കോവിഡ്-19 മരണങ്ങൾ സാക്ഷ്യപ്പെടുത്തുന്നതിനായി പ്രത്യേക സമിതി രൂപീകരിക്കാനുള്ള പശ്ചിമ ബംഗാൾ സർക്കാരിന്റെ തീരുമാനത്തെ, കൊൽക്കത്തയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോളറ ആൻഡ് എന്റെറിക് ഡിസീസിന്റെ ഡയറക്ടർ ശാന്ത ദത്ത ചോദ്യം ചെയ്തതായി ഇന്ത്യൻ എക്സ്പ്രസ് ശനിയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. ചികിത്സിച്ച ഡോക്ടറാണ് രോഗിയുടെ മരണകാരണം കോവിഡ് തന്നെയാണോ എന്ന കാര്യം തീരുമാനിക്കേണ്ടതെന്ന് ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ദത്ത അഭിപ്രായപ്പെട്ടു.

എങ്ങനെയാണ് അപ്പോൾ കോവിഡ്-19 മരണങ്ങൾ സാക്ഷ്യപ്പെടുത്തേണ്ടത്, എന്തുകൊണ്ടാണ് അത് പ്രധാനപ്പെട്ട കാര്യമാവുന്നത്?

കോവിഡുമായി ബന്ധപ്പെട്ട മരണങ്ങൾ കൃത്യമായി സ്ഥിരീകരിക്കുന്നതും രേഖപ്പെടുത്തുന്നതും പ്രധാനമാണ്, അത് കോവിഡ് മരണങ്ങൾ നിരീക്ഷിക്കുന്നതിന്റെ ഭാഗമാണെന്നതിനാലും ജനങ്ങൾക്കിടയിൽ എങ്ങനെ രോഗം വ്യാപിക്കുന്നു എന്നത് സംബന്ധിച്ച പ്രധാനപ്പെട്ട വിവരങ്ങൾ ലഭ്യമാക്കുന്നുവെന്നതിനാലും. വെള്ളിയാഴ്ച, വുഹാൻ നഗരത്തിലെ മരണ സംഖ്യ സംബന്ധിച്ച കണക്കുകൾ ചൈന പുതുക്കിയിരുന്നു. മുൻപത്തെ കണക്കുകളിലേക്കാളും 50 ശതമാനം അധികമാണ് പുതിയ കണക്കുകൾ പ്രകാരമുള്ള മരണസംഖ്യ.

കോവിഡ്-19 രോഗികളുടെ മരണ കാരണവും സാഹചര്യങ്ങളും കൃത്യമായും യഥാ സമയത്തും ലഭ്യമാവുന്നുവെന്ന് ലോകത്തെങ്ങുമുള്ള ഔദ്യോഗിക ആരോഗ്യ സംഘടനകളും സ്ഥാപനങ്ങളും ഉറപ്പുവരുത്തണം. മരണ സർട്ടിഫിക്കറ്റുകൾ കൃത്യമായി പൂർത്തിയാക്കണമെന്ന നിലപാടാണ് യുഎസിലെ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) മുന്നോട്ട് വയ്ക്കുന്നത്. അതിലൂടെ സാംക്രമികരോഗപഠനവുമായി ബന്ധപ്പെട്ട വിശകലനങ്ങൾക്കും പൊതു ആരോഗ്യ സംവിധാനങ്ങൾക്ക് നൽകുന്നതിന് ആവശ്യമായ കൃത്യവും വിശ്വസനീയവുമായ വിവരം കാത്തുസൂക്ഷിക്കാനാവുമെന്നും സിഡിസി അഭിപ്രായപ്പെടുന്നു

Also Read: Explained: കൊറോണ വൈറസ് മൂലം മരിക്കുന്നത് സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്‍മാരോ?

കോവിഡ്-19 ഒരാളുടെ മരണത്തിൽ പങ്ക് വഹിച്ചിട്ടുണ്ടോ എന്ന് തീർച്ചപ്പെടുത്താൻ ലോകാരോഗ്യ സംഘടന ചില ചട്ടങ്ങൾ മുന്നോട്ട് വയ്ക്കുന്നുണ്ട്. രോഗങ്ങളുടെയും ആരോഗ്യ പ്രശ്നങ്ങളുടെയും രാജ്യാന്തര സ്ഥിതിവിവര വർഗീകരണം (ഇന്റർനാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ക്ലാസിഫിക്കേഷൻ ഓഫ് ഡിസീസസ് ആൻഡ് റിലേറ്റഡ് ഹെൽത്ത് പ്രോബ്ലംസ് – ഐസിഡി) പ്രകാരമുള്ള ചട്ടങ്ങളാണ് ലോകാരോഗ്യ സംഘടന മുന്നോട്ട് വയ്ക്കുന്നത്. ഇവ അവലംബിക്കുന്നത് ഉചിതമെന്നാണ് വിലയിരുത്തപ്പെടുന്നത്

രോഗിയുടെ മരണ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയ, മരണ കാരണമാവാൻ സാധ്യതയുള്ള ഒന്നിലധികം കണ്ടെത്തലുകളിൽനിന്ന് കൃത്യത കൂടിയ മരണകാരണം തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ കണ്ടെത്തുന്നതിന് ഇവ സഹായകമാവും. പ്രധാന മരണ കാരണം എന്തെന്ന് തീർച്ചപ്പെടുത്താനും അതു പ്രകാരം വിവരങ്ങൾ രേഖപ്പെടുത്തുന്നതിനായുള്ള നടപടികൾ രൂപീകരിക്കാനും ഇവ സഹായിക്കും. ഐസിഡി മാർഗനിർദേശങ്ങൾ പ്രകാരം, കൊറോണ വൈറസ് മരണങ്ങൾ തിരിച്ചറിയാനായി ഐസിഡി-10-ാം റിവിഷൻ പ്രകാരമുള്ള 07.1 എന്ന കോഡ് രേഖപ്പെടുത്തണം.

കോവിഡ് കാരണമുള്ള മരണത്തെ എങ്ങനെ നിർവചിക്കും?

കോവിഡ് -19 സ്ഥിരീകരിച്ചതോ രോഗം വന്നിരിക്കാൻ സാധ്യതയുള്ളതോ ആയ വ്യക്തികളിൽ അതിന്റെ ഭാഗമായ ആരോഗ്യ പ്രശ്നങ്ങൾ മരണത്തിന് കാരണമായാൽ കോവിഡ്-19 ബാധയെത്തുടർന്നുള്ള മരണമായി കണക്കാക്കാമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. എന്നാൽ കോവിഡുമായി ബന്ധപ്പെടുത്താനാവാത്ത, കൃത്യമായ മറ്റൊരു മരണ കാരണമുണ്ടെങ്കിൽ അത് കോവിഡ് ബാധയെത്തുടർന്നുള്ള മരണമെന്ന് സ്ഥിരീകരിക്കാനാവില്ല. കോവിഡ് ബാധിച്ച ഒരു വ്യക്തി പൂർണ രോഗമുക്തി നേടിയെടുക്കുന്നതിനു വേണ്ടതിലും കുറഞ്ഞ സമയത്തിനുള്ളിൽ മരിക്കുകയാണെങ്കിലാണ് അത് റിപ്പോർട്ട് ചെയ്യേണ്ടതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

ഒപ്പം, കോവിഡിനെത്തുടർന്നുള്ള മരണങ്ങളിൽ അതിന്റെ ഭാഗമല്ലാതെയുള്ള മറ്റൊരു രോഗവും (ഉദാഹരണമായി കാൻസർ) മരണ കാരണമായി രേഖപ്പെടുത്തരുത്. അവയെ വേറിട്ടുനിർത്തി പരിഗണിക്കണം. നേരത്തെയുള്ള ആരോഗ്യപ്രശ്നമായും (പ്രീ എക്സിസ്റ്റിങ് കണ്ടീഷണൻ) കോവിഡ് 19 രോഗബാധ കടുപ്പമാക്കിയേക്കാവുന്ന കാരണമായും അവയെ പരിഗണിക്കണം.

കോവിഡിനെത്തുടർന്ന് വന്നിട്ടുള്ളതും മരണകാരണമാവുന്നതുമായ ആരോഗ്യ പ്രശ്നങ്ങളും മരണ സർട്ടിഫിക്കറ്റിൽ വ്യക്തമാക്കണമെന്ന് ലോകാരോഗ്യ സംഘടന നിർദേശിക്കുന്നു. ഉദാഹരണണായി കോവിഡിനെത്തുടർന്ന് ന്യൂമോണിയയോ മറ്റു ഗുരതര ശ്വാസകോശ പ്രശ്നങ്ങളോ വന്നിരുന്നെങ്കിൽ പ്രധാന മരണ കാരണമായ കോവിഡിനൊപ്പം ഈ രോഗങ്ങളും മരണകാരണമായി ഉൾപ്പെടുത്തണം.

”കേസുമായി ബന്ധപ്പെട്ട് അറിയാവുന്ന വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ള പരമാവധി വിശദാംശങ്ങൾ സർട്ടിഫിക്കറ്റുകളിലുൾപ്പെടുത്തണം. മെഡിക്കൽ രേഖകളിൽ നിന്നോ ലാബുകളിലെ പരിശോധനകളിൽ നിന്നോ ലഭിച്ച വിവരങ്ങളെല്ലാം ഇങ്ങനെ ഉൾപ്പെടുത്താം”- ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു.

Also Read: Explained: ഭക്ഷണത്തിൽ നിന്ന് കൊറോണ വൈറസ് അണുബാധയുണ്ടാകുമോ?

മരിച്ച രോഗിക്ക് കോവിഡിനൊപ്പം മറ്റു ആരോഗ്യപ്രശ്നങ്ങളുമുള്ള (രക്തസമ്മർദ്ദം, പ്രമേഹം, ഹൃദ്‌രോഗം തുടങ്ങിയവ) സാഹചര്യങ്ങളിൽ മരണ സർട്ടിഫിക്കറ്റിന്റെ രണ്ടാം ഭാഗത്ത് അവ സൂചിപ്പിക്കണം. ലബോറട്ടറി പരിശോധനയിലാണ് കോവിഡ് കണ്ടെത്തിയതെങ്കിൽ യു 07.1 എന്ന കോഡ് ഉപയോഗിക്കണം. ഇതിനായി രോഗത്തിന്റെ രൂക്ഷതയോ, രോഗലക്ഷണങ്ങൾ എന്തെല്ലാം ആയിരുന്നുവെന്നോ പരിഗണിക്കേണ്ടതില്ല. ആശുപത്രിയിലെ പരിശോധനയിലോ, സാംക്രമികരോഗ പഠന വിഭാഗങ്ങളുടെ പരിശോധനയിലോ രോഗം തിരിച്ചറിഞ്ഞതും ലബോറട്ടറി പരിശോധനയിൽ ഫലം കൃത്യമായി ലഭ്യമാവാതിരിക്കുയോ ലബോറട്ടറി പരിശോധന ലഭ്യമാവാതിരിക്കുകയോ ചെയ്തതുമായ സാഹചര്യങ്ങളിൽ യു07.02 എന്ന കോഡ് ഉപയോഗിക്കണം< Read More: Explained: Why it is important to define Covid-19 deaths

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook