പതിനായിരത്തിലധികം പേര്‍ക്കു വീതം ഇന്നലെ രോഗം സ്ഥിരീകരിച്ചതോടെ കോവിഡ് കേസുകളുടെ എണ്ണത്തില്‍ കേരളവും കര്‍ണാടകയും പുതിയ റെക്കോര്‍ഡില്‍. അതേസമയം, രാജ്യത്തെ മൊത്തം പുതിയ കോവിഡ് രോഗികളുടെ എണ്ണം ഇന്നലെയും എമ്പതിനായിരത്തിനുള്ളിൽ തുടര്‍ന്നു. കര്‍ണാടകയില്‍ നേരത്തെ മൂന്ന് തവണ പതിനായിരത്തിലധികം പുതിയ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കേരളത്തിലത് ആദ്യമാണ്. പ്രതിദിന കേസുകളുടെ എണ്ണത്തില്‍ മൂന്നാഴ്ചയായി വലിയ കുതിച്ചുചാട്ടമാണ് സംസ്ഥാനത്തുണ്ടാവുന്നത്.
സെപ്റ്റംബറിനു മുന്‍പ് കേരളത്തില്‍ പരമാവധി പ്രതിദിന കോവിഡ് സംഖ്യ 2500 ആയിരുന്നു. അതിനുശേഷം വലിയ കുതിച്ചുചാട്ടമാണു സംസ്ഥാനത്തുണ്ടായത്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളിലെ പ്രതിദിന കേസുകളുടെ ശരാശരി സംഖ്യ ഏഴായിരത്തിനടുത്താണ്.
പോസിറ്റിവിറ്റി നിരക്ക്, അല്ലെങ്കില്‍ കോവിഡ് ടെസ്റ്റിനു വിധേയരാക്കിയവരില്‍ പോസിറ്റീവായവരുടെ എണ്ണം ക്രമാനുഗതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. സെപ്റ്റംബര്‍ തുടക്കത്തില്‍ പോസിറ്റിവിറ്റി നിരക്ക് 4.5 ശതമാനമായിരുന്നെങ്കില്‍ ഇപ്പോഴത് 7.5 ശതമാനത്തിനു മുകളിലാണ്. നിശ്ചിത എണ്ണം ടെസ്റ്റുകളില്‍നിന്ന് കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നാണ് ഇതിനര്‍ഥം. സമൂഹത്തില്‍ വൈറസ് അതിവേഗം വ്യാപിക്കുന്നുവെന്ന് ഇതു സൂചിപ്പിക്കുന്നു.
Also Read: ഒറ്റ കോവിഡ് കേസുമില്ലാതെ ലക്ഷദ്വീപ്; പതിനൊന്നായിരത്തിലേറെ കുട്ടികള്‍ സ്‌കൂളില്‍ തിരിച്ചെത്തി
സംസ്ഥാനത്ത് ഈ മാസം അവസാനം വരെ അഞ്ചിലധികം പേര്‍ ഒത്തുചേരുന്നതു സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്. ശബരിമല ക്ഷേത്രം അഞ്ച് ദിവസത്തേക്കു 16ന് തുറക്കുമ്പോള്‍ പ്രതിദിനം 250 തീര്‍ഥാടകരെ മാത്രമേ അനുവദിക്കൂയെന്ന് സര്‍ക്കാര്‍ ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ, മന്ത്രിമാരായ കെടി ജലീലിനും എംഎം മണിയ്ക്കും ഇന്നലെ കോവിഡ് സ്ഥിരീച്ചിരുന്നു. ഇവര്‍ ഉള്‍പ്പെടെ അഞ്ച് മന്ത്രിമാര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ഇപി ജയരാജന്‍, ഡോ. ടിഎം തോമസ് ഐസക്ക്, വിഎസ് സുനില്‍ കുമാര്‍ എന്നിവര്‍ക്കു നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.
പ്രതിദിന കേസുകളുടെ കാര്യത്തില്‍ കേരളത്തിനെപ്പോലെ അതിവേഗ വളര്‍ച്ചയുടെ പാതയിലാണ് കര്‍ണാടകയും. എന്നാല്‍ കേരളത്തിന്റെ അത്രയും വേഗത്തിലലെല്ലന്നു മാത്രം. കേരളത്തിന്റെ പ്രതിദിന വളര്‍ച്ചാ നിരക്ക് 3.75 ശതമാനമാണെങ്കില്‍ ഇതിന്റെ പകുതിയിലും താഴെയായ 1.5 ശതമാനമാണു കര്‍ണാടകയിലെ നിരക്ക്. അതേസമയം, മൊത്തം രോഗികളുടെ എണ്ണത്തില്‍ തമിഴ്‌നാടിനെ മറികടന്ന കര്‍ണാടക മഹാരാഷ്ട്രയ്ക്കും ആന്ധ്രയ്ക്കും പിന്നിലാണ്.
സജീവ കേസുകളുടെ എണ്ണത്തില്‍ മൂന്നാമതാണ് കേരളം. തൊണ്ണൂറ്റി രണ്ടായിരത്തിലധികം പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. സജീവ കേസുകളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയും കര്‍ണാടകയും മാത്രമാണു കേരളത്തിനു മുന്നിലുള്ളത്.
Also Read: കോവിഡ് വ്യാപനം തീവ്രം; സംസ്ഥാനത്തെ ബാറുകൾ ഉടൻ തുറക്കില്ല
കേരളത്തിലെ കോവിഡ് മരണസംഖ്യയിലും ചെറിയ വര്‍ധനയുണ്ടായിട്ടുണ്ട്. രണ്ടാഴ്ചയിലേറെയായി മരണസംഖ്യ എല്ലാ ദിവസവും ഇരുപതില്‍ കൂടുതലാണെങ്കിലും താരമ്യേന കുറഞ്ഞ മരണനിരക്കാണ് കേരളത്തിലേത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട 940 മരണങ്ങളുണ്ടായ സംസ്ഥാനത്തെ മരണനിരക്ക് 0.37 ശതമാനമാണ്. അതേസമയം, 9,500 ല്‍ ഏറെ മരണങ്ങളുണ്ടായ കര്‍ണാടകയിലെ നിരക്ക് 1.4 ശതമാനത്തില്‍ കൂടുതലാണ്. മരണസംഖ്യയുടെ കാര്യത്തില്‍ കര്‍ണാടക മഹാരാഷ്ട്രയ്ക്കും തമിഴ്നാട്ടിനും തൊട്ടുപിന്നിലാണ്.
പ്രതിദിന പോസിറ്റീവ് കേസുകള്‍, രോഗമുക്തരുടെ എണ്ണത്തേക്കാള്‍ കുറയുന്ന കാഴ്ചയാണ് കഴിഞ്ഞ മൂന്നാഴ്ചയായി ദേശീയ തലത്തിലുള്ളത്. എഴുപത്തി എട്ടായിരത്തോളം പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന കേസുകളുടെ എണ്ണം 18 ദിവസമായി തൊണ്ണൂറായിരത്തില്‍ എത്തിയിട്ടില്ല. ഈ കാലയളവില്‍ സജീവ കേസുകളുടെ എണ്ണത്തില്‍ ഒരു ലക്ഷത്തിലധികം കുറവുണ്ടായിട്ടുണ്ട്.
രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 68.35 ലക്ഷം പിന്നിട്ടു. ഇതില്‍ 58.27 ലക്ഷം അഥവാ 85 ശതമാനം പേര്‍ രോഗമുക്തരായി. മരണസംഖ്യ 1.05 ലക്ഷം കവിഞ്ഞു.
Read in IE: India coronavirus numbers explained, Oct 8: New records for Kerala and Karnataka