ചൈനയിലെ വുഹാനില്‍നിന്നു കേരളത്തിലെത്തിയ വിദ്യാര്‍ഥിനിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. തൃശൂര്‍ ജനറല്‍ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണു വിദ്യാർഥിനി. പൂന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ച സാമ്പിളിന്റെ ഫലത്തിലാണ് കൊറോണ വൈറസ് പ്രാഥമികമായി സ്ഥിരീകരിച്ചത്. രണ്ടാമത്തെ ഫലം കൂടി വരാനുണ്ട്. എങ്കിലും കാത്ത് നില്‍ക്കാതെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഒരുങ്ങുന്നതെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശെെലജ പറഞ്ഞു.

കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് വിദ്യാർഥിനിയിൽനിന്ന് എടുത്ത സാമ്പിളിന്റെ ഫലം പോസിറ്റീവാണെന്നു കേന്ദ്രം കേരളത്തെ അറിയിച്ചത്. കേരളത്തില്‍നിന്ന് 20 സാമ്പിളുകളാണ് വൈറോളജി ലാബില്‍ അയച്ചത്. അതില്‍ നിന്നാണ് ഒരെണ്ണം പോസിറ്റീവായി വന്നത്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി കെ.കെ ശെെലജ വ്യക്തമാക്കി.

ചൈനയിൽനിന്നു വന്നവർ ശ്രദ്ധിക്കേണ്ടത്

ഇരുപതിലേറെ രാജ്യങ്ങളില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ലോകത്തെല്ലായിടത്തും കൊറോണ ബാധിച്ചത് ചൈനയില്‍നിന്നു വന്ന യാത്രികരില്‍ നിന്നാണ്. ചൈനയില്‍ നിന്നു കേരളത്തിലെത്തിയവർ ആരോഗ്യ വകുപ്പിന്റെ ദിശ 1056 നമ്പരിലോ ജില്ലാ മെഡിക്കല്‍ ഓഫീസറെയോ  വന്നവര്‍ ബന്ധപ്പെടേണ്ടതാണ്.

നിപ പോലെ കൊറോണയിലും സമ്പര്‍ക്ക ലിസ്റ്റ് ഏറെ പ്രധാനമാണ്. എല്ലാവരും വീട്ടിലെ സ്വയം നിരീക്ഷണത്തില്‍ കഴിയണം. ലക്ഷണങ്ങള്‍ ഇല്ലാതെയും കൊറോണ പകരാം. അതിനാല്‍ ആരും വീടുവിട്ട് പോകരുത്. രോഗ ലക്ഷണങ്ങളില്ലെങ്കിലും കുടുംബാംഗങ്ങളുമായും മറ്റുള്ളവരുമായും ഇടപെടരുത്. അതിനാല്‍ തന്നെ ചൈന മുതലായ രാജ്യങ്ങളില്‍ നിന്നും വന്നവര്‍ വളരെയേറെ ശ്രദ്ധിക്കണം.

Read More: Explained: എന്താണ് കൊറോണ വൈറസ്? പ്രതിരോധം എങ്ങനെ? അറിയേണ്ടതെല്ലാം

ചൈനയില്‍ നിന്നള്ളുവര്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആരോഗ്യ വകുപ്പ് നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചിലര്‍ സ്വമേധയാ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും മറ്റ് ചിലര്‍ ഇനിയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എല്ലാവരും കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണമെന്ന് മുഖ്യമന്ത്രിയും അഭ്യര്‍ഥിച്ചു.

ലക്ഷണങ്ങൾ

സാധാരണ വൈറല്‍ പനിയുടെ ലക്ഷണങ്ങള്‍ക്ക് സമാനമാണ് കൊറോണ വൈറസിനുമുള്ളത്. പനി, ചുമ, ശ്വാസതടസം എന്നിവയാണ് പ്രധാന ലക്ഷങ്ങള്‍. രോഗിയെ നടപടി ക്രമങ്ങള്‍ പാലിച്ച് പരിശോധിക്കുകയും സാമ്പിള്‍ എടുത്ത് വൈറോളജി ലാബില്‍ അയയ്ക്കുകയും വേണം. സ്ഥിരീകരിച്ച കേസില്‍ സമ്പര്‍ക്കമുള്ളവരെ നിരന്തരം നിരീക്ഷിക്കും. രോഗിയുമായി അടുത്ത് ഇടപഴകിയവര്‍ സ്വമേധയാ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം. കൊറോണയ്ക്ക് അനുബന്ധ ചികിത്സയാണ് നല്‍കുന്നത്. ചിലര്‍ക്ക് മാത്രമേ രോഗം ഗുരുതരമാകുകയുള്ളൂ.

corona virus

ഒരാള്‍ പോലും കൊറോണ ബാധിച്ച് മരണമടയാന്‍ പാടില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വ്യക്തമായ ലക്ഷ്യം. പ്രായമായവര്‍, ഹൃദയസംബന്ധമായ രോഗമുള്ളവർ, ഗര്‍ഭിണികള്‍, മറ്റ് രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ആരംഭത്തില്‍ തന്നെ ചികിത്സ തേടണം.

ആരോഗ്യവകുപ്പ് സുസജ്ജം

ഏത് സാഹചര്യവും നേരിടാൻ സജ്ജമാണ് ആരോഗ്യവകുപ്പ്. തൃശൂര്‍ മെഡിക്കല്‍ കോളേജിനെ ശക്തിപ്പെടുത്തും. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും. എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊറോണയെ ഒരുമിച്ച് നേരിട്ട് ജീവന്‍ രക്ഷിക്കാന്‍ കഴിയണം. പേടിപ്പെടുത്തുന്ന പ്രചാരണങ്ങള്‍ പാടില്ല. റിപ്പോര്‍ട്ട് ചെയ്യാതെ ഒരു കേസും പോകരുത്. റിപ്പോര്‍ട്ട് ചെയ്ത് ചികിത്സിക്കുന്നതിനാണ് ആരോഗ്യ വകുപ്പ് പ്രാധാന്യം നല്‍കുന്നത്.

എന്‍.ഐ.വി. ആലപ്പുഴ ഉള്‍പ്പെടെ ഇന്ത്യയില്‍ 12 സ്ഥലങ്ങളില്‍ കൊറോണ വൈറസ് പരിശോധിക്കുന്നതിനുള്ള സംവിധാനമൊരുക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ആലപ്പുഴ വൈറോളജി ലാബില്‍ എത്രയും വേഗം ഇതിനുള്ള സജ്ജീകരണമൊരുക്കും. ചൈനയില്‍ നിന്നും തിരിച്ചെത്തിയവര്‍ 28 ദിവസം നിര്‍ബന്ധമായും നിരീക്ഷണ വിധേയമാകണം. എല്ലാവരും ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. പൊതുപരിപാടികളില്‍ പോകരുത്. കുടുംബത്തിലുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടരുതെന്നും ആരോഗ്യവകുപ്പ് അഭ്യർഥിച്ചു.

ഇതുവരെയുള്ള സാഹചര്യം

ചൈനയില്‍ ഉത്ഭവിച്ച കൊറോണ വൈറസ് ബാധയില്‍ ഇതുവരെ 170 പേര്‍ മരിച്ചുവെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം 132 മരണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെ 6065 പേരിലാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം ഇത് 4593 ആയിരുന്നു. വുഹാനിൽനിന്നു യുഎഇയിലെത്തിയ ഒരു കുടുംബത്തിലെ നാല് പേരിൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ വിമാനത്താവളങ്ങളിൽ ആരോഗ്യവകുപ്പ് സൂക്ഷ്മ പരിശോധനകൾ നടത്തുന്നുണ്ട്. വിമാനത്താവളങ്ങളിലെത്തുന്നവരെ നിരീക്ഷിച്ച ശേഷമാണ് പുറത്തേക്കു വിടുന്നത്. ഇന്ത്യയൊട്ടാകെ 49 സാമ്പിളുകളാണ് പരിശോധിച്ചത്. ദിവസേനെ 9-10 സാമ്പിളുകൾ പരിശോധനയ്ക്കായി എൻഐവിയിൽ എത്തുന്നു എന്നാണ് റിപ്പോർട്ട്.

സാർസുമായുള്ള താരതമ്യം

ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ഏറ്റവും പുതിയ വിവരമനുസരിച്ച് ചെെനയിൽ ആവിർഭവിച്ച നോവൽ കൊറോണ (2019 nCoV) വൈറസ് ബാധിതരുടെ എണ്ണം ജനുവരി 29 വരെ 60,65 ആണ്. ഒരു ദിവസം മുമ്പ് 4593 ആയിരുന്നു. ഒരു ദിവസം കൊണ്ട് പുതിയ 1472 വൈറസ് ബാധിതർ.

2002-ല്‍ ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട് രണ്ട് ഡസനിലധികം രാജ്യങ്ങളിലേക്ക് പടര്‍ന്ന സാര്‍സ് രോഗത്തിന് കാരണമായ വൈറസ്, ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 8,098 പേരിലാണ് ബാധിച്ചിരുന്നത്. സാർസിൽ മരണം 774 ആയിരുന്നു.

നോവൽ കൊറോണ ബാധിച്ചവരുടെ എണ്ണം സാർസിന്റെ പകുതിയെ മറികടന്നത് ദിവസങ്ങൾ കൊണ്ടാണ്.  കൊറോണയിൽ ഇതുവരെ 132 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2012ൽ സൗദി  അറേബ്യയിൽ ആവിർഭവിച്ച് മറ്റു രാജ്യങ്ങളിലേക്കു പടർന്ന മെർസ് കൊറോണയിൽ 858 പേരാണ് മരിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook