scorecardresearch
Latest News

ഡെൽറ്റ പ്ലസ് വകഭേദത്തിനെതിരെ കോവാക്സിന്റ ഫലപ്രാപ്തി: പഠന ഫലം വ്യക്തമാക്കുന്നത്

കോവാക്സിൻ ഡെൽറ്റ, എവൈ.1 (ഡെൽറ്റ പ്ലസ്), ബി .1617.3 വകഭേദങ്ങൾക്കെതിരെ ഫലപ്രദമാണെന്ന് പഠനത്തിൽ കണ്ടെത്തി

Coronavirus vaccine, Covaxin, coronavirus new strain, UK covid strain, Covid-19, Indian Express, കോവാക്സിൻ, കോവിഡ്, കോവിഡ് ജനിതക വകഭേദം, കോവിഡ് വാക്സിൻ, വാക്സിൻ, ഫലപ്രാപ്തി, ഫലപ്രദം, ഫലപ്രദമോ, ie malayalam

കോവിഡ്-19ന് കാരണമാവുന്ന സാർസ് കോവി-2 വൈറസിന്റെ ഡെൽറ്റ വകഭേദം പരിവർത്തനം ചെയ്യപ്പെട്ടുണ്ടായ ഡെൽറ്റ പ്സസ് വകഭേദത്തെ ആദ്യമായി കണ്ടെത്തിയത് ഇന്ത്യയിൽ ഈ വർഷം ഏപ്രിലിലാണ്. ഇതിന് പിറകെ കോവിഡ് വാക്സിനായ കോ വാക്സിൻ ഈ വകഭേദത്തിൽ എത്രത്തോളം ഫലപ്രദമാണെന്ന് കണ്ടെത്താനുള്ള പഠനവും ആരംഭിച്ചു.

ഭാരത് ബയോടെക്കും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐസിഎംആർ) ചേർന്നാണ് കോവാക്സിൻ വികസിപ്പിച്ചത്. ന്യൂട്രലൈസേഷൻ ആന്റിബോഡി ടൈറ്ററുകളിൽ നേരിയ കുറവ് ഉണ്ടായിരുന്നിട്ടും, കോവാക്സിൻ ഡെൽറ്റ, എവൈ.1 (ഡെൽറ്റ പ്ലസ്), ബി .1617.3 വകഭേദങ്ങൾക്കെതിരെ ഫലപ്രദമാണെന്ന് ഫലപ്രാപ്തി സംബന്ധിച്ച പഠനത്തിൽ കണ്ടെത്തി.

ഡെൽറ്റയും ഡെൽറ്റ പ്ലസും

സാർസ് കോവി 2വിന്റെ ഡെൽറ്റ വകഭേദത്തെ ലോകാരോഗ്യ സംഘടന ആശങ്കയുടെ വകഭേദമായി (വിഒസി) തരംതിരിച്ചിട്ടുണ്ട്. ഈ വർഷം മാർച്ച്-മേയ് മാസങ്ങളിൽ ഇന്ത്യയിലുണ്ടായ രണ്ടാമത്തെ കോവിഡ് തരംഗവുമായി ഈ വകഭേദം ബന്ധപ്പെട്ടിരിക്കുന്നു. രണ്ടാം തരംഗത്തിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട 90 ശതമാനം കേസുകൾക്കും ഈ വകഭേദമാണ് കാരണമായതെന്ന് കണക്കാക്കപ്പെടുന്നു.

ഈ വകഭേദം ഏകദേശം 99 രാജ്യങ്ങളിൽ വ്യാപിച്ചതായും ആൽഫ, ബീറ്റ, ഗാമ വകഭേദങ്ങളേക്കാൾ ഇതിന് കൂടുതൽ പകർച്ചാ ശേഷിയുണ്ടെന്നും കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. പ്രതിരോധ കുത്തിവയ്പ്പ് നടത്തിയ വ്യക്തികൾക്കിടയിലുള്ള കോവിഡ് ബാധയുടെ പ്രധാന കാരണമാണ് ഡെൽറ്റ വകഭേദമെന്നും കണ്ടെത്തിയിട്ടുണ്ട്.

Read More: നോട്ടുകളിൽ നിന്നും നാണയങ്ങളിൽ നിന്നും കോവിഡ് പകരുമോ? പരീക്ഷണങ്ങളിലെ കണ്ടെത്തൽ ഇതാണ്

അടുത്തിടെ, ഡെൽറ്റ വകഭേദം ഡെൽറ്റ എവൈ.1, എവൈ.2, എവൈ.3 എന്നീ ഉപ-വിഭാഗങ്ങളായി പരിവർത്തനം ചെയ്തു. ഇവയിൽ, പകർച്ചാശേഷി കൂടുതലുള്ളതായി കരുതുന്ന വകഭേദമാണ് ഡെൽറ്റ എവാ.1 എന്ന ഡെൽറ്റ പ്ലസ് വകഭേദം. ഈ വർഷം ഏപ്രീലിൽ ഇന്ത്യയിലാണ് ഈ വകഭേദത്തെ ആദ്യമായി കണ്ടെത്തിയത്. പിന്നീട് മറ്റ് 20 രാജ്യങ്ങളിലും കണ്ടെത്തി.

എന്നിരുന്നാലും, ഡെൽറ്റ എവൈ.1 വകഭേദത്തിന്റെ വ്യാപനം ഇതുവരെ താരതമ്യേന കുറവായിരുന്നു. ഐഎൻഎസ്എസിഒജി ( ഇന്ത്യൻ സാർസ്-കോവി-2 ജീനോമിക്സ് കൺസോർഷ്യം) നടത്തിയ ജീനോം സീക്വൻസിംഗിൽ ഡെൽറ്റ പ്ലസിന്റെ 70 കേസുകളാണ് രാജ്യത്ത് ഇതുവരെ കണ്ടെത്തിയത്.

എന്തിനാണ് പഠനം

ഡെൽറ്റ പ്ലസ് വകഭേദത്തിനെതിരെ നിലവിൽ ലഭ്യമായ വാക്സിനുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭ്യമായിരുന്നില്ല. ഡെൽറ്റ വകഭേദവുമായി താരതമ്യപ്പെടുത്തുമ്പോൾ ഡെൽറ്റ പ്ലസ് വകഭേദത്തിന് ഉയർന്ന പകർച്ചാ നിരക്ക്, കഠിനമായ രോഗമുണ്ടാക്കാനുള്ള ശേഷി, രോഗപ്രതിരോധ ശേഷിയെ മറികടക്കാനുള്ള കഴിവ് എന്നീ പ്രത്യേകതകൾ എത്രത്തോളമാണ് എന്നത് സംബന്ധിച്ച് വ്യക്തതയില്ല.

പ്രതിരോധ കുത്തിവയ്പ്പ് ദൗത്യം നടക്കുമ്പോൾ ഉയരുന്ന പ്രധാന ആശങ്കകളിലൊന്ന് പുതിയ വകഭേദങ്ങൾക്ക് ആ വാക്സിനുകളുടെ പ്രതിരോധ ശേഷിയെ മറികടക്കാനാവുമോ എന്നതാണ്. ഈ വകഭേഗത്തിൽ അതിന്റെ സ്പൈക്ക് പ്രോട്ടീനിൽ ഒരു അധിക മ്യൂട്ടേഷൻ (കെ417എൻ) സംഭവിച്ചിട്ടുണ്ട്. ഉയർന്നുവരുന്ന തെളിവുകൾ സൂചിപ്പിക്കുന്നത് ഈ പരിവർത്തനം കാസിരിവിമാബ്, ഇംഡെവിമാബ് എന്നീ മോണോക്ലോണൽ ആന്റിബോഡികൾക്കെതിരായ പ്രതിരോധത്തിന് കാരണമാകുമെന്നാണ്.

ഐസിഎംആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഗവേഷകർ (എൻഐവി) ആണ് ഗവേഷണം നടത്തിയത്. വാക്സിൻ സ്വീകരിച്ചവരുടെ ശ്രവങ്ങൾ പരിശോധിച്ചായിരുന്നു പഠനം.

രണ്ട് ഡോസ് കോവാക്സിൻ എടുത്ത 42 വ്യക്തികളുടെ ശ്രവങ്ങൾ പരിശോധിച്ചു. രണ്ട് വാക്സിൻ ഡോസിന് ശേഷം രോഗമുക്തി നേടിയ 14 കേസുകളും, രണ്ട് ഡോസ് വാക്സിൻ എടുത്തിട്ടും രോഗം ബാധിച്ച 30 ബ്രേക്ക് ത്രൂ കേസുകളും അവർ പരിശോധിച്ചു. രണ്ട് ഡോസുകളെടുത്തിട്ടും കോവിഡ് ബാധിച്ച സംഭവങ്ങൾക്ക് കൂടുതലും കാരണമായത് ഡെൽറ്റ, ഡെൽറ്റ എവൈ.1, ബി.1.617.3 വകഭേദങ്ങളാണെന്ന് പഠനത്തിൽ കണ്ടെത്തി.

കണ്ടെത്തലുകൾ

“കോവാക്സിൻ വാക്സിൻ ഇപ്പോഴും ഡെൽറ്റ, AY.1, B.1.617.3 വകഭേദങ്ങളെ നിർവീര്യമാക്കുമെന്ന് ഞങ്ങളുടെ ഗവേഷണ പഠനം തെളിയിച്ചു,” എന്ന് ഐസിഎംആർ എപ്പിഡെമിയോളജി ആൻഡ് കമ്മ്യൂണിക്കബിൾ ഡിസീസസ് മേധാവി ഡോ സമീറൻ പാണ്ഡ പറഞ്ഞു.

Read More: കോവിഡ് വാക്സിൻ ‘ബ്രേക്ക് ത്രൂ’ കേസുകൾ: അറിയേണ്ടതെല്ലാം

കോവിഡ് വരാത്ത വാക്സിനേഷൻ ചെയ്ത വ്യക്തികളുമായി താരതമ്യപ്പെടുത്തുമ്പോൾ, പൂർണ്ണമായി വാക്സിനേഷൻ ചെയ്തതും രോഗം വന്നതുമായ കേസുകളിൽ നിർവീര്യമാക്കുന്ന ആന്റിബോഡികളുടെ അളവിൽ ചെറിയ കുറവ് കണ്ടതായി പഠനത്തിൽ പങ്കെടുത്ത ഡോ. പ്രഗ്യാ യാദവ് പറഞ്ഞു. എന്നിരുന്നാലും, പഠനത്തിലെ എല്ലാ ഗ്രൂപ്പുകളിലെയും വ്യക്തികളുടെ ശ്രവങ്ങൾ പരിശോധിച്ചപ്പോൾ നിർവീര്യകരണ ആന്റിബോഡികളുടെ അളവിൽ കുറവുണ്ടെങ്കിലും വാക്സിൻ ഇപ്പോഴും ഡെൽറ്റ, ഡെൽറ്റ എവൈ.1, ബി.1.617.3 വകഭേദങ്ങളെ ഫലപ്രദമായി നിർവീര്യമാക്കുമെന്ന് കണ്ടെത്തിയതായും ഡോ യാദവ് പറഞ്ഞു.

ഡെൽറ്റ വകഭേദത്തിനെതിരെ കോവാക്സിൻ

കോവാക്സിന് രോഗലക്ഷണുള്ള കോവിഡ് ബാധയ്ക്കെതിരെ 77 ശതമാനവും ഡെൽറ്റ വകഭേദത്തിനെതിരെ 65.2 ശതമാനം ഫലപ്രാപ്തിയും ഉള്ളതായി മുൻ പഠനങ്ങളിൽ കണ്ടെത്തിയിരുന്നു.

Read More: ഒരേ സമയം രണ്ട് കോവിഡ് വകഭേദങ്ങൾ ബാധിക്കുമോ? ആരോഗ്യവിദഗ്ധർ പറയുന്നു

വാക്സിനേഷൻ ചെയ്ത രോഗമുക്തരുടെ കേസുകളിലും വാക്സിൻ സ്വീകരിച്ച ശേഷം രോഗം വന്നവരുടെ കേസുകളുടെയും നിർവീര്യ കരണ ആന്റിബോഡികളുടെ അളവിൽ കുറവ് ഉണ്ടായിരുന്നിട്ടും, കോവാക്സിൻ ഇപ്പോഴും ഡെൽറ്റ, എവൈ.1, ബി.1.617.3 വകഭേദങ്ങളെ നിർവീര്യമാക്കുമെന്ന് പുതിയ പഠനം കണ്ടെത്തി. “കോവാക്സിൻ ഫലപ്രദമാണ്, നീർവീര്യകരണ ആന്റിബോഡികളുടെ അളവിൽ നേരിയ കുറവ് ഉണ്ടെങ്കിലും അത് വാക്സിനേഷൻ പ്രോഗ്രാമിന് ദോഷകരമാകില്ല എന്നതാണ് പ്രധാന കാര്യം,” ഡോക്ടർ പാണ്ഡ പറഞ്ഞു.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Covaxin efficiency on covid delta plus variant findings of new study