scorecardresearch
Latest News

കോവിഡ് വ്യാപനം കുറയുന്നു; പ്രതീക്ഷയ്ക്കും ജാഗ്രതയ്ക്കും കാരണങ്ങൾ നൽകി വിദഗ്ധർ

പകർച്ചവ്യാധിയുടെ പ്രാരംഭ ഘട്ടത്തിൽ സൂപ്പർ സ്പ്രെഡറുകളായ ആളുകൾക്ക് രോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധർ പറയുന്നു

Coronavirus India, Coronavirus India cases, Coronavirus winters, Coronavirus surge, Covid-19, Indian Express

രാജ്യത്ത് കൊറോണ വൈറസ് കേസുകളുടെ എണ്ണം കഴിഞ്ഞ മാസം മുതൽ തുടർച്ചയായി കുറയുന്നതിന്റെ കാരണങ്ങൾ ഇപ്പോഴും വ്യക്തമല്ല. യാത്രാ നിയന്ത്രണങ്ങൾ കുറച്ചിട്ടും സാമ്പത്തിക മേഖല ഉൾപ്പെടെ മറ്റ് പ്രവർത്തനങ്ങൾ പുനരാരംഭിച്ചിട്ടും വലിയ അളവിൽ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങിയിട്ടും രോഗികളുടെ എണ്ണം കുറയുക തന്നെയാണ്.

പരിശോധനകളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ല, വാക്സിൻ കണ്ടുപിടിച്ചിട്ടോ ജനസംഖ്യയിൽ വലിയൊരു വിഭാഗത്തിനിടയിൽ പ്രതിരോധ ശേഷി കൂടിയിട്ടോ ഇല്ല. മാസ്കുകളുടെ ഉപയോഗവും ശാരീരിക അകലവും സാർവത്രികമാകുന്നതിൽനിന്ന് ഇപ്പോഴും രാജ്യം വളരെ അകലെയാണ്.

കൊറോണ വൈറസ് കേസുകളുടെ കുറയാനുള്ള കാരണമെന്താണെന്ന് സർക്കാർ നിയോഗിച്ച ശാസ്ത്ര സമിതി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാൽ എന്താണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നതിനെ കുറിച്ച് സമിതിയിലെ ചില അംഗങ്ങൾ വ്യക്തമാക്കുന്നുണ്ട്.

“ഏതാനും ആഴ്ചകൾക്ക് മുമ്പ് സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ, ആന്ധ്രാപ്രദേശിനെയും തമിഴ്‌നാട്ടിനെയും കുറിച്ച് അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ 70 ശതമാനം രോഗബാധിതരും മറ്റുള്ളവരിലേക്കു രോഗം പകർത്തുന്നില്ലെന്ന് കണ്ടെത്തി. സൂപ്പർ സ്പ്രെഡറുകൾ എന്ന് വിളിക്കപ്പെടുന്ന ഒരു ചെറിയ കൂട്ടം ആളുകളിലൂടെ മാത്രമാണ് വൈറസ് പടരുന്നത്,”കമ്മിറ്റി അംഗം പ്രൊഫ. മനീന്ദ്ര അഗർവാൾ ദി ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.

Read More: കോവിഡ് വ്യാപനം തീവ്രഘട്ടം പിന്നിട്ടു; ശ്രദ്ധിച്ചാൽ ഫെബ്രുവരിയോടെ നിയന്ത്രിക്കാം: കേന്ദ്രസമിതി

പകർച്ചവ്യാധിയുടെ പ്രാരംഭ ഘട്ടത്തിൽ ഈ സൂപ്പർ സ്പ്രെഡറുകൾക്ക് രോഗം വരാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം പറയുന്നു.

“അതിനാൽ, സൂപ്പർ സ്പ്രെഡറുകൾ ഇതിനകം തന്നെ രോഗബാധിതരാകാനും രോഗപ്രതിരോധശേഷി നേടാനും സാധ്യതയുണ്ട്. നമ്മൾ കണ്ടതുപോലെ, മറ്റുള്ളവരിൽ വളരെ കുറച്ചുപേർ മാത്രമേ രോഗം പകരുന്നുള്ളൂ. രോഗികളുടെ എണ്ണം കുറയാൻ അതുമൊരു കാരണമാകാം,” അദ്ദേഹം പറഞ്ഞു.

സൂപ്പർ സ്പ്രെഡറുകൾ രോഗബാധിതരായ ആളുകളാണ്. ആഗസ്റ്റ് ഒന്ന് വരെ ആന്ധ്രാപ്രദേശിലും തമിഴ്‌നാട്ടിലും സ്ഥിരീകരിച്ച 85,000 ത്തിലധികം രോഗികളുടെ വിവരങ്ങളും അവരുമായി ബന്ധപ്പെട്ട 6 ലക്ഷത്തോളം കോൺടാക്റ്റുകളെയും കണ്ടെത്തി. ഇതുവരെയുള്ള ഏറ്റവും വലിയ പഠനമാണിത്.

സ്ഥിരീകരിച്ച 85,000 പേരിൽ 60,000 ത്തിലധികം പേർ മറ്റുള്ളവർക്ക് രോഗം പകർന്നിട്ടില്ലെന്ന് പഠനം കണ്ടെത്തി. മറുവശത്ത് വളരെ ചെറിയൊരു വിഭാഗം ആളുകൾ മാത്രമാണ് രോഗം പടർത്തിയിരിക്കുന്നത്. ഇത് പത്ത് ശതമാനത്തിലും താഴെയാണ്. ഇവരാണ് സൂപ്പർ സ്പ്രെഡറുകൾ, അവരിൽ ഓരോരുത്തരും 20, 30, 40, അല്ലെങ്കിൽ കൂടുതൽ ആളുകൾക്ക് രോഗം പകർന്നു നൽകിയിട്ടുണ്ട്.

Read More: കോവിഡ് വ്യാപനം തീവ്രഘട്ടം പിന്നിട്ടു; ശ്രദ്ധിച്ചാൽ ഫെബ്രുവരിയോടെ നിയന്ത്രിക്കാം: കേന്ദ്രസമിതി

സൂപ്പർ സ്പ്രെഡറുകൾക്ക് മറ്റുള്ളവരേക്കാൾ കൂടുതൽ ആളുകളുമായി ഇടപഴകുന്നു എന്നതൊഴിച്ചാൽ പ്രത്യേക കാരണങ്ങൾ ഒന്നുമില്ലെന്ന് പ്രൊഫ. അഗർവാൾ ചൂണ്ടിക്കാട്ടി. ഉദാഹരണത്തിന്, ഒരു പച്ചക്കറി കച്ചവടക്കാരൻ, ഓഫീസിൽ പോകുന്ന ഒരാളെക്കാൾ കൂടുതൽ ആളുകളുമായി സംവദിക്കാൻ സാധ്യതയുണ്ട്.

“അതിനാൽ അവർ നേരത്തെ തന്നെ രോഗബാധിതരാകാൻ സാധ്യതയുണ്ട്. ഇങ്ങനെ നോക്കുമ്പോൾ കൊറോണ വൈറസ് സംഖ്യ കുറയുന്നത് ആശ്ചര്യകരമായി തോന്നുന്നില്ല,” അദ്ദേഹം പറഞ്ഞു.

രോഗവ്യാപനം ഇപ്പോൾ അതിന്റെ തീവ്രഘട്ടം പിന്നിട്ടുവെന്നും പ്രതിരോധ മാർഗങ്ങൾ കർശനമാക്കിയാൽ ഫെബ്രുവരിയോടെ കോവിഡിനെ നിയന്ത്രിക്കാമെന്നുമാണ് കേന്ദ്രസർക്കാർ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട്.

ഹൈദരാബാദിലെ ഐഐടി പ്രൊഫസർ എം വിദ്യാസാഗറിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ഇക്കാര്യം പറഞ്ഞത്. സെപ്റ്റംബർ പകുതിയോടെ രോഗവ്യാപനം ഉയർന്നേക്കുമെന്നും ആകെ രോഗബാധിതരുടെ എണ്ണം എണ്ണം 106 ലക്ഷം (10.6 ദശലക്ഷം) കവിയാൻ സാധ്യതയില്ലെന്നുമാണ് സമിതിയുടെ പ്രധാന കണ്ടെത്തൽ. ഇന്ത്യയിൽ ഇതുവരെ 75 ലക്ഷം പേർക്ക് രോഗം ബാധിച്ചു, അതിൽ 66 ലക്ഷത്തോളം പേർ സുഖം പ്രാപിച്ചു.

മാര്‍ച്ച് മുതല്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നില്ലെങ്കില്‍ ഓഗസ്റ്റ് മാസത്തിനുള്ളില്‍ രാജ്യത്തെ മരണസംഖ്യ 25 ലക്ഷം കടക്കുമായിരുന്നുവെന്നും സമിതി ചൂണ്ടിക്കാട്ടുന്നുണ്ട്. 1.14 ലക്ഷം പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. രോഗവ്യാപനം തടയാന്‍ ഇപ്പോള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് ഉചിതമല്ല. ചെറിയ പ്രദേശങ്ങളില്‍ മാത്രമേ ഇനി ലോക്ഡൗണ്‍ ഫലപ്രദമാവുകയുള്ളൂ, രാജ്യം പഴയപടി എല്ലാപ്രവര്‍ത്തനങ്ങളും പുനരാരംഭിക്കേണ്ടതുണ്ടെന്നും സമിതി അഭിപ്രായപ്പെട്ടു.

Read More in English: Covid-19: No explanation, but panel experts indicate reasons for both hope and caution

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Covid 19 no explanation but panel experts indicate reasons for both hope and caution