കോവിഡ് 19 സമൂഹ വ്യാപനം നടന്നിട്ടുണ്ടോ എന്നറിയുന്നതിനായി മുന്‍ യാത്രാ ചരിത്രമില്ലാത്തതോ കൊറോണ വൈറസ് ബാധിതനായ രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നതോ അല്ലാത്ത പനി ബാധിതരേയും പരിശോധിക്കുമെന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ച ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) പ്രഖ്യാപിച്ചിരുന്നു. ഇത് അനിവാര്യം എന്നാണ് ഐസിഎംആര്‍ പറഞ്ഞത്. സമൂഹ വ്യാപനത്തിലൂടെയുള്ള ആദ്യ കേസ് ഇന്ത്യയില്‍ രേഖപ്പെടുത്തിയെന്ന് കഴിഞ്ഞയാഴ്ച്ച ആരോഗ്യമന്ത്രാലയം അധികൃതര്‍ അറിയിച്ചിരുന്നു. സമൂഹത്തിലെ പ്രാദേശിക വ്യാപനം എന്നാണ് പിന്നീട് ഇതേക്കുറിച്ച് അധികൃതര്‍ വിശദീകരിച്ചത്.
സമൂഹ വ്യാപനം തടയുന്നതിനായി വിവിധ രാജ്യങ്ങള്‍ വ്യത്യസ്ത രീതികളാണ് പിന്തുടരുന്നത്. വന്‍തോതിലെ പരിശോധനകള്‍ക്കായി സ്വകാര്യ സൗകര്യങ്ങള്‍ തുറക്കുമോയെന്ന ചോദ്യം ഇന്ത്യയില്‍ ഉയരുന്നുണ്ട്.
എന്താണ് സമൂഹ വ്യാപനം?
ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ) നിര്‍വചിച്ചിട്ടുള്ള വ്യാപനത്തിന്റെ ഒരു തലമാണ് സമൂഹ വ്യാപനം. ലളിതമായി പറഞ്ഞാല്‍, വൈറസ് സമൂഹത്തില്‍ കറങ്ങി നടക്കുകയും രോഗിയുമായോ രോഗ ബാധിതമായ സ്ഥലങ്ങളില്‍ യാത്ര നടത്തുകയോ ചെയ്തിട്ടില്ലാത്ത ആളുകള്‍ക്ക് രോഗം ബാധിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. പനിയുടെ ലക്ഷണങ്ങള്‍ കാണുന്ന 1000 പേരില്‍ നിന്നുള്ള സാമ്പിളുകള്‍ പരിശോധിച്ചാണ് ഐസിഎംആര്‍ നിഗമനത്തിലെത്തുന്നത്. സമൂഹ വ്യാപനം തടയുന്നതിനാണ് സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങ് ഏര്‍പ്പെടുത്തുന്നതിനും പൊതു സ്ഥലത്ത് കൂട്ടം കൂടുന്നത് ഒഴിവാക്കുന്നതിനുമാണ് ഇന്ത്യ ഇപ്പോള്‍ പ്രധാന്യം നല്‍കുന്നത്. ഇതിലൂടെ സമൂഹ വ്യാപനം തടയുകയാണ് ലക്ഷ്യം.
സമൂഹ വ്യാപനം തുടങ്ങിക്കഴിഞ്ഞാല്‍ സമ്പര്‍ക്കത്തില്‍ വരുന്നവരെ കണ്ടെത്താന്‍ ബുദ്ധിമുട്ടാകും. രോഗത്തിന്റെ ഒരു അജ്ഞാത ഉറവിടം പരിഭ്രാന്തിക്ക് കാരണമാകും. ദക്ഷിണ കൊറിയയില്‍ പരിശോധനയ്ക്ക് വിധേയയാകാന്‍ വിസമ്മതിച്ച ഒരു സ്ത്രീ 160-ല്‍ അധികം പേര്‍ക്കാണ് രോഗം നല്‍കിയത്.
ഇന്ത്യയിലെ വ്യാപനത്തിന്റെ രീതി എങ്ങനെയാണ്?
ഇതുവരെ, ഇന്ത്യയിലെ മിക്ക രോഗികള്‍ക്കും വിദേശ യാത്രയുടെ ചരിത്രമുണ്ട്. ഉദാഹരണമായി കേരളത്തിലേയും ഡല്‍ഹിയിലേയും രോഗികള്‍. അല്ലെങ്കില്‍ രോഗിക്ക് ചുറ്റിലുമുള്ള ഒരാളില്‍ നിന്നും പകര്‍ന്നത്. ഉദാഹരണമായി, ഇറ്റലിയില്‍ നിന്നും ജയ്പൂരിലെത്തിയ ഒരു ടൂറിസ്റ്റ് സംഘത്തിലെ 17 പേര്‍ക്കും അവരുടെ ഇന്ത്യാക്കാരനായ ഡ്രൈവറും ഇറ്റലിക്കാരനായ രോഗി വൈറസ് പകര്‍ന്ന് നല്‍കിയിരുന്നു. മറുവശത്ത്, ആഗ്രയിലെ ചില രോഗികള്‍ക്ക് വിദേശ യാത്രാ ചരിത്രമില്ല. കൂടാതെ അവര്‍ രോഗിയായ ഒരാളുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വന്നിട്ടുമില്ല.
വിദേശ യാത്ര ചെയ്ത 19 പേരില്‍ രോഗം കണ്ടെത്തിയത് കൂടാതെ ചില സമൂഹ വ്യാപന രോഗികളേയും കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം ഒരു പ്രസ്താവനയില്‍ പറഞ്ഞിരുന്നു. അതിനാല്‍ ജില്ലാ, ബ്ലോക്ക്, ഗ്രാമ തലങ്ങളില്‍ റാപ്പിഡ് റെസ്പോണ്‍സ് സംഘങ്ങളെ രൂപീകരിക്കാന്‍ ജില്ലാ കളക്ടര്‍മാരോടും സംസ്ഥാനങ്ങളോയും ആവശ്യപ്പെട്ടുവെന്നും പ്രസ്താവന കൂട്ടിച്ചേര്‍ത്തു. എന്നാല്‍, സമൂഹ തലത്തിലെ പ്രാദേശിക വ്യാപനം ആണിതെന്ന് പിന്നീട് ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വിശദീകരിച്ചിരുന്നു.
ഒരു രാജ്യത്തിലെ തന്നെ രോഗിയുമായി നേരിട്ട് സമ്പര്‍ക്കം വന്നിട്ടാണ് പ്രാദേശിക വ്യാപനം വരുന്നത്. ഇറ്റലിയില്‍ യാത്ര ചെയ്തിട്ടുള്ള രണ്ടു ആഗ്രാക്കാരില് നിന്നും അവരുടെ കുടുംബക്കാര്‍ക്ക് രോഗം ബാധിച്ചതിനെ തുടര്‍ന്ന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ എല്ലാ വീടുകളിലും കയറി പരിശോധന നടത്തിയിരുന്നു.
വിദേശത്തുനിന്നുള്ള ഇറക്കുമതി വ്യാപനമാണ് മറ്റൊരു തലം. അത് തടയുന്നതിനായി അതിര്‍ത്തികളിലും വിമാനത്താവളങ്ങളിലും പരിശോധന നടത്തി തെര്‍മ്മല്‍ സ്ക്രീനിങ് നടത്തി ആവശ്യമെങ്കില്‍ ക്വാറന്റൈന് ചെയ്യും. ഇത് ഇന്ത്യ നേരത്തെ ആരംഭിച്ചിരുന്നു. വിദേശികളുടെ വിസകളും ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡ് ഉടമകളുടെ വിസാ രഹിത യാത്ര സൗകര്യവും ഇന്ത്യ റദ്ദാക്കിയിരുന്നു.
ഇന്ത്യ പരിശോധന സ്വകാര്യ മേഖലയ്ക്ക് തുറന്നു കൊടുക്കുകയാണോ?
സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളുമായി ചേര്‍ന്ന് ചികിത്സയ്ക്കും രോഗികളെ ഐസോലേഷനില്‍ ആക്കുന്നതിനും പൊതു രീതി തയ്യാറാക്കുന്നതിന് പ്രവര്‍ത്തിച്ചു വരികയാണെങ്കിലും പരിശോധന നടപടികള്‍ സ്വകാര്യമേഖലയ്ക്ക് തുറന്നു കൊടുക്കാന്‍ ഇതുവരേയും ഒരു നീക്കവും നടന്നിട്ടില്ല.
പരിശോധനയെ കൊള്ള ലാഭമെടുക്കാനുള്ള സാധ്യതയാക്കി മാറ്റുമെന്നതാണ് മറ്റൊരു ആശങ്ക. സ്വകാര്യ പരിശോധന കേന്ദ്രങ്ങള്‍ രോഗം വ്യാപകമാക്കുമെന്ന ഭീതിയാണ് പരിശോധന നടപടിയിന്മേലുള്ള നിയന്ത്രണം കൈവശം വയ്ക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്ന പ്രാഥമിക കാരണം.
സാങ്കേതിക വിദ്യയെ കുറിച്ചുള്ള ചോദ്യമല്ലിതെന്ന് ദേശീയ രോഗ നിയന്ത്രണ കേന്ദ്രത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് പറയുന്നു. സ്വകാര്യ മേഖലയെ പരിശോധനയ്ക്ക് അനുവദിക്കുമ്പോള്‍ രോഗികള്‍ വന്‍തോതില്‍ ഈയിടങ്ങളിലെത്തും. അവിടെ രോഗ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ടാകണം എന്നില്ല. പ്രത്യേക ലാബുകള്‍ ആകുമ്പോള്‍ ഞങ്ങള്‍ എല്ലാം ശ്രദ്ധിക്കും. മെഡിക്കല്‍ സ്റ്റാഫിന്റേയും ലാബ് ടെക്നീഷ്യന്മാരും വൈറസിനോട് സമ്പര്‍ക്കം വരാതെ സൂക്ഷിക്കും, അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍, ഐസിഎംആര്‍ രോഗികള്‍ക്ക് പരിശോധന സൗജന്യമായിട്ടാണ് ചെയ്യുന്നത്. പരിശോധനയ്ക്ക് പണം നല്‍കേണ്ടി വരികയാണെങ്കില്‍ രണ്ട് പരിശോധനകള്‍ക്ക് അയ്യായിരത്തോളം രൂപയാകും. സ്വകാര്യ ലാബുകളെ ഏല്‍പ്പിച്ചാല്‍ എല്ലാവര്ക്കും ഈ പരിശോധനയുടെ ചെലവ് വഹിക്കാന്‍ കഴിഞ്ഞുവെന്ന് വരികയില്ല.
പരിശോധന സ്വകാര്യ മേഖലയ്ക്ക് തുറന്നു കൊടുക്കുന്നതിനും കൂടുതല്‍ പേരിലേക്ക് പകരാനുള്ള സാധ്യതയുണ്ടാക്കുന്നതിനും പകരം പരിശോധന റിപ്പോര്‍ട്ടുകള്‍ക്കായി ചെറിയ കാലം കാത്തിരിക്കാനും രോഗിയെ ഐസോലേഷനില്‍ ആക്കാനുമാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്.
മറ്റു രാജ്യങ്ങളുമായി ഇന്ത്യയെ താരതമ്യപ്പെടുത്തുമ്പോള്‍
ചൈന (80,000-ല്‍ അധികം കേസുകള്‍), ഇറ്റലി (21,000-ല്‍ അധികം), ദക്ഷിണ കൊറിയ (8,000) രാജ്യങ്ങളിലാണ് സമൂഹ വ്യാപനം ആരംഭിച്ചത്. ഇറാനില്‍ 12729 പേര്‍ക്കാണ് രോഗം ബാധിച്ചത്. ദക്ഷിണ കൊറിയയുടെ സൗജന്യ പരിശോധനയ്ക്ക് പകരം ഇറ്റലിയുടെ അടച്ചിടല്‍ മാതൃക പിന്തുടരാനാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്.
യൂറോപ്പില്‍ രോഗത്തിന്റെ പ്രഭവ കേന്ദ്രമായ ഇറ്റലിയില്‍ ദേശവ്യാപകമായ അടച്ചിടല്‍ നടപ്പിലാക്കി. പ്രത്യേകിച്ച്, വൃദ്ധരായവരെ. കടകളും ഭക്ഷണശാലകളും അടച്ചിട്ടു. വ്യക്തികളുടെ യാത്രകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. പൗരന്മാരെ അടച്ചിടാനുള്ള പദ്ധതികള്‍ സ്പെയിനും പ്രഖ്യാപിച്ചു. അതേസമയം, ഫ്രാന്‍സ് നിരവധി സ്ഥലങ്ങള്‍ അടച്ചിട്ടു. ഈ രാജ്യങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്.
അതേസമയം, ദക്ഷിണ കൊറിയ ലക്ഷക്കണക്കിനുപേരെ പരിശോധനയ്ക്ക് വിധേയരാക്കി. വൈറസ് വാഹകരാകാനുള്ളവരെ സെല്‍ഫോണും ഉപഗ്രഹ സാങ്കേതിക വിദ്യയും ഉപയോഗിച്ച് പിന്തുടരുന്നു. ഡിറ്റക്ടീവുകളെ പോലെ എന്നാണ് റോയിട്ടേഴ്സ് ഇതേക്കുറിച്ച് എഴുതിയത്. വന്‍തോതിലെ പരിശോധനയും ചികിത്സയും ദിനംപ്രതിയുള്ള പുതിയ കേസുകളുടെ എണ്ണം വന്‍തോതില്‍ കുറച്ചു. ഫെബ്രുവരി 29-ന് 909 രോഗികള്‍ എന്നതില്‍ നിന്നു മാര്‍ച്ച് 15-ന് 100 എന്ന നിലയിലേക്ക് എത്തി.
ഇന്ത്യയില്‍ 135 കോടി ജനങ്ങളെ പരിശോധനയ്ക്ക് വിധേയരാക്കുന്നതിന് വന്‍തോതിലെ വിഭവങ്ങള്‍ ആവശ്യമാണ്. ഒരു ലക്ഷം പരിശോധന നടത്താനുള്ള റീഏജന്റുകളാണ് ഇന്ത്യയുടെ കൈവശണുള്ളത്. 6000-ല്‍ അധികം പരിശോധനകളാണ് ഇതുവരെ നടത്തിയത്. രണ്ട് ലക്ഷം പരിശോധന കിറ്റുകള്‍ വാങ്ങാനുള്ള പ്രക്രിയ പുരോഗമിക്കുന്നു. എങ്കിലും വന്‍തോതിലെ പരിശോധന വേണ്ടി വരികയാണെങ്കില്‍ ഇത് കടലിലെ ഒരു തുള്ളി മാത്രമാണ്.
സമഗ്രമായ സമീപനമാണ് ചൈന സ്വീകരിച്ചത്. ക്രമമായി പുതിയ കേസുകളുടെ എണ്ണം കുറഞ്ഞു വരുന്നു. വൈറസിന്റെ പ്രഭവ കേന്ദ്രമായ ഹുബേയെ കഴിഞ്ഞ 50 ദിവസമായി അടച്ചിട്ടിരിക്കുകയാണ്. നിര്ണായഘട്ടമായ ചൈനീസ് പുതുവര്‍ഷ കാലത്ത് സോഷ്യല്‍ ഡിസ്റ്റന്‍സിങ് നടപ്പിലാക്കി.
സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങ് നയത്തിന്റെ ഭാഗമായി ചൈനീസ് സര്‍ക്കാര്‍ ജനങ്ങളെ വീട്ടില്‍ ഇരിക്കാന്‍ പ്രേരിപ്പിച്ചു. ജനം കൂടിവരുന്ന പരിപാടികളെ നിരുത്സാഹപ്പെടുത്തി. വലിയ പൊതുപരിപാടികള്‍ റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്തു. സ്കൂളുകളും സര്‍വകലാശാലകളും സര്‍ക്കാര്‍ ഓഫീസുകളും വായനശാലകളും മ്യൂസിയങ്ങളും ഫാക്ടറികളും അടച്ചു. നഗരത്തിലെ പൊതു ഗതാഗത സംവിധാനത്തിലെ ചെറിയൊരു ഭാഗം മാത്രം പ്രവര്‍ത്തിച്ചു. പ്രവിശ്യകള്‍ തമ്മിലെ ബസ് സര്‍വീസുകള്‍ നിര്ത്തിച്ചുവച്ചു.
പരിശോധന ആവശ്യമാണോയെന്ന് തീരുമാനിക്കുന്നത് ഗൂഗിളുമായി ചേര്‍ന്ന് ഒരു വെബ്സൈറ്റ് യുഎസ് വികസിപ്പിച്ചു.
കോവിഡ് 19-നെ നിയന്ത്രിക്കാനുള്ള
ഇന്ത്യയുടെ മറ്റു തന്ത്രങ്ങള്‍ എന്തൊക്കെയാണ്
സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങിനെയും ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുകയുമാണ് ഇന്ത്യ ഇപ്പോള്‍ ചെയ്യുന്നത്. നേരത്തേ കണ്ടെത്തി രോഗ ബാധയെ ഒരു പ്രദേശത്തുമാത്രം തളച്ചിടുകയെന്നതാണ് ആള്‍ക്കൂട്ട നിയന്ത്രണത്തിലൂടെ ശ്രമിക്കുന്നതെന്ന ആരോഗ്യമന്ത്രി പറയുന്നു. കൂടാതെ, രോഗ വ്യാപന ശൃംഖലയെ പൊളിക്കുക, പുതിയ സ്ഥലങ്ങളിലേക്ക് രോഗം പടരുന്നത് തടയുക എന്നിവയും ഇതിലുള്‍പ്പെടുന്നു. ഒരു പ്രദേശത്തെ ക്വാറന്റൈന് ചെയ്യുക, സോഷ്യല്‍ ഡിസ്റ്റന്‍സിങ് രീതികള്‍, സജീവമായ നിരീക്ഷണം, എല്ലാ സംശയമുള്ള കേസുകളും പരിശോധിക്കുക, ഐസോലേറ്റ് ചെയ്യുക, സമ്പര്‍ക്ക പട്ടികയിലുള്ളവരെ വീട്ടില്‍ ക്വാറന്റൈന് ചെയ്യുക, പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ പിന്തുടരുന്നതിന് സമൂഹത്തെ പ്രേരിപ്പിക്കുക തുടങ്ങിയവും ഇതില്‍പ്പെടുന്നു.
രോഗ വ്യാപന ശൃംഖലയെ പൊളിക്കാന്‍ ക്വാറന്റൈനും ഐസോലേഷനും സഹായിക്കുന്നു. ഇപ്പോള്‍ ഇന്ത്യയില്‍ 43,000-ല്‍ അധികം പേരെ സാമൂഹിക നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു.