ലോകം മുഴുവന്‍ പടര്‍ന്നുപിടിച്ച കോവിഡ് -19 നിയന്ത്രിക്കുന്ന കാര്യത്തില്‍ മൂന്ന് സാധ്യതകളാണു നമുക്കു മുന്നിലുള്ളത്. ഒന്ന്, സമൂഹം രോഗപ്രതിരോധശേഷി വികസിപ്പിക്കുന്നു. രണ്ട്, രോഗനിയന്ത്രണത്തിനായി മരുന്ന് കണ്ടുപിടിക്കുന്നു. മൂന്ന്, വാക്‌സിന്‍ നിര്‍മാണം. കൊറോണ വൈറസിനെതിരായ വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍നിന്നു കുറഞ്ഞത് 12-18 മാസം അകലെയാണു നാം. പക്ഷേ ആഗോള ശ്രമങ്ങള്‍, മഹാമാരിയുടെ മറുവശത്ത് നാം ഉദയംകാണുമെന്ന പ്രതീക്ഷ ഉയര്‍ത്തുന്നു.

കൊറോണ വൈറസിനെതിരായ വാക്‌സിന്‍ വികസിപ്പിക്കുന്നതിനു ലോകമെമ്പാടുമുള്ള 100 ഗവേഷണ ഗ്രൂപ്പുകളെങ്കിലും പരിശ്രമിക്കുന്നുണ്ട്. ഗവേഷണം മുതല്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വരെയുള്ള വിവിധ ഘട്ടങ്ങളിലാണ് ഈ പദ്ധതികള്‍.

എന്താണ് വാക്‌സിന്‍?

രോഗാണു പുറത്തുവിടുന്ന വിഷവസ്തുക്കള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ ശരീരത്തെ പരിചയപ്പെടുത്തുന്ന ജൈവ ഉല്‍പ്പന്നങ്ങളാണു വാക്‌സിനുകള്‍. രോഗാണുവിനെ തിരിച്ചറിയാനും ഏതു തരത്തിലുള്ള തിരിച്ചടി (പ്രതിരോധം)യാണു ഏറ്റവും ഫലപ്രദമെന്ന് ഓര്‍മയില്‍ സൂക്ഷിക്കാനും ഇത് രോഗപ്രതിരോധ സംവിധാനത്തെ പഠിപ്പിക്കുന്നു. ചില വാക്‌സിനുകള്‍ ജീവനുള്ള രോഗാണുക്കളാണ്, അവ ഒരു ദോഷവും വരുത്തുന്നില്ല. പക്ഷേ ശരീരത്തിന് അതിനെ തിരിച്ചറിയാനും പ്രവര്‍ത്തിക്കാനും കഴിയും.

ഉദാഹരണത്തിന്, മഞ്ഞപ്പനി വാക്‌സിന്‍ ജീവനുള്ള ദുര്‍ബലമായ മഞ്ഞപ്പനി വൈറസാണ്. ക്ഷയരോഗത്തിനെതിരായ വ്യാപകമായി ഉപയോഗിക്കുന്ന ബിസിജി വാക്സിനും വീര്യം കുറഞ്ഞ ജീവനുള്ള വൈറസുകളുടെ കൂട്ടമാണ്. മൈകോബാക്ടീരിയം ബോവിസില്‍നിന്നു വേര്‍പെടുത്തിയാണ് ഇവയെ സൃഷ്ടിച്ചത്. പോളിയോ വാക്സിനില്‍ കൊല്ലപ്പെട്ട വൈറസുകളുണ്ട്.

വാക്‌സിനേഷന്‍ പ്രധാനമാകുന്നത് എന്തുകൊണ്ട്?

രോഗപ്രതിരോധശേഷി കുറഞ്ഞ അനേകം പേര്‍ സമൂഹത്തിലുണ്ട്. ഇത്തരം ആളുകള്‍ക്ക് ഒരു രോഗത്തില്‍നിന്ന് പ്രതിരോധം നേടാന്‍ വാക്‌സിനേഷന്‍ സഹായിക്കുന്നു. വാക്‌സിന്‍ നല്‍കിയാല്‍ രോഗം തടയാന്‍ മറ്റു മാര്‍ഗങ്ങള്‍ തേടേണ്ട ആവശ്യമില്ല. ഇതു രോഗബാധിതരെ ചികിത്സിക്കുന്ന കാര്യത്തില്‍ ആരോഗ്യസംരക്ഷണ സംവിധാനത്തിന്മേലുള്ള സമ്മര്‍ദം കുറയ്ക്കുന്നു.

വാക്‌സിനുകള്‍ വികസിപ്പിക്കുന്നത് എങ്ങനെ?

വാക്‌സിനുകള്‍ വികസിപ്പിക്കാന്‍ സാധാരണഗതിയില്‍ വര്‍ഷങ്ങളെടുക്കും. ഗവേഷണത്തിനുശേഷം, മൃഗങ്ങളിലാണു വാക്‌സിനുകള്‍ ആദ്യം പരീക്ഷിക്കുക. തുടര്‍ന്ന് മനുഷ്യരില്‍ പരീക്ഷണം നടത്തും – കരുതിക്കൂട്ടി ആളുകളിലേക്ക് വൈറസ് കുത്തിവയ്ക്കുന്ന വിവാദ രീതി.

ഓരോ വാക്‌സിന്റെയും സുരക്ഷയും ഫലപ്രാപ്തിയും മൂന്ന് ഘട്ടങ്ങളായി പരിശോധിക്കേണ്ടതുണ്ട്. ആദ്യ ഘട്ടത്തില്‍, ചെറിയൊരു വിഭാഗം ആളുകള്‍ക്കു പരീക്ഷണാടിസ്ഥാനത്തില്‍ വാക്‌സിന്‍ നല്‍കുന്നു. രണ്ടാം ഘട്ടത്തില്‍, പുതിയ വാക്‌സിന്‍ ഉദ്ദേശിച്ചതിനു സമാനമായ സ്വഭാവസവിശേഷതകള്‍ ഉള്ളവര്‍ക്കാണു നല്‍കുന്നത്; മൂന്നാം ഘട്ടത്തില്‍ വാക്‌സിന്‍ ആയിരക്കണക്കിന് ആളുകളില്‍ കുത്തിവയ്ക്കുന്നു. അവസാനമായി, വിപണനാനന്തര വിവരങ്ങള്‍ ഗവേഷകര്‍ വിശകലനം ചെയ്യുന്നു.

വാക്‌സിനുകള്‍ക്ക് ഒരു വാണിജ്യ വശമുണ്ടെന്ന കാര്യം നാം മറന്നകൂടാ. വാക്‌സിന്‍ വികസിപ്പിക്കുന്നതിനു മുമ്പായി സാര്‍സ്, സിക പകര്‍ച്ചവ്യാധികള്‍ നിലച്ചു. ഫണ്ടിങ് ഏജന്‍സികള്‍ പദ്ധതികളില്‍നിന്നു പിന്മാറിയതിനാല്‍ നിര്‍മാതാക്കള്‍ക്കു വന്‍ സാമ്പത്തിക നഷ്ടമുണ്ടായി. ഇതു മറ്റു വാക്‌സിന്‍ വികസന പരിപാടികളെയും പാളം തെറ്റിച്ചു.

ഏതൊക്കെ രാജ്യങ്ങളാണ് കൊറോണ വൈറസ് വാക്‌സിനുകള്‍ വികസിപ്പിക്കുന്നത്?

അമേരിക്ക, ചൈന, ജര്‍മനി, യുകെ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങള്‍ വാക്‌സിനുകള്‍ വികസിപ്പിക്കുന്ന പ്രക്രിയയിലാണ്.

മറ്റൊരു കൊറോണ വൈറസായ മെര്‍സിനെതിരെ വികസിപ്പിച്ച വാക്‌സിന്‍ കോവിഡ്-19നെതിരെ നല്‍കാമോയെന്ന ഗവേഷണത്തിലാണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല. ChAdOx1 nCoV-19 എന്ന് വിളിക്കുന്ന ഈ വാക്‌സിന്‍ പ്രോട്ടീന്‍ ഉപയോഗിച്ച് നിര്‍മിക്കപ്പെട്ട വൈറസിന്റെ ആവിര്‍ഭാവം തിരിച്ചറിയാന്‍ ശരീരത്തെ സഹായിക്കും. മെര്‍സിനായി വികസിപ്പിച്ച വാക്‌സിന്‍ പ്രാരംഭ നടപടികള്‍ പിന്നിട്ട് ക്ലിനിക്കല്‍ ട്രയല്‍ ഘട്ടത്തിലാണ്.

ജര്‍മനിയില്‍ BNT162 എന്ന വാക്‌സിന്‍ ക്ലിനിക്കല്‍ ട്രയല്‍ ഘട്ടത്തിലാണ്. അമേരിക്കന്‍ ഫാര്‍മ കമ്പനിയായ  ഫൈസറും ജര്‍മന്‍ കമ്പനിയായ ബയോ എന്ടെ‍ക്കും ചേര്‍ന്നാണ് ഈ വാക്‌സിന്‍ വികസിപ്പിക്കുന്നത്.

അമേരിക്കയില്‍, എംആര്‍എന്‍എ -1273 എന്ന വാക്‌സിന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്റ്റിയസ് ഡിസീസസ് (എന്‍ഐഐഡി) വികസിപ്പിച്ചെടുക്കുന്നു. ബയോടെക്‌നോളജി കമ്പനിയായ മോഡേണയുമായി സഹകരിച്ചാണിത്.

വീര്യമുള്ള ഘടകങ്ങളില്ലാതെ കൊറോണ വൈറസിനെ ശരീരത്തില്‍ അവതരിപ്പിക്കാനുള്ള ലക്ഷ്യത്തിലേക്കാണു ചൈനയുടെ പ്രവര്‍ത്തനം. യഥാര്‍ഥ അണുബാധയ്ക്കെതിരെ സ്വാഭാവിക രോഗപ്രതിരോധ പ്രതികരണം സൃഷ്ടിക്കുകയാണു ലക്ഷ്യം. ചൈനയിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായി ബന്ധപെട്ട അക്കാദമി ഓഫ് മിലിട്ടറി മെഡിക്കല്‍ സയന്‍സസിലെ ഗവേഷകര്‍ ഹോങ്കോങ്ങിലെ കാന്‍സിനോ ബയോളജിക്‌സുമായി ചേര്‍ന്നാണു പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നത്.

ക്ഷയരോഗത്തിനെതിരെ ഉപയോഗിച്ച ബാസിലസ് കാല്‍മെറ്റ്-ഗുറിന്‍ (ബിസിജി) വാക്‌സിന്‍ കൊറോണ വൈറസില്‍നിന്ന് സംരക്ഷിക്കുമോയെന്നുള്ള പഠനങ്ങളും നടക്കുന്നു.

കൊറോണ വൈറസിനെതിരായ വാക്‌സിന്‍ ഇന്ത്യയില്‍

പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എന്‍ഐവി)യില്‍ വേര്‍തിരിച്ച വീര്യം കുറഞ്ഞ വൈറസുകള്‍ ഉപയോഗിച്ച് കോവിഡ് -19 വാക്‌സിന്‍ വികസിപ്പിക്കാനാണ് ഇന്ത്യയിലെ ശ്രമം. ഇക്കാര്യത്തില്‍ ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡു (ബിബിഐഎല്‍)മായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ഞായറാഴ്ച അറിയിച്ചു.

”വാക്‌സിന്‍ വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വാക്‌സിന്‍ വികസനം, തുടര്‍ന്നുള്ള മൃഗങ്ങളിലെ പരീക്ഷണം, വാക്‌സിന്റെ ക്ലിനിക്കല്‍ വിലയിരുത്തല്‍ എന്നിവ ത്വരിതപ്പെടുത്താന്‍ ഐസിഎംആറും ബിബിഎല്ലും അതിവേഗ അനുമതി തേടും,” ഐസിഎംആര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook