കൊറോണ വെെറസ് ബാധ ചെെനയിൽ പൊട്ടിപ്പുറപ്പെട്ട സമയം മുതലേ കേരളം കനത്ത ജാഗ്രതയിലായിരുന്നു. ദ്രുതവേഗത്തിലുള്ള നടപടികളാണ് കേരളത്തിൽ ആരോഗ്യവകുപ്പ് സ്വീകരിച്ചത്. ഇന്ത്യയിൽ ആദ്യത്തെ കൊറോണ വെെറസ് ബാധ സ്ഥിരീകരിച്ചത് കേരളത്തിലാണ്. ആദ്യ കേസ് സ്ഥിരീകരിക്കുന്നതിനു മുൻപും അതിനുശേഷവും കേരളത്തിലെ ആരോഗ്യവകുപ്പ് നടത്തിയ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്.

എച്ച്‌ 1 എൻ 1, നിപ എന്നീ രോഗബാധകളെ സധെെര്യം നേരിട്ട കേരളം കൊറോണ വെെറസ് ബാധയെയും നേരിടുന്നതിൽ മുന്നിട്ടുനിന്നു. കേരളത്തിൽ നിന്നുള്ള നിരവധി വിദ്യാർഥികൾ ചെെനയിൽ പഠിക്കുന്നുണ്ട്. അതിനാൽ തന്നെ കൊറോണ ബാധ ചെെനയിൽ സ്ഥിരീകരിച്ചതു മുതൽ കനത്ത ജാഗ്രതയിലായിരുന്നു കേരളവും. ചെെനയിൽ നിന്നുള്ളവർ കേരളത്തിലേക്ക് മടങ്ങിയെത്തിയാൽ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ച് ആരോഗ്യവകുപ്പ് വളരെ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ആരോഗ്യവകുപ്പ് ആദ്യം നിരീക്ഷണം ഏർപ്പെടുത്തിയത്. ചെെനയിൽ നിന്നെത്തുന്നവരെ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനങ്ങൾ ഒരുക്കുകയും ചെയ്‌തു.

Read Also: ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ലൗ ജിഹാദ് ഉണ്ട്; നിലപാടിൽ മാറ്റമില്ലെന്ന് സിറോ മലബാർ സഭ

ബോധവത്കരണം, ജാഗ്രത

സംസ്ഥാന സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും തുറവിയോടെയുള്ള പ്രവർത്തനം കൊറോണ വെെറസ് ബാധയെ പ്രതിരോധിക്കുന്നതിൽ വലിയ പങ്കുവഹിച്ചു. ആദ്യ കേസ് റിപ്പോർട്ട് ചെയ്യുന്നതിനു മുൻപ് തന്നെ ആരോഗ്യമന്ത്രി കെ.കെ ശെെലജയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും കൊറോണയെക്കുറിച്ച് തുടർച്ചയായി ബോധവത്‌കരണം നടത്തിയിരുന്നു. കേരളത്തിലെ മാധ്യമങ്ങളും ഇതേ കുറിച്ച് വേണ്ട രീതിയിൽ ബോധവത്‌കരണവും റിപ്പോർട്ടുകളും നൽകിയിരുന്നു.

കൊറോണ വെെറസ് ബാധ തൃശൂരിലാണ് ആദ്യമായി സ്ഥിരീകരിക്കുന്നത്. അന്നു മുതൽ ഓരോ ദിവസവും രോഗബാധിതയായ വിദ്യാർഥിനിയുടെ ആരോഗ്യനിലയെ കുറിച്ചും അതാത് ദിവസത്തെ അവസ്ഥകളെ കുറിച്ചും ആരോഗ്യമന്ത്രി വാർത്താസമ്മേളനത്തിൽ വിവരിച്ചിരുന്നു. ഇതെല്ലാം കേരളത്തിലെ ജനങ്ങളെ കൂടുതൽ ബോധവത്‌കരിക്കുകയും കൂടുതൽ ജാഗ്രത പുലർത്താൻ പ്രേരിപ്പിക്കുകയും ചെയ്‌തു.

കഴിഞ്ഞ ദിവസമാണ് കൊറോണ വെെറസ് ബാധയെ സംസ്ഥാന ദുരന്തമായി കേരള സർക്കാർ പ്രഖ്യാപിച്ചത്. കൂടുതൽ ജാഗ്രതയെടുക്കുന്നതിന്റെ ഭാഗമായാണിത്. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതുവരെ കാത്തുനിൽക്കില്ലെന്നും ജാഗ്രതയോടെ നീങ്ങാൻ വേണ്ടിയാണ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതെന്നും ആരോഗ്യവകുപ്പ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു. കൊറോണ ബാധിച്ച് ആരും മരിക്കാതിരിക്കുകയാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യമെന്നും ഭയപ്പെടാൻ വേണ്ടിയല്ല ജാഗ്രത പുലർത്താൻ വേണ്ടിയാണ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കുന്നതെന്നും മന്ത്രി കെ.കെ.ശെെലജയും പറഞ്ഞിരുന്നു.

Read Also: മകന്റെ വിവാഹം ‘കലക്കാൻ’ അമ്മയുടെ ക്വട്ടേഷൻ; വിചിത്ര കേസിൽ കോടതി ഇടപെടൽ

നിർദേശങ്ങൾ പാലിക്കണം

ചെെനയിൽ നിന്നെത്തിയവർക്ക് ആരോഗ്യവകുപ്പ് നിരന്തരം മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. ആരോഗ്യമന്ത്രി നേരിട്ടാണ് ഇത്തരം മുന്നറിയിപ്പുകൾ നൽകുന്നത്. ചെെനയിൽ നിന്നു നാട്ടിലെത്തിയവർ നിർബന്ധമായും ആരോഗ്യവകുപ്പിനെ സമീപിക്കണം. അവർ നിരീക്ഷണത്തിലായിരിക്കണം. അക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്‌ചയുമില്ല. ചെെനയിൽ നിന്നെത്തിയവർ പൊതു പരിപാടികൾക്ക് യാതൊരു കാരണവശാലും പോകരുത്. കൊറോണ ബാധയുടെ ലക്ഷണങ്ങളൊന്നും കാണിച്ചില്ലെങ്കിലും ചിലപ്പോൾ വെെറസ് ശരീരത്തിൽ ഉണ്ടായെന്ന് വരാം. വേണ്ടത്ര നിരീക്ഷണങ്ങൾക്ക് ശേഷമേ അത് പറയാൻ സാധിക്കൂ. അതുകൊണ്ട് ചെെനയിൽ നിന്നെത്തിയവർ ജാഗ്രത പുലർത്തണമെന്നും ആരോഗ്യവകുപ്പ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പറയുന്നു.

രോഗബാധിത പ്രദേശങ്ങളില്‍ നിന്നും മടങ്ങിയെത്തിയവര്‍ രോഗലക്ഷണങ്ങള്‍ പ്രകടമല്ലെങ്കിലും ഇന്ത്യയിലെത്തി 28 ദിവസങ്ങള്‍ കഴിയുന്നതുവരെ വീടുകളില്‍ത്തന്നെ തുടരേണ്ടതും പൊതു ഇടങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കേണ്ടതുമാണ്. പൊതു ജനങ്ങള്‍ക്ക് സംശയ നിവാരണത്തിനായി സംസ്ഥാന തലത്തിലും ജില്ലാ ആസ്ഥാനങ്ങളിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററുകൾ സംസ്ഥാനത്ത് സജ്ജമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook