ഒന്‍പത് മുതല്‍ പന്ത്രണ്ട് വരെയുള്ള ഉയര്‍ന്ന ക്ലാസുകളിലെ കുട്ടികള്‍ക്കുവേണ്ടിയാണെങ്കില്‍ പോലും സ്‌കൂളുകള്‍ വീണ്ടും തുറക്കണോ വേണ്ടയോ? കോവിഡ് നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ നേരിടുന്ന വലിയ ചോദ്യമാണിത്.

അണ്‍ലോക്ക് പ്രക്രിയയുടെ ഭാഗമായി ഒക്‌ടോബര്‍ 15നുശേഷം സ്‌കൂളുകള്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിരുന്നു. ഇതിന് പിന്നാലെ സ്‌കൂളുകളുകളും കോളേജുകളും തുറന്നു പ്രവര്‍ത്തിക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം മാര്‍ഗരേഖയും പുറത്തിറക്കിയിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളും സ്‌കൂളുകള്‍ മടിച്ചുനില്‍ക്കുകയാണ്. ചില സംസ്ഥാനങ്ങളാവട്ടെ സ്‌കൂള്‍ തുറന്നുകഴിഞ്ഞിട്ടുമുണ്ട്.

23 മുതല്‍ സ്‌കൂളുകളില്‍ സാധാരണ ക്ലാസുകള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി മഹാരാഷ്ട്ര കഴിഞ്ഞദിവസം അറിയിച്ചിരുന്നു. എന്നാല്‍ 15നു ശേഷം സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനം ഒഡീഷ മാറ്റിവച്ചു. അതേസമയം, മുതിര്‍ന്ന വിദ്യാര്‍ഥികള്‍ക്കു 18 മുതല്‍ സാധാരണ ക്ലാസുകള്‍ ആരംഭിക്കാന്‍ പ്രവര്‍ത്തന മാര്‍ഗരേഖ തയാറാക്കുകയാണെന്ന് ഗുജറാത്ത് അറിയിച്ചു.

ഉത്തരാഖണ്ഡില്‍ എണ്‍പതോളം അധ്യാപകര്‍ക്ക് കോവിഡ്

സ്‌കൂളുകള്‍ തുറന്നശേഷം ഉത്തരാഖണ്ഡ്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെങ്കിലും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചത് രക്ഷിതാക്കള്‍ക്കും സര്‍ക്കാരുകള്‍ക്കുമിടയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ തിങ്കളാഴ്ച പത്ത്, പന്ത്രണ്ട് അധ്യയനം പുനരാരംഭിച്ച ഉത്തരാഖണ്ഡില്‍, പൗരി ഗര്‍വാള്‍ ജില്ലയിലെ 20 സര്‍ക്കാര്‍ സ്‌കൂളുകളിലെ എണ്‍പതോളം അധ്യാപകര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചത്.

പൗരി ഗര്‍വാള്‍ ജില്ലയിലെ നാല് കോവിഡ് ബാധിത ബ്ലോക്കുകളിലെ സ്‌കൂളുകള്‍ അഞ്ച് ദിവസത്തേക്ക് അടച്ചു. പോസിറ്റീവ് സ്ഥിരീകരിച്ച അധ്യാപകര്‍ എടുത്ത ക്ലാസുകളില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കു വൈറസ് ബാധിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും. ഇതിനായി സമ്പര്‍ക്കത്തിലായവരെ കണ്ടെത്താന്‍ ഉത്തരവിട്ടു.

ആന്ധ്രയില്‍ 600 വിദ്യാര്‍ഥികള്‍ക്കും 830 അധ്യാപകര്‍ക്കും രോഗം

നവംബര്‍ രണ്ടിന് സ്‌കൂളുകള്‍ വീണ്ടും തുറന്ന ആന്ധ്രയില്‍ 600 വിദ്യാര്‍ഥികള്‍ക്കും 830 അധ്യാപകര്‍ക്കുമാണു കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ ക്ലാസുകള്‍ തുടരാന്‍ ആലോചിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി ഓദിമുലപു സുരേഷ് പറഞ്ഞു.

”കോവിഡ് ലക്ഷണങ്ങള്‍ കാണിച്ച വിദ്യാര്‍ഥികളെയും അധ്യാപകരെയും കഴിഞ്ഞ നാല് ദിവസങ്ങളില്‍ പരിശോധനയ്ക്കു വിധേയമാക്കി. ചിലരില്‍ പോസിറ്റീവ് സ്ഥിരീകരിച്ചു. അവര്‍ സ്‌കൂളുകളില്‍നിന്നല്ല രോഗബാധിതരായത്. വിദ്യാര്‍ഥികളെയും അധ്യാപകരെയും സുരക്ഷിതമാക്കാന്‍ ഞങ്ങള്‍ അതീവ മുന്‍കരുതലുകള്‍ എടുക്കുന്നുണ്ട്. ക്ലാസുകള്‍ തുടരും,” ആന്ധ്ര വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ പ്രതാപ് റെഡ്ഡി പറഞ്ഞു.

ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും സ്‌കൂളിലെത്തിയ അഞ്ചു ലക്ഷത്തിലധികം വിദ്യാര്‍ഥികളില്‍ സ്‌കൂളില്‍ 262 പേര്‍ക്കു മാത്രമാണ് നവംബര്‍ നാലുവരെ പോസിറ്റീവ് സ്ഥിരീകരിച്ചതെന്നും സ്‌കൂള്‍ വിദ്യാഭ്യാസ കമ്മിഷണര്‍ വി ചിന്ന വീരഭദ്രുഡു പറഞ്ഞു.

ആറാം മുതല്‍ എട്ടുവരെയുള്ള ക്ലാസുകള്‍ നവംബര്‍ 23 മുതല്‍ തുറക്കും. ഒന്നു മുതല്‍ അഞ്ചുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഡിസംബര്‍ 14നും സ്‌കൂള്‍ തുറക്കും. കോളജുകളും സര്‍വകലാശാലകളും ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു.

മഹാരാഷ്ട്രയില്‍ 9-12 ക്ലാസുകള്‍ 23 മുതല്‍

മഹാരാഷ്ട്രയില്‍ ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകളും ജൂനിയര്‍ കോളജുകളും 23നു തുറക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതുസംബന്ധിച്ച പ്രവര്‍ത്തന മാര്‍ഗരേഖ തയാറാക്കിയതായി വിദ്യാഭ്യാസ മന്ത്രി വര്‍ഷ ഗെയ്ക്ക് വാദ് അറിയിച്ചു. ”മാതാപിതാക്കളുടെ സമ്മതം തേടിയും ആരോഗ്യ, സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചശേഷവുമായിരിക്കും സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുക,”എന്ന് അവര്‍ പറഞ്ഞു.

2021 ലെ പത്ത്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മേയില്‍ നടത്തണമെന്നും വര്‍ഷ ഗെയ്ക്ക്‌വാദ് പറഞ്ഞു. ഇരു ക്ലാസിലെയും പരീക്ഷകള്‍ സാധാരണ കോഴ്സിലെ ഈ പരീക്ഷകള്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണു മഹാരാഷ്ട്ര സ്റ്റേറ്റ് സെക്കന്‍ഡറി ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ബോര്‍ഡ് (എംഎസ്ബിഎസ്എച്ച്എസ്ഇ) നടത്താറുള്ളത്.

രണ്ടാം തരംഗം: സ്‌കൂള്‍ തുറക്കുന്നതു മാറ്റിവച്ച് ഒഡിഷ

ഒഡിഷയില്‍ കോവിഡിന്റെ രണ്ടാം തരംഗത്തെക്കുറിച്ച് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ആശങ്ക പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് സ്‌കൂളുകള്‍ വീണ്ടും തുറക്കാനുള്ള തീരുമാനം മരവിപ്പിച്ചിരിക്കുകയാണ്. സ്‌കൂളുകള്‍ തുറക്കാന്‍ രണ്ടു ദിവസം മുന്‍പാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.

ഡിസംബര്‍ 15 നും ജനുവരി 15 നും ഇടയില്‍ രണ്ടാമത്തെ തരംഗമുണ്ടാവാനുള്ള സാധ്യതയാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്. ആന്ധ്രാപ്രദേശില്‍ സ്‌കൂളുകള്‍ തുറന്നതിനെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതും തീരുമാനം മാറ്റിവയ്ക്കാന്‍ ഒഡിഷ സര്‍ക്കാരിനെ പ്രേരിപ്പിച്ചു.

സ്‌കൂളുകള്‍ വീണ്ടും തുറക്കാനുള്ള തീരുമാനം മരവിപ്പിച്ചതായി ഒഡിഷ സ്‌കൂള്‍, പൊതു വിദ്യാഭ്യാസ മന്ത്രി സമീര്‍ രഞ്ജന്‍ ഡാഷ് പറഞ്ഞു. ”ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ നവംബര്‍ 15നു ശേഷം തുറക്കാമെന്ന് പ്രത്യേക ദുരിതാശ്വാസ കമ്മിഷണര്‍ നിര്‍ദേശിച്ചിരുന്നു. എസ്ഒപി തയാറാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചിരുന്നു. എന്നാല്‍ തീരുമാനം അനിശ്ചിതകാലത്തേക്കു നിര്‍ത്തിവച്ചിരിക്കുകയാണ്. സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നത് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഭീഷണിയാണ്,” ഡാഷ് പറഞ്ഞു.

കേരളത്തില്‍ സ്‌കൂള്‍ തുറക്കുന്നത് എപ്പോള്‍?

നയപരമായ തീരുമാനമുണ്ടായാല്‍ സ്‌കൂളുകള്‍ തുറക്കാന്‍ സജ്ജമാണെന്ന് വിദ്യാഭ്യാസ വകുപ്പ് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. 15നു ശേഷം സ്‌കൂളുകള്‍ തുറക്കാനുള്ള തയാറെടുപ്പാണ് വിഭ്യാഭ്യാസ വകുപ്പ് നടത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ ദുരന്തനിവാരണ അതോറിറ്റിയുടെയും ആരോഗ്യ വകുപ്പിന്റെയും അനുമതി ആവശ്യമാണ്.

കോവിഡ് നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ സ്‌കൂള്‍ ഉടന്‍ തുറക്കണമോയെന്ന ആശങ്ക പൊതുവെയുണ്ട്. അതേയസമയം, മാര്‍ച്ചില്‍ നടത്താറുള്ള എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് അധികം സമയം ബാക്കിയില്ലെന്ന ആശങ്കയും സര്‍ക്കാരിനു മുന്നിലുണ്ട്.

ആദ്യ ഘട്ടത്തില്‍ 10 മുതല്‍ 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കു മാത്രമായി സ്‌കൂള്‍ തുറക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. തുടര്‍ന്ന് സാഹചര്യം വിലയിരുത്തി മറ്റ് ക്ലാസുകളും തുറക്കും. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ക്ലാസ് തുടങ്ങാന്‍ സജ്ജമെന്നാണ് വിദ്യാഭ്യാസ വകുപ്പ് സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.

അതേസമയം, കോവിഡ് കുറയുന്ന മുറയ്ക്ക് സ്‌കൂളുകള്‍ തുറക്കാമെന്നാണ് സര്‍ക്കാര്‍ നേരത്തെയെടുത്ത തീരുമാനം. പൊതു വിദ്യാലയങ്ങള്‍ ജനുവരിയില്‍ സാധാരണഗതിയില്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓഗസ്റ്റ് 30ന് വ്യക്തമാക്കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook