തദ്ദേശഭരണ സ്ഥാപനങ്ങള്‍ മുതല്‍ ലോക്‌സഭ വരെയുള്ള തിരഞ്ഞെടുപ്പിന് ഒരു വോട്ടര്‍ പട്ടികയെന്നതിന്റെ സാധ്യതയെക്കുറിച്ച് തിരിഞ്ഞെടുപ്പ് കമ്മിഷന്റെ പ്രതിനിധികളുമായും നിയമ മന്ത്രാലയവുമായും പ്രധാനമന്ത്രിയുടെ ഓഫീസ് ചര്‍ച്ച നടത്തിയിരിക്കുകയാണ്. ഒരു വോട്ടര്‍ പട്ടികയെന്ന ആശയം പ്രധാനമന്ത്രി നരേന്ദ്ര മോദി പലതവണ പങ്കുവച്ചിട്ടുണ്ട്.
നമ്മുടെ രാജ്യത്ത് എത്ര തരം വോട്ടര്‍ പട്ടികകള്‍ ഉണ്ട്?
പല സംസ്ഥാനങ്ങളിലും ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കുന്നതില്‍നിന്നു വ്യത്യസ്തമായ വോട്ടര്‍ പട്ടികയാണ് പഞ്ചായത്ത്, മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കുന്നത്. രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്താന്‍ രണ്ട് ഭരണഘടനാ അധികാരികളെയാണ് ഭാരമേല്‍പ്പിച്ചിരിക്കുന്നത്. ഇന്ത്യയുടെ തിരഞ്ഞെടുപ്പ് കമ്മിഷനും (ഇസി) സംസ്ഥാന തിരഞ്ഞെടുപ്പ് (എസ് ഇ സി) കമ്മിഷനുകളും.
1950-ല്‍ സ്ഥാപിതമായ ഇസിയ്ക്കാണ് രാഷ്ട്രപതി, ഉപരാഷ്ട്രപതി, പാര്‍ലമെന്റ്, സംസ്ഥാന നിയമസഭകള്‍, ലെജിസ്ലേറ്റീവ് കൗണ്‍സിലുകള്‍ എന്നിവയിലേക്ക് തിരഞ്ഞെടുപ്പ് നടത്താന്‍ അധികാരം. അതേസമയം, എസ് ഇ സികള്‍ മുന്‍സിപ്പല്‍, പഞ്ചായത്ത് തിരഞ്ഞെടുപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്നു. പ്രാദേശിക ഭരണ കൂടങ്ങളുടെ തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള സ്വന്തം വോട്ടര്‍ പട്ടിക തയാറാക്കാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. ഇത് ചെയ്യുന്നതിന് ഇസിയുമായി സഹകരിക്കേണ്ടതില്ല.
പ്രാദേശിക തിരഞ്ഞെടുപ്പ്: എല്ലാ സംസ്ഥാനങ്ങളിലും പ്രത്യേകം വോട്ടര്‍ പട്ടിക ഉണ്ടോ?
ഇല്ല. ഓരോ എസ് ഇ സികളെയും നിയന്ത്രിക്കുന്നതിന് പ്രത്യേക സംസ്ഥാന നിയമം ഉണ്ട്. ചില സംസ്ഥാന നിയമങ്ങള്‍ എസ് ഇ സികളെ ഇസിയുടെ വോട്ടര്‍ പട്ടിക വാങ്ങി തിരഞ്ഞെടുപ്പ് നടത്താന്‍ അനുവദിക്കുന്നുണ്ട്.
മറ്റുള്ളവയില്‍ മുന്‍സിപ്പല്‍, പഞ്ചായത്ത് തിരഞ്ഞെടുപ്പുകള്‍ക്കായി വോട്ടര്‍ പട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ തയാറാക്കും.
നിലവില്‍ കേരളം, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഒഡിഷ, അസം, മധ്യപ്രദേശ്, അരുണാചല്‍പ്രദേശ്, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനുകൾ തയാറാക്കുന്ന വോട്ടർപട്ടികയാണ് തദ്ദേശഭരണ തിരഞ്ഞെടുപ്പുകൾക്ക് ഉപയോഗിക്കുന്നത്. മറ്റു സ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഇസിയുടെ വോട്ടര്‍ പട്ടിക ഉപയോഗിക്കുന്നു.
Read Also: വിവാദ മനുഷ്യ ദൈവം നിത്യാനന്ദയുടെ ‘കേന്ദ്ര ബാങ്കും നാണയവും’; നിങ്ങളറിയേണ്ട കാര്യങ്ങള്‍
ഒറ്റ വോട്ടര്‍ പട്ടികയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത് എന്തുകൊണ്ട് ?
കഴിഞ്ഞ വര്‍ഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വാഗ്ദാനങ്ങളിലാന്നായിരുന്നു പൊതു വോട്ടര്‍ പട്ടിക എന്നത്. ലോക്‌സഭ, നിയമസഭകള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവയിലേക്ക് ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തും എന്ന വാഗ്ദാനവുമായി ബന്ധമുള്ളതാണ് പൊതു വോട്ടര്‍ പട്ടിക എന്നത്. തിരഞ്ഞെടുപ്പുകള്‍ പ്രത്യേകം നടത്തുന്നതിനു വരുന്ന വലിയ മനുഷ്യാധ്വാനവും സാമ്പത്തികച്ചെലവുമാണ് ഈ വാദത്തെ പിന്തുണയ്ക്കുന്നതിനായി ബിജെപി ചൂണ്ടിക്കാണിക്കുന്നത്. വോട്ടര്‍ പട്ടിക രണ്ട് വ്യത്യസ്ത ഏജന്‍സികള്‍ തയാറാക്കുമ്പോള്‍ പേരുകള്‍ ഇരട്ടിക്കുന്നു. കൂടാതെ, ചെലവും ശ്രമവും ഇരട്ടിയാണ്.
ഒരൊറ്റ വോട്ടര്‍ പട്ടിക എന്ന ആശയം പുതിയതല്ല. 2015-ല്‍ നിയമ കമ്മിഷന്‍ 255-ാം റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷനും 1999, 2004 വര്‍ഷങ്ങളില്‍ ഇതേ നിലപാട് സ്വീകരിച്ചിരുന്നു.
സര്‍ക്കാര്‍ ഇതെങ്ങനെ നടപ്പാക്കും?
ഓഗസ്റ്റ് 13-ന് പ്രധാനമന്ത്രിയുടെ ഓഫീസ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ രണ്ട് വഴികള്‍ ചര്‍ച്ച ചെയ്തു. ഒന്നാമത്തേത്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് അധികാരങ്ങള്‍ നല്‍കുന്ന ഭരണഘടനയുടെ 243കെ, 243 ഇസഡ് എ എന്നീ അനുച്ഛേദങ്ങൾ ഭേദഗതി ചെയ്യുക. അതിലൂടെ രാജ്യത്ത് എല്ലാ തിരഞ്ഞെടുപ്പിനും ഒരൊറ്റ വോട്ടർ പട്ടിക നിയമപരമാകും. രണ്ടാമത്തേത്, തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടര്‍ പട്ടികയായി ഇസിയുടെ പട്ടിക അംഗീകരിച്ച് സംസ്ഥാനങ്ങളെ തങ്ങളുടെ നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ പ്രേരിപ്പിക്കുക. രണ്ടാമത്തെ നിർദേശം സംബന്ധിച്ച് സംസ്ഥാനങ്ങളുടെ നിലപാട് തേടാൻ ഒരുങ്ങുകയാണു കേന്ദ്രസർക്കാർ.
Read in English: Explained: Why there are different voters lists, and why the government wants a Common Electoral Roll