ന്യൂഡല്‍ഹി: ദേശിയ തലത്തില്‍ അംഗീകരിക്കപ്പെടുകയും ചരിത്രവുമുള്ള പാര്‍ട്ടിയായ കോണ്‍ഗ്രസിനെ എഴുതി തള്ളുക എന്ന അപക്വമായ ഒന്നായിരിക്കും. എങ്കിലും പഞ്ചാബ്, ഉത്തര്‍ പ്രദേശ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പിലെ ജനവിധി ഏറ്റവും വലിയൊരു പ്രതിസന്ധിയിലേക്കാണ് പാര്‍ട്ടിയെ തള്ളിവിട്ടിരിക്കുന്നത്. ഇവിടെ നിന്ന് കോണ്‍ഗ്രസ് എങ്ങനെ അതിജീവിക്കും, അടുത്ത പദ്ധതികള്‍ എന്താകും എന്ന ചോദ്യങ്ങള്‍ ഫലപ്രഖ്യാപനത്തിന്റെ ആദ്യ മണിക്കൂറുകള്‍ മുതല്‍ മുഴങ്ങി കേള്‍ക്കുകയാണ്.
സോണിയ ഗാന്ധി അധ്യക്ഷ പദവിയിലേക്ക് 1998 ല്‍ എത്തിയപ്പോള്‍ കോണ്‍ഗ്രസ് മൂന്ന് സംസ്ഥാനങ്ങളിലായിരുന്നു ഭരണത്തിലുണ്ടായരുന്നത്, മധ്യ പ്രദേശ്, ഒഡീഷ, മിസോറാം. പിന്നീട് ഓരോ സംസ്ഥാനങ്ങളായി കോണ്‍ഗ്രസ് പിടിച്ചെടുത്തു. 2004 ല്‍ കേന്ദ്ര ഭരണത്തിലേക്ക് തിരിച്ചെത്തി. 2014 എത്തിയപ്പോള്‍ ഒന്‍പത് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരണകക്ഷിയായി. എന്നാല്‍ 24 വര്‍ഷം മുന്‍പത്തേതിലും മോശം അവസ്ഥയിലേക്ക് പാര്‍ട്ടി എത്തിയിരിക്കുകയാണ്. കൈയിലുള്ളതാകട്ടെ രാജസ്ഥാനും, ഛത്തീസ്ഗഡും മാത്രം.
2014 ല്‍ കേന്ദ്രത്തിലേക്ക് നരേന്ദ്ര മോദിയെത്തിയതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയായിരുന്നു. പിന്നീട് പുതുച്ചേരി (2016), പഞ്ചാബ് (2017), മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് (2018) എന്നിവിടങ്ങളില്‍ മാത്രമാണ് വിജയിക്കാനായത്.
പാര്‍ട്ടിക്കുള്ളിലെ പ്രതിസന്ധി
ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം പാര്‍ട്ടിയില്‍ ജനാധിപത്യം സ്ഥാപിക്കാനുള്ള രാഹുല്‍ ഗാന്ധി വിരുദ്ധ ശ്രമങ്ങള്‍ക്ക് വളമിടുന്ന ഒന്നാണ്. കോണ്‍ഗ്രസിന് ഒട്ടും സുപരിചതമല്ലാത്ത കൂട്ടായ നേതൃത്വം എന്ന ആശയത്തിലേക്ക് നീങ്ങണമെന്ന ആശയങ്ങള്‍ മുന്നോട്ട് വന്നേക്കാം. ജി-23 ക്ക് പുറത്തുള്ള ഏതെങ്കിലും നേതാക്കള്‍ക്ക് ഇത് സംസാരിക്കാനുള്ള ധൈര്യമുണ്ടോ എന്ന് കണ്ടറിയണം.
രാഹുല്‍ ഗാന്ധി അധ്യക്ഷപദവിയിലേക്ക് തിരിച്ചെത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് പാര്‍ട്ടിയിലുള്ള ഭൂരിഭാഗം പേരും. രാഹുല്‍ മുന്നോട്ട് വന്നാല്‍ വലിയ തോതിലുള്ള എതിര്‍പ്പുകള്‍ ഉണ്ടാകാനുള്ള സാധ്യതകളും വിരളമാണെന്ന് പറയാം. എന്നാല്‍ പാര്‍ട്ടിയിലെ ഗാന്ധിക്കുടുംബത്തിന്റെ പ്രാമുഖ്യത്തിനെതിരെ ചോദ്യങ്ങള്‍ ഉയര്‍ന്നേക്കാം. നേതൃത്വത്തിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് മുന്‍പ് പാര്‍ട്ടിക്കുള്ളിലെ കലഹങ്ങള്‍ക്ക് ഉത്തരം കാണുകയാണ് വേണ്ടത്. അല്ലെങ്കില്‍ പിളര്‍പ്പൊ കൂടുമാറ്റങ്ങളൊ സംഭവിച്ചേക്കാം.
ഉത്തര്‍ പ്രദേശിലെ കനത്ത തിരിച്ചടി പ്രിയങ്ക ഗാന്ധിയിലുണ്ടായിരുന്ന പ്രതീക്ഷയും ഇല്ലാതാക്കി. പലര്‍ക്കും പ്രിയങ്കയായിരുന്നു തുറുപ്പ് ചീട്ട്. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രിയങ്ക മുഖ്യധാരയിലേക്ക് കടന്നു വന്നിരുന്നു. യുപിയിലെ എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റത് മുതല്‍ പ്രിയങ്കയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പ്രിയങ്ക എന്ന ബ്രാന്‍ഡിനെ തന്നെ ഉടച്ചുകളഞ്ഞു.
തിരിച്ചടി നേരിട്ട പോയ വര്‍ഷങ്ങളിലൊന്നും ആത്മപരിശോധന നടത്താന്‍ പാര്‍ട്ടി തയാറായില്ല. പുത്തന്‍ ആശയങ്ങളിലും വ്യക്തമായ നിലപാടുകളിലും ദാരിദ്ര്യം അനുഭവിച്ചു. സംസ്ഥാനങ്ങളില്‍ വോട്ട് പിടിക്കാന്‍ കഴിവുള്ളവരുടെ അഭാവം തിരിച്ചടികളുടെ കൂടെ കൂട്ടാം.
പാര്‍ട്ടിക്ക് പുറത്തെ വെല്ലുവിളികള്‍
കോണ്‍ഗ്രസിന് പുതിയ വെല്ലുവിളിയായി ഉയര്‍ന്ന് വന്നിരിക്കുന്നത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആംആദ്മി പാര്‍ട്ടിയാണ്. ഡെല്‍ഹി മോഡലിലേക്ക് പഞ്ചാബിനേയും ആംആദ്മി എത്തിച്ചു. മറ്റൊരു എടുത്ത പറയാന്‍ പറ്റുന്ന നേട്ടങ്ങള്‍ ഒരു സംസ്ഥാനത്ത് പോലും കോണ്‍ഗ്രസിനില്ല എന്നതും വാസ്തവമായി നിലനില്‍ക്കുന്നു. ആംആദ്മിയുടേയും ത്രിണമൂല്‍ കോണ്‍ഗ്രസിന്റേയും വളര്‍ച്ച പ്രതിപക്ഷത്തിലെ മുഖ്യപാര്‍ട്ടിയെന്ന കോണ്‍ഗ്രസിന്റെ സ്ഥാനത്തിന് പോലും വെല്ലുവിളിയാണ്.
ഗോവയില്‍ ത്രിണമൂല്‍ പരാജയം രുചിച്ചെങ്കിലും, സഖ്യകക്ഷികളായ എന്‍സിപിയും, ആര്‍ജെഡി പോലുള്ള പാര്‍ട്ടികളും ബിജെപി വിരുദ്ധസഖ്യത്തിന് പുതിയ രൂപവും നേതൃത്വവും വേണമെന്ന് ആഗ്രഹിക്കുന്നു. സമാജ്വാദി പാര്‍ട്ടിയെപ്പോലെ പലരും കോണ്‍ഗ്രസുമായൊരു സഖ്യത്തിന് പോലും തയാറാകുന്നില്ല. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിക്കാൻ ഉദ്ദേശിക്കുന്നതായി സൂചന നൽകിയിരുന്നു. മാർച്ച് 10 വരെ കാത്തിരിക്കണമെന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ ഇതുവരെയുള്ള പല്ലവിയെങ്കിലും ഇപ്പോള്‍ യാഥാര്‍ത്ഥ്യം തെളിഞ്ഞിരിക്കുന്നു.
Also Read: ദേശീയ പാർട്ടിയാകാനുള്ള പാതയിൽ എഎപി; ഇപ്പോൾ ദേശീയ പാർട്ടിയെന്ന് അവകാശപ്പെടാൻ കഴിയുമോ?