scorecardresearch

Covid-19 fourth wave: വരുമോ കോവിഡ് നാലാം തരംഗം? എപ്പോള്‍ സംഭവിക്കും?

Covid-19 fourth wave: ജൂണ്‍ 22ന് ആരംഭിക്കുന്ന നാലാം തരംഗം നാലു മാസത്തോളം നീളുമെന്നാണ് പഠനം വ്യക്തമാക്കുന്നത്

covid19, Fourth wave, Omicron, ie malayalam

കോവിഡ് മൂന്നാം തരംഗം വലിയ വിനാശം സൃഷ്ടിക്കാതെ അവസാനഘട്ടത്തിലേക്കു കടക്കുന്നതിന്റെ ആശ്വാസത്തിലാണ് രാജ്യം. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,013 പേര്‍ക്കു മാത്രമാണു രോഗം സ്ഥിരീകരിച്ചത്. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഒരു ലക്ഷത്തിലേക്കെത്തിയിരിക്കുകയാണ്. ഏറ്റവും ഒടുവിലായി 16,675 പേര്‍ രോഗമുക്തി നേടി.

രോഗവ്യാപനത്തോത് കുറയുന്ന സാഹചര്യത്തില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ വലിയ ഇളവുകള്‍ വരുത്തിക്കൊണ്ടിരിക്കുകയാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍. സംസ്ഥാനത്ത്, ആശുപത്രികളിലെ കോവിഡ് രോഗികളുടെ എണ്ണം അടിസ്ഥാനമാക്കി ജില്ലകളെ വിവിധ വിഭാഗങ്ങളായി വര്‍ഗീകരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന നടപടി നിര്‍ത്തലാക്കി. തിയറ്ററുകള്‍, ബാറുകള്‍, ക്ലബ്ബുകള്‍, ഹോട്ടലുകള്‍, ഭക്ഷണശാലകള്‍ എന്നിവിടങ്ങളില്‍ നൂറു ശതമാനം സിറ്റിങ്ങും അനുവദിച്ചു. എല്ലാ പൊതുപരിപാടികള്‍ക്കും 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ സാമൂഹിക അകലം പാലിച്ച് പരമാവധി 1500 പേരെ വരെ പങ്കെടുപ്പിക്കാനും ദുരന്ത നിവാരണ വകുപ്പ് അനുമതി നല്‍കി.

ഒരു പടികൂടി കടന്ന് എല്ലാ കോവിഡ് നിയന്ത്രണങ്ങളും നീക്കിയ ഡല്‍ഹി സ്വകാര്യ കാറുകളില്‍ യാത്ര ചെയ്യുന്ന ആളുകള്‍ക്ക് മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമല്ലെന്ന് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. അസമാണ് കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിച്ച ആദ്യ സംസ്ഥാനമായത്. ഫെബ്രുവരി 15 മുതലാണ് അസമിയില്‍ നിയന്ത്രണങ്ങള്‍ നീക്കിയത്. നിലവിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമ്പോള്‍ അസമിലെ ജനങ്ങള്‍ കോവിഡിനു മുമ്പുള്ള കാലത്തേക്ക് മടങ്ങിപ്പോകുമെന്നാണ് അസം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

കോവിഡ് കേസുകള്‍ കുത്തനെ കുറയുന്നത് മഹാമാരിയുടെ അവസാനത്തിന്റെ സൂചനയാണോയെന്നു ചിന്തിക്കുന്നവര്‍ കുറവല്ല. എന്നാല്‍ രാജ്യത്ത് നാലാം തരംഗമുണ്ടാവെന്നാണ് പുതിയ പ്രവചനം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) കാണ്‍പൂരിലെ വിദഗ്ധരാണ് ഈ പ്രവചനം നടത്തിയിരിക്കുന്നത്. ഏതാണ്ട് ജൂണ്‍ 22ന് ആരംഭിക്കുന്ന പുതിയ തരംഗം നാല് മാസത്തോളം നീളുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഒന്നാം തരംഗം ആരംഭിച്ച് 936 ദിവസത്തിനുശേഷമാണ് നാലം തരംഗം എത്തുകയെന്നാണ് പഠനം വ്യക്തമാക്കുന്നത്. 2020 ജനുവരി 30-നാണ് രാജ്യത്ത് ഒന്നാം തരംഗം ആരംഭിച്ചത്.

നാലാം തരംഗം എപ്പോള്‍?

രാജ്യത്ത് ഏതാണ്ട് ജൂണ്‍ 22 മുതല്‍ കോവിഡ് നാലാം തരംഗം ആരംഭിക്കുമെന്നാണ് പഠനം പറയുന്നത്. നാലു മാസത്തോളം നീളുന്ന തരംഗം ഓഗസ്റ്റ് 23-ന് ഉച്ചസ്ഥായിയിലെത്തി ഒക്ടോബര്‍ 24-ന് അവസാനിക്കുമെന്നാണ് പ്രവചനം. ഓഗസ്റ്റ് 15 മുതല്‍ 31 വരെയാണ് കര്‍വ് ഏറ്റവും ഉയര്‍ന്ന നിലയിലെത്തുകയെന്നും പഠനം പറയുന്നു.

ഐഐടി കാണ്‍പൂരിലെ മാത്തമാറ്റിക് ഡിപ്പാര്‍ട്ട്മെന്റിലെ സബര പര്‍ഷാദ് രാജേഷ്ഭായ്, സുബ്ര ശങ്കര്‍ ധര്‍, ശലഭ് എന്നിവരാണ് പഠനം നയിച്ചത്. സിംബാബ്വെയിലെ ഡേറ്റയെ അടിസ്ഥാനമാക്കിയുള്ള പഠനം സംബന്ധിച്ച സ്ഥിതിവിവരണ കണക്ക് പ്രീപ്രിന്റ് സെര്‍വറായ മെഡ്‌റ്ക്‌സിവില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എത്രത്തോളം തീവ്രമാകും?

വൈറസിന്റെ പുതിയ വകഭേദം തീവ്രമായ സ്വാധീനം ചെലുത്താന്‍ എപ്പോഴും സാധ്യതയുണ്ട്. എന്നാല്‍ നാലാം തരംഗം എത്രത്തോളം തീവ്രവാകുമെന്നതിനു പഠനം വ്യക്തമായൊരു ഉത്തരം നല്‍കുന്നില്ല. വൈറസ് വകഭേദത്തിന്റെ സ്വഭാവം, രാജ്യത്തുടനീളമുള്ള വാക്‌സിനേഷന്‍ നില, ബൂസ്റ്റര്‍ ഡോസുകളുടെ വിതരണം എന്നിവയെ ആശ്രയിച്ചിരിക്കും വൈറസ് എത്രത്തോളം തീവ്രവാകുമെന്നതെന്നു പഠനം പറയുന്നു.

പുതിയ വകഭേദം എങ്ങനെയായിരിക്കും?

കോവിഡിന്റെ പുതിയ വകഭേദം രണ്ടു വ്യത്യസ്ത രീതികളില്‍ ആവിര്‍ഭവിക്കാമെന്നു മറ്റൊരു സമീപകാല പഠനം ചൂണ്ടിക്കാണിച്ചിരുന്നു. പുതിയ വകഭേദത്തിനു മുന്‍പ് കണ്ടെത്തിയവയേക്കാള്‍ തീവ്രത കുറവായിരിക്കുമെന്ന് യാതൊരു ഉറപ്പുമില്ലെന്നും പഠനം ചൂണ്ടിക്കാട്ടി.

നിലവിലെ വകഭേദമായ ഒമിക്രോണിനു വകഭേദം സംഭവിക്കാവുന്നതാണ് ഒന്ന്. ഇത് ബിഎ.1 അല്ലെങ്കില്‍ ബിഎ.2യേക്കാള്‍ കൂടുതല്‍ ദൂഷ്യഫലം സൃഷ്ടിക്കുന്ന പുതിയ വകഭേദം സൃഷ്ടിക്കുന്നു. നിലവിലുള്ളവയുമായി ബന്ധമില്ലാത്ത പുതിയ വകഭേദം പ്രത്യക്ഷപ്പെടാനുള്ള സാധ്യതയാണ് രണ്ടാമത്തേത്.

ഈ വര്‍ഷം പകുതിയോടെ രാജ്യത്ത് കോവിഡ് നാലാം തരംഗമുണ്ടാകുമെന്ന് സൂചന ആരോഗ്യവിദഗ്ധര്‍ നേരത്തെ തന്നെ നല്‍കിയിരുന്നു. നാഷണല്‍ കോവിഡ് 19 ടാസ്‌ക് ഫോഴ്‌സ് അംഗങ്ങള്‍ അടക്കം ഇതുസംബന്ധിച്ച് സൂചന നല്‍കിയിരുന്നു. ഇതിനു പിന്നാലൊയാണ് കാണ്‍പൂര്‍ ഐഐടി സംഘത്തിന്റെ പഠനം പുറത്തുവന്നിരിക്കുന്നത്.

മൂന്നു മുന്‍ തരംഗങ്ങളുടെയും കാര്യത്തില്‍ ഐഐടി ഗവേഷകരുടെ പ്രവചനം ശരിയായ രീതിയില്‍ സംഭവച്ചിരുന്നു. ഏതാനും ദിവസങ്ങളില്‍ മാത്രമാണ് വ്യത്യാസമുണ്ടായത്.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Covid 19 fourth wave in india from june iit kanpur experts