/indian-express-malayalam/media/media_files/uploads/2020/10/explained-fi-3.jpg)
രാജ്യത്ത് പുതിയ കോവിഡ് കേസുകളുടെ എണ്ണം ഏതാണ്ട് ഒരു മാസമായി കുറഞ്ഞുവരികയാണ്. ഇതിന്റെ ഫലമായി വളര്‍ച്ചാ നിരക്ക് ഒരു ശതമാനത്തില്‍ താഴെയായി. ഏഴു ദിവസത്തെ സംയോജിത പ്രതിദിന വളര്‍ച്ചാ നിരക്ക് ചൊവ്വാഴ്ച 0.99 ശതമാനത്തിലേക്കു താഴ്ന്നു. രാജ്യത്ത് കോവിഡ് ആരംഭിച്ചതു മുതല്‍ ആദ്യമായാണു വളര്‍ച്ചാ നിരക്ക് ഈ സ്ഥിതിയിലെത്തുന്നത്.
മേയ് ആദ്യ വാരം ഏഴു ശതമാനം കടന്ന കോവിഡ് പ്രതിദിന വളര്‍ച്ചാ നിരക്ക്, തുടര്‍ന്ന് ക്രമാനുഗതമായി കുറയുകയായിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ പ്രതിദിന കേസുകളുടെ എണ്ണത്തിലുണ്ടായ ഗണ്യമായ കുറവ് വളര്‍ച്ചാനിരക്ക് താഴുന്ന പ്രക്രിയ ത്വരിതപ്പെടുത്തി. തൊണ്ണൂറ്റി എട്ടായിരത്തോളം പോസിറ്റീവ് സ്ഥിരീകരിച്ചിരുന്ന സ്ഥാനത്തുനിന്ന് എഴുപതിനായിരത്തില്‍ താഴെയായി പ്രതിദിന കേസുകളുടെ എണ്ണം കുറഞ്ഞിരിക്കുകയാണ്.
Also Read: സംസ്ഥാനത്ത് ഇന്ന് 6244 പേര്‍ക്ക് കോവിഡ്; 7792 പേർക്ക് രോഗമുക്തി
തിങ്കളാഴ്ച 55,000 പുതിയ കേസുകള്‍ മാത്രമാണ് കണ്ടെത്തിയത്. ഓഗസ്റ്റ് 17 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ സംഖ്യയാണിത്. ഞായറാഴ്ച ടെസ്റ്റുകളുടെ എണ്ണം കുറഞ്ഞതിന്റെ ഫലമാണിതെന്ന് പറയാമെങ്കിലും പ്രതിദിന എണ്ണം ക്രമാനുഗതമായി കുറയുകയാണെന്നതാണു വസ്തുത. ഇതു ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തിലും ഗണ്യമായ ഇടിവിന് കാരണമാകുന്നു. ഒരു മാസത്തിനുള്ളില്‍, സജീവ കേസുകള്‍ ഏകദേശം രണ്ട് ലക്ഷം കുറഞ്ഞു.
ചൊവ്വാഴ്ച പോസിറ്റീവ് സ്ഥിരീകരിച്ചത് 63,000 പേര്‍ക്കാണ്. ഇത്, ഓഗസ്റ്റ് മൂന്നാം വാരം മുതലുള്ള തിങ്കളാഴ്ചയല്ലാത്ത ദിവസങ്ങളിലെ ഏറ്റവും താഴ്ന്ന സംഖ്യയാണ്. തുടര്‍ച്ചയായ പതിനൊന്നാം ദിവസവും പുതിയ കേസുകള്‍, രോഗമുക്തരുടെ എണ്ണത്തേക്കാള്‍ കുറവാണ്.
നിലവിലെ കണക്കനുസരിച്ച്, കൂടുതല്‍ പോസിറ്റീവ് കേസുകളുള്ള 10 സംസ്ഥാനങ്ങളില്‍ മൂന്നെണ്ണമായ കര്‍ണാടക, പശ്ചിമ ബംഗാള്‍, കേരളം എന്നിവിടങ്ങളില്‍ പ്രതിദിന വളര്‍ച്ചാ നിരക്ക് ഒരു ശതമാനത്തില്‍ കൂടുതലാണ്. 3.26 ശതമാനം വളര്‍ച്ചാ നിരക്കുള്ള കേരളം, രാജ്യത്ത് അതിവേഗം കോവിഡ് വ്യാപിക്കുന്ന സംസ്ഥാനമായി തുടരുകയാണ്. ചൊവ്വാഴ്ച 8,762 പുതിയ കേസുകളാണു സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. രാജ്യത്ത് ആദ്യമായി കൊറോണ വൈറസ് സ്ഥിരീകരിച്ച സംസ്ഥാനമായ കേരളത്തില്‍ ഒരു ലക്ഷം കേസുകളുണ്ടായത് ഒന്‍പതു മാസംകൊണ്ടാണ്. എന്നാല്‍ കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്ത് രണ്ട് ലക്ഷത്തിലധികം പുതിയ കേസുകളാണ് സ്ഥീകരിച്ചത്.
മഹാരാഷ്ട്രയ്ക്കും കര്‍ണാടകയ്ക്കും ശേഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ സജീവ കേസുകളുള്ളത് കേരളത്തിലാണ്. മൊത്തം രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് നിലവില്‍ ഏഴാമതുള്ള കേരളം രണ്ട് ദിവസത്തിനുള്ളില്‍ ഡല്‍ഹിയെ മറികടക്കാന്‍ സാധ്യതയുണ്ട്. 3,03,896 രോഗികളാണ് ഇന്നലെ വരയെുള്ള കേരളത്തിലെ മൊത്തം കേസുകളുടെ എണ്ണം. ഡല്‍ഹിയില്‍ 3,14,224 ഉം. കഴിഞ്ഞ ഒരു മാസത്തിനിടെ കോവിഡ് പട്ടികയില്‍ ഒരു ലക്ഷത്തിലധികം കേസുകള്‍ ചേര്‍ത്ത പശ്ചിമ ബംഗാളും ചൊവ്വാഴ്ച മൂന്ന് ലക്ഷം കടന്നു. 3,02,020 ബംഗാളിലെ ഇന്നലെ വരെയുള്ള കേസുകളുടെ എണ്ണം.
Also Read: സംസ്ഥാനത്ത് കോവിഡ് ഡിസ്‌ചാര്‍ജ് മാര്‍ഗരേഖ പുതുക്കി
പോസിറ്റീവ് കേസുകളുടെ വളര്‍ച്ചാ നിരക്കിന്റെ ഏറ്റവും വലിയ ഇടിവ് സംഭവിച്ചത് മഹാരാഷ്ട്രയിലാണ്. നിലവില്‍ പതിനായിരത്തില്‍ താഴെയൊണു പ്രതിദിന കേസുകളുടെ എണ്ണം. ഏകദേശം ഒരു മാസം മുമ്പ് വരെ ഇത് 25,000 വരെയായിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ മഹാരാഷ്ട്രയുടെ പ്രതിദിന വളര്‍ച്ചാ നിരക്ക് 2.22 ശതമാനത്തില്‍നിന്ന് 0.75 ശതമാനത്തില്‍ താഴെയായി. മാര്‍ച്ച് അവസാനം മുതല്‍ ഒരു സംസ്ഥാനത്തും മഹാരാഷ്ട്രയിലേക്കാള്‍ കൂടുതല്‍ പ്രതിദിന കേസുകള്‍ സ്ഥിരീകരിച്ചിരുന്നില്ല.
അതിനിടെ, രാജ്യത്ത് രോഗമുക്തി നിരക്ക് ഇപ്പോള്‍ 87 ശതമാനമായി ഉയര്‍ന്നു. ഇതുവരെ രോഗം ബാധിച്ച 72.39 ലക്ഷത്തില്‍ 63 ലക്ഷത്തിലധികം പേര്‍ സുഖം പ്രാപിച്ചു. എന്നാല്‍ മരണസംഖ്യ 1.1 ലക്ഷമായി ഉയര്‍ന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.