മഹാരാഷ്ട്രയിൽ കൊറോണ വൈറസ് കേസുകൾ വർധിച്ചുവരികയാണ്. ഇതാദ്യമായല്ല ഇന്ത്യയിൽ ഒരു സംസ്ഥാനത്ത് ഈ പകർച്ചവ്യാധിയുടെ രണ്ടാമത്തെ തരംഗം കാണുന്നത്. ഡൽഹിയിൽ മൂന്ന് വ്യത്യസ്ത തരംഗങ്ങൾ വന്നു. ഓരോന്നും മുമ്പത്തേതിനേക്കാൾ വലിയ ഉന്നതിയിലും എത്തി. പഞ്ചാബിലും മധ്യപ്രദേശിലും രോഗബാധ ഒന്നിലധികം തവണ കൂടുകയും കുറയുകയും ചെയ്യുന്നതും കണ്ടു.

ഈ വർധന വ്യത്യസ്തമാണ്

മഹാരാഷ്ട്രയിലെയും മറ്റ് ചില സംസ്ഥാനങ്ങളിലെയും നിലവിലെ സ്ഥിതി പല കാരണങ്ങളാൽ വ്യത്യസ്തമാണെന്ന് കാണാം. മുമ്പത്തെ സംഭവങ്ങളിൽ നിന്ന് വ്യത്യസ്തമായി, അണുബാധകളിലെ ഈ പുതിയ വർധനവ് വന്നത് നീണ്ടതും സുസ്ഥിരവുമായ ഇടിവിന് ശേഷമാണ്. കേരളം ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ഈ കാലയളവിൽ രോഗബാധകളുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു.

Read More: സ്പുട്നിക് ഇന്ത്യയിൽ അംഗീകാരം ലഭിക്കുന്ന മൂന്നാമത്തെ കോവിഡ് വാക്സിൻ ആകുമോ?

ലോകത്തിലെ ഒരു രാജ്യത്തും രോഗവ്യാപനം കുറഞ്ഞ കാലയളവ് ഇത്രയും നീണ്ടു കണ്ടിട്ടില്ല. പകർച്ചവ്യാധി നിരക്ക് രണ്ട് മൂന്ന് മാസമായി ഇന്ത്യയിൽ കുറഞ്ഞിരുന്നു. ആ അർത്ഥത്തിൽ, ഇപ്പോൾ ഇന്ത്യയിൽ സംഭവിക്കുന്ന കുതിച്ചുചാട്ടം പ്രത്യേകതയുള്ളതാണ്. ഒരു പകർച്ചവ്യാധിയിൽ ഇത് തികച്ചും അസാധാരണമല്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഒരു വർഷത്തിനുശേഷവും ഒരു പുനരാഗമനം സംഭവിക്കാം എന്നാണ് അവർ പറയുന്നത്.

മഹാരാഷ്ട്രയിലെ രോഗബാധ

രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിക്കപ്പെട്ട സംസ്ഥാനമായ മഹാരാഷ്ട്രയിലാണ് ഇപ്പോൾ രോഗബാധയിലുള്ള വർധന കാര്യമായി തുടരുന്നതെന്നത് കൂടുതൽ നിർണായകമാണ്. 21 ലക്ഷത്തിലധികം അണുബാധകൾ സ്ഥിരീകരിച്ച മഹാരാഷ്ട്രയിലാണ് ഇന്ത്യയുടെ ആകെ കോവിഡ് കേസുകളുടെ 20 ശതമാനവും കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ പകർച്ചവ്യാധിയുടെ ഗ്രാഫ് ഇന്ത്യയിലെ മൊത്തത്തിലുള്ള ഗ്രാഫിനെ പ്രതിഫലിപ്പിക്കുന്നു.

Read More: വ്യായാമവും ഹൃദയാരോഗ്യവും എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നു

ഞായറാഴ്ച നേരിയ ഇടിവ് രേഖപ്പെടുത്തിയെങ്കിലും രാജ്യത്തുടനീളം കണ്ടെത്തിയ പുതിയ കൊറോണ വൈറസ് കേസുകളുടെ എണ്ണം കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ എല്ലാ ദിവസവും വർദ്ധിച്ചുവരികയാണ്. സെപ്റ്റംബർ പകുതിക്ക് ശേഷം ഇത് ആദ്യമായാണ് സംഭവിക്കുന്നത്. രാജ്യത്തെ സജീവ കോവിഡ് കേസുകൾ വീണ്ടും ഉയരാൻ തുടങ്ങി. രണ്ട് മാസത്തിലേറെയായി കേരളത്തിൽ വളരെ ഉയർന്ന അളവിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ പോലും രാജ്യത്താകെ ഇത് സംഭവിച്ചിട്ടില്ല.

പുതിയ വകഭേദങ്ങളുടെ സ്വാധീനമില്ല

മറ്റ് രാജ്യങ്ങളിൽ ഉയർന്നുവന്ന വൈറസിന്റെ പുതിയ വകഭേദങ്ങളാണ് രാജ്യത്തെ കോവിഡ് കേസുകളിലെ നിലവിലെ കുതിച്ചുചാട്ടത്തിന് ശക്തി പകരുന്നതെന്ന് സൂചിപ്പിക്കുന്നതിന് ഇപ്പോൾ തെളിവുകളൊന്നുമില്ല. എന്നിരുന്നാലും, പുതിയതും കൂടുതൽ പകർച്ചാശേഷിയുള്ളതും അപകടകരവുമായ വൈറസ് വകഭേദങ്ങൾ ഭാവിയിൽ ഇന്ത്യയിലെ ആളുകളെ ബാധിക്കില്ലെന്ന് ഇതിനർത്ഥമില്ല.

ഹെർഡ് ഇമ്യൂണിറ്റി

മഹാരാഷ്ട്രയിലെ കോവിഡ് കേസുകളിലെ വർധനവ് സൂചിപ്പിക്കുന്നത്, ഇന്ത്യയിൽ ഹെർഡ് ഇമ്യൂണിറ്റിയുണ്ടായി എന്ന തരത്തിലുള്ള ചർച്ചകൾ അകാലത്തിലായിരുന്നു എന്നാണ്. ഒക്‌ടോബർ മുതൽ രോഗബാധയിൽ ഗണ്യമായ കുറവുണ്ടായത് രാജ്യത്തെ ജനങ്ങൾക്കിടയിൽ ഹെർഡ് ഇമ്യൂണിറ്റി ആർജിച്ചതായി പലരും വിശ്വസിക്കാൻ കാരണമായി. എന്നാൽ സെറോസർവേയിൽ നിന്ന് അത് സ്ഥിരീകരണ തെളിവുകൾ ഒന്നും ഇല്ലാതിരുന്നു.

വിശദീകരണങ്ങളൊന്നുമില്ല

രാജ്യത്ത് അടുത്തിടെ കോവിഡ് കേസുകളിൽ എന്തുകൊണ്ട് ഇടിവ് സംഭവിച്ചുവെന്നതിനോ, ഇപ്പോൾ മഹാരാഷ്ട്രയിലും മറ്റും എങ്ങനെ വീണ്ടും കുതിച്ചുയരാൻ തുടങ്ങിയെന്നതിനോ വിശദീകരണമൊന്നുമില്ല. രോഗബാധ കുറഞ്ഞ സമയത്ത് രാജ്യത്ത് പരിശോധനകൾ കുറവായിരുന്നില്ല, ഒപ്പം ആഘോഷങ്ങളും തിരഞ്ഞെടുപ്പുകളും സമരങ്ങളുമെല്ലാം ഈ സമയത്ത് നടക്കുകയും ചെയ്തു. മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും അടക്കമുള്ള നടപടികളിൽ ആളുകൾ ആ സമയത്ത് ജാഗ്രത പാലിക്കാതിരിക്കുകയും ചെയ്തിരുന്നു.

Read More: ഇന്ത്യയിൽ കോവിഡ്-19 ദക്ഷിണാഫ്രിക്കൻ വകഭേദത്തെ കണ്ടെത്തിയത് എത്രത്തോളം ആശങ്കാജനകമാണ്

പകർച്ചവ്യാധി പടർന്നുപിടിക്കുമ്പോളാണ് ബീഹാറിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടന്നത്. അസമിലും പശ്ചിമ ബംഗാളിലും കോവിഡ് കാലത്തിനു മുമ്പുള്ളതിന് സമാനമായ രാഷ്ട്രീയ റാലികൾ നടക്കുന്നു. എന്നിട്ടും, അസമിൽ പുതിയ കേസുകൾ നൂറിൽ താഴെ മാത്രമോ ചില ദിവസങ്ങളിൽ പത്തിൽ താഴെ മാത്രമോ റിപ്പോർട്ട് ചെയ്തു. പശ്ചിമ ബംഗാളിലെ രോഗബാധകളുടെ എണ്ണം രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലെയും പോലെ ക്രമാനുഗതമായി കുറയുന്നു. ഈ സംസ്ഥാനങ്ങളിലൊന്നും മഹാരാഷ്ട്രയിലോ കേരളത്തിലോ സ്വീകരിക്കാത്ത അസാധാരണമായ ഇടപെടലുകൾ ഒന്നും നടത്തിയിട്ടുമില്ല.

വിവിധ സംസ്ഥാനങ്ങളിലെ വളരെ വ്യത്യസ്തമായ രോഗവ്യാപന ഗ്രാഫുകൾ കാണിക്കുന്നത് ഈ വൈറസിന്റെ സ്വഭാവത്തെയും സ്വഭാവത്തെയും കുറിച്ച് നമുക്ക് ഇപ്പോഴും അറിയില്ല എന്നാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook