/indian-express-malayalam/media/media_files/uploads/2021/05/medical-inustrial-oxygen-cylinder-covid-hospital-patients-explained.jpg)
Photo by Tashi Tobgyal
കോവിഡ് -19 ബാധിച്ച് രോഗമുക്തി നേടിയവരിൽ ബ്ലാക്ക് ഫംഗസ് എന്ന അപൂർവ രോഗബാധയുണ്ടാവുന്ന സംഭവങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. സ്റ്റിറോയിഡുകളുടെ അളവ്, അനിയന്ത്രിതമായ പഞ്ചസാരയുടെ അളവ്, കുറഞ്ഞ പ്രതിരോധശേഷി എന്നിവയാണ് ഈ രോഗം വരുന്നതിന് പിറകിലെന്ന് ആരോഗ്യ രംഗത്തുള്ളവർ പറയുന്നു. ഒപ്പം ഈ അപൂർവ രോഗം ഇപ്പോൾ സാധാരണമാവാനുള്ള കാരണത്തെക്കുറിച്ചും അവർ അന്വേഷിക്കുന്നു. ആശുപത്രികളിലെ ഓക്സിജന്റെ ഗുണനിലവാരം ഇതിന് കാരണമായോ എന്നും അവർ പരിശോധിക്കുന്നു.
ഓക്സിജന്റെ കുറവും വ്യാവസായിക ഓക്സിജനും
രണ്ടാഴ്ച മുമ്പാണ് രാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസുകൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയത്. കോവിഡ് രോഗമുക്തി നേടിയവരും രണ്ടാഴ്ചയോളം ഓക്സിജനും സ്റ്റിറോയിഡുകളും ഉപയോഗിച്ചവരുമായിരുന്നു ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചവരിൽ മിക്കവരും.
രാജ്യത്ത് ഓക്സിജൻ ക്ഷാമം അനുഭവപ്പെട്ടതോടെ വലിയ അളവിൽ വ്യാവസായിക ഓക്സിജൻ മെഡിക്കൽ ആവശ്യങ്ങൾക്കായി വക മാറ്റിയിരുന്നു. ഇതോടൊപ്പം വ്യാവസായിക സിലിണ്ടറുകൾ മെഡിക്കൽ ഓക്സിജൻ സിലിണ്ടറുകളുടെ കുറവ് പരിഹരിക്കാൻ ഉപയോഗിച്ചു.
പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങളിൽ ചില വ്യാവസായിക സിലിണ്ടറുകൾ മെഡിക്കൽ ഗ്രേഡിലേക്ക് അപ്ഗ്രേഡ് ചെയ്തപ്പോൾ, രോഗികൾ ഉപയോഗിക്കുന്ന എല്ലാ നോൺ-മെഡിക്കൽ സിലിണ്ടറുകൾക്കും ഇത് സാധ്യമായില്ല.
വ്യാവസായിക ഓക്സിജൻ മെഡിക്കൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കുമ്പോൾ
വ്യാവസായിക ഓക്സിജൻ മെഡിക്കൽ ഓക്സിജനെക്കാൾ 99.67 ശതമാനം ശുദ്ധമാണെങ്കിലും വ്യാവസായിക ഓക്സിജൻ സിലിണ്ടറുകളുടെ അവസ്ഥ മെഡിക്കൽ ഓക്സിജൻ സിലിണ്ടറുകളെപ്പോലെ മികച്ചതല്ല. വ്യാവസായിക ഓക്സിജൻ സിലിണ്ടറുകൾ ശരിയായ ശുചിത്വമില്ലാതെയും പരുക്കനായ രീതിയിലുമാണ് കൈകാര്യം ചെയ്യാറ്. കൂടാതെ, അവയിൽ നിരവധി ചെറിയ ലീക്കുകൾക്ക് സാധ്യതയുണ്ട്.
വ്യാവസായിക വാതക സിലിണ്ടറുകൾ പൊടിപടലങ്ങൾ, ഈർപ്പം എന്നിവ ഉള്ളതിനാൽ വൈദ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നില്ലെന്ന് അജയ് ഗ്യാസസ് എന്ന സ്ഥാപനത്തിലെ രമേശ് ചന്ദർ പറഞ്ഞു
“നവീകരിക്കാതെ അവ മെഡിക്കൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയില്ല, നവീകരണത്തിന് സമയവും പണവും ആവശ്യമാണ്, കഴിഞ്ഞ ഏതാനും ആഴ്ചകളിൽ ഓക്സിജന്റെ ആവശ്യകത വർദ്ധിച്ചതോടെ അത് സാധ്യമല്ലായിരുന്നു,” അദ്ദേഹം പറഞ്ഞു,
വ്യാവസായിക സിലിണ്ടറുകളിലൂടെ വിതരണം ചെയ്യുന്ന ഓക്സിജന്റെ ഗുണനിലവാരം ബ്ലാക്ക് ഫംഗസ് കേസുകളിൽ വർദ്ധനവുണ്ടാക്കാമോ?
വ്യാവസായിക ഓക്സിജനെ മെഡിക്കൽ ആവശ്യത്തിന് ഉപയോഗിക്കുമ്പോൾ പ്രോട്ടോക്കോൾ പലപ്പോഴും അവഗണിക്കപ്പെടുന്നതായി പഞ്ചാബിലെ ഒരു മുതിർന്ന മെഡിക്കൽ ഓഫീസർ പറഞ്ഞു. അവ സാധാരണയായി സംഭരിക്കപ്പെടുന്ന രീതിയും ചോർച്ചകളിലൂടെ മലിനീകരണമുണ്ടാവാനുള്ള സാധ്യതയും കണക്കാക്കി ശരിയായി വൃത്തിയാക്കലും നവീകരണവും നടത്തിയില്ലെങ്കിൽ അവ മെഡിക്കൽ ആവശ്യങ്ങൾക്ക് അയോഗ്യമാണ്. ലീക്ക് ഇല്ലാതാക്കലും വാൾവുകൾ പുതുക്കലുമടക്കമുള്ള മാറ്റങ്ങൾ അതിൽ വരുത്തേണ്ടതുണ്ട്.
വ്യാവസായിക സിലിണ്ടറുകൾ നവീകരിക്കാതെ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയതായി മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു. മലിനീകരണം ഒഴിവാക്കാൻ സംഭരണ സ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു.
ബ്ലാക്ക് ഫംഗസ് മണ്ണിലും നശിച്ചുകൊണ്ടിരിക്കുന്ന ജൈവ വസ്തുക്കളിലും പഴയ പദാർത്ഥങ്ങളിലും എല്ലാം കാണപ്പെടുന്നു. അകത്ത് മലിനമായ വെള്ളത്തിന്റെ സാന്നിധ്യമുള്ള ഓക്സിജൻ സിലിണ്ടറുകൾ പ്രത്യേകിച്ച് പ്രതിരോധശേഷി കുറവുള്ളവർക്ക് ഫംഗസ് ഭീഷണി ഉയർത്തുന്നു. അത്തരമൊരു ഓക്സിജൻ സിലിണ്ടറുകളുടെ ഗുണനിലവാരമില്ലായ്മയും ബ്ലാക്ക് ഫംഗസ് ബാധയും തമ്മിലുള്ള ലിങ്ക് തള്ളിക്കളയാനാവില്ലെന്ന് ഒരു മുതിർന്ന ഡോക്ടർ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.