കോവിഡ് -19നു കാരണമായ കൊറോണ വൈറസിനു നിശ്ചിത സമയത്തേക്ക് വായുവിലൂടെ സഞ്ചരിക്കാനും അതുവഴി പടരാനും കഴിയുമെന്നാണ് പുതിയ കണ്ടെത്തല്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി 32 രാജ്യങ്ങളില്‍ നിന്നുള്ള 239 ശാസ്ത്രജ്ഞര്‍ ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ)യ്ക്ക് എഴുതിയ തുറന്ന കത്തിനെകുറിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സൂക്ഷ്മ കണികകള്‍ക്ക് ആളുകളില്‍ രോഗം പടര്‍ത്താന്‍ കഴിയുമെന്നതു തെളിവുകള്‍ സൂചിപ്പിക്കുന്നതായും ഡബ്ല്യുഎച്ച്ഒയുടെ നിര്‍ദേശങ്ങള്‍ പരിഷ്‌കരിക്കാനും ശാസ്ത്രജ്ഞര്‍ ആവശ്യപ്പെടുന്നു. ‘കോവിഡ് -19 ന്റെ അന്തരീക്ഷത്തിലെ സഞ്ചാരത്തെ അഭിമുഖീകരിക്കാനുള്ള സമയമാണിത്’ എന്ന പേരിലുള്ള പ്രബന്ധം അടുത്തയാഴ്ച ഒരു ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിക്കാന്‍ സാധ്യതയുണ്ട്.
വൈറസ് സഞ്ചാരം: അര്‍ഥമാക്കുന്നതെന്ത്?
കോവിഡ് -19 പോലുള്ള ശ്വാസകോശ സംബന്ധമായ അണുബാധ വ്യത്യസ്ത വലുപ്പത്തിലുള്ള സ്രവങ്ങളിലൂടെ പകരുന്നു. സ്രവ കണികകള്‍ 5-10 മൈക്രോണ്‍ വ്യാസമുള്ള വലിപ്പമുള്ളവയാണെങ്കില്‍ അവയെ ശ്വസന സ്രവങ്ങളായി കണക്കാക്കുന്നു. വ്യാസം അഞ്ച് മൈക്രോണില്‍ കുറവുള്ള സ്രവ കണികകളെ സ്രവ അണുകേന്ദ്രങ്ങള്‍ എന്ന് വിളിക്കുന്നു. ”നിലവിലെ തെളിവുകളനുസരിച്ച്, കോവിഡ് -19 വൈറസ് പ്രാഥമികമായി ശ്വസന സ്രവങ്ങളിലൂടെയും സമ്പര്‍ക്കത്തിലൂടെയുമാണ് പകരുന്നത്,” ഡബ്ല്യുഎച്ച്ഒ പറയുന്നു. എന്നാല്‍, വായുവിലൂടെയും വൈറസ് പകരുമെന്ന് ശാസ്ത്രജ്ഞര്‍ കത്തില്‍ സൂചിപ്പിക്കുന്നു.
- മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, സംസാരം, ചുമ, തുമ്മല്‍ തുടങ്ങിയവ വഴി ഉല്‍പാദിപ്പിക്കപ്പെടുന്ന വൈറസ് അടങ്ങിയ സ്രവകണികകള്‍ 5-10 മൈക്രോണ്‍ വ്യാസമുള്ളവയാണെന്നും അവ ഒടുവില്‍ ഗുരുത്വാകര്‍ഷണത്തിന്റെ ഫലമായി ഒരു മീറ്റര്‍ താഴേക്കു സഞ്ചരിച്ച ശേഷം നിലത്തുവീഴും എന്നതാണ് ലോകാരോഗ്യ സംഘടനയുടെ കാഴ്ചപ്പാട്. എന്നാല്‍ സ്രവ അണുകേന്ദ്രങ്ങളില്‍ (അഞ്ച് മൈക്രോണില്‍ താഴെ വ്യാസമുള്ള സ്രവകണങ്ങള്‍) വൈറസ് ഉണ്ടാകാമെന്നും ഇവ ഒരു മീറ്ററില്‍ കൂടുതല്‍ സഞ്ചരിക്കാമെന്നും കൂടുതല്‍ നേരം വായുവില്‍ തുടരാമെന്നും തെളിവുകള്‍ ഉദ്ധരിച്ച് ഈ 239 ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍, വൈറസിന് മുമ്പ് കരുതിയിരുന്നതിനേക്കാള്‍ കൂടുതല്‍ പ്രക്ഷേപണ സാധ്യത കൂടുതലാണെന്നാണ് അര്‍ഥം.
ഇത് പുതിയ വെളിപ്പെടുത്തലാണോ?
ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍, പ്രത്യേക സാഹചര്യങ്ങളിലും ക്രമീകരണങ്ങളിലും വായുവിലൂടെയുള്ള വൈറസ് സഞ്ചാരം സാധ്യമാണ്. വായുസഞ്ചാരം ഉല്‍പാദിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങളായ എന്‍ഡോട്രക്ക്യൽ ഇന്റുബേഷന്‍, ബ്രോങ്കോസ്‌കോപ്പി, ഓപ്പണ്‍ സക്ഷനിങ്, നെബുലൈസ്ഡ് ചികിത്സ; ഇന്റുബേഷനു മുമ്പായുള്ള സ്വഭാവിക വായുസഞ്ചാരം, രോഗിയെ കമിഴ്ത്തിക്കിടത്തുക, രോഗിയെ വെന്റിലേറ്ററില്‍നിന്ന് നീക്കം ചെയ്യുക, നോണ്‍ ഇന്‍വേസീവ് പോസിറ്റീവ്-പ്രഷര്‍ വെന്റിലേഷന്‍; ട്രാക്കിയോസ്റ്റമി; കാര്‍ഡിയോ പള്‍മോണറി പുനരുജ്ജീവനം എന്നിവ ഈ ക്രമീകരണങ്ങളില്‍ ഉള്‍പ്പെടുന്നു.
Also Read: കോവിഡ്-19 ബാധിച്ചവര്‍ക്കെല്ലാം ആശുപത്രി ചികിത്സ വേണ്ട; ആരെയെല്ലാം ആശുപത്രിയില്‍ പ്രവേശിപ്പിക്കണം?
”പ്രാഥമിക കണ്ടെത്തലുകള്‍ ശ്രദ്ധാപൂര്‍വ്വം വ്യാഖ്യാനിക്കേണ്ടതുണ്ട്” എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിനെ പരാമര്‍ശിച്ച് ഡബ്ല്യുഎച്ച്ഒ പ്രസ്താവിച്ചിരിക്കുന്നത്. ഉദ്ധരിച്ച തെളിവുകള്‍ പരിശോധിക്കപ്പെടേണ്ടതാണെങ്കില്‍, വൈറസ് വായുവിലൂടെ പകരുന്നതായി കണ്ടെത്തിയ നിശ്ചിത ക്രമീകരണങ്ങള്‍, വൈറസ് വായുവില്‍ തുടരുന്നതായി കണ്ടെത്തിയ കാലയളവ്, ഏറ്റവും പ്രധാനമായി ഈ കാലയളവിലുടനീളം വൈറസ് പകര്‍ച്ചവ്യാധിയായി തുടരുകയാണോ എന്നീ കാര്യങ്ങള്‍ ഗവേഷകര്‍ പരിശോധിക്കും.
അവകാശവാദം തെളിഞ്ഞാലോ?
മാസ്‌ക് ധരിക്കുന്നത് എന്നത്തേക്കാളും പ്രാധാന്യമര്‍ഹിക്കുന്നുവെന്നാണ് ഇതിനര്‍ഥം. വായൂവിലെയുള്ള വൈറസ് സംക്രമണം തടയുന്നതിന്, ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉപയോഗിക്കുന്ന എന്‍ -95 മാസ്‌കുകള്‍ ലഭ്യതയ്ക്കു വിധേയമായും വ്യക്തിയുടെ ആരോഗ്യസ്ഥിതിയെ ആശ്രയിച്ചും ശിപാര്‍ശ ചെയ്യാന്‍ സാധ്യതയുണ്ട്.
വായുവിലുടെ വൈറസ് സഞ്ചരിക്കുന്നതിനു തെളിവുകള്‍ എന്താണ്?
* റെന്‍മിന്‍ ഹോസ്പിറ്റലിലും വുഹാനിലെ വുചാങ് ഫാങ്കാങ് ഫീല്‍ഡ് ഹോസ്പിറ്റലിലും നടത്തിയ ആദ്യത്തെ പഠനങ്ങളിലൊന്ന് ശാസ്ത്ര ജേണലായ നേച്ചറില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഈ പഠനം, സാര്‍സ് കോവ്-2 വൈറസിന്റെ എയ്‌റോഡൈനാമിക് സ്വഭാവം വായുവില്‍ തങ്ങിനില്‍ക്കുന്ന സ്രവകണികളിലെ വൈറല്‍ ആര്‍എന്‍എ അളക്കുന്നതിലൂടെ അന്വേഷിച്ചു.
ഐസൊലേഷന്‍ വാര്‍ഡുകളിലും രോഗികളുടെ വായുസഞ്ചാരമുള്ള മുറികളിലും കണ്ടെത്തിയ അന്തരീക്ഷത്തിലെ സ്രവകണങ്ങളിലെ വൈറസിന്റെ സാന്ദ്രത ”വളരെ കുറവാണ്” എന്ന് പഠനം കണ്ടെത്തി. പക്ഷേ ഇവ ”രോഗികള്‍ ഉപയോഗിക്കുന്ന ശുചിമുറി പ്രദേശങ്ങളില്‍ കൂടുതലാണ്.” ”മിക്കവാറും പൊതുസ്ഥലങ്ങളില്‍ വായുവിലൂടെ സഞ്ചരിക്കുന്ന സാര്‍സ് കോവ്-2 ആര്‍എന്‍എയുടെ അളവ് കണ്ടെത്താനാകില്ല. ജനത്തതിരക്ക് കൂടുതലുള്ള രണ്ട് മേഖലകള്‍ ഒഴികെ,” പഠനം പറയുന്നു. ”ഈ ആശുപത്രി പ്രദേശങ്ങളില്‍ കണ്ടെത്തിയ വൈറസ് പടരുന്നത് ഞങ്ങള്‍ സ്ഥാപിച്ചിട്ടില്ലെങ്കിലും, അന്തരീക്ഷത്തിലെ സ്രവകണങ്ങളിലൂടെ സാര്‍സ്-കോവ്-2 പടരാനുള്ള സാധ്യത ഞങ്ങള്‍ മുന്നോട്ടുവയ്ക്കുന്നു.”
Also Read:ഇന്ത്യയുടെ കോവാക്‌സിന്‍ വിപണിയിലെത്താന്‍ ഇനിയെത്ര പരീക്ഷണങ്ങള്‍ കടക്കണം?
* ഏപ്രിലില്‍, യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്റ്റിയസ് ഡിസീസസ് ഗവേഷകര്‍ ദ ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍(എന്‍ഇജെഎം) പ്രസിദ്ധീകരിച്ച കുറിപ്പില്‍ അന്തരീക്ഷത്തിലെ ശ്രവണകണങ്ങളിലും വിവിധ പ്രതലങ്ങളിലുമുള്ള സാര്‍സ്-കോവ്-2ന്റെ (സാര്‍സ് കോവിനു കാരണമാകുന്ന സാര്‍സ്-കോവ്-1ന്റെയും) സ്ഥിരത വിലയിരുത്തി. മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന പരീക്ഷണത്തിലുടനീളം സാര്‍സ്-കോവ്-2 അന്തരീക്ഷത്തിലെ ശ്രവണകണങ്ങളില്‍ സജീവമായി തുടരുന്നതായി കണ്ടെത്തി. അന്തരീക്ഷത്തിലൂടെയും അണുബാധ വഹിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ വഴിയുമുള്ള സാര്‍സ്-കോവ്-2ന്റെ പ്രസരണം യാഥാര്‍ഥ്യമാണെന്നാണ് ഞങ്ങള്‍ക്കു ലഭിച്ച ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. വൈറസ് അന്തരീക്ഷത്തില്‍ മണിക്കൂറുകളോളം സജീവവും രോഗം പടര്‍ത്താന്‍ ശേഷിയുള്ളതുമായി തുടരും,” പഠനം പറയുന്നു.
എന്നാല്‍ എന്‍ഇജെഎം ലേഖനത്തിലെ കണ്ടെത്തലുകളോട് വിയോജിക്കുകയാണു ഡബ്ല്യുഎച്ച്ഒ.”… അന്തരീക്ഷ കണങ്ങളില്‍ മൂന്നു മണിക്കൂര്‍ വരെ കോവിഡ്-19 വൈറസ് നിലനില്‍ക്കുന്നുവെന്ന് കണ്ടെത്തിയത് അന്തരീക്ഷ കണങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന നടപടിക്രമങ്ങള്‍ നടത്തുന്ന ഒരു ക്ലിനിക്കല്‍ ക്രമീകരണത്തെ പ്രതിഫലിപ്പിക്കുന്നില്ല. അതായത് ഇത് പരീക്ഷണാര്‍ഥം ആവിഷ്‌കരിച്ച അന്തരീക്ഷ കണങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന പ്രക്രിയയായിരുന്നു,” ലോകരോഗ്യ സംഘടന പറയുന്നു.
* ”ക്രൈസ്തവ ദേവാലയത്തിലെ ഗായകസംഘത്തിന്റെ പരിശീലനത്തിനിടെയുണ്ടായ വൈറസ് ബാധയെത്തുടര്‍ന്നുള്ള സാര്‍സ്-കോവ്-2 ആക്രമണ നിരക്ക്” എന്ന പേരില്‍ യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) മേയില്‍ പഠനം പ്രസിദ്ധീകരിച്ചിരുന്നു. വന്‍തോതിലുള്ള രോഗപ്പകർച്ച (സൂപ്പർ സ്പ്രെഡ്)യ്ക്ക് ഇടയാക്കിയ പരിപാടികൾ പഠനവിധേയമാക്കിയ ഗവേഷകര്‍ ക്വയര്‍ പരിശീലനവും പരിശോധിച്ചു. 61 പേര്‍ പങ്കെടുത്ത 2.5 മണിക്കൂര്‍ നീണ്ട ക്വയര്‍ പരിശീലനത്തിൽ രോഗലക്ഷണമുള്ള ഒരാളിൽനിന്ന് 32 പേര്‍ക്കു രോഗം സ്ഥീകരിച്ചതായി കണ്ടെത്തി. 20 സെക്കന്‍ഡറി കേസുകളുണ്ടായി. മൂന്ന് രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ രണ്ടു പേര്‍ മരിച്ചു.
Also Read: പൂന്തുറയിൽ സൂപ്പർ സ്പ്രെഡ്; കാരണം തമിഴ്‌നാട് ബന്ധവും തിരക്കുമെന്ന് വിലയിരുത്തല്‍
‘ഗാനാലാപനം” വഴി ശ്രവകണങ്ങള്‍ പുറന്തള്ളുന്നത് വൈറസ് പ്രസരണത്തിനു കാരണമായേക്കാമെന്ന് പഠനം അഭിപ്രായപ്പെടുന്നു. ”സൂപ്പര്‍ എമിറ്റേഴ്‌സ് എന്നറിയപ്പെടുന്ന ചില വ്യക്തികള്‍, അവരുടെ സമശീർഷ്യരേക്കാള്‍ കൂടുതല്‍ ശ്രവകണികകള്‍ സംസാരസമയത്ത് പുറത്തുവിടുന്നു. ഇത് ക്വയര്‍ പരിശീലനത്തിലും മുന്‍പത്തെ സൂപ്പർ സ്പ്രെഡുകളിലും രോഗപ്പകർച്ചയ്ക്കു ക രണമായിട്ടുണ്ടാകാം,’‘ പഠനം പറയുന്നു
”… സംസാരസമയത്തെ ശ്രവകണങ്ങളുടെ പുറന്തള്ളല്‍ ശബ്ദവ്യാപ്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ചില വ്യക്തികള്‍ സമശീർഷ്യരേക്കാള്‍ കൂടുതല്‍ അളവില്‍ കണികകളുടെ ഒരു ക്രമം പുറപ്പെടുവിക്കുന്നു. സൂപ്പര്‍ എമിറ്റേഴ്‌സ് എന്ന് വിളിക്കുന്ന ഇവര്‍ വന്‍തോതില്‍ സൂപ്പർ സ്പ്രെഡിനു കാരണമായിട്ടാവാമെന്ന് അനുമാനിക്കുന്നു. പരിപാടിയില്‍ പങ്കെടുത്തവര്‍ക്കു തീവ്രവും നീണ്ടുനില്‍ക്കുന്നതുമായ സാമീപ്യം ഉണ്ടായിരുന്നു. പരസ്പരം 6-10 ഇഞ്ച് അകലത്തില്‍ ഇരുന്ന് പാടുമ്പോള്‍ ഒരു പക്ഷേ കൂടുതല്‍ ശ്രവകണങ്ങള്‍ പുറപ്പെടുവിക്കുന്നു,” പഠനം പറയുന്നു.
- എഴുത്ത്: കൗനെയ്ന്‍ ഷെരിഫ് എം