൾ വിപരീത ദിശയിൽ കേരളം. ഇക്കാര്യത്തിൽ ജനുവരിയിലേതിനു സമാനമായ സാഹചര്യമാണു കേരളത്തിലിപ്പോള്‍. പുതിയ കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ സംസ്ഥാനത്തുണ്ടായത്. ഇതുമൂലം, രണ്ടു മാസത്തിനിടെ ആദ്യമായി ദേശീയതലത്തില്‍ സജീവ കേസുകളുടെ എണ്ണം വര്‍ധിച്ചു.

ഏതാണ്ട് ഒരു മാസമായി 11,000 മുതല്‍ 13,000 വരെ പുതിയ കേസുകളാണ് ഓരോ ദിവസവും കേരളത്തില്‍ സ്ഥിരീകരിക്കുന്നത്. ഇതേ കാലയളവില്‍, രാജ്യത്ത് പ്രതിദിന കേസുകളുടെ എണ്ണം ഏകദേശം പകുതിയായി കുറഞ്ഞു. എണ്‍പതിനായിരത്തിനു മുകളിലായിരുന്ന പ്രതിദിന കേസുകള്‍ നിലവില്‍ നിലവില്‍ നാല്‍പ്പതിനായിരത്തോളമായി താഴ്ന്നു. ഈ കാലയളവില്‍, മറ്റെല്ലാ പ്രധാന സംസ്ഥാനങ്ങളും പ്രതിദിന കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് കാണിച്ചു.

ജൂണ്‍ 15നു ശേഷം ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിക്കുന്നത് കേരളത്തിലാണ്. കഴിഞ്ഞ രണ്ടു ദിവസമായി രാജ്യത്ത് സ്ഥിരീകരിച്ച മൊത്തം കേസുകളില്‍ മൂന്നിലൊന്നും കേരളത്തിലാണ്. രണ്ടു മാസം മുമ്പ് മൊത്തത്തില്‍ കേസുകള്‍ കുറയാന്‍ തുടങ്ങിയപ്പോള്‍ കേരളത്തിൽ ക്രമാതീതമായി ഉയര്‍ന്നു. സംസ്ഥാനത്തെ രണ്ടാം തരംഗത്തിന്റെ ഏറ്റവും ഉയര്‍ന്ന ഘട്ടത്തില്‍ രാജ്യത്തെ മൊത്തം കേസുകളുടെ 10 ശതമാനത്തില്‍ താഴെയായിരുന്നു കേരളത്തിന്റെ സംഭാവന. ഈ പ്രവണത ജനുവരിയില്‍ കണ്ടതിനോട് വളരെ സാമ്യമുള്ളതാണ്. ആ സമയയത്ത് ചില ദിവസങ്ങളിലെ മൊത്തം കേസുകളില്‍ 60 ശതമാനവും സംഭാവന ചെയ്തത് കേരളമായിരുന്നു.

സംസ്ഥാനത്ത് ഇതുവരെ 30 ലക്ഷത്തിലധികം പേര്‍ക്കു രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയ്ക്കുശേഷം രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന സംഖ്യയാണിത്. എന്നാല്‍, 3.5 കോടിയോളം വരുന്ന കേരളത്തിന്റെ താരതമ്യേന ചെറിയ ജനസംഖ്യ കണക്കിലെടുക്കുമ്പോള്‍, ജനസംഖ്യാനുപാതത്തിലുള്ള കേസുകളുടെ എണ്ണം മഹാരാഷ്ട്രയേക്കാള്‍ വളരെ കൂടുതലാണ്. കേരളത്തില്‍ 10 ലക്ഷം പേരില്‍ 90,000 ആണ് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം. 24,000 ആണ് രാജ്യത്തെ ശരാശരി. ഗോവയില്‍ മാത്രമാണ് ഉയര്‍ന്ന അനുപാതമുള്ളത്.

Also Read: Covid-19-Lambda variant: എന്താണ് ലാംഡ വകഭേദം; ഇന്ത്യയിൽ ആശങ്കയ്ക്ക് കാരണമാണോ?

കോവിഡിനെ നേരിടുന്നതിലുള്ള സംസ്ഥാനത്തിന്റെ മികച്ച റെക്കോര്‍ഡിനു തെളിവായി താരതമ്യേന കുറഞ്ഞ മരണനിരക്ക് ഏറെക്കാലമായി ചൂണ്ടിക്കാണിക്കാറുണ്ട്. രാജ്യത്തിന്റെ ശരാശരി കോവിഡ് മരണനിരക്ക് 1.32 ആകുമ്പോള്‍ കേരളത്തിലത് 0.47 ആണ്. ഇത് വലിയ തോതില്‍ കേസുകളുണ്ടാകുന്നതില്‍ ഭാഗികമായി കാരണമാകാം. കേരളത്തില്‍ ഇതുവരെ 14,157 കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ എട്ടാമത്തെ വലിയ സംഖ്യയാണിത്.
ജനസംഖ്യാനുപാത പ്രകാരം നോക്കുമ്പോള്‍ മരണസംഖ്യയുടെ കാര്യത്തില്‍ സിക്കിം, പുതുച്ചേരി, മണിപ്പൂര്‍, ഗോവ, ഹിമാചല്‍ പ്രദേശ് തുടങ്ങിയ നിരവധി ചെറിയ സംസ്ഥാനങ്ങളിലെ സ്ഥിതി കേരളത്തേക്കാള്‍ മോശമാണ്. എന്നാല്‍, 10 ലക്ഷം പേരില്‍ 424 മരണമെന്ന കേരളത്തിന്റെ നിരക്ക് 311 എന്ന ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണ്.

താരതമ്യേന മികച്ച രീതിയില്‍ കേസുകള്‍ കണ്ടെത്തുന്നതാണു കേരളത്തിലെ വര്‍ധനയ്ക്കു കാരണമായി പറയുന്നത്. സെറോസര്‍വേകളും ഇത് വ്യക്തമാക്കുന്നു. കണ്ടെത്തുന്ന ഓരോ അണുബാധയ്ക്കു പകരമായി 25 എണ്ണം റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നുവെന്ന് അവസാന ദേശീയ സെറോസര്‍വേ തെളിയിച്ചിട്ടുണ്ട്. എന്നാല്‍, കേരളത്തില്‍ ഈ അനുപാതം 1: 5 ആണെന്നാണ് ഈ വര്‍ഷം ആദ്യം നടത്തിയ സമാനമായ പ്രക്രിയ തെളിയിക്കുന്നത്.

എന്നാല്‍ ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്ക് തുടരുന്നതു കേരളം അത്ര നന്നായി വിശദീകരിക്കുന്നില്ല. ഓരോ 100 ടെസ്റ്റിലും പതിമൂന്നോളം പോസിറ്റീവ് കേസാണ് സംസ്ഥാനത്ത് സ്ഥിരീകരിക്കുന്നത്. ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ ഇത് മൂന്നില്‍ താഴെയാണ്.

Also Read: കോവിഡ് വകഭേദങ്ങൾക്കെതിരെ പോരാടാൻ മോഡേണ, ഫൈസർ വാക്സിൻ ഫലപ്രദമെന്ന് പഠനം

വാക്‌സിനേഷന്‍ നല്‍കുന്നതിലെ മികച്ച പ്രവര്‍ത്തനം പോലും പോസിറ്റീവ് കേസുകളുടെ എണ്ണം കുറയ്ക്കുന്നതില്‍ സഹായിച്ചിട്ടില്ലെന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. സംസ്ഥാനത്തെ ജനസംഖ്യയുടെ ഏതാണ്ട് 45 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിന്‍ ലഭിച്ചിട്ടുണ്ട്. ഏകദേശം 10 ശതമാനം പേര്‍ക്ക് രണ്ടാമത്തെ ഡോസും ലഭിച്ചു. മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇത് വളരെ മികച്ചതാണ്.

നിലവിലെ കണക്കനുസരിച്ച്, സജീവമായ കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഒരേയൊരു പ്രധാന സംസ്ഥാനമാണ് കേരളം. ഒരാഴ്ചയ്ക്കിടെ സജീവ കേസുകള്‍ ഏഴായിരത്തിലധികം വര്‍ധിച്ചു. ബുധനാഴ്ച വരെ സംസ്ഥാനത്ത് 1.08 ലക്ഷം സജീവ കേസുകളാണുള്ളത്. 1.14 ലക്ഷം സജീവ കേസുകളുള്ള മഹാരാഷ്ട്ര മാത്രമാണ് കേരളത്തിനു മുന്നില്‍. എന്നാല്‍, കേരളത്തില്‍നിന്ന് വ്യത്യസ്തമായി, മഹാരാഷ്ട്ര സജീവ കേസുകളുടെ കാര്യത്തില്‍ മന്ദഗതിയില്‍ ആണെങ്കില്‍ സ്ഥിരമായ കുറവ് കാണിക്കുന്നു.

ത്രിപുര, അരുണാചല്‍ പ്രദേശ് പോലുള്ള ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സജീവമായ കേസുകള്‍ വര്‍ധിക്കുന്നുണ്ട്. എന്നാല്‍ കേരളത്തെയും മഹാരാഷ്ട്രയെയും പോലുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് അവയുടെ എണ്ണം വളരെ കുറവാണ്.

Get the latest Malayalam news and Explained news here. You can also read all the Explained news by following us on Twitter, Facebook and Telegram.

Web Title: Covid 19 numbers explained what is behind the stubborn upward trend in kerala

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express