ന്യൂഡൽഹി: ഏപ്രിൽ മാസം അവസാനിച്ചതോടെ കോവിഡ്-19 പ്രതിരോധത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കാനൊരുങ്ങുകയാണ് ഇന്ത്യ. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് രാജ്യത്തേർപ്പെടുത്തിയ ലോക്ക്ഡൗണിന്റെ രണ്ടാം ഘട്ടം മേയ് മൂന്നിന് അവസാനിക്കും. ലോക്ക്ഡൗൺ ഉദ്ദേശലക്ഷ്യത്തിലെത്തിയോ എന്ന ചോദ്യത്തിന് എത്തിയെന്നു തന്നെയാണ് ഒറ്റനോട്ടത്തിൽ ഉത്തരം പറയാൻ സാധിക്കുന്നത്.
ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസിലെ ശാസ്ത്രജ്ഞൻ സീതാഭ്ര സിൻഹയുടെ അഭിപ്രായത്തിൽ കൊറോണ വൈറസിന്റെ വ്യാപനം കുറയ്ക്കുന്നതിന് ലോക്ക്ഡൗണിലൂടെ സാധിച്ചു. ലോക്ക്ഡൗൺ വഴി മഹാമാരിയുടെ വ്യാപനം വലിയ രീതിയിൽ കുറയ്ക്കാനായെന്ന് അദ്ദേഹം ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
Also Read: Explained: സ്ത്രീ ലൈംഗിക ഹോര്‍മോണുകള്‍ കൊറോണ വൈറസില്‍ നിന്നും പുരുഷന്മാരേയും രക്ഷിക്കുമോ?
വ്യാഴാഴച് വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിൽ കോവിഡ്-19 ബാധിതരുടെ എണ്ണം 33,000 കടന്നു. നിലവിൽ 23651 പേരാണ് രാജ്യത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 1074 പേർ വൈറസ് മൂലം മരണപ്പെട്ടപ്പോൾ 8324 പേർ രോഗം ഭേദമായി ജീവിതത്തിലേക്ക് മടങ്ങിയെത്തി. പ്രതിദിനം അരലക്ഷത്തിനടുത്ത് ആളുകളുടെ സാംപിളുകളാണ് പരിശോധനയ്ക്ക് അയക്കുന്നത്.
Also Read: Explained: എന്തുകൊണ്ട് ചില രാജ്യങ്ങളിൽ മാത്രം കോവിഡ്-19 ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടുന്നു?
ഇന്ത്യയിൽ നിലവിൽ രോഗബാധിതരുടെ എണ്ണം ഇരട്ടിയാകാൻ വേണ്ടിവരുന്നത് 15 ദിവസമാണ്. ലോക്ക്ഡൗണിന് മുമ്പ് ഇത് 3.4 ദിവസമായിരുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഏപ്രിൽ 27 ഓടെ ഇത് 10.77 ദിവസം ആകുകയും മാസാവസാനത്തോടെ നിലവിലെ സാഹചര്യത്തിലേക്ക് എത്തുകയും ചെയ്തു.
ഡൽഹി, ഉത്തർപ്രദേശ്, ജമ്മു കശ്മീർ, ഒഡീഷ സംസ്ഥാനങ്ങളാണ് ഈ കണക്കിൽ മുന്നിൽ നിൽക്കുന്നത്. മേൽപറഞ്ഞ സംസ്ഥാനങ്ങളിൽ രോഗബാധിതരുടെ എണ്ണം ഇരട്ടിയാകാൻ 11 മുതൽ 15 വരെ ദിവസങ്ങൾ മാത്രമാണ് വേണ്ടത്. തെലങ്കാനയിലാണ് ഇതിൽ ഏറ്റവും ഭേദം. 58 ദിവസമാണ് തെലങ്കാനയിൽ വേണ്ടിവരുന്നത്. പിന്നാലെയുള്ള കേരളത്തിലും രോഗവ്യാപനം കുറവാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 375 ദിവസമാണ് കേരളത്തിൽ എടുക്കുന്നത്.
Also Read: Explained: ലോക്ക്ഡൗണ്‍ മൂലം മലിനീകരണം കുറഞ്ഞതാണോ ഓസോണ്‍ ദ്വാരം അടയാന്‍ കാരണം?
പശ്ചിമ ബംഗാളിനെ സംബന്ധിച്ചിടത്തോളം ഗുരുതരമായ ദിവസങ്ങളാണ് കടന്നു പോകുന്നത്. ഏപ്രിൽ 23 മുതൽ 27 വരെ സംസ്ഥാനത്ത് കൂടുതൽ കേസുകൾ സ്ഥിരീകരിച്ചു. ഏപ്രിൽ 30ന് മാത്രം സംസ്ഥാനത്ത് 22 മരണവും 758 കേസുകളും സ്ഥിരീകരിച്ചു. നിലവിൽ റാപ്പിഡ് ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാനാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് സംസ്ഥാനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദേശം. ഇതനുസരിച്ച് 30 മിനിറ്റിനുള്ളിൽ ഒരാൾക്ക് കോവിഡ്-19 രോഗബാധയുണ്ടോയെന്ന് സ്ഥിരീകരിക്കാൻ സാധിക്കും.
Also Read: Explained: കൊറോണ വൈറസ് മൂലം മരിക്കുന്നത് സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാരോ?
മേയ് 4 മുതൽ പാലിക്കേണ്ട പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ വൈകാതെ തന്നെ സർക്കാർ പ്രഖ്യാപിക്കും. സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന് വേണ്ട രീതിയിൽ വിശാലമായ ഇളവുകൾ പ്രതീക്ഷിക്കാം. സർക്കാർ ധനപരമായ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കുമോ അതോ ധനക്കമ്മി നിലനിർത്തുന്നതിനായി റിസർവ് ബാങ്കിന് കൈമാറുമോ എന്നതും കാത്തിരുന്നു കാണണം. പ്രവാസികളെ സ്വീകരിക്കുന്ന കാര്യത്തിലും ഇന്ത്യൻ നിലപാട് നിർണായകമാണ്.