രാജ്യത്ത് ദിവസവും എണ്ണായിരത്തിനും ഒമ്പതിനായിരത്തിനും ഇടയില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് രോഗികളുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും കൂടുതല്‍ കേസുകളുള്ള സംസ്ഥാനങ്ങളിലേയും ദേശീയ തലത്തിലേയും കോവിഡ്-19 വളര്‍ച്ചാ നിരക്ക് കുറയുന്നു. മേയ് മാസത്തിന്റെ തുടക്കത്തില്‍ ഇന്ത്യയില്‍ മൊത്തം രോഗികളുടെ എണ്ണത്തിലെ വളര്‍ച്ചാ നിരക്ക് 6.2 ശതമാനമായിരുന്നു. ഈ നിരക്ക് കുറഞ്ഞ് തുടങ്ങുന്നതിന് മുമ്പ് ഏഴ് ശതമാനമായി വർധിച്ചു. ചൊവ്വാഴ്ച്ച ദേശീയ വളര്‍ച്ചാ നിരക്ക് 4.67 ശതമാനമാണ്.

covid 19 cases india

ഇന്ത്യയിലെ രോഗികളുടെ മൂന്നിലൊന്നുള്ള മഹാരാഷ്ട്രയില്‍ കഴിഞ്ഞ രണ്ടാഴ്ചയായി രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുന്നതാണ് ദേശീയ നിരക്ക് കുറയാന്‍ ഒരു പ്രധാന കാരണം. ദേശീയ തലത്തിലെ നിരക്കിനേക്കാള്‍ അതിവേഗമാണ് ഈ കുറവ് രേഖപ്പെടുത്തുന്നത്. മേയ് മാസത്തിന്റെ പകുതിയോടെ രാജ്യത്തിന്റെ നിരക്കിനേക്കാള്‍ ഒരു ശതമാനം കൂടുതലായിരുന്നു മഹാരാഷ്ട്രയിലെ നിരക്ക്. അവിടത്തെ രോഗികളുടെ എണ്ണം കുറഞ്ഞു തുടങ്ങിയത് ദേശീയ നിരക്കിനേയും വലിച്ചു താഴ്ത്തി. ജൂണ്‍ രണ്ടിന് മഹരാഷ്ട്രയിലെ വളര്‍ച്ചാ നിരക്ക് 4.05 ശതമാനമാണ്. ഇത് ദേശീയ നിരക്കിനേക്കാള്‍ വളരെ കുറവാണ്.

Read Also: കോവിഡ്-19: തിരുവനന്തപുരത്ത് ഡോക്ടര്‍മാരും ജീവനക്കാരുമായി 32 പേര്‍ നിരീക്ഷണത്തില്‍

രോഗികളുടെ എണ്ണം കുറയുന്നത് മഹാരാഷ്ട്രയില്‍ മാത്രമല്ല, ഏറ്റവും കൂടുതല്‍ രോഗികളുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ ഡല്‍ഹി മാത്രമാണ് ഇപ്പോള്‍ ദേശീയ നിരക്കിനേക്കാള്‍ കൂടുതല്‍ വളര്‍ച്ചാ നിരക്ക് കാണിക്കുന്നത്. ഡല്‍ഹിയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 7,600 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ചത്തെ കണക്കുകള്‍ പ്രകാരം ഇവിടത്തെ വളര്‍ച്ചാ നിരക്ക് 6.26 ശതമാനമാണ്. തമിഴ്‌നാട്ടിലും രോഗികളുടെ എണ്ണം വർധിക്കുന്നുണ്ട്.

മറുവശത്ത് രോഗികളുടെ എണ്ണത്തില്‍ നാലാമതും അഞ്ചാമതും നില്‍ക്കുന്ന ഗുജറാത്തിലും രാജസ്ഥാനിലും യഥാക്രമം 2.5, 3.21 ശതമാനം എന്നിങ്ങനെയാണ് നിരക്കുകള്‍. തൊട്ടുപിന്നില്‍ നില്‍ക്കുന്ന ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും ഏകദേശം ഇതേ നിരക്കുകളിലാണ് വളര്‍ച്ച.

ദേശീയ നിരക്കിനേക്കാള്‍ കൂടുതല്‍ വളര്‍ച്ച രേഖപ്പെടുത്തുന്ന മിക്ക സംസ്ഥാനങ്ങളിലും വളരെ കുറവ് കേസുകളേയുള്ളൂ. ഏകദേശം 25 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ദേശീയ നിരക്കിനേക്കാള്‍ കൂടുതല്‍ കേസുകള്‍ രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍, ദേശീയ നിരക്ക് ഇപ്പോഴും കുറയുന്നതിന് കാരണം, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ വളര്‍ച്ചാ നിരക്ക് കുറഞ്ഞതാണ്.

ദേശീയ കര്‍വില്‍ ഏറ്റവും വലിയ സ്വാധീനം ചെലുത്തുന്നത് മഹാരാഷ്ട്രയാണ്. കഴിഞ്ഞ രണ്ടുമാസമായി മഹാരാഷ്ട്രയിലായിരുന്നു കേസുകള്‍ കുതിച്ചുയര്‍ന്നിരുന്നത്. ചൊവ്വാഴ്ച ഇന്ത്യയില്‍ രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. 8,500-ല്‍ അധികം പുതിയ രോഗികളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ 2,300-ല്‍ താഴെ കേസുകള്‍ മഹാരാഷ്ട്രയില്‍ നിന്നാണ്. ഇത് മറ്റൊരു പ്രവണതയുടെ തുടക്കമാണ്.

Read Also: രാജ്യത്ത് കോവിഡ് ബാധിതർ 2 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 217 മരണം

ഒരാഴ്ച മുമ്പ്, രാജ്യത്തെ മൊത്തം പുതിയ കേസുകളിലെ 40 ശതമാനം മഹാരാഷ്ട്രയില്‍ നിന്നായിരുന്നു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഓരോ ദിവസത്തേയും പുതിയ കേസുകളില്‍ 25 മുതല്‍ 35 ശതമാനം വരെ മഹാരാഷ്ട്രയുടെ പങ്കായിരുന്നു. കഴിഞ്ഞ ഒരാഴ്ചയില്‍ ഒരിക്കല്‍ മാത്രമാണ് ആ തലത്തിലേക്ക് വീണ്ടും പോയത്. ജൂണ്‍ ഒന്നിന് പുതിയ കേസുകളില്‍ 30 ശതമാനം മഹാരാഷ്ട്രയുടേതായിരുന്നു. അതേസമയം, ചൊവ്വാഴ്ച 26 ശതമാനമായി കുറഞ്ഞു.

അതിന് അര്‍ത്ഥം ഇന്ത്യയുടെ ബാക്കി ഭാഗങ്ങളില്‍ നേരത്തെയുള്ളതിനേക്കാള്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുവെന്നാണ്. ഈ പ്രവണത തുടര്‍ന്നാല്‍, ദേശീയ തലത്തില്‍ രോഗ വ്യാപനത്തിലുള്ള മഹാരാഷ്ട്രയുടെ സ്വാധീനം കുറയും.

ചൊവ്വാഴ്ച ഡല്‍ഹി ഒരിക്കല്‍ കൂടി 1,300 ഓളം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹരിയാനയില്‍ 300 ഓളം കേസുകളും. ഡല്‍ഹിയിലെ രോഗികളുടെ എണ്ണത്തിന്റെ പത്തിലൊന്നിനേക്കാള്‍ അല്‍പം കൂടുതല്‍ വരും ഹരിയാനയിലേത്. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്ന് ഹരിയാനയാണ്.

Read in English: India Coronavirus numbers explained: Growth rate of new cases slowing

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook