ന്യൂഡൽഹി: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് രാജ്യത്തേർപ്പെടുത്തിയ ലോക്ക്ഡൗൺ അമ്പതാം ദിവസത്തിലേക്ക് എത്തി നിൽക്കുമ്പോൾ കണക്കുകൾ ഇപ്പോഴും ഇന്ത്യയ്ക്ക് ആശ്വാസകരമല്ല. ബുധനാഴ്ച മാത്രം രാജ്യത്ത് 3700 പുതിയ കോവിഡ്-19 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഇന്ത്യയിൽ ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 78000 കടന്നു. രാജ്യത്തെ ആകെ കോവിഡ് കേസുകളിൽ 90 ശതമാനത്തിലധികം പത്ത് സംസ്ഥാനങ്ങളിൽ മാത്രമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

Also Read: Explained: ആരോഗ്യ സേതു: നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ എത്രത്തോളം സുരക്ഷിതമാണ്

മഹാരാഷ്ട്രയ്ക്കും ഗുജറാത്തിനും തമിഴ്നാടിനും പിന്നാലെ ബിഹാർ, ജമ്മു കശ്മീർ, കർണാടക സംസ്ഥാനങ്ങളും രോഗബാധിതരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഇപ്പോൾ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇവിടങ്ങളിൽ രോഗികളുടെ എണ്ണം ആയിരത്തിലേക്ക് അടുക്കുകയാണ്. ഹരിയാനയിൽ 793 പേർക്കും ഒഡിഷയിൽ 538 പേർക്കും രോഗം സ്ഥിരീകരിച്ചു. കേരളത്തിലും രോഗബാധിതരുടെ എണ്ണം 500 കടന്നിരുന്നു.

Also Read: Explained: പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയില്‍ സര്‍ക്കാരിനുള്ള ചെലവെത്ര?

കഴിഞ്ഞ 35 ദിവസമായി ഗോവയിൽ ആർക്കും തന്നെ കോവിഡ്-19 ബാധയില്ലായെന്നത് സംസ്ഥാനത്തിന് ആശ്വാസകരമായിരുന്നെങ്കിലും ഇന്നലെ സ്ഥിതി മാറി. ഏപ്രിൽ ആദ്യ വാരം ഇവിടെ ഏഴ് പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. പിന്നീട് ആർക്കും തന്നെ കോവിഡ്-19 പോസിറ്റീവായിട്ടില്ലായിരുന്നു. അതേസമയം, ഇന്നലെ ഏഴ് പേർക്ക് കൂടി കോവിഡ്-19 സംസ്ഥാനത്ത് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ നിന്നെത്തിയ ആറു പേർക്കും ഗുജറാത്തിൽ നിന്നെത്തിയ ഒരാൾക്കുമാണ് ഏറ്റവും ഒടുവിൽ രോഗബാധ കണ്ടെത്തിയിരിക്കുന്നത്.

Also Read: Explained: കോവിഡ്-19 വാക്‌സിന്‍: അന്വേഷണവഴിയില്‍ ഇന്ത്യയും

ഇന്നലെ സ്ഥിരീകരിച്ച കോവിഡ്-19 കേസുകളിൽ 1500ന് അടുത്ത് മഹാരാഷ്ട്രയിൽ നിന്നാണ്. തമിഴ്നാട്ടിൽ ദിനംപ്രതി സ്ഥിരീകരിക്കുന്ന കേസുകളുടെ എണ്ണത്തിൽ ചെറിയ കുറവ് ഇന്നലെ വ്യക്തമായിരുന്നു. 509 പേർക്കാണ് ഇന്നലെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. നിലവിൽ രോഗബാധിതരുടെ എണ്ണത്തിൽ അതിവേഗം വളരുന്ന സംസ്ഥാനമാണ് തമിഴ്നാട്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം 700 മുതൽ 800 പേർക്കാണ് സംസ്ഥാനത്ത് രോഗം ബാധിച്ചത്. തമിഴ്നാട്ടിൽ മാത്രം ഇതുവരെ 9227 പേർക്ക് രോഗം സ്ഥിരീകരിച്ചു. 9268 രേഗികളുള്ള ഗുജറാത്തിന് തൊട്ടുപിന്നിലാണ് തമിഴ്നാടിപ്പോൾ.

Also Read: Explained: കോവിഡ്-19 കാൻസർ രോഗികളിൽ എത്രത്തോളം അപകടകാരിയാണ്?

മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം കാൽ ലക്ഷം പിന്നിട്ടിരിക്കുകയാണ്. 25922 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചത്. ഇതിൽ 975 പേരും മരണപ്പെട്ടു. തൊട്ടുപിന്നിൽ ഗുജറാത്താണ് 9268 പേർക്ക് രോഗം ബാധിച്ചപ്പോൾ 566 പേരാണ് മരിച്ചത്. തമിഴ്നാട്ടിൽ മരണനിരക്ക് കുറവാണെന്നത് ആശ്വാസകരമാണ്. 64 പേർ മാത്രമാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ്-19 ബാധിച്ച് മരിച്ചത്. ഡൽഹിയിലും രോഗബാധിതരുടെ എണ്ണം അതിവേഗം വർധിക്കുകയാണ്. 7998 പേർക്ക് രോഗം സ്ഥിരീകരിച്ചു.

Also Read: Explained: സ്ത്രീ ലൈംഗിക ഹോര്‍മോണുകള്‍ കൊറോണ വൈറസില്‍ നിന്നും പുരുഷന്‍മാരേയും രക്ഷിക്കുമോ?

കേരളത്തിൽ ഇന്നലെ 10 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കും വീതവും കോട്ടയം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. രോഗം സ്ഥിരീകരിച്ചവരിൽ നാല് പേര്‍ കഴിഞ്ഞ ദിവസം വിദേശത്ത് നിന്നും 2 പേര്‍ ചെന്നൈയില്‍ നിന്നും വന്നതാണ്. 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകർന്നത്. 490 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 41 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook