Explained: കോവിഡ്-19 നുള്ള പ്രതിരോധ മരുന്നിനായി എത്രനാള്‍ കാത്തിരിക്കണം? ഇനിയും മാസങ്ങള്‍ ഇതിനായി കാത്തിരിക്കേണ്ടിവരുമെന്നാണ് വൈദ്യശാസ്ത്ര രംഗത്തുനിന്ന് ഈ ചോദ്യത്തിനുള്ള മറുപടി. എല്ലാം നല്ല രീതിയില്‍ പോവുകയാണെങ്കില്‍ 12-18 മാസത്തിനുള്ളില്‍ കൊറോണയ്ക്കുള്ള മരുന്ന് വികസിപ്പിക്കാനാവുമെന്ന് ലോകാരോഗ്യ സംഘടനയിലെ ശാസ്ത്രജ്ഞയായ ഡോ.സൗമ്യ സ്വാമിനാഥന്‍ ഇന്ത്യന്‍ എക്‌സ്‌പ്രസിനോട് പ്രതികരിച്ചു. ആവശ്യമായ അളവില്‍ രോഗികള്‍ക്ക് മരുന്ന് ലഭ്യമാവാന്‍ 18 മുതല്‍ 24 വരെ മാസമെടുക്കുമെന്നും അവര്‍ വ്യക്തമാക്കി.

മരുന്നുകളും വാക്‌സിനേഷനുകളും വികസിപ്പിക്കാന്‍ സമയം ആവശ്യമാണ്. മറ്റു ജീവികളില്‍ പരിശോധിച്ചശേഷമാണ് ഇവ മനുഷ്യര്‍ക്ക് നല്‍കുക. മൂന്ന് ഘട്ടങ്ങളിലായി മരുന്നിന്റെ സുരക്ഷിതത്വവും ഫലപ്രാപ്തിയും പ്രോട്ടോകോൾ പ്രകാരം പരിശോധിക്കും. സാര്‍സ്, മെർസ് എന്നിവയുടെ വിഭാഗത്തില്‍ പെടുന്ന വൈറസാണ് കൊറോണ. ഇത്തരം വൈറസുകള്‍ക്കെതിരായ മരുന്നുകള്‍ക്കായി ഇതിനകം തന്നെ ഗവേഷണം ആരംഭിച്ചിരുന്നു.

Read Also: കോവിഡ്-19: രാജ്യത്ത് വെെറസ് ബാധിതരുടെ എണ്ണം അതിവേഗം വർധിക്കുന്നു; ആശങ്ക

“നിലവിലുള്ള പ്രതിരോധ മരുന്ന് ഗവേഷണങ്ങളിൽ തന്നെ മാറ്റം വരുത്തി മുന്നോട്ട് പോകാവുന്നതാണ്. അതിനാല്‍ എല്ലാം ആദ്യം തൊട്ട് തുടങ്ങേണ്ട ആവശ്യമില്ല. എന്നാലും വാക്‌സിനുകളെക്കുറിച്ചുള്ള ആദ്യ വിവരങ്ങള്‍ പുറത്തുവരാന്‍ ആറുമാസമെങ്കിലും എടുക്കും. അവ പരാജയപ്പെടാനുളള സാധ്യതയുമുണ്ട്. ചികിത്സയുമായി ബന്ധപ്പെട്ട് റിട്ടോനവിര്‍-ലോപിനവിര്‍ (എച്ച്‌ഐവിക്കെതിരായ മരുന്നുകള്‍) സംയുക്തത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ എപ്പോള്‍ വേണമെങ്കിലും പുറത്ത് വരാം. നിലവിലെ വൈറസ് പ്രതിരോധ മരുന്നുകളുട ഫലപ്രാപ്തിയെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി കാത്തിരിക്കുകയുും അവയെ എത്രത്തോളം മെച്ചപ്പെടുത്തുവാന്‍ കഴിയുമെന്ന് നോക്കുകയും വേണം.”-സി.എസ്.ഐ.ആര്‍ ഇന്‍സ്റ്റിറ്റ‌്യൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി ഡയറക്‌ടർ ഡോക്‌ടർ അനുരാഗ് അഗര്‍വാള്‍ പ്രതികരിച്ചു.

കോവിഡ് മരുന്നിനായുള്ള ഓട്ടത്തില്‍ നമ്മള്‍ എവിടെയാണ്?

കോവിഡ്-19 നെതിരേ ഐക്യദാർഢ്യം എന്ന പേരില്‍ വിവിധ രാജ്യങ്ങളെയും ഏജന്‍സികളെയും ഏകോപിപ്പിച്ചുള്ള മരുന്നു പരീക്ഷണ പദ്ധതി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്. എച്ച്‌ഐവിക്കുള്ള റിട്ടോനവിര്‍-ലോപിനവിര്‍ മരുന്നുകളും മലേറിയക്കെതിരായ ക്ലോറോക്വിനും സംയോജിപ്പിച്ചുള്ള ആന്റിവെെറൽ ഡ്രഗ് റെംഡെസിവിറുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ ഇതിന്റെ ഭാഗമായി നടത്തും. അര്‍ജന്റീന, ബഹ്‌റൈന്‍, കാനഡ, ഫ്രാന്‍സ്, ഇറാന്‍, നോര്‍വെ, ദക്ഷിണാഫ്രിക്ക, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, തായ്‌ലാന്‍ഡ് രാജ്യങ്ങള്‍ നിലവില്‍ പദ്ധതിയുമായ സഹകരണം പ്രഖ്യാപിച്ചിട്ടുണ്ട്.

Read Also: കേരളത്തിൽ ഏറ്റവും നന്നായി പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്; പുകഴ്‌ത്തി മോഹൻലാൽ

റെംഡെസിവിര്‍: റെംഡെസിവിറുമായി ബന്ധപ്പെട്ട് യു.എസ്. നാഷണൽ ഇന്‍സ്റ്റിറ്റ‌്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ (എന്‍ഐഎച്ച്) പരീക്ഷണം മികച്ച രീതിയില്‍ മുന്നോട്ടു പോവുന്നുണ്ടെന്ന് സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. നെബ്രാസ്‌ക സര്‍വകലാശാല മെഡിക്കല്‍ സെന്ററിൽ പ്രവേശിപ്പിച്ച കോവിഡ് -19 രോഗികള്‍ക്ക് ആദ്യ ഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ മരുന്നു നല്‍കാന്‍ ആരംഭിച്ചിട്ടുണ്ട്. ജപ്പാനിലെ യൊക്കൊഹോമയില്‍ നങ്കൂരമിട്ട ഡയമണ്ട് പ്രിന്‍സസ് കപ്പലിലെ യാത്രക്കാരനായിരുന്ന യു.എസ് സ്വദേശിയാണ് പരീക്ഷണത്തില്‍ ആദ്യ പങ്കാളിയായതെന്ന് എന്‍ഐഎച്ച് അറിയിച്ചു. ഇവര്‍ സ്വമേധയാ പരീക്ഷണത്തില്‍ പങ്കെടുക്കാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു. നേരത്തേ ഇബോള ബാധിതരില്‍ പരീക്ഷിച്ച റെംഡെസിവിര്‍ സാര്‍സിനും മെര്‍സിനുമെതിരെ പ്രവര്‍ത്തിക്കുന്നതായി വ്യക്തമായിരുന്നു.

നിലവിലുള്ള മരുന്നുകളില്‍ മാറ്റം വരുത്താതെ പുതിയ മരുന്നു കണ്ടുപിടിക്കുന്നതിനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്. മനുഷ്യ കോശങ്ങള്‍ക്കകത്ത് കൊറോണ വൈറസ് പുനരുൽപാദനത്തിനായി ഉപയോഗിക്കുന്ന പ്രോട്ടീനുകളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ യുഎസിലെ കാലിഫോര്‍ണിയ സര്‍വകലാശാല സാന്‍ഫ്രാന്‍സിസ്‌കോയിലെ ക്വാണ്ടിറ്റേറ്റീവ് ബയോ സയന്‍സസ് ഇന്‍സ്റ്റിറ്റ‌്യൂട്ട് ആരംഭിച്ചിട്ടുണ്ട്. ഈ പ്രോട്ടീനുകളെ ലക്ഷ്യംവച്ച് വൈറസിന്റെ പുനരുല്‍പാദനം തടയാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താനാണ് ഗവേഷകര്‍ ലക്ഷ്യമിടുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook