തൊണ്ണൂറോളം രാജ്യങ്ങളിലായി 31,000-ത്തിലധികം മങ്കിപോകസ് കേസുകളാണു മേയ് മുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വര്‍ധിച്ചുവരുന്ന വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഈ അപൂര്‍വ രോഗത്തെ ആഗോള അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന ജൂലൈയില്‍ പ്രഖ്യാപിച്ചിരുന്നു. മങ്കിപോക്സിനെ ദേശീയ അടിയന്തരാവസ്ഥയായി കഴിഞ്ഞയാഴ്ച യുഎസും പ്രഖ്യാപിച്ചു.
ആഫ്രിക്കയ്ക്ക് പുറത്ത്, 98 ശതമാനം മങ്കിപോക്സ് കേസുകളും സ്വവര്‍ഗ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാരിലാണു സ്ഥിരീകരിച്ചിരിക്കുന്നത്. എലി, അണ്ണാന് തുടങ്ങിയ രോഗബാധിതരായ വന്യമൃഗങ്ങളുമായുള്ള സമ്പര്‍ക്കത്തെത്തുടര്‍ന്ന് മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയുടെ ചില ഭാഗങ്ങളില്‍ പതിറ്റാണ്ടുകളായി മങ്കിപോക്സ് വ്യാപകമാണ്.
ആഗോളതലത്തില്‍ പ്രതിരോധ വാക്സിനുകളുടെ വിതരണം പരിമിതമായതിനാല്‍ പുതിയ രോഗമായി വേരൂന്നുന്നതിനു മുന്‍പ് മങ്കിപോക്സിനു തടയിടാനുള്ള കഠിനപരിശ്രമത്തിലാണ് അധികൃതര്‍.
മങ്കിപോക്സ് നിയന്ത്രിക്കാന്‍ കഴിയുമോ?
സൈദ്ധാന്തികമായി അതെ എന്നാണ് ഉത്തരം. വൈറസ് എളുപ്പത്തില്‍ പടരില്ലെന്നു മാത്രമല്ല, പ്രതിരോധ വാക്സിന് ലഭ്യവുമാണ്. എന്നാല്‍ നിലവില്‍ ഏകദേശം 1.6 കോടി ഡോസുകള്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ. ഒരു കമ്പനി മാത്രമാണ് വാക്സിന് നിര്‍മിക്കുന്നത്. ആഫ്രിക്കയൊഴികെ, സ്വവര്‍ഗ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാര്ക്കു പുറത്ത് സ്ഥിരമായ മങ്കിപോക്സ് വ്യാപനത്തിന്റെ ഒരു ലക്ഷണവുമില്ല. അതായത് ആ വിഭാഗത്തിലെ വ്യാപനം അവസാനിപ്പിച്ചാല്‍ പൊട്ടിത്തെറി ഫലപ്രദമായി അവസാനിപ്പിക്കാന്‍ കഴിയും.
യുകെയില്‍ കുരങ്ങുപനി കേസുകളുടെ ‘ആദ്യ സൂചനകള്‍’ കഴിഞ്ഞയാഴ്ച ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയതായി ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ പറഞ്ഞിരുന്നു. ഒരുകാലത്ത് ആഫ്രിക്കയ്ക്കു പുറത്ത് മങ്കിപോക്സ് കേസുകളില്‍ ലോകത്തിലെ ഏറ്റവും വലിയ പൊട്ടിത്തെറിയുണ്ടായത് യുകെയിലായിരുന്നു.
മങ്കിപോക്സ് മറ്റൊരു മഹാമാരിയാണോ?
അല്ല. ഒരു രോഗം പൊട്ടിപ്പുറപ്പെട്ട് ലോകമെമ്പാടും വ്യാപിച്ചുവെന്നതാണു മഹാമാരി എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. കൊറോണ വൈറസ് പോലെ വേഗത്തില്‍ മങ്കിപോക്സ് പകരില്ല. ഈ രോഗം നിയന്ത്രിക്കാന്‍ കോവിഡ്-19 ലോക്ഡൗണ്‍ പോലുള്ള ഇടപെടലുകള്‍ ആവശ്യവുമില്ല.
പകര്‍ച്ചവ്യാധിയെ ഗൗരവമായി കാണാന്‍ രാജ്യങ്ങളെ പ്രേരിപ്പിക്കുന്നതിന്റെ ഭാഗികമായി മങ്കിപോക്സിനെ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചുവെന്നാണു ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞത്. ആഗോള പ്രശ്നമാകുന്നതിനു മുന്‍പ് രോഗം നിയന്ത്രിക്കാന്‍ ഇനിയും അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മങ്കിപോക്സ് പടരുന്നത് എങ്ങനെ?
രോഗബാധിതനുമായി ചര്‍മത്തില്‍നിന്ന് ചര്മത്തിലേക്കോ ചര്‍മത്തില്‍നിന്ന് വായിലേക്കോ സമ്പര്ക്കമെുണ്ടാവുമ്പോഴാണു മങ്കിപോക്സ് സാധാരണഗതിയില്‍ പകരുന്നത്്. കുരങ്ങുപനി ബാധിച്ച ഒരാളുടെ വസ്ത്രവുമായോ കിടക്കവിരികളുമായോ സമ്പര്ക്കമുണ്ടാന്നതിലൂടെയും രോഗം ബാധിക്കാം. ചുമയ്ക്കുമ്പോള്‍ പുറത്തുവരുന്ന തുപ്പല് തുള്ളികളുമായുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പകരാം. പക്ഷേ അത് എത്ര തവണ സംഭവിച്ചതായി കണ്ടെത്താന്‍ ശാസ്ത്രജ്ഞര്‍ക്കു കഴിഞ്ഞിട്ടില്ല. അതേസമയം, വായുവിലൂടെ പകരുന്ന സംഭവങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ലെന്നു ബ്രിട്ടീഷ് ആരോഗ്യ ഉദ്യോഗസ്ഥര്‍ പറയുന്നു.
ആര്‍ക്കൊക്കെയാണു രോഗം ബാധിച്ചത്?
കേസുകളില്‍ വലിയൊരു ശതമാനം സ്വവര്‍ഗാനുരാഗികളിലും ബൈസെക്ഷ്വല്‍ പുരുഷന്മാരിലുമാണ്. യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും പ്രാരംഭ പൊട്ടിത്തെറികള്‍ സ്പെയിനിലെയും ബെല്‍ജിയത്തിലെയും രണ്ട് റേവ് പാര്‍ട്ടികളിലെ ലൈംഗിക ബന്ധങ്ങളില്നിന്നാവാമെന്നാണു കരുതപ്പെടുന്നത്.
യുഎസിലെ 99 ശെതമാനം മങ്കിപോക്സ് കേസുകളും പുരുഷന്മാരിലാണ്. അവരില്‍ 94 ശതമാനം പേരും രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനു മൂന്നാഴ്ച മുമ്പ് മറ്റു പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്റെ കണക്ക് വ്യക്തമാക്കുന്നു.
അതേസമയം, രോഗബാധിതരുമായോ അവര്‍ സ്പര്‍ശിച്ച തുണികളുമായോ അടുത്ത സമ്പര്ക്കുമുണ്ടായ ആര്‍ക്കും വൈറസ് പിടിപെടാമെന്നതും വസ്തുതയാണ്.
നിലവില്‍ ആര്‍ക്കൊക്കെ വാക്സിന് ലഭിക്കും?
ലഭ്യത പരിമിതമായതിനാല്‍ കൂട്ട വാക്സിനേഷന് ആരോഗ്യ അധികൃതര്‍ ശിപാര്‍ശ ചെയ്യുന്നില്ല. ആരോഗ്യ പ്രവര്‍ത്തകര്‍, രോഗബാധിതരുമായി അടുത്തിടപഴകിയ ആളുകള്‍, മങ്കിപോക്സ് പിടിപെടാനുള്ള സാധ്യത കൂടുതലുള്ള പുരുഷന്മാര് എന്നിവര്‍ക്കാണ് അവര്‍ കുത്തിവയ്പ് നിര്‍ദേശിക്കുന്നത്.
ജിന്നിയോസ് എന്ന വാക്സിന്റെ വിതരണ വ്യാപ്തി വര്‍ധിപ്പിക്കാനും അധികൃതര്‍ ശ്രമിക്കുന്നുണ്ട്. വാക്സിന്റെ രണ്ട് ഡോസുകളാണു സ്വീകരിക്കേണ്ടത്. എന്നാല്‍ പലയിടത്തും ഒരു ഡോസ് മാത്രമാണ് നല്‍കുന്നത്. ഓരോ കുപ്പിയില്നിന്നും ഒരാള്‍ക്ക് എന്നതിനു പകരം അഞ്ചുപേര്‍ക്കു വരെ വാക്സിന് നല്കാന് ആരോഗ്യ വിദഗ്ധരെ അനുവദിക്കുന്ന തരത്തില്‍ യു എസ് ആരോഗ്യ ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച പുതിയ തന്ത്രത്തിന് അംഗീകാരം നല്‍കിയിരിക്കുകയാണ്. സ്വീകര്‍ത്താക്കള്‍ക്കു മാസത്തില്‍ രണ്ട് ഷോട്ട് ലഭിക്കും.
രോഗം പിടിപെടാതിരിക്കാന്‍ എന്താണ് ചെയ്യേണ്ടത്?
കുരങ്ങുപനി പിടിപെടാന്‍ സാധ്യതയുള്ള പുരുഷന്മാര് ‘സുരക്ഷിതമായ തിരഞ്ഞെടുപ്പ്’ നടത്താനും ലൈംഗിക പങ്കാളികളെ ‘തല്ക്കാലം’ ഒഴിവാക്കുന്നതും പരിഗണിക്കാന്‍ ഡബ്ല്യു എച്ച് ഒ ഡയരക്ടര്‍ ജനറല്‍ ശിപാര്‍ശ ചെയ്തു.
ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയോ സാമൂഹിക പരിപാടിക്കു പോകുകയോ ചെയ്യുന്നതിനുമുമ്പ് മങ്കിപോക്സ് ബാധിച്ചിട്ടുണ്ടോയെന്നു സ്വയം പരിശോധിക്കണമെന്ന ഉപദേശം നല്‍കിയിരിക്കുകയാണു ബ്രിട്ടനിലെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി. ബ്രിട്ടനിലെ മിക്ക മങ്കിപോക്സ് കേസുകളും ഉത്സവങ്ങള്‍, നീരാവിക്കുളി സ്ഥലങ്ങള്‍, സെക്സ് നടക്കുന്ന മറ്റ് സ്ഥലങ്ങള്‍ എന്നിവയില്‍നിന്നാണ് ഉത്ഭവിച്ചതെന്നാണു കരുതപ്പെടുന്നത്.
മങ്കിപോക്സ് ബാധിച്ചവര്‍ പൂര്‍ണമായും സുഖപ്പെടുന്നതുവരെ ഐസൊലേഷനില്‍ കഴിയും. ഇതിന് മൂന്നാഴ്ച വരെ എടുത്തേക്കാം.
രോഗം ഗുരുതരമാകാനുള്ള സാധ്യത ആര്‍ക്കൊക്കെ?
മങ്കിപോക്സ് ബാധിച്ച മിക്ക ആളുകളും ചികിത്സയില്ലാതെ തന്നെ സുഖം പ്രാപിക്കുന്നു. പക്ഷേ മസ്തിഷ്ക വീക്കം പോലുള്ള ഗുരുതരമായ ലക്ഷണങ്ങള്‍ക്കും അപൂര്‍വ സന്ദര്‍ഭങ്ങളില്‍ മരണത്തിനും മങ്കിപോക്സ് കാരണമായേക്കാം. കുട്ടികളിലും ഗര്‍ഭിണികളിലും അര്‍ബുദം, ക്ഷയം, എച്ച് ഐ വി പോലുള്ള ആരോഗ്യപ്രശ്നങ്ങളുള്ളവരിലും മങ്കിപോക്സ് ഗുരുതരമായേക്കാം.
യു എസില്‍, മങ്കിപോക്സ് ബാധിച്ചവരില്‍ 40 ശതമാനം പേര്‍ക്കും എച്ച് ഐ വിയുണ്ടെന്നു സെന്റേഴ്്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ പറയുന്നു.