/indian-express-malayalam/media/media_files/uploads/2020/12/explained-Pfizer-Vaccine.jpg)
ഫൈസർ- ബയോഎൻടെക് കോവിഡ്-19 വാക്സിൻ ജനങ്ങൾക്ക് നൽകുന്നതിന് യുഎസ് ഡ്രഗ് റെഗുലേറ്ററി അതോറിറ്റി അംഗീകാരം നൽകിയത് ഈ വെള്ളിയാഴ്ചയാണ്. യുഎസിൽ വിതരണത്തിന് അംഗീകാരം ലഭിക്കുന്ന ആദ്യ കോവിഡ് വാക്സിനാണിത്. മറ്റു ചില രാജ്യങ്ങളിലും കോവിഡ് വാക്സിനുകൾക്ക് വിതരണത്തിനുള്ള അനുമതി ഇതിനകം ലഭിച്ചു കഴിഞ്ഞു.
ആരാണ് മുന്നിൽ
കൊറോണ വൈറസ് വാക്സിനിന്റെ കാര്യത്തിൽ മുൻപേ കുതിക്കുന്നവരാണ് യുഎസ് മരുന്ന് നിർമാതാവ് ഫൈസറും ജർമൻ പങ്കാളി ബയോ എൻടെക്കും. നവംബർ 18-ന്, ആദ്യമായി ക്ലിനിക്കൽ ട്രയൽ വിവരങ്ങൾ പുറത്തിറക്കിയ ആദ്യ വാക്സിൻ നിർമാതാക്കളായി അവർ മാറി. ഡിസംബർ മൂന്നിന് വാക്സിനിന്റെ അടിയന്തര ഉപയോഗത്തിനായി ബ്രിട്ടൻ അവർക്ക് ആദ്യമായി അംഗീകാരം നൽകി. ഡിസംബർ ഒൻപതിന് കാനഡയും ഡിസംബർ 11 ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും (എഫ്ഡിഎ) വാക്സിന് അനുമതി നൽകി.
യൂറോപ്യൻ മെഡിസിൻസ് ഏജൻസി (ഇഎംഎ) ഡിസംബർ 29 നകം വാക്സിൻ ഷോട്ട് അവലോകനം പൂർത്തിയാക്കും, ഇന്ത്യയിൽ ഇതിനുള്ള നടപടികൾ വേഗത്തിലാക്കുന്നുണ്ട്.
ആരാണ് തൊട്ടുപിറകിൽ?
യുഎസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ മോഡേണയും ഈ ഘട്ടത്തിൽ മുന്നിലാണ്. ഫൈസറിന് പിറകെ നവംബർ 30 ന് അവസാനഘട്ട ക്ലിനിക്കൽ ട്രയൽ വിവരങ്ങളുടെ വിശകലനം കമ്പനി പുറത്തിറക്കിയിരുന്നു. വാക്സിൻ 94.1% ഫലപ്രാപ്തി നിരക്ക് കാണിക്കുന്നുവെന്ന് വിവരങ്ങളിൽ പറയുന്നു. എഫ്ഡിഎ ഉപദേഷ്ടാക്കൾ ഡിസംബർ 17 ന് ഇത് അവലോകനം ചെയ്യും, ജനുവരി 12 നകം ഇതിന് അംഗീകാരം ലഭിക്കാനാണ് സാധ്യത.
മറ്റേതെല്ലാം വാക്സിനുകൾ
നവംബർ 23 ന് ഇടക്കാല അവസാന ഘട്ട ട്രയൽ ഡേറ്റ പ്രഖ്യാപിച്ചശേഷം ബ്രിട്ടനിലെ ആസ്ട്രാസെനെക്ക അവരുടെ വാക്‌സിനുള്ള അനുമതി തേടിക്കൊണ്ടിരിക്കയാണ്. ഇതിന് ശരാശരി ഫലപ്രാപ്തി നിരക്ക് 70 ശതമാനമാണ്. എന്നാൽ ട്രയലിൽ പങ്കെടുക്കുന്നവരുടെ ഒരു ഉപഗ്രൂപ്പിന് 90 ശതമാനം ഫലപ്രാപ്തി ലഭിച്ചു. ആദ്യം പകുതി ഡോസും തുടർന്ന് ഒരു പൂർണ ഡോസും നൽകിയവർക്കാണ് 90 ശതമാനം ഫലപ്രാപ്തി ലഭിച്ചത്.
എന്നിരുന്നാലും, ഫലപ്രാപ്തി വിവരങ്ങളിൽ വ്യത്യസ്ത ഡോസുകൾക്ക് വ്യത്യസ്ത ഫലപ്രാപ്തി എന്ന കാര്യത്തെ ഡ്രഗ് റെഗുലേറ്റർമാർ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് വ്യക്തമല്ല. ഇന്ത്യ വേഗത്തിലുള്ള അവലോകനം നടത്തുമ്പോൾ തന്നെ കൂടുതൽവിവരങ്ങളും ആവശ്യപ്പെടുന്നുണ്ട്. വാക്‌സിൻ അവലോകനം നടത്തുന്ന ഇഎംഎയുമായി ആസ്ട്രാസെനെക്ക ചർച്ച നടത്തുന്നുണ്ട്.
യുഎസ് മരുന്ന് നിർമ്മാതാക്കളായ ജോൺസൺ & ജോൺസൺ ഈ വർഷം അല്ലെങ്കിൽ 2021 ന്റെ തുടക്കത്തിൽ ക്ലിനിക്കൽ ട്രയൽ വിവരങ്ങൾ കൈമാറാൻ പദ്ധതിയിടുന്നുണ്ട്. അതിന്റെ വാക്സിൻ ഷോട്ട് ഫലപ്രദമാണെങ്കിൽ ഫെബ്രുവരിയിൽ യുഎസിൽ അംഗീകാരത്തിനായി അത് സമർപ്പിക്കും.
യുഎസ് കമ്പനിയായ നോവാവാക്സ് 2021ന്റെ ആദ്യ പാദത്തിൽ വിവരങ്ങൾ ലഭ്യമാക്കുന്ന തരത്തിൽ ബ്രിട്ടനിൽ ഒരു അവസാനഘട്ട ക്ലിനിക്കൽ ട്രയൽ നടത്തുന്നുണ്ട്. ഈ മാസം അമേരിക്കയിൽ ഒരു വലിയ തോതിലുള്ള ക്ലിനിക്കൽ ട്രയൽ സ് കമ്പനി ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മൂന്നാം ഘട്ട ട്രയൽ ഡാറ്റ പ്രസിദ്ധീകരിച്ച ശേഷം ആദ്യമായി പുറത്തിറക്കിയത് ഫൈസറിന്റെ വാക്സിൻ ആണെങ്കിലും, റഷ്യയും ചൈനയും മാസങ്ങളായി അവരുടെ പൗരന്മാർക്ക് കുത്തിവയ്പ് നടത്തുന്നുണ്ട്.
ഗമാലേയ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത സ്പുട്‌നിക് വി വാക്സിൻ 91.4% ഫലപ്രദമാണെന്ന് റഷ്യ നവംബർ 24 ന് പ്രഖ്യാപിച്ചിരുന്നു. ഇടക്കാല, അവസാന ഘട്ട ട്രയൽ ഫലങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ഫലമെന്നും റഷ്യ പറഞ്ഞിരുന്നു. ഓഗസ്റ്റിൽ ഈ വാക്സിന്റെ പ്രതിരോധ കുത്തിവയ്പ്പുകൾ ആരംഭിച്ചിരുന്നു. ഇതുവരെ ഒരു ലക്ഷത്തിലധികം പേർക്ക് കുത്തിവയ്പ് നൽകി.
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുമായി ചേർന്ന് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാക്സിൻ ഷോട്ടുകളുടെ ഫലപ്രാപ്തി വർദ്ധിപ്പിക്കുന്നതിന് സ്പുട്നിക് വി യുടെ രണ്ട് ഘടകങ്ങളിലൊന്നിനെ വാക്സിനിൽ സംയോജിപ്പിക്കുന്നത് പരീക്ഷിക്കുമെന്ന് ആസ്ട്രാസെനെക്ക ഡിസംബർ 11 ന് പറഞ്ഞിരുന്നു.
ചൈന ജൂലൈയി വാക്സിനുകളുടെ അടിയന്തര ഉപയോഗ പദ്ധതി ആരംഭിച്ചിരുന്നു. അണുബാധയുടെ ഭീഷണി കൂടുതലായി നേരിടുന്നവരെ ലക്ഷ്യമിട്ടായിരുന്നു അത്. നവംബർ പകുതിയോടെ 10 ലക്ഷം പേർക്കെങ്കിലും ചൈനയിൽ വാക്സിനുകൾ നൽകിയതായാണ് വിവരം. മൂന്ന് സ്ഥാപനങ്ങളുടെ വാക്സിനുകൾ ഇതിൽ ഉൾപ്പെടുന്നു. സർക്കാർ പിന്തുണയുള്ള ചൈന നാഷണൽ ബയോടെക് ഗ്രൂപ്പ് (സിഎൻബിജി) വികസിപ്പിച്ച രണ്ട് വാക്സിനുകളും സിനോവാക് ബയോടെക് വികസിപ്പിച്ച മറ്റൊരു വാക്സിനുമാണ് അവ.
ക്ലിനിക്കൽ ട്രയലിന്റെ ആദ്യഘട്ട ഫലങ്ങൾ സൂചിപ്പിക്കുന്നത് തങ്ങളുടെ കൊറോണവാക് വാക്സിൻ പെട്ടെന്ന് രോഗപ്രതിരോധ പ്രതികരണത്തിന് കാരണമാവുമെന്നും അതിന്റെ അവസാന ഘട്ട ട്രയലിൽ നിന്നുള്ള ഇടക്കാല ഡാറ്റ ഈ വർഷം പുറത്തിറക്കുമെന്നും സിനോവാക് നവംബറിൽ പ്രഖ്യാപിച്ചിരുന്നു.
ബ്രസീലിലെ ബയോമെഡിക്കൽ സ്ഥാപനമായ ബ്യൂട്ടാൻടാൻ ഇൻസ്റ്റിറ്റ്യൂട്ട് കൊറോണവാക് നിർമ്മിക്കുന്നുണ്ട്.
സിഎൻബിജി സിനോഫാം വാക്സിനിന്റെ ക്ലിനിക്കൽ ട്രയൽ യുഎഇയിലും നടന്നിരുന്നു. ക്ലിനിക്കൽ ട്രയലിന്റെ ഇടക്കാല ഫലത്തെ അടിസ്ഥാനമാക്കി സിഎൻബിജി വാക്സിനുകളിലൊന്ന് 86 ശതമാനം ഫലപ്രദമാണെന്ന് യുഎഇ ഡിസംബർ ഒൻപതിന് പറഞ്ഞിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.