/indian-express-malayalam/media/media_files/uploads/2021/01/Covid-testing-explained.jpg)
കൊറോണ വൈറസിനോടുള്ള ശരീരത്തിന്റെ പ്രതിരോധ പ്രതികരണം (ഇമ്യൂൺ റെസ്പോൺസ്) ചുരുങ്ങിയത് എട്ടു മാസമെങ്കിലും നീണ്ടുനിൽക്കുമെന്ന് പഠനം. രോഗലക്ഷണങ്ങൾ കണ്ടെത്തിയ സമയം മുതൽ കണക്കാക്കിയാൽ എട്ടു മാസമോ അതിലധികമോ ആണ് ശരീരത്തിൽ ഈ പ്രതിരോധ ശേഷിയുണ്ടാവുകയെന്ന് പഠനം വ്യക്തമാക്കുന്നു.
കോവിഡ് -19നെതിരായ പ്രതിരോധശേഷി എത്ര കാലം നീണ്ടുനിൽക്കുമെന്ന കാര്യം രോഗവ്യാപനം ആരംഭിച്ച സമയം മുതലുള്ള ഗവേഷണ വിഷയമാണ്. ഇതുവരെയുള്ള പഠനങ്ങളിൽ വ്യത്യസ്ത ഫലങ്ങളാണ് ലഭിച്ചത്. കഴിഞ്ഞ വർഷം ജൂലൈയിൽ നടന്ന ഒരു പഠനം സൂചിപ്പിക്കുന്നത് പുതുതായി രൂപപ്പെട്ട പ്രതിരോധശേഷി മാസങ്ങൾക്കുള്ളിൽ നഷ്ടപ്പെടുമെന്നാണ്. കോവിഡ്-19 ഭേദപ്പെട്ടവരിൽ കാലക്രമേണ ആന്റിബോഡികളുടെ അളവ് കുറയുന്നതായി കണ്ടെത്തിയതോടെയാണ് അത്തരമൊരു നിഗമനത്തിൽ ലണ്ടനിലെ കിങ്സ് കോളേജിലെ ഗവേഷകർ എത്തിച്ചേർന്നത്.
Read More: വായുവിലൂടെയുള്ള കോവിഡ് വ്യാപനം: സിഎസ്ഐആർ കണ്ടെത്തലുകളും നിർദേശങ്ങളും ഇങ്ങനെ
കിങ്സ് കോളേജിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പങ്കെടുത്തവരിൽ രോഗബാധ ശക്തമായിരുന്ന സമയത്ത് 60 ശതമാനം പ്രതിരോധ പ്രതികരണ ശേഷിയായിരുന്നു കണ്ടെത്തിയതെങ്കിൽ 65 ദിവസത്തിനുശേഷം അത് 16.7 ശതമാനം ആയി കുറഞ്ഞിരുന്നു. കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവർക്ക് വീണ്ടും രോഗബാധയുണ്ടാകാൻ സാധ്യതയുണ്ടെന്ന് ആ പഠനം സൂചിപ്പിക്കുമ്പോൾ, പുതിയ പഠനം സൂചിപ്പിക്കുന്നത് കോവിഡ് ഭേദമായ മിക്കവാറും എല്ലാ രോഗികളിലും വീണ്ടും അണുബാധ വരുന്നത് തടയാനുള്ള പ്രതിരോധ കോശങ്ങളുടെ സാന്നിധ്യമുണ്ടെന്നാണ്.
188 രോഗികളിൽ നിന്നുള്ള രക്തസാമ്പിളുകളുടെ വിശകലനത്തെ അടിസ്ഥാനമാക്കിയാണ് ഈ പുതിയ പഠനം നടത്തിയത്. 'സയൻസ്' എന്ന ജേണലിൽ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
“ഞങ്ങൾ കണ്ടെത്തിയ വിവരങ്ങൾ സൂചിപ്പിക്കുന്നത് രോഗപ്രതിരോധ ശേഷി അവിടെത്തന്നെയുണ്ടെന്നും അത് നിലനിൽക്കുന്നുവെന്നുമാണ്,” എന്ന് ഷെയ്ൻ ക്രോട്ടി, ഡാനിയേല വീസ്‌കോഫ് എന്നിവർക്കൊപ്പം പഠനത്തിന് നേതൃത്വം നൽകിയ ലാ ജൊല്ല ഇൻസ്റ്റിറ്റ്യൂട്ടിലെ (എൽജെഐ) ഗവേഷകയായ അലസ്സാൻഡ്രോ സെറ്റ് പ്രസ്താവനയിൽ പറഞ്ഞു.
Read More: കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്: അറിയേണ്ടതെല്ലാം
“ആന്റിബോഡികൾ, മെമ്മറി ബി സെല്ലുകൾ, ഹെൽപ്പർ ടി സെല്ലുകൾ, കില്ലർ ടി സെല്ലുകൾ എന്നിവയെല്ലാം ഞങ്ങൾ ഒരേ സമയം പരിശോധിച്ചു. ഞങ്ങളുടെ അറിവിൽ, ഒരു അണുബാധയുമായി ബന്ധപ്പെട്ട്, രോഗപ്രതിരോധ മെമ്മറിയുടെ നാല് ഘടകങ്ങളെയും പരിശോധിച്ച ഏറ്റവും വലിയ പഠനമാണിത്,” ക്രോട്ടിയെ ഉദ്ധരിച്ച് എൽജെഐ പ്രസ്താവനയിൽ പറഞ്ഞു. കണ്ടെത്തലുകൾ അർത്ഥമാക്കുന്നത് കോവിഡ് -19 അതിജീവിച്ചവർക്ക് സാർസ് കോവ്-2 വൈറസിനെതിരെ മാസങ്ങളോളമോ, ഒരുപക്ഷേ വർഷങ്ങളോളമോ പ്രതിരോധശേഷി നിലനിൽക്കുമെന്നാണെന്ന് ഗവേഷകർ പറഞ്ഞു.
മറ്റ് ഗവേഷണസ്ഥാപനങ്ങളുടെ പഠനങ്ങളിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം കോവിഡ് മുക്തി നേടിയവരിൽ കോവിഡിനെതിരായ ആന്റി ബോഡികളുടെ അളവിൽ കാലക്രമേണ വലിയ ഇടിന് വരുന്നതായി കാണുന്നുവെന്നതിനെക്കുറിച്ചും ഈ ഗവേഷകർ വിശദീകരണം നൽകുന്നു.
ആന്റിബോഡികളുടെ കുറവ് വളരെ സാധാരണമാണെന്ന് ഗവേഷകർ പറഞ്ഞു. “അതാണ് രോഗപ്രതിരോധ പ്രതികരണങ്ങൾ ചെയ്യുന്നത്. അവ ആദ്യഘട്ടത്തിൽ മുന്നേറുന്നു, അതിശയകരമായ വികാസത്തിനുശേഷം, രോഗപ്രതിരോധ പ്രതികരണം കുറച്ചുകൂടി ചുരുങ്ങുകയും സ്ഥിരമായ അവസ്ഥയിലെത്തുകയും ചെയ്യുന്നു,” സെറ്റ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.