കോവിഡ് -19 പരിശോധനാ തന്ത്രത്തില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ചൊവ്വാഴ്ച വലിയ മാറ്റം വരുത്തിയിരിക്കുകയാണ്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും രോഗലക്ഷണമുള്ള എല്ലാവരെയും പരിശോധനയ്ക്കു വിധേയമാക്കാനാണു നിര്‍ദേശം. നിരീക്ഷണ നടപടിയായി ആന്റിബോഡി പരിശോധന നടത്താന്‍ സ്വകാര്യ ആശുപത്രികള്‍, ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയോട് ഐസിഎംആര്‍ ആവശ്യപ്പെട്ടു.

കോവിഡ് വ്യാപനം ആരംഭിച്ചതു മുതലുള്ള ഐസിഎംആറിന്റെ ടെസ്റ്റിങ് പ്രോട്ടോക്കോളുകളിലെ മാറ്റം പരിശോധിക്കാം.

മാര്‍ച്ച്: പരിമിതമായ പരിശോധന

മാര്‍ച്ച് 17 ന്, പരിശോധനാ തന്ത്രം ഇപ്പോഴുള്ളതിനേക്കാള്‍ വളരെ പരിമിതമായിരുന്നു. ”വിവേചനമില്ലാത്ത പരിശോധന ഒഴിവാക്കുക, പരിഭ്രാന്തി കുറയ്ക്കുക, രാജ്യത്തിന്റെ വിഭവങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുക, പരിശോധനാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക” എന്നീ ലക്ഷ്യങ്ങൾ ഉൾപ്പെടുന്നതായിരുന്നു അന്നത്തെ പരിശോധനാ തന്ത്രം. രാജ്യാന്തര യാത്രക്കാര്‍, കോവിഡ് രോഗിയുമായി സമ്പര്‍ക്കമുള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നീ മൂന്ന് വിഭാഗങ്ങളിലെ രോഗലക്ഷണങ്ങളുള്ള ആളുകളില്‍ മാത്രമായി പരിശോധന കേന്ദ്രീകരിച്ചു:

”വിദേശത്ത് യാത്ര ചെയ്യാത്തവരോ, രോഗികളുമായി യാതൊരു ബന്ധവുമില്ലാത്തവരുമായ  ആളുകളുടെ പുറകെ എന്തിന് സഞ്ചരിക്കണം,” എന്നാണ് ഐസിഎംആറിലെ മുതിര്‍ന്ന ശാസ്ത്രജ്ഞ നിവേദിത ഗുപ്ത അന്ന് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞത്.

”അങ്ങനെ സഞ്ചരിച്ചാല്‍, ഇന്ത്യ പോലുള്ള വലിയ രാജ്യത്ത്, യഥാര്‍ഥ ആവശ്യക്കാരെ പരിശോധിക്കാന്‍ കഴിയില്ല. കാരണം ഞാന്‍ അത് വ്യര്‍ഥമായ പരിശോധനയില്‍ പാഴാക്കുന്നു. ലഭ്യമായ പരിശോധനാ സാമഗ്രികളുടെ പട്ടിക  കർശനമായി സൂക്ഷിക്കുന്നുണ്ടെങ്കിലും വ്യര്‍ഥമായ പരിശോധന വഴി പരിശോധനാ ശേഷി മുഴുവന്‍ തീര്‍ക്കുന്ന സാഹചര്യത്തിലല്ല നമ്മളെന്ന്  ഉറപ്പാക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ നാളെ, കേസുകള്‍ വര്‍ധിച്ചാല്‍ പരിശോധനാ സൗകര്യങ്ങളെല്ലാം തീര്‍ന്നുവെന്ന് പറയേണ്ടിവരും,”നിവേദിത ഗുപ്ത പറഞ്ഞു.

Also Read: കോവിഡ്-19 വാക്‌സിന്‍ മൂക്കില്‍ സ്‌പ്രേ ചെയ്യുന്നത് ഫലപ്രദം; ഒക്ടോബറിലെത്തും

ആ സമയത്ത്, സ്വകാര്യമേഖലയില്‍ കോവിഡ്-19 പരിശോധനയക്ക് അനുവാദം നല്‍കിയിരുന്നില്ല. ഐസിഎംആറാവട്ടെ ലാബുകളുടെ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള പ്രക്രിയ ആരംഭിക്കുന്നതേയുണ്ടായിരുന്നുള്ളൂ. ഗുരുതരമായ ശ്വാസകോശ സംബന്ധമായ അസുഖം (സാരി) ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരെയും രോഗബാധിതരുമായി സമ്പര്‍ക്കമുള്ള രോഗലക്ഷണങ്ങളില്ലാത്തവരെയും ഉള്‍പ്പെടുത്തുന്നതിനായി ഐസിഎംആര്‍ മാര്‍ച്ച് അവസാനത്തോടെ പരിശോധന വിപുലീകരിച്ചു. ഐസിഎംആറിന്റെ ആദ്യ നിരീക്ഷണ രീതിയോടൊപ്പം കോവിഡ് -19 പോസിറ്റീവ് കേസുകള്‍ കണ്ടെത്തുന്നതിനായി സാരി രോഗികളെ പരിശോധനയ്ക്കു വിധേയമാക്കുന്നത് പുതിയ കേന്ദ്രബിന്ദുവായി.

ഏപ്രില്‍: പുതിയ സമ്പ്രദായം

കോവിഡ്-19 ഹോട്ട്സ്‌പോട്ടുകളിലും കുടിയേറ്റ തൊഴിലാളികളുടെ കേന്ദ്രങ്ങളിലും ദ്രുത ആന്റിബോഡി പരിശോധന നടത്താന്‍ ഏപ്രില്‍ നാലിന് ഐസിഎംആര്‍ നിര്‍ദേശിച്ചു. ഇതു സംബന്ധിച്ച തീരുമാനം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വിട്ടു. ഈ പരിശോധനകള്‍ രോഗം നിര്‍ണയിക്കാനുള്ളതല്ല. എന്നാല്‍ ഒരാള്‍ക്ക് മുമ്പ് കൊറോണ വൈറസ് ബാധിച്ചിരുന്നുവോയെന്ന് കണ്ടെത്താന്‍ കഴിയും. കേരളം, തമിഴ്നാട്, ഛത്തീസ്‌ഗഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇത്തരത്തിലുള്ള നിരീക്ഷണം നടത്തുന്നതില്‍ അതീവ തൽപ്പരരായിരുന്നു.

പിന്നീട്, ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്ത, ഫലനിര്‍ണയത്തില്‍ പിഴവുള്ള ഒരു കൂട്ടം കിറ്റുകള്‍ കാരണം ഐസിഎംആര്‍ തീരുമാനം മാറ്റി. ആന്റിബോഡി പരിശോധന ഗവേഷണത്തിനായി ഉപയോഗിക്കണമെന്ന് മുമ്പ് പറഞ്ഞതു സംബന്ധിച്ച് ഏപ്രിലിന്റെ തുടക്കത്തില്‍ ലോകാരോഗ്യ സംഘടനയും ഐസിഎംആറും തമ്മില്‍ ഭിന്നതയുണ്ടായിരുന്നു. ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് ”അനുബന്ധമായി” തന്നെ വിശദമായ ആന്റിബോഡി പരിശോധന നടത്തണമെന്ന് ഐസിഎംആര്‍ പിന്നീട് നിര്‍ദേശിച്ചു.

ഡല്‍ഹിയിലെ നിസാമുദ്ദീന്‍, ദില്‍ഷാദ് ഗാര്‍ഡന്‍, മുംബൈ, പൂനെ, കേരളത്തില്‍ പത്തനംതിട്ട എന്നിവയുള്‍പ്പെടെ 20 ഹോട്ട്സ്പോട്ടുകളില്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഐസിഎംആര്‍ നിര്‍ദേശിച്ചു.

ഹോട്ട്‌സ്‌പോട്ടുകളിലെ രോഗലക്ഷണളുള്ളവര്‍, കുടിയേറ്റ തൊഴിലാളികൾ കൂടുതലായുള്ള സ്ഥലങ്ങൾ, കുടിയൊഴിപ്പിക്കല്‍ കേന്ദ്രങ്ങള്‍ എന്നീ ഘടകങ്ങളെ ഐസിഎംആര്‍ പരിശോധന തന്ത്രത്തില്‍ ഏപ്രില്‍ ഒന്‍പതിന് ഉള്‍പ്പെടുത്തി. രാജ്യത്തുടനീളമുള്ള സാരി രോഗികള്‍ക്കിടയില്‍ കോവിഡ് -19 റാന്‍ഡം പോസിറ്റീവ് സാമ്പിളുകളുടെ ശതമാനം ഒരു മാസത്തിനിടെ വര്‍ധിച്ചുവരുന്നതായി ഐസിഎംആറിന്റെ അക്കാലത്തെ ഗവേഷണത്തില്‍ കണ്ടെത്തി.

Also Read:ഓഗസ്റ്റിൽ രോഗവ്യാപനം വർധിക്കുമെന്ന് മുന്നറിയിപ്പ്: അറിയാം ഇന്നത്തെ കോവിഡ് വാർത്തകൾ

കുറഞ്ഞ കോവിഡ്-19 പോസിറ്റീവ് കേസുകളോ കുറഞ്ഞ പോസിറ്റിവിറ്റി നിരക്കുകളോ ഉള്ള പ്രദേശങ്ങളില്‍ ഏപ്രില്‍ 13 ന് ഐസിഎംആര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വിശദമായ പൂള്‍ സാമ്പിള്‍ ശേഖരണം നടത്തി. പൂള്‍ സാമ്പിളുകളില്‍നിന്ന് ഏതെങ്കിലും പോസിറ്റീവ് സാമ്പിള്‍ കണ്ടെത്തിയാല്‍ വ്യക്തിഗത പരിശോധനാ നടപടികള്‍ പിന്തുടര്‍ന്നു. ഉത്തർപ്രദേശ് പോലുള്ള സംസ്ഥാനങ്ങള്‍ ഈ തന്ത്രം സ്വീകരിച്ചു.

പരിശോധനയുടെ അപര്യാപ്തതയുടെ തിരിച്ചടി ഐസിഎംആര്‍ ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുകയാണ്. അണുബാധയുണ്ടാകാനുള്ള നിശ്ചിത സമയത്തിനു മുന്‍പുള്ള പരിശോധനയില്‍ ഫലം പോസിറ്റീവാകാനുള്ള സാധ്യത കുറവാണെന്നാണ് ഐസിഎംആറിലെ പകര്‍ച്ചവ്യാധി ചികിത്സാ വിഭാഗം മേധാവി ഡോ. ആര്‍.ആര്‍. ഗംഗാഖേദ്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്.

”രോഗലക്ഷണങ്ങളുള്ളപ്പോഴാണ് ഫലം പോസിറ്റീവാകുന്നത്. പരീക്ഷണ തന്ത്രം മാറ്റുന്നതിനെക്കുറിച്ച് നിലവില്‍ ചിന്തിക്കാന്‍ പോലും കഴിയില്ല…. എനിക്ക് പറയാന്‍ കഴിയില്ല,”ഡോ. ഗംഗാഖേദ്കര്‍ പറഞ്ഞു.

മേയ്: വിപുലീകരിച്ച പ്രോട്ടോക്കോള്‍

രോഗലക്ഷണമുള്ള കുടിയേറ്റ തൊഴിലാളികള്‍, ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികള്‍, മുന്‍നിര ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരെയും പരിശോധനാ തന്ത്രത്തിലേക്ക് ഐസിഎംആര്‍ മേയ് 18 ന് ഉള്‍പ്പെടുത്തി. ‘പകര്‍ച്ചപ്പനി പോലുള്ള ലക്ഷണങ്ങള്‍ (ഐഎല്‍ഐ) പ്രകടിപ്പിക്കുന്ന ആശുപത്രിയില്‍ പ്രവേശിപ്പിച്ച എല്ലാ രോഗികളെയും പരിശോധനാ തന്ത്രത്തില്‍ ഉള്‍പ്പെടുത്തുന്നത് ആശുപത്രിയില്‍ രോഗം പിടിപെടുന്ന രോഗികളോടുള്ള ആശങ്കയെ സൂചിപ്പിക്കുന്നു. മടങ്ങിയെത്തിയവരെയും കുടിയേറ്റ തൊഴിലാളികളെയും സമ്പര്‍ക്ക ചരിത്രം അല്ലെങ്കില്‍ അവര്‍ ഹോട്ട്സ്പോട്ടില്‍നിന്ന് യാത്ര ചെയ്യുകയാണോ എന്നത് പരിഗണിക്കാതെ പരിശോധനാ തന്ത്രത്തില്‍ ഉള്‍പ്പെടുത്തുന്നത് സമൂഹവ്യാപനം സംബന്ധിച്ച ആശങ്കകളെ സൂചിപ്പിക്കുന്നു.

Also Read:കോവിഡ്: ഏതു നിമിഷവും സമൂഹവ്യാപനം നടന്നേക്കാമെന്ന് ആരോഗ്യ മന്ത്രി

നേരിയ അല്ലെങ്കില്‍ കുറഞ്ഞ തോതില്‍ രോഗലക്ഷണമുള്ള കേസുകളില്‍, ഡിസ്ചാര്‍ജ് ചെയ്യുന്നതിന് മുമ്പോ അല്ലെങ്കില്‍ ഹോം ഐസൊലേഷൻ കാലയളവിനുശേഷമോ കോവിഡ് പരിശോധന നടത്തേണ്ടതില്ലെന്ന് മേയില്‍ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു.

വൈറസ് വ്യാപനം വിലയിരുത്തുന്നതിനായി സര്‍ക്കാര്‍ രാജ്യവ്യാപകമായി സെറോ സര്‍വേയും ആരംഭിച്ചു. ഐസിഎംആറിന്റെ സ്വന്തം ”തദ്ദേശീയ” ആന്റിബോഡി ടെസ്റ്റ് കിറ്റിന്റെ സാധുകരീക്കുന്നതിനും ഇതു പ്രചോദനമായി.

ഇടുങ്ങിയ അല്ലെങ്കില്‍ വായുസഞ്ചാരം കുറഞ്ഞ കെട്ടിടങ്ങളില്‍ താമസിച്ച
മറ്റു സംസ്ഥാനങ്ങളില്‍നിന്ന് മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികള്‍, നിശ്ചിത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍, നിയന്ത്രണമേഖലകളിലെ ആളുകള്‍, പൊലീസ്, അര്‍ധസൈനികര്‍, ജയില്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ കേന്ദ്രീകരിച്ച് ആന്റിബോഡി പരിശോധന നടത്താന്‍ ഐസിഎംആര്‍ മേയ് 30നു സംസ്ഥാനങ്ങള്‍ക്ക് ഉപദേശം നല്‍കി.

മേയ് അവസാനത്തോടെ, പ്രതിദിനം ഒരു ലക്ഷത്തിലധികം സാമ്പിളുകള്‍ പരിശോധിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ രാജ്യത്തെ പോസിറ്റിവിറ്റി നിരക്ക് കുത്തനെ ഉയരാന്‍ തുടങ്ങി. മാറിക്കൊണ്ടിരിക്കുന്ന പരിശോധനാ തന്ത്രത്തിനൊപ്പം സജ്ജീകരണങ്ങളും കിറ്റുകളുടെ ഇനങ്ങളും ക്രമേണ വര്‍ധിച്ചു.

Also Read:‘കൊറോണ കിറ്റ്’: പതഞ്ജലി ലൈസൻസ് നേടിയത് കോവിഡ് മരുന്നിനല്ലെന്ന് ഉത്തരാഖണ്ഡ് സർക്കാർ

ജൂണ്‍: ദ്രുത ആന്റിജന്‍ പരിശോധന

ലബോറട്ടറി സഹായം ആവശ്യമില്ലാതെ വേഗത്തിലും കുറഞ്ഞ ചെലവിലും ഫലം ലഭ്യമാക്കാന്‍ കഴിയുന്ന, കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്കും ആരോഗ്യപരിപാലന സംവിധാനങ്ങള്‍ക്കുമായുള്ള പുതിയ പരിശോധനാ കിറ്റിന് ഐസിഎംആര്‍ ജൂണ്‍ 15 ന് അംഗീകാരം നല്‍കി.

കണ്ടെയ്ന്‍മെന്റ് സോണുകളിലെ പനിയും ചുമയുമുള്ള എല്ലാവര്‍ക്കും രോഗം സ്ഥിരീകരിച്ചയാളുമായി നേരിട്ടു സമ്പര്‍ക്കമുള്ള, രോഗലക്ഷണങ്ങളില്ലാത്ത, മറ്റു രോഗാവസ്ഥകള്‍ ഉയര്‍ന്ന തോതിലുള്ള എല്ലാവര്‍ക്കും ദ്രുത ആന്റിജന്‍ പരിശോധന പ്രോത്സാഹിപ്പിച്ചു. ആരോഗ്യപരിപാലന സംവിധാനത്തില്‍, കോവിഡ് -19 ബാധിച്ചതായി സംശയിക്കുന്ന പകര്‍ച്ചപ്പനി പോലുള്ള അസുഖമുള്ള എല്ലാവര്‍ക്കും രോഗപ്രതിരോധ ശേഷിയില്ലാത്ത അല്ലെങ്കില്‍ മറ്റ് രോഗാവസ്ഥകളുള്ള രോഗലക്ഷണമില്ലാത്തവര്‍ക്കും ഈ പരിശോധന ഗുണകരമാകും. ന്യൂറോ സംബന്ധമായ ശസ്ത്രക്രിയകള്‍, ദന്ത ചികിത്സ, ഡയാലിസിസ് തുടങ്ങിയവയ്ക്ക് വിധേയരായ രോഗലക്ഷണമില്ലാത്തവര്‍ക്കും പരിശോധന ലഭ്യമാകും. ഫലം പോസിറ്റീവായാല്‍ രോഗം ബാധിച്ചതായി സ്ഥിരീകരിക്കും. നെഗറ്റീവാണെങ്കില്‍ പുനഃസ്ഥിരീകരണത്തിന് ആര്‍ടി-പിസിആര്‍ പരിശോധന നടത്തും.

മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ദ്രുത ആന്റിജന്‍ പരിശോധനാ കിറ്റുകള്‍ ശേഖരിച്ചു. ”ഇത്തരം കിറ്റുകള്‍ ഉപയോഗിച്ച് എല്ലാ സംസ്ഥാനങ്ങളും പരിശോധന ആരംഭിക്കാന്‍ തയാറെടുക്കുകയാണ്. മിക്കവാറും എല്ലാ സംസ്ഥാനങ്ങളും ആത്യന്തികമായി ഇവ വാങ്ങും. തങ്ങളുടെ സ്ഥാപനത്തിൽ വൈറല്‍ ലോഡ് ധാരാളമുള്ള രോഗലക്ഷണമുള്ളവരുണ്ടെങ്കില്‍ കണ്ടെത്താനും അനവധി ആശുപത്രികൾ കിറ്റ് സംബന്ധിച്ച് ആരായുകയും ഓർഡർ നൽകുകയും ചെയ്തു,”ടെസ്റ്റ് കിറ്റ് വിതരണം ചെയ്യുന്ന എസ്ഡി ബയോസെന്‍സറിന്റെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

”പുതിയ തരം പരിശോധനാ കിറ്റുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇന്ത്യ പോലുള്ള വലിയ രാജ്യത്ത് പരിശോധനയ്ക്കുള്ള മാര്‍ഗം ഇപ്പോഴും വലിയ വെല്ലുവിളിയായി തുടരുന്നു,”ജൂണ്‍ 23 നു പുറപ്പെടുവിച്ച മാർഗനിര്‍ദേശത്തില്‍  ഐസിഎംആർ വ്യക്തമാക്കുന്നു.

തയാറാക്കിയത്: കരിഷ്മ മെഹ്റോത്ര

Read in English: Explained: A look at India’s evolving strategy on testing for Covid-19

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook