കഴിഞ്ഞ കുറച്ച് മാസങ്ങളായി കോവിഡ് വ്യാപനം ഇന്ത്യയിൽ രൂക്ഷമായിരുന്നു. ഇതിന്റെ ഫലമായി കോവിഡ് ബാധിതരുടെ എണ്ണത്തിൽ ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാമതെത്തി. നിലവിൽ 41.13 ലക്ഷത്തിലധികം കോവിഡ് കേസുകളാണ് ഇന്ത്യയിൽ മാത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 40.41 ലക്ഷം പേർക്കാണ് ബ്രസീലിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണത്തിൽ അമേരിക്ക മാത്രമാണ് നിലവിൽ ഇന്ത്യയ്ക്ക് മുന്നിലുള്ളത്. 60 ലക്ഷത്തിലധികം ആളുകളിൽ രാജ്യത്ത് ഇതുവരെ കൊറോണ വൈറസ് ബാധ കണ്ടെത്തി.
പ്രതിദിന കണക്കിലെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയ ശനിയാഴ്ച തന്നെയാണ് ഇന്ത്യ കോവിഡ് ബാധിതരുടെ എണ്ണത്തിൽ ബ്രസീലിനെ മറികടന്നതും. ഒറ്റ ദിവസം മാത്രം ഇന്ത്യയിൽ 90,000 കേസുകളിലധികം റിപ്പോർട്ട് ചെയ്തു. ലോകത്താകമാനം കൊറോണ വൈറസ് പൊട്ടിപുറപ്പെട്ടതിന് ശേഷം ഒരു രാജ്യത്തും ഒരു ദിവസം 75000 കേസുകൾക്ക് മുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്തട്ടില്ല. ഇത് മറികടന്ന ഇന്ത്യ വരും ദിവസങ്ങളിൽ തന്നെ പ്രതിദിന കണക്ക് ലക്ഷത്തിലേക്ക് എത്തിക്കുമെന്ന സൂചനയും നൽകുന്നു.
Also Read: Explained: കൃത്യമായ ഫലം ലഭിക്കാൻ പിസിആർ, ആന്റിബോഡി പരിശോധനകൾ സംയോജിപ്പിക്കുന്നതെങ്ങനെ
കഴിഞ്ഞ രണ്ടാഴ്ചയായി ബ്രസീലിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ ആശ്വാസകരമായ കുറവ് രേഖപ്പെടുത്തുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. പ്രതിദിനം 20000 കേസുകളിലേക്ക് വരെ രോഗബാധിതരുടെ നിരക്ക് കുറയ്ക്കുവാൻ ബ്രസീലിന് സാധിച്ചു. അമേരിക്കയിലും ദിനംപ്രതി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുകയാണ്. 40000 മുതൽ 50000 പുതിയ രോഗികൾ മാത്രമാണ് ഇപ്പോൾ ഓരോ ദിവസവും പുതിയതായി അമേരിക്കയിൽ ഉണ്ടാകുന്നുള്ളു.
ആഗോള തലത്തിൽ പുതിയ രോഗബാധിതരുടെ എണ്ണത്തിൽ ഏറ്റവും കൂടുതൽ ഇന്ത്യയിൽ നിന്നുമാണ്. ഇതിന് പ്രധാനകാരണം ഇന്ത്യയിലെ പരിശോധനകളുടെ എണ്ണം വർധിപ്പിച്ചതാണ്. അതുകൊണ്ട് തന്നെ കഴിഞ്ഞ രണ്ടാഴ്ചയായി വലിയ വർധനവ് പരിശോധനകളുടെ എണ്ണത്തിലും പുതിയ രോഗികളുടെ എണ്ണത്തിലും ഇന്ത്യയിൽ രേഖപ്പെടുത്തുന്നു.
Also Read: Explained: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ഗതി നിർണയിക്കുക ഈ രണ്ട് ഘടകം
ഓഗസ്റ്റ് ആദ്യ വരങ്ങളിൽ നാല് ലക്ഷം മുതൽ അഞ്ച് ലക്ഷം വരെ കോവിഡ് പരിശോധനകളാണ് രാജ്യത്താകമാനം നടത്തിയിരുന്നത്. എന്നാൽ ഓഗസ്റ്റ് അവസാനമായപ്പോൾ ഇത് പത്ത് ലക്ഷമായി വർധിച്ചു. അമേരിക്കയല്ലാതെ ഇത്രയധികം പരിശോധനകൾ ദിവസവും നടത്തുന്ന മറ്റൊരു രാജ്യവുമില്ല.
ഇന്ത്യയിലേക്ക് വന്നാൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇപ്പോഴും മഹാരാഷ്ട്ര തന്നെയാണ് മുന്നിലുള്ള സംസ്ഥാനം. പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം മഹാരാഷ്ട്രയിൽ 20000 കടന്നത് ആശങ്ക വർധിപ്പിക്കുന്നു. ആന്ധ്രപ്രദേശിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 10000 കടന്നു. തമിഴ്നാട്, കർണാടക, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കോവിഡ് രോഗവ്യാപനം രൂക്ഷമാണ്.
ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നത് മരണസംഖ്യയും ഉയരാൻ കാരണമാകുന്നുണ്ട്. നിലവിൽ ആയിരത്തിന് മുകളിൽ കോവിഡ് മരണങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയിൽ മരണസംഖ്യ 70000 കടന്നു. കോവിഡ് മരണനിരക്കിൽ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യയിപ്പോൾ.