ആറ് പതിറ്റാണ്ടിന് ശേഷം ചൈനയിലെ ജനസംഖ്യയില്‍ കുറവ് സംഭവിച്ചിരിക്കുകയാണ്. നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് അനുസരിച്ച് 2022-ലെ ജനസംഖ്യ 1,411.8 ദശലക്ഷമാണ്. 2021-ല്‍ ഇത് 1,412.6 ദശലക്ഷമായിരുന്നു.
ചൈനയിലുണ്ടായ ജനസംഖ്യാ ഇടിവ് ഒരു നാഴികക്കല്ലാണ്. 2011 ന് ശേഷം സെന്‍സസ് എടുത്തിട്ടില്ലാത്ത ഇന്ത്യ 2023-ല്‍ ചൈനയെ മറികടന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ വസിക്കുന്ന രാജ്യമാകുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ പ്രവചനങ്ങള്‍ പറയുന്നത്.
ചൈനയില്‍ ജനസംഖ്യ കുറയുന്നതും ഇന്ത്യയില്‍ വര്‍ധിക്കുന്നതിനുമെല്ലാം പ്രത്യാഘാതങ്ങള്‍ ഉണ്ടാകാം. പ്രത്യേകിച്ചും സാമ്പത്തികമായി. എന്നാല്‍ ആദ്യമായി ഉയരുന്ന ചോദ്യം ഈ മാറ്റങ്ങള്‍ പിന്നിലെ കാരണമെന്താണെന്നാണ്.
മരണവും പ്രത്യുല്‍പാദന നിരക്കും
മരണങ്ങളുടെ എണ്ണം കുറയുമ്പോഴാണ് ജനസംഖ്യ ഉയരുന്നത്. ജനസംഖ്യയില്‍ ഇടിവ് സംഭവിക്കുന്നത് പ്രത്യുല്‍പാദന നിരക്ക് കുറയുമ്പോഴും.
വിദ്യാഭ്യാസ നിലവാരം, പൊതുജനാരോഗ്യം, വാക്സിനേഷൻ പരിപാടികൾ, മികച്ച ഭക്ഷണവും ചികിത്സയും, സുരക്ഷിതമായ കുടിവെള്ളം, ശുചിത്വ സൗകര്യങ്ങള്‍ എന്നിവയിലൂടെ മരണനിരക്ക് കുറയുന്നു. ക്രൂഡ് ഡെത്ത് റേറ്റ് (സിഡിആര്‍ – 1,000 പേരില്‍ പ്രതിവർഷം മരിക്കുന്ന ആളുകളുടെ എണ്ണം) 1950-ൽ ചൈനയ്ക്ക് 23.2 ഉം ഇന്ത്യയിൽ 22.2 ഉം ആയിരുന്നു. 2020-ല്‍ ഇരുരാജ്യങ്ങളുടേയും സിഡിആര്‍ 7.3-7.4 എന്ന നിരക്കിലായിരുന്നു.
മറ്റൊന്ന് ആയുര്‍ദൈര്‍ഘ്യമാണ്. 1950-2020 വരെയുള്ള കാലഘട്ടത്തില്‍ ചൈനയിലെ ആയുര്‍ദൈര്‍ഘ്യം 43.7 ല്‍ നിന്ന് 78.1-ലേക്കെത്തി. ഇന്ത്യയുടേത് 41.7-ല്‍ നിന്ന് 70.1 ആയി മാറി.
ടോട്ടല്‍ ഫെർട്ടിലിറ്റി നിരക്ക് (ടിഎഫ്ആര്‍ – ഒരു സ്ത്രീ ശരാശരി ജന്മം കൊടുക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം) 1950-ൽ ചൈനയിൽ 5.8 ഉം ഇന്ത്യയിൽ 5.7 ഉം ആയിരുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഇന്ത്യയിൽ ടിഎഫ്ആര്‍ കുത്തനെ ഇടിഞ്ഞു. 1992-93 നും 2019-21 നും ഇടയിൽ ഇത് 3.4 ൽ നിന്ന് രണ്ടിലേക്കെത്തി. ഗ്രാമീണ മേഖലകളിൽ ഈ ഇടിവ് പ്രത്യേകിച്ചും ശ്രദ്ധേയമായിരുന്നു.
എന്തുകൊണ്ടാണ് ചൈന പ്രതിസന്ധി നേരിടുന്നത്?
ചൈനയുടെ ടിഎഫ്ആര്‍ 2020-ലെ സെൻസസ് അനുസരിച്ച്, ഒരു സ്ത്രി ജന്മം കൊടുക്കുന്ന കുട്ടികളുടെ എണ്ണം ശരാശരി 1.3 ആയിരുന്നു. 2010 ലെയും 2000 ലെയും സെൻസസുകളിൽ (1.2) നിന്ന് നേരിയ വർധനവാണ് സംഭവിച്ചത്. 1980-ൽ അവതരിപ്പിച്ച ഒറ്റക്കുട്ടി നയം 2016 മുതൽ ചൈന ഔദ്യോഗികമായി അവസാനിപ്പിച്ചു. എന്നാൽ അത് രാജ്യത്തെ ജനസംഖ്യയിലെ ഇടിവ് തടയാൻ സാധ്യതയില്ല. 2050-ൽ ഇത് 1,312.6 ബില്യണായേക്കുമെന്നാണ് യുഎന്‍ പ്രവചിക്കുന്നത്. 2021 ലെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് 100 ദശലക്ഷം ഇടിവ്.
എന്നിരുന്നാലും, ചൈനയുടെ യഥാർത്ഥ പ്രതിസന്ധി അതിന്റെ തൊഴിൽ പ്രായത്തിലുള്ളവരുടെ ജനസംഖ്യയിലെ ഇടിവാണ്. ജോലി ചെയ്യാനും സമ്പാദിക്കാനും കഴിയുന്ന ഒരു വലിയ ജനസംഖ്യയുണ്ടെങ്കിൽ, പിന്തുണയ്ക്കാൻ താരതമ്യേന കുറച്ച് ആളുകൾ മാത്രമേ ഉണ്ടാകൂ. വളരെ പ്രായമായവരോ അല്ലെങ്കില്‍ കുട്ടികളോ. ചൈനയില്‍ ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യയുടെ സാന്നിധ്യം 2045 ഓടെ 50 ശതമാനത്തിൽ താഴെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയ്ക്ക് മുന്നിലുള്ള അവസരം
ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളില്‍ ഉള്‍പ്പെടെ പ്രത്യുല്‍പാദന നിരക്കില്‍ കുറവ് സംഭവിച്ചിട്ടുണ്ട്. ഇപ്പോള്‍ പ്രത്യല്‍പാദന നിരക്കില്‍ കുറവുണ്ടായെങ്കിലും 40 വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കും ഇന്ത്യയിലെ ജനസംഖ്യയില്‍ ഇടിവ് ഉണ്ടാവുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ജോലി ചെയ്യുന്ന പ്രായത്തിലുള്ളവരുടെ എണ്ണമാണ് കൂടുതൽ പ്രധാനം. 2007-ല്‍ മൊത്തത്തിലുള്ള ജനസംഖ്യയിൽ ജോലി ചെയ്യുന്നവരുടെ എണ്ണം 50 ശതമാനം കവിഞ്ഞിരുന്നു. ഇത് 2030-കളുടെ മധ്യത്തോടെ അത് 57 ശതമാനമായി ഉയരും.
മൊത്തത്തിൽ, 1980-കളുടെ അവസാനം മുതൽ 2015 വരെ ചൈന ചെയ്‌തതുപോലെ “ജനസംഖ്യാപരമായ ലാഭവിഹിതം” കൊയ്യാനുള്ള അവസരത്തിന്റെ 2040-കളിൽ ഇന്ത്യക്കുണ്ട്. എന്നിരുന്നാലും, ഇത് യുവജനങ്ങൾക്ക് അർത്ഥവത്തായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു. – അതിന്റെ അഭാവത്തിൽ, ജനസംഖ്യാപരമായ ലാഭവിഹിതം ഒരു പേടിസ്വപ്നമായി മാറും.