scorecardresearch

രോഗികളുടെ എണ്ണം കുറയുന്നത് ഇന്ത്യയിൽ കോവിഡ് രോഗബാധ അവസാനത്തിലേക്കെത്തിയെന്ന് അർത്ഥമാക്കുന്നുണ്ടോ?

ഇന്ത്യയിൽ കോവിഡ് രോഗബാധകളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും പുതിയ ജനിതകമാറ്റം വന്ന വൈറസുകൾക്കുള്ള സാധ്യത കൂടുതലാണ്

രോഗികളുടെ എണ്ണം കുറയുന്നത് ഇന്ത്യയിൽ കോവിഡ് രോഗബാധ അവസാനത്തിലേക്കെത്തിയെന്ന് അർത്ഥമാക്കുന്നുണ്ടോ?

കോവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് ഇപ്പോൾ ഇന്ത്യയിൽ സംഭവിക്കുന്ന കാര്യങ്ങൾ മുൻപ് പ്രതീക്ഷിച്ചിരുന്നതിന് സമാനമല്ല. അതേസമയം, ബ്രസീൽ, യുകെ, ന്യൂസീലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ എന്താണ് സംഭവിച്ചതെന്ന് നാം ഓർമ്മിക്കേണ്ടതാണ്. അത്തരത്തിലുള്ള പല രാജ്യങ്ങളിലും മുൻ‌കാലങ്ങളിൽ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് മടങ്ങുന്ന സാഹചര്യമുണ്ടായിരുന്നു, വളരെ കുറച്ച് കേസുകൾ മാത്രം കണ്ടെത്തിയ സാഹചര്യവുമുണ്ടായിരുന്നു. കഴിഞ്ഞ വർഷം ഏതാണ്ട് സാധാരണ ഗതിയിലേക്ക് എത്തുമെന്നായ സ്പെയിൻ വീണ്ടും അടച്ചുപൂട്ടാൻ നിർബന്ധിതരാവുകയും ചെയ്തു. ഈ രാജ്യങ്ങളിൽ നമ്മൾ കണ്ടത് വൈറസിന്റെ പുതിയ വകഭേദങ്ങളുടെ കടന്നുവരവാണ്.

ഈ വകഭേദങ്ങൾ ഇന്ത്യയിലേക്ക് വരുന്നതിനോ അല്ലെങ്കിൽ ഇന്ത്യയ്ക്കുള്ളിൽ ഉയർന്നുവരുന്നതിനോ ഉള്ള സാധ്യത വളരെ കൂടുതലാണ്. അത് സംഭവിക്കില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അത് സംഭവിക്കാനുള്ള സാധ്യത വലുതാണ്. നമ്മുടെ ജാഗ്രത കുറയ്ക്കാനുള്ള സമയമല്ല ഇതെന്ന് മുമ്പത്തേക്കാൾ കൂടുതൽ ഊന്നിപ്പറയേണ്ടതുണ്ട്. കഴിയുന്നത്ര ആളുകളിൽ പ്രതിരോധശേഷി വളർത്തിയെടുക്കാനുള്ള കാലയളവ് കൂടിയാണിത്.

മ്യൂട്ടേഷൻ അല്ലെങ്കിൽ ജനിതക മാറ്റങ്ങൾ വളരെ സ്വാഭാവികവും ക്രമരഹിതവും അന്തർലീനവുമായ പ്രക്രിയയാണ്. ഇന്ത്യയിലെ ജനങ്ങൾക്കിടയിലും ഈ വൈറസിന്റെ ചില വകഭേദങ്ങൾ കണ്ടെത്തിയതായി ഇതിനകം തന്നെ തെളിവുകൾ ഉണ്ട്. ഇപ്പോൾ കണ്ടെത്തിയവ പ്രകാരം, ഈ വകഭേദങ്ങൾ വളരെ അപകടകാരികളായവയല്ല. എന്നാൽ അതിനർത്ഥം കൂടുതൽ അപകടകരമായ വകഭേദങ്ങൾ പുറത്തുവരില്ല എന്നല്ല. കൂടാതെ, ഇന്ത്യൻ ജനസംഖ്യയിൽ വേണ്ടത്ര ജീനോം സീക്വൻസിംഗ് നമ്മൾ നടത്തിയിട്ടില്ലാത്തതിനാൽ, രേഖപ്പെടുത്താത്ത ചില മ്യൂട്ടേഷനുകൾ ഇതിനകം ഇന്ത്യയിൽ പ്രചരിക്കുന്നതിന്റെ സാധ്യത തള്ളിക്കളയാനാവില്ല.

പുതിയ വകഭേദങ്ങൾ കാരണമുള്ള പ്രശ്നങ്ങൾ

ജനിതകമാറ്റം വന്ന വൈറസുകളിലെ രണ്ട് പ്രധാന സ്വഭാവസവിശേഷതകളെക്കുറിച്ച് പ്രധാനമായും ആശങ്ക ഉയരുന്നു. ഒന്ന് ജനിതക മാറ്റത്തിലൂടെ അതിന് പകരാനുള്ള ശേഷി വർധിക്കുമോ എന്നതാണ്. കൂടാതെ പുതിയ വകഭേദത്തിന് സ്വാഭാവികമായി അണുബാധയിലൂടെയോ വാക്സിനേഷനിലൂടെയോ നേടിയ രോഗപ്രതിരോധ പ്രതികരണത്തെ മറികടക്കാൻ കഴിയുമോ എന്നതും.

Read More: 66 ശതമാനം ഫലപ്രാപ്തിയുള്ള സിംഗിൾ ഷോട്ട് വാക്സിൻ; എന്താണ് ഇത് അർത്ഥമാക്കുന്നത്?

മെച്ചപ്പെട്ട ട്രാൻസ്മിസിബിലിറ്റി (പകർച്ചാശേഷി) എന്നത് അർത്ഥമാക്കുന്നത് കൂടുതൽ സെല്ലുകളെ വൈറസ് ബാധിക്കും എന്നാണ്. ഇത് രോഗത്തിൻറെ തീവ്രത ചിലപ്പോൾ വർദ്ധിപ്പിക്കാം, ചിലപ്പോൾ അതുണ്ടാവില്ല. മറുവശത്ത്, രോഗപ്രതിരോധ പ്രതികരണം മറികടക്കാനുള്ള പുതിയ വകഭേദത്തിന്റെ കഴിവ് രോഗം ബാധിച്ചവരിൽ കൂടുതൽ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവാൻ സാധ്യതയുണ്ട്.

ഇന്ത്യയിൽ,പകർച്ചാശേഷി വർദ്ധിപ്പിക്കുന്ന മ്യൂട്ടേഷനുകൾ കുറച്ചുകാലമായി വ്യാപിക്കുന്നു. രോഗപ്രതിരോധ ശേഷി കുറയ്ക്കാൻ കഴിവുള്ളവയെ ഇന്ത്യയിൽ ഇതുവരെ കണ്ടെത്തിയിട്ടില്ല, എന്നാൽ ഇവയുടെ സാന്നിദ്ധ്യം തള്ളിക്കളയാനാവില്ല. ഉദാഹരണത്തിന്, ഇന്ത്യയിൽ രോഗം ബാധിച്ചയാളിൽ നിന്ന് വികസിപ്പിച്ചെടുത്ത കുറഞ്ഞത് ഒരു ജീനോം സീക്വൻസിലെങ്കിലും ഇ484 എന്നറിയപ്പെടുന്ന ഒരു പ്രത്യേക വകഭേദത്തെ കണ്ടെത്തിയിരുന്നു. ഈ വൈറസ് വകഭേദത്തെ ആദ്യമായി റിപ്പോർട്ട് ചെയ്തത് ബ്രസീലിലാണ്. രോഗപ്രതിരോധ പ്രതികരണം മറികടക്കാൻ ഈ ഇ484 വൈറസ് വകഭേദത്തിന് കഴിയുമെന്നതിന് ശക്തമായ തെളിവുകളുണ്ട്. ഇന്ത്യൻ ജനസംഖ്യയിൽ ഈ വൈറസ് എത്രത്തോളം വ്യാപകമാകുമെന്ന് കണക്കാക്കാൻ മതിയായ ഡാറ്റ നമ്മുടെ പക്കലില്ല.

കൂടുതലായി കണ്ടെത്തിയ വൈറസ് വകഭേദങ്ങൾ

വൈറസിന്റെ ജനിതക ഘടനയിലെ ചില മാറ്റങ്ങൾ അനുബന്ധ അമിനോ ആസിഡുകളുടെ ഘടനയിലോ പ്രവർത്തനത്തിലോ മാറ്റം വരുത്താം, മറ്റുള്ളവ അങ്ങനെ ചെയ്യുന്നില്ല. അതനുസരിച്ച്, അവയെ സൈലന്റ്, നോൺ സൈലന്റ് എന്നിങ്ങനെ തരം തിരിച്ച് വിശേഷിപ്പിക്കുന്നു. ഒരു നിശബ്ദ മ്യൂട്ടേഷൻ, അതിൽ ബന്ധപ്പെട്ട അമിനോ ആസിഡിന്റെ ഘടനയോ പ്രവർത്തനമോ മാറുന്നു. നോൺ സൈലന്റ് മ്യൂട്ടേഷനുകൾ വൈറസ് വകഭേദത്തിന്റെ പ്രചാരണത്തിനുള്ള കഴിവ് ശക്തിപ്പെടുത്തുന്നു, അതിനാൽ കൂടുതൽ വ്യാപിക്കാൻ സാധ്യതയുണ്ട്.

Read More: കോവിഡിന്റെ യുകെ വകഭേദത്തിനെതിരെ കൊവാക്സിൻ ഫലപ്രദമോ? പരീക്ഷണ ഫലം അറിയാം

ഇതുമായി ബന്ധപ്പെട്ട ഗവേഷണം വ്യക്തമാക്കുന്നത്

ആക്ട്രെക്-ടാറ്റ മെമ്മോറിയൽ സെന്ററിലെ, കംപ്യൂട്ടേഷണൽ ബയോളജിസ്റ്റുകളായ സങ്കേത് ദേശായി, ഐശ്വര്യ റായ്, സോണൽ രശ്മി എന്നിവരടങ്ങുന്ന എന്റെ ഗ്രൂപ്പ്, സാർസ്-കോവി-2 വൈറസിന്റെ പുതിയ വേരിയന്റുകളുടെ വ്യാപനത്തെക്കുറിച്ച് പഠിക്കാൻ ശ്രമിച്ചു. ലോകമെമ്പാടുമായി റിപ്പോർട്ടുചെയ്‌ത, വൈറസിന്റെ രണ്ട് ലക്ഷത്തിലധികം ജീനോം സീക്വൻസുകളിലൂടെ ഞങ്ങൾ കടന്നുപോയി, ഈ സീക്വൻസുകളിൽ 2.58 ദശലക്ഷത്തിലധികം മ്യൂട്ടേഷനുകൾ കണ്ടെത്തി. ഇവയിൽ 51 ശതമാനത്തിലധികം നോൺ സൈലന്റ് മ്യൂട്ടേഷനുകളാണെന്ന് ഞങ്ങൾ കണ്ടെത്തി. ഓരോ ജീനോം ശ്രേണിയിലും ശരാശരി 6.6  നോൺ സൈലന്റ് മ്യൂട്ടേഷനുകളും അഞ്ച് സൈലന്റ് മ്യൂട്ടേഷനുകളും അടങ്ങിയിരിക്കുന്നുവെന്ന് വിവരങ്ങൾ കാണിക്കുന്നു. ഇതിനെ മ്യൂട്ടേഷൻ റേറ്റ് എന്ന് വിളിക്കുന്നു.

അത്തരമൊരു പഠനം നേരത്തെ  നടന്നിട്ടില്ലെന്നല്ല. എന്നാൽ അന്ന് സർവേയിൽ പങ്കെടുത്ത ജീനോം സീക്വൻസുകളുടെ എണ്ണം വളരെ കുറവായിരുന്നു. ഇതുവരെയുള്ളതിൽ ഏറ്റവും സമഗ്രമായ പഠനം ഞങ്ങളുടേതാണ്. ഞങ്ങളുടെ പഠനത്തിൽ കണ്ടെത്തിയ മ്യൂട്ടേഷൻ നിരക്ക് ഏറ്റവും കൃത്യമായിരിക്കും. ഓരോ തവണയും വൈറസ് ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് പകരുമ്പോൾ, ഈ ജനിതക രൂപീകരണത്തിൽ ഈ നിരവധി മ്യൂട്ടേഷനുകൾ സംഭവിച്ചിരിക്കാമെന്ന് ഇത് വ്യക്തമാക്കുന്നു.

ജീനോം സീക്വൻസുകളിലെ ഹോട്ട്‌സ്‌പോട്ടുകളും ഞങ്ങൾ തിരിച്ചറിഞ്ഞു. മ്യൂട്ടേഷനുകൾക്ക് ഏറ്റവും സാധ്യതയുള്ള പ്രദേശങ്ങളാണിവ. സാധാരണഗതിയിൽ, ഒരു പ്രത്യേക പ്രദേശത്ത് 40,000-ലധികം സീക്വൻസുകളിൽ മ്യൂട്ടേഷനുകൾ ഉള്ളതായി കണ്ടെത്തിയാൽ, അത് ഒരു ഹോട്ട്‌സ്പോട്ട് ആയി കാണും.

Read More: ഇൻട്രാനാസൽ കോവിഡ്-19 വാക്സിനുമായി ഭാരത് ബയോടെക്; ബിബിവി 154 വാക്സിനെക്കുറിച്ച് അറിയാം

ഇന്ത്യൻ രോഗികളിൽ നിന്ന് ശേഖരിച്ച ജീനോം സീക്വൻസുകളിൽ നിന്ന് ഒരു ഹോട്ട്‌സ്പോട്ട് ഏരിയകളും തിരിച്ചറിയാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. കാരണം, ഞങ്ങൾ പഠിച്ച രണ്ട് ലക്ഷത്തിലധികം ജീനോം സാമ്പിളുകളിൽ 3,300 പേർ മാത്രമാണ് ഇന്ത്യയിൽ നിന്നുള്ളത്.

എന്തുകൊണ്ടാണ് കൂടുതൽ ജീനോം സീക്വൻസുകൾ ഇന്ത്യയിൽ നിർമ്മിക്കാത്തത്?

നമ്മൾ പിന്നിലായ ഒരു മേഖലയാണിത്. ഇന്ത്യൻ ജനസംഖ്യയുടെ വലുപ്പവും കോവിഡ് കേസുകളുടെ എണ്ണവും കണക്കിലെടുക്കുമ്പോൾ, നമ്മൾ ഇപ്പോൾ ലക്ഷക്കണക്കിന് ജീനോം സീക്വൻസുകൾ തയ്യാറാക്കേണ്ടതായിരുന്നു. എന്നാൽ ഇവിടെ ഏകദേശം 6,000 പേരുടേത് മാത്രമാണ് തയ്യാറാക്കിയതെന്ന് തോന്നുന്നു. അതിൽ 50% ലഭ്യമല്ല. കാരണം അവ സാധാരണ ഫോർമാറ്റിലല്ല അല്ലെങ്കിൽ ഇപ്പോഴും പ്രോസസ്സിംഗിലാണ്. അതിനാൽ, ആഗോള ഡാറ്റാബേസിൽ ലഭ്യമായ ഏകദേശം 3,300 സാമ്പിളുകളെ മാത്രമേ നമുക്ക് ആശ്രയിക്കാനാവൂ.

ഇനിയുള്ള മുന്നോട്ട് പോക്കിൽ, ഇന്ത്യയിലെ കോവിഡ് വകഭേദങ്ങൾ കണ്ടെത്തുന്നതിന് ജീനോമിക് നിരീക്ഷണം വർദ്ധിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്. ഇപ്പോൾ, വൈറസ് വേരിയന്റുകൾ തിരിച്ചറിയാൻ ഞങ്ങൾ വേണ്ടത്ര ശ്രമിക്കുന്നതായി തോന്നുന്നില്ല. അതുകൊണ്ടാണ് പുതിയ വേരിയന്റിന്റെ കടന്നു വരവിനുള്ള സാധ്യത വളരെ ഉയർന്നത്. അത്തരം ഓരോ മ്യൂട്ടേഷനും നേരത്തേ തന്നെ കണ്ടെത്തേണ്ടത് പ്രധാനമാണ്.

-ഡോ. അമിത് ദത്ത്

മുംബൈയിലെ ടാറ്റ മെമ്മോറിയൽ സെന്ററിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ ട്രീറ്റ്മെന്റ് റിസർച്ച് ആൻഡ് എഡ്യൂക്കേഷൻ ഇൻ ക്യാൻസറിലെ (ആക്ട്രെക്) ശാസ്ത്രജ്ഞനാണ് ഡോ. അമിത് ദത്ത്. ശാന്തി സ്വരൂപ് ഭട്നഗർ അവാർഡ് ജേതാവായ ദത്ത് സഹപ്രവർത്തകർക്കൊപ്പം ലോകമെമ്പാടുമുള്ള കോവിഡ് ജനിതകമാറ്റങ്ങളെക്കുറിച്ചുള്ള ഒരു പ്രബന്ധം അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Coronavirus pandemic india cases covid 19 vaccine drive herd immunity