കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായ് രാജ്യം 21 ദിവസം ലോക്‌ഡൗണിലേക്ക് പോകുമ്പോള്‍, അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊള്ളുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച നടത്തിയ പ്രഖ്യാപനത്തില്‍ പറഞ്ഞിരുന്നു. ഏറ്റവും ആവശ്യമായ ഭക്ഷണവിതരണത്തിന്‍റെ ലഭ്യതയും വിതരണവും ഉറപ്പാക്കാന്‍ ഇന്ത്യ എന്തൊക്കെ തയ്യാറെടുപ്പുകളാണ് നടത്തിയിട്ടുള്ളത്?

ഭക്ഷണപദാര്‍ത്ഥങ്ങളുടെ ആഭ്യന്തരലഭ്യതയുടെ നിലവിലെ സ്ഥിതി എന്താണ്? നിയന്ത്രണങ്ങള്‍ ഈ അവസ്ഥയെ എത്രത്തോളം ബാധിക്കും?

കാര്‍ഷികോല്‍പ്പന്നങ്ങളില്‍ ഭക്ഷ്യധാന്യങ്ങളുടെ ഉല്‍പാദനത്തിലോ വിതരണത്തിലോ നിലവില്‍ യാതൊരു പ്രതിസന്ധിയുമില്ല. മാര്‍ച്ച് ഒന്നിലെ കണക്കുകളനുസരിച്ച് ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ സംഭരിച്ചുവച്ചിരിക്കുന്നത് ഏകദേശം 77.6 മില്യണ്‍ ടണ്‍സാണ്. കൂടാതെ കരുതല്‍ സംഭരണത്തിന്‍റെ ഭാഗമായുള്ള 21.04 മില്യണ്‍ ടണ്ണിന്‍റെ മൂന്നര ഇരട്ടിയോളം ഏപ്രില്‍ ഒന്ന് വരെയുള്ള കണക്കില്‍ സംഭരിച്ചിട്ടുണ്ട്. ഇതിന് പുറമെ പുതിയ ഗോതമ്പ് വിളവെടുക്കുന്നത് അടുത്തമാസം മുതല്‍ മാര്‍ക്കറ്റുകളിലെത്തി തുടങ്ങും.

നാഷണൽ അഗ്രിക്കള്‍ച്ചര്‍ കോപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(NAFED) മാര്‍ച്ച് 19 മുതല്‍ 2.25 മില്യണ്‍ ടണ്‍ പയറുവര്‍ഗ്ഗങ്ങള്‍ ശേഖരിച്ച് വച്ചിട്ടുണ്ട്. ഇതില്‍ മാര്‍ക്കറ്റില്‍ പുതിയതായി എത്തിയ ചന, തുവരപരിപ്പ്, ഗ്രീന്‍പീസ് തുടങ്ങിയവയുമുണ്ട്.

പകര്‍ച്ചവ്യാധിയുടെ ആഘാതം ഉല്‍പാദനമേഖലയെ ബാധിക്കാനിടയില്ല കാരണം, മിക്ക റാബി കൃഷികളും വിളവെടുത്തവയോ വിളവെടുക്കാന്‍ പാകത്തിലോ ആണ്. ഉല്‍പ്പന്നങ്ങള്‍ മൊത്തവിതരണകേന്ദ്രത്തിലെത്തി ഉപഭോക്താവിന്‍റെ കൈകളിലേക്കെത്തുന്ന വിതരണപ്രകിയയെ നിലവിലെ അവസ്ഥ പ്രതികൂലമായി ബാധിച്ചേക്കാം. വിതരണമേഖലയിലല്ല, നിലവിലെ നിയന്ത്രണങ്ങള്‍ വിതരണശൃംഖലയെയാണ് ബാധിക്കുക.

എന്നാല്‍ എഫ്.സി.ഐ(FCI),നാഫെഡ്(NAFED)എന്നിവിടങ്ങളില്‍ സംഭരിച്ചിട്ടുള്ള അരി, ഗോതമ്പ്, പയറുവര്‍ഗ്ഗങ്ങളുടെ കാര്യത്തില്‍ ഈ ആശങ്ക വേണ്ട. ഇവിടെ നിന്നും ധാന്യങ്ങള്‍ ഗോഡൗണുകളിലേക്കും അവിടെ നിന്ന് റേഷന്‍ കടകളിലേക്കും എത്തിക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല, കേന്ദ്രം അധികമായ് സംഭരിച്ച് വച്ചിട്ടുളള ധാന്യങ്ങള്‍ മൊത്തവിതരണകേന്ദ്രങ്ങളിലൂടെയും പലചരക്ക് കടകളിലുടെയും വിതരണം ചെയ്യാനുളള അവസരം കൂടിയാണിത്.

പാല്‍,പഞ്ചസാര, എണ്ണ എന്നിവയുടെ സ്ഥിതി

ഇവയും ഉല്‍പാദനത്തിനുശേഷം മാര്‍ക്കറ്റുകളില്‍ വില്‍പനയ്ക്കെത്തിക്കുന്നവയാണ്. പാലുല്‍പ്പന്നങ്ങള്‍ സംഭരിക്കുന്നത് നേരിട്ട് ക്ഷീരകര്‍ഷകരില്‍ നിന്നോ അല്ലങ്കില്‍ മൊത്തസംഭരണക്കാരില്‍ നിന്നോ ആണ്. പഞ്ചസാരയുടെ കാര്യത്തില്‍ കരിമ്പ് ശേഖരിച്ച് മില്ലുകളില്‍ പഞ്ചസാരയാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഇന്ത്യയില്‍ ഉപയോഗിക്കുന്ന ഭക്ഷ്യഎണ്ണയുടെ മൂന്നില്‍‌ രണ്ട് ഭാഗവും ഇറക്കുമതി ചെയ്യുന്നതാണ്. അവിടെയും വിളകള്‍ ആദ്യം വരുന്നത് അഗ്രിക്കള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി(APMC)യിലേക്കാണ്, നേരിട്ട് മാര്‍ക്കറ്റുകളിലേക്കല്ല.

നിലവിലെ ലോക്‌ഡൗൺ സാഹചര്യത്തില്‍ ഭക്ഷണസാധനങ്ങള്‍, പ്രത്യേകിച്ച് ഇവ മൂന്നും കൂടുതല്‍ ഉപയോഗിക്കുന്ന മേഖലകളില്‍ നിയന്ത്രണങ്ങള്‍ വന്നിട്ടുണ്ട്. ഹോട്ടല്‍, റസ്റ്റോറന്‍റുകള്‍, കാറ്ററിങ് മേഖലകളാണ് കൂടുതല്‍ പാലും പഞ്ചസാരയും എണ്ണയും ഉപയോഗിക്കുന്നതിന് മുന്നില്‍ നില്‍ക്കുന്നത്, ഈ സ്ഥാപനങ്ങള്‍ തല്‍ക്കാലത്തേക്ക് അടച്ചുപൂട്ടിയിരിക്കുകയാണ്. ബിസിനസ് ടു ബിസിനസ് എന്ന രീതിയിലുള്ള ലാഭക്കച്ചവടത്തില്‍ നിന്നും ബിസിനസ് ടു കണ്‍സ്യൂമര്‍ എന്ന രീതിയിലേക്ക് അതായത് ഉപഭോക്താക്കള്‍ക്ക് ആവശ്യമായവ നല്‍കുക എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറിയിട്ടുണ്ട്.

ഇതിന് രണ്ട് അനന്തരഫലങ്ങളാണുളളത്

ഒരുവശത്ത് സാധനങ്ങളുടെ ലഭ്യതയില്‍ കുറവുണ്ടായേക്കുമെന്ന് കരുതി സാധാരണക്കാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പാല്‍,തൈര്,പഞ്ചസാര, ഭക്ഷ്യഎണ്ണ എന്നിവയൊക്കെ പതിവിലും കൂടുതല്‍ വാങ്ങി വച്ചിട്ടുണ്ട്. ഗുജറാത്ത് കോപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍റെ മാനേജിങ് ഡയറക്ടര്‍ ആര്‍.എസ്.സോധി കഴിഞ്ഞദിവസങ്ങളിലെ വില്‍പ്പനയുടെ കണക്കുകള്‍ കാണിച്ച് ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഡല്‍ഹിയിലും 37 ലിറ്ററും മഹരാഷ്ട്രയില്‍ 22 ലിറ്ററുമാണ് ദിവസേന അമുല്‍ മില്‍ക്കിന്‍റെ വില്‍പന ഇപ്പോള്‍ നടക്കുന്നത്. മുന്‍പ് ഡല്‍ഹിയില്‍ 31-32 ലിറ്ററും മഹാരാഷ്ട്രയില്‍ 18-19 ലിറ്ററും വിറ്റിരുന്ന സാഹചര്യത്തിലാണ് ഈ മാറ്റം.

എന്നാല്‍ മറുവശത്ത്, ആളുകള്‍ അടിസ്ഥാന ഭക്ഷണവസ്തുക്കളില്‍ ശ്രദ്ധകേന്ദ്രീകരിച്ചതോടെ സ്കിംഡ് മില്‍ക്ക്, ഐസ്ക്രീം, ചീസ്, പിസ എന്നിവയുടെ വില്‍പനയില്‍ കാര്യമായ തകര്‍ച്ചയുണ്ടായിട്ടുണ്ട്. 15 ദിവസം മുന്‍പ് വരെ കിലോയ്ക്ക് 320-330 രൂപയുണ്ടായിരുന്ന സ്കിംഡ് മില്‍ക്ക് ഇപ്പോള്‍ 250 രൂപയ്ക്കാണ് വില്‍ക്കുന്നത്. മഹാരാഷ്ട്രയിലെ ചില ഡയറികള്‍ പാലിന്‍റെ സംഭരണവില ലിറ്ററിന് 32ല്‍ നിന്ന് 20 രൂപയായ് കുറച്ചു.

ഹോട്ടലുകളും റസ്റ്റോറന്‍റുകളും കാറ്ററിങ്ങ് സ്ഥാപനങ്ങളും സോഫ്റ്റ് ഡ്രിങ്ക്സ് ഉല്‍പാദകരും പിന്‍വലിഞ്ഞതോടെ മില്ലുകള്‍ പഞ്ചസാര വാങ്ങുന്നതിലും കുറവ് വരുത്തി. പഞ്ചസാര ഉല്‍പാദനത്തിന്‍റെ ഉപോല്‍പന്നമായ എഥനോള്‍, 10ശതമാനം പെട്രോളില്‍ കലര്‍ത്തി വില്‍ക്കുന്നതിന് ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികള്‍ വാങ്ങാറുണ്ട്. ഇതും ഇപ്പോള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. ആളുകള്‍ സ്വന്തം വാഹനങ്ങള്‍ ഉപയോഗിക്കുന്നതില്‍ കാര്യമായ കുറവുണ്ടായത് കൊണ്ടാണ് ഇതെന്നാണ് ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികളുടെ വിശദീകരണം.

ഭക്ഷണമേഖലയിലെ വ്യാപാര ഇടപാടുകള്‍ തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കുന്നതിനാല്‍ സാധാരണക്കാര്‍ക്ക് ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഇപ്പോള്‍ കരുതിയിരിക്കുന്ന വസ്തുക്കള്‍ മതിയാകേണ്ടതാണ്.

ഏത് ഭക്ഷണപദാര്‍ത്ഥങ്ങളുടെ വിതരണത്തെയാണ് നിലവിലെ അവസ്ഥ ബാധിക്കുക?

മാര്‍ക്കറ്റുകളിലൂടെ വില്‍ക്കുന്ന പഴങ്ങളുടെയും പച്ചക്കറികളുടെയും വില്‍പനയിലാണ് അടിസ്ഥാനപരമായ് തടസ്സങ്ങളുണ്ടാകുന്നത്. നവി മുംബൈയിലെ വശി മാര്‍ക്കറ്റില്‍, ബുധനാഴ്ച മുതല്‍ പഴങ്ങളുടെ വില്‍പ്പക്കാരും ഏജന്‍റുമാരും വ്യാപാരം നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതിന് പുറമെ കര്‍ഷകര്‍ നേരിട്ട് ഉല്‍പ്പന്നങ്ങളെത്തിക്കുന്ന ചില പ്രാദേശിക ചില്ലറ വ്യാപാരകേന്ദ്രങ്ങളും അടച്ചു.

ഗ്രാമപ്രദേശങ്ങളില്‍ പകര്‍ച്ചവ്യാധിയുടെ വ്യാപ്തി അത്രയ്ക്ക് എത്തിയിട്ടില്ലെങ്കിലും വരും ദിവസങ്ങളില്‍ തൊഴിലാളികളുടെ എണ്ണത്തില്‍ 25-30% കുറവുണ്ടാകുമെന്നാണ്, ഉത്തര്‍പ്രദേശിലെ ശാംലി ജില്ലയിലെ ഖേരി ബൈരഗി വില്ലേജിലെ കരിമ്പ് കര്‍ഷകനായ ജിതേന്ദര്‍ സിങ്ങിന്‍റെ കണക്കുകൂട്ടല്‍. ബിഹാറില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികള്‍ പകര്‍ച്ചവ്യാധി ഭയന്ന് അവരവരുടെ ഗ്രാമങ്ങളിലേക്ക് മടങ്ങുന്നത്, ഉത്തര്‍പ്രദേശിലെ വിളവെടുപ്പിന്‍റെ പ്രധാനസമയത്താണെന്നതിനാല്‍ വലിയതോതില്‍ തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വരും ദിവസങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികളെന്തൊക്കെയാണ്?

കോവിഡ് 19ന്‍റെ പ്രതിരോധവുമായ് ബന്ധപ്പെട്ട് രാജ്യത്തെ അഭിസംബോധന ചെയ്ത് ആദ്യം സംസാരിച്ചപ്പോള്‍ പ്രധാനമന്ത്രി ഉറപ്പ് നല്‍കിയത്, “പാല്‍ പോലെയുള്ള അവശ്യസാധനങ്ങളുടെ ലഭ്യതയില്‍ കുറവുണ്ടാകാതിരിക്കാനുള്ള സത്വരനടപടികള്‍ സ്വീകരിക്കുമെന്നാണ്.” ആ പ്രത്യേകപരമാര്‍ശം ഗ്രാമപ്രദേശങ്ങളില്‍ നിന്ന് തുടങ്ങി രാജ്യമൊട്ടാകെയുള്ള വലിയ കേന്ദ്രങ്ങളിലേക്ക് പാല്‍ വിതരണം സുഗമമാക്കാന്‍ വലിയ തോതില്‍ സഹായിച്ചു. എന്നാല്‍ ഇതേ സമീപനം മറ്റ് ഭക്ഷണപദാര്‍ത്ഥങ്ങളുടെ കാര്യത്തിലുണ്ടായിട്ടില്ല.

അന്തര്‍സംസ്ഥാന യാത്രാനിയന്ത്രണങ്ങള്‍ പച്ചക്കറി വ്യാപാരത്തെ ബാധിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ മാഡാനപ്പള്ളിയില്‍ നിന്ന് തക്കാളികളുമായ് വന്ന ട്രക്കുകള്‍ക്ക് ബെംഗളൂരു കടക്കാനായില്ലെന്നതും വഴുതനങ്ങയും ബീന്‍സുമായ് കര്‍ണാടകയിലെ ചിക്കബെല്ലപൂരില്‍ നിന്ന് ഹൈദരബാദിലേക്ക് പുറപ്പെട്ട വാഹനങ്ങള്‍ക്ക് പാതിവഴിയില്‍ യാത്ര ഉപേക്ഷിക്കേണ്ടി വന്നതും ഇതിന് തെളിവാണ്. അല്‍ഫോണ്‍സ മാങ്ങകളും മുന്തിരികളും ഈ സമയത്ത് മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കാന്‍ പറ്റാത്തത് രത്നഗിരിയിലെയും സാങ്ക്ളിയിലെയും കര്‍ഷകരെ സാരമായ് ബാധിക്കുമെന്നതില്‍ സംശയമില്ല.

ഫ്രഷ് ഫ്രൂട്ട്സ് ആന്‍ഡ് വെജിറ്റബിള്‍സ് ഓണ്‍ലൈനില്‍ വില്‍പന നടത്തുന്ന രാജ്യത്തെ മിക്ക വ്യാപാരസ്ഥാപനങ്ങളും നിര്‍ബന്ധപൂര്‍വ്വം അടപ്പിച്ചു. ഉത്തര്‍പ്രദേശിലെ പഞ്ചസാരമില്ലുകളിലേക്ക് ആവശ്യമായ സള്‍ഫര്‍, എച്ച്ഡിപിഇ (HDPE) ബാഗുകളും തീര്‍ന്നിരിക്കുകയാണ്. ഗുജറാത്തിലെയും രാജസ്ഥാനിലെയും ഇവ പാക്ക് ചെയ്യുന്ന സ്ഥാപനങ്ങളില്‍ തൊഴിലാളികള്‍ക്ക് പ്രവേശനമില്ലാത്തതിനാല്‍ സള്‍ഫര്‍, എച്ച്ഡിപിഇ ബാഗുകള്‍ തയ്യാറാക്കാനാവുന്നില്ലെന്നതാണ് കാരണം. ഇതുപോലെയുള്ള തടസ്സങ്ങളാണ് ഉടനടി നീക്കം ചെയ്യേണ്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook