Explained:  രാജ്യത്ത് ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ബാങ്ക് വായ്പകള്‍ക്കു മൂന്നു മാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുകയാണു റിസര്‍വ് ബാങ്ക്. മാര്‍ച്ച് ഒന്നു വരെയുള്ള എല്ലാ ടേം വായ്പകളുടെയും തിരിച്ചടവിനു മൊറട്ടോറിയം ഏര്‍പ്പെടുത്താനാണ് ആര്‍ബിഐ ബാങ്കുകളെ അനുവദിച്ചിരിക്കുന്നത്.

ഭവന, വാഹന ഉള്‍പ്പെടെയുള്ള എല്ലാ വിധ വായ്പകള്‍ക്കും മൊറട്ടോറിയം ഏര്‍പ്പെടുത്താനാണ് ആര്‍ബിഐ നിര്‍ദേശ. വായ്പാ തിരിച്ചടവ് ഷെഡ്യൂളും തുടര്‍ന്നുള്ള തിരിച്ചടവ് തീയതികളും വായ്പകളുടെ കാലാവധിയും മൂന്ന് മാസത്തേക്കു മാറ്റിവയ്ക്കാമെന്നാണ് ആര്‍ബിഐ വ്യക്തമാക്കിയത്. എന്നാല്‍ വായ്പകളുടെ പുനഃക്രമീകരണവും അവ ഉപഭോക്താക്കളെ അറിയിക്കുകയും ചെയ്യുന്നതും സംബന്ധിച്ച തീരുമാനം അതതു ബാങ്കുകള്‍ക്കു വിട്ടിരിക്കുകയാണ് ആര്‍ബിഐ.

Read Also: ഇറ്റലിയിൽ ഇന്നുമാത്രം മരിച്ചത് ആയിരത്തിനടുത്ത് ആളുകൾ; ലോകത്ത് മരണസംഖ്യ 25,000 കടന്നു

ആനുകൂല്യങ്ങള്‍ ആര്‍ക്കൊക്കെ ലഭിക്കും?

ഭവന, വാഹന, കോര്‍പ്പറേറ്റ് വായ്പകള്‍ എന്നിങ്ങനെയുള്ള ടേം വായ്പകള്‍ എടുത്ത വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ഈ നീക്കത്തില്‍നിന്ന് പ്രയോജനം നേടാം. അതിനാല്‍, ലോക്ക് ഡൗണ്‍ മൂലം അവരുടെ വരുമാനത്തില്‍ എന്തെങ്കിലും താല്‍ക്കാലിക തടസം അല്ലെങ്കില്‍ സാമ്പത്തികവരവില്‍ കുറയുന്നത് അടുത്ത മൂന്ന് മാസത്തേക്കുള്ള തിരിച്ചടവ് ഷെഡ്യൂളിനെ ബാധിക്കില്ല.

പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍, ചെറുകിട ധനകാര്യ ബാങ്കുകള്‍, ലോക്കല്‍ ഏരിയ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, അഖിലേന്ത്യാ ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ വാണിജ്യ ബാങ്കുകളിലും മൊറട്ടോറിയം സൗകര്യം ലഭ്യമാണ്.

ഭവന ധനകാര്യ കമ്പനികളും മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളും ഉള്‍പ്പെടെ നോണ്‍ ബാങ്കിങ് ഫിനാന്‍സ് കമ്പനികളിലെ വായ്പകള്‍ക്കു പോലും ഈ നീക്കത്തിന്റെ ഗുണം ലഭിക്കും.

ഒരു പ്രമുഖ ഹൗസിങ് ഫിനാന്‍സ് കമ്പനിയുടെ തലവന്‍ പറഞ്ഞത് ഇങ്ങനെയാണ്
‘റിസര്‍വ് ബാങ്ക് പ്രഖ്യാപനം എല്ലാ വിഭാഗങ്ങളിലുമുള്ള എല്ലാ റീട്ടെയില്‍, കോര്‍പ്പറേറ്റ് ഇതര വായ്പകളെയും ഉള്‍ക്കൊള്ളുന്നു.’

മൊറട്ടോറിയം എന്താണ് ഉള്‍ക്കൊള്ളുന്നത്?

വായ്പാത്തുകയ്ക്കും പലിശയ്ക്കും മൊറട്ടോറിയം ബാധകമാണ്. വായ്പാത്തുകയുടെ അനുപാതം വായ്പാ കാലത്തെ ആശ്രയിച്ചിരിക്കും. അതായത്, ഉപഭോക്താവിന്റെ ആദ്യ ഇഎംഐ ആണോ അല്ലെങ്കില്‍ നൂറാമത്തെ ആണോ എന്ന തരത്തില്‍.വായ്പാ കാലയളവില്‍ തിരിച്ചടവ് വര്‍ധിക്കുന്നതിനനുസരിച്ച് പലിശ കുറയും.

ഉപഭോക്താവിനു ലഭിക്കുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെ?

അടുത്ത മൂന്ന് മാസം പണമടയ്ക്കാത്തത് ഉപഭോക്താക്കളുടെ വായ്പ ചരിത്രത്തെ ബാധിക്കില്ല. അവരുടെ അക്കൗണ്ടുകള്‍ നിഷ്‌ക്രിയാസ്തി (എന്‍പിഎ)എന്ന് മുദ്രകുത്തില്ല.

സാധാരണഗതിയില്‍ വായ്പാ അക്കൗണ്ടുകള്‍ എന്‍പിഎകളായി മാറുന്നത് ബാങ്കുകളുടെയും വായ്പ നല്‍കുന്ന സ്ഥാപനങ്ങളുടെയും റിക്കവറി നടപടികള്‍ക്കു വിധേയമാകാറുണ്ട്.അതിനാല്‍ പുതിയ തീരുമാനം വായ്പയെടുത്തവര്‍ക്കു വലിയ ആശ്വാസം നല്‍കുന്നതാണ്.

Read Also: കോവിഡ്-19: ക്യൂബയിൽ നിന്നുള്ള മരുന്നിനെക്കുറിച്ച് ചർച്ച ഉയർന്നു; എല്ലാ സാധ്യതകളും തേടും – മുഖ്യമന്ത്രി

കമ്പനികള്‍ക്ക് എങ്ങനെ പ്രയോജനം ലഭിക്കും?

കോര്‍പ്പറേറ്റ് ഇന്ത്യയ്ക്കും ഇത് ഒരു വലിയ ആശ്വാസമാണ്. പ്രത്യേകിച്ചും കരുതല്‍ ധനം കുറവുള്ള കമ്പനികള്‍ക്ക്. വരുമാനത്തെ ബാധിച്ചതിനാല്‍, ബിസിനസുകള്‍ പൂര്‍ണമായും അടച്ചുപൂട്ടിയതിനാല്‍ അവയില്‍ പലതും തിരിച്ചടയ്ക്കാനുള്ള കഴിവില്ലായിരിക്കാം. ആര്‍ബിഐ തീരുമാനം അവര്‍ക്ക് വലിയ ആശ്വാസം നല്‍കും.

ബാങ്കുകളുടെ കാര്യമോ?

മൂന്നു മാസത്തേക്കു തിരിച്ചടവ് ലഭിക്കാത്തതിനാല്‍ ബാങ്കുകളുടെയും മറ്റ് വായ്പ നല്‍കുന്ന സ്ഥാപനങ്ങളുടെയും സാമ്പത്തിക വരവിനെ ബാധിക്കും. റിസര്‍വ് ബാങ്ക് കരുതല്‍ ധനാനുപാതം (സിആര്‍ആര്‍) കുറച്ചിട്ടുണ്ട്. ഇത് ബാങ്കുകള്‍ക്ക് അധിക ലിക്വിഡിറ്റി നല്‍കുന്നു.

സമ്പദ്വ്യവസ്ഥയെ ഉയര്‍ത്താനാവുമോ?

കൊറോണ വൈറസ് ബാധയുടെയും സമ്പദ്വ്യവസ്ഥയിലെ ലോക്ക് ഡൗണിന്റെയും
ആഘാതത്തില്‍നിന്ന് വ്യക്തികളെയും വ്യാപാരത്തെയും സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണു റിസര്‍വ് ബാങ്കിന്റെ പുതിയ തീരുമാനങ്ങള്‍. ഈ നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക ഉത്തേജക നടപടികളുമായി പൂരകമാകുകയാണെങ്കില്‍ സമ്പദ്വ്യവസ്ഥയ്ക്കു ഗുണകരമാകുമെന്നാണു വിദഗ്ധരുടെ നിരീക്ഷണം.

Read in English Here: RBI Loan Moratorium

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook