ഫ്രഞ്ച് വിനോദസഞ്ചാരികള്‍ക്കു വിഷം നല്കി കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ അനുഭവിക്കുന്ന പാതി ഇന്ത്യക്കാരനായ തട്ടിപ്പുകാരനും പരമ്പര കൊലയാളിയുമായ ചാള്‍സ് ശോഭരാജിനെ മോചിപ്പിക്കാന്‍ നേപ്പാള്‍ സുപ്രീം കോടതി ഉത്തരവിട്ടിരിക്കുകയാണ്. ശോഭരാജിനെ 15 ദിവസത്തിനകം മോചിപ്പിക്കാനും മാതൃരാജ്യമായ ഫ്രാന്‍സിലേക്ക് ഉടന്‍ നാടുകടത്താനുമാണ് ഉത്തരവ്.
ഹൃദയത്തിന്റെ മോശം അവസ്ഥ, ദന്ത പ്രശ്നങ്ങള്‍ തുടങ്ങിയ ആരോഗ്യപരമായ കാരണങ്ങളാല്‍ ശിക്ഷ ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ട് എഴുപത്തിയെട്ടുകാരനായ ശോഭ്രാജ് നേരത്തെ ഹര്‍ജി നല്‍കിയിരുന്നു. ഇതുസംബന്ധിച്ച് ഫ്രഞ്ച് എംബസി നേപ്പാള്‍ സര്‍ക്കാരിനെ സമീപിക്കുകയും ചെയ്തിരുന്നു.
ഇരകളില്‍ ചിലരെ ബിക്കിനിയില്‍ കണ്ടെത്തിയതിനാല്‍ ‘ബിക്കിനി കൊലയാളി’ എന്നും നിയമപാലകരില്‍നിന്ന് വഴുതിമാറാനുള്ള കഴിവുള്ളതിനാല്‍ ‘സര്‍പ്പം’ എന്നും തന്റെ നീണ്ട ക്രിമിനല്‍ ജീവിതത്തില്‍ ശോഭ്രാജ് വിളിക്കപ്പെട്ടു. ശോഭ്രാജിന്റെ കുറ്റകൃത്യങ്ങളിലേക്കും ഇന്ത്യയുമായുള്ള ബന്ധത്തിലേക്കും ഒരു തിരിഞ്ഞുനോട്ടം ഇതാ.
അച്ഛന് ഉപേക്ഷിച്ചു
ഇന്ത്യന്‍ വ്യവസായിയുടെയും വിയറ്റ്നാമീസ് ഷോപ്പ് അസിസ്റ്റന്റിന്റെയും മകനായി അന്നത്തെ ഫ്രഞ്ച് അധിനിവേശ സൈഗോണിലാണു ശോഭ്രാജ് ജനിച്ചത്. ശോഭ്രാജിന്റെ മാതാപിതാക്കള്‍ വിവാഹിതരായിരുന്നില്ല. പിതാവ് ഒരിക്കലും പിതൃത്വം അംഗീകരിച്ചിരുന്നുമില്ല.
മാതാവ് ഫ്രഞ്ച് സൈനികനെ വിവാഹം കഴിച്ചതോടെ ശോഭ്രാജ് ഫ്രാന്‍സിലേക്കു താമസം മാറി. പിതാവിനെ ഉപേക്ഷിച്ചതില്‍ ശോഭരാജ് അമര്‍ഷം പ്രകടിപ്പിച്ചുവെന്നും അമ്മയുടെ പുതിയ കുടുംബവുമായി ഒരിക്കലും ഒത്തുപോയില്ലെന്നും അദ്ദേഹത്തെക്കുറിച്ചുള്ള നിരവധി ജീവചരിത്രങ്ങളിലും ലേഖനങ്ങളിലും പറയുന്നു. ആദ്യ കാലങ്ങളില്‍ ചെറിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട ശോഭ്രാജ് കൗമാരപ്രായം മുതല്‍ ജയില്‍ പോകുകയും പുറത്തുവരികയും ചെയ്തുകൊണ്ടിരുന്നു.
പരമ്പര കൊലയാളി
ലോകമെമ്പാടും സഞ്ചരിച്ച ശോഭ്രാജ് ‘ഹിപ്പി’ സഞ്ചാരികളെ (ബാക്ക്പാക്കുമായി ഏഷ്യയില്‍ യാത്ര ചെയ്യുന്ന പാശ്ചാത്യര്‍) ലക്ഷ്യം വയ്ക്കാന്‍ തുടങ്ങി. ഇരകളെ വിഷം നല്കി കൊല്ലുന്ന രീതി ശോഭ്രാജിനുണ്ടായിരുന്നു. പലപ്പോഴും സ്ത്രീ കൂട്ടാളികളുമായി ചേര്‍ന്നാണു കൃത്യം നടത്തിയത്. ഇരുപതോളം കൊലപാതകങ്ങളില്‍ പ്രതിയായെങ്കിലും ശോഭ്രാജിന്റെ ഉദ്ദേശ്യം ഒരിക്കലും വ്യക്തമായിട്ടില്ല. ചില സമയങ്ങളില്‍, കൊലപ്പെടുത്തിയ ആളുകളുടെ പാസ്പോര്ട്ടുകള് മോഷ്ടിച്ച ശോഭ്രാജ് അവരുടെ ഐഡന്റിറ്റി ഉപയോഗിച്ചു.
സൗമ്യമായ സ്വഭാവവും ആകര്‍ഷക വ്യക്തിത്വവുമാണു കുറ്റകൃത്യങ്ങള്‍ ചെയ്യാനും കൂട്ടാളികളെ റിക്രൂട്ട് ചെയ്യാനും ശിക്ഷയില്‍നിന്ന് രക്ഷപ്പെടാനും ശോഭ്രാജിനെ സഹായിച്ചതെന്നാണ് അദ്ദേഹവുമായി ഇടപഴകിയ മാധ്യമപ്രവര്‍ത്തകരുടെയും നിയമപാലകരുടെയും കണ്ടെത്തല്‍.
പല രാജ്യങ്ങളിലായി പലതവണ അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും മുങ്ങുകയോ കൈക്കൂലി നല്‍കുകയോ ചെയ്ത് ശോഭ്രാജ് രക്ഷപ്പെട്ടു.
ഇന്ത്യയില്‍ അറസ്റ്റ് 1976-ല്‍
1976 ജൂലൈയില്‍ ന്യൂഡല്‍ഹിയില്‍ ശോഭ്രാജും മൂന്നു സ്ത്രീ കൂട്ടാളികളും ചേര്‍ന്നു ടൂര്‍ ഗൈഡുകളാക്കാന് ചില ഫ്രഞ്ച് വിദ്യാര്‍ഥികളെ പ്രേരിപ്പിച്ചു. തുടര്‍ന്ന് സംഘം വിനോദസഞ്ചാരികള്‍ക്കു വിഷ ഗുളികകള്‍ നല്കി. എന്നാല്‍ ചില വിദ്യാര്‍ഥികള്‍ പൊലീസ് വിളിച്ചതിനെത്തുടര്‍ന്നു ശോഭ്രാജും സംഘവും അറസ്റ്റിലായി. കേസില്‍ ഇവര്‍ 10 വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ടു.
”പ്രാദേശിക കോടതികളിലെ തന്റെ നിയമപോരാട്ടം, പത്രപ്രവര്‍ത്തകരുമായും അഭിഭാഷകരുമായുമായുള്ള ഇടപഴകല്‍, ബെസ്റ്റ് സെല്ലറായി മാറിയ തന്റെ ‘സെര്‍പന്റൈന്‍’ എന്ന പുസ്തകത്തിന്റെ പണി എന്നിങ്ങനെ ജയില്‍കാലത്ത് വ്യത്യസ്ത ജീവിതരീതികളില്‍ ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. അദ്ദേഹം എപ്പോഴും സ്ത്രീ സന്ദര്‍ശകരെ ആകര്‍ഷിച്ചിരുന്നു. അദ്ദേഹത്തിനു അത്തരം ധാരാളം പേരുണ്ടായിരുന്നു, ചിലര്‍ വിദേശത്തുനിന്ന് പോലും. ചിലര്‍ നിത്യ പ്രണയം പറഞ്ഞ് വരും. അവരില്‍ ചിലര്‍ അദ്ദേഹത്തെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കയും അനുമതിക്കായി കോടതികളെ സമീപിക്കുകയും ചെയ്തു. അതായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വം,” അക്കാലത്ത് തിഹാര്‍ ജയിലില്‍ ഡെപ്യൂട്ടി സൂപ്രണ്ടായിരുന്ന ജെ.പി. നൈതാനി ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതി.
ശിക്ഷയുടെ അവസാനത്തില്‍, ജയില്‍ ഗാര്‍ഡുകള്‍ക്കു തന്റെ ‘ജന്മദിന’ത്തിനു മധുരപലഹാരങ്ങള്‍ നല്‍കിയാണു ശോഭരാജ് രക്ഷപ്പെട്ടത്. അദ്ദേഹത്തെ വീണ്ടും പിടികൂടിയെങ്കിലും ”10 വര്‍ഷ ജയില്‍ ശിക്ഷയുടെ അവസാനം അദ്ദേഹം മനഃപൂര്‍വം രക്ഷപ്പെട്ടതു വീണ്ടും പിടിക്കപ്പെടാനും രക്ഷപ്പെടാന്‍ പുതിയ കുറ്റം ചുമത്തപ്പെടാനും വേണ്ടിയാണ്. അതുവഴി, അഞ്ച് കൊലപാതകങ്ങള്‍ക്കു തിരയുന്ന തായ്ലന്ഡിലേക്കു കൈമാറുന്നത് ഒഴിവാക്കാന്‍ കഴിഞ്ഞു. ഈ കേസുകളിലും ശോഭ്രാജിനു മിക്കവാറും വധശിക്ഷ ലഭിക്കുമായിരുന്നു. 1997ല്‍ ഇന്ത്യയില്‍ ജയില്‍ മോചിതനായപ്പോഴേക്കും ബാങ്കോക്കില്‍ വിചാരണ ചെയ്യപ്പെടാനുള്ള 20 വര്‍ഷത്തെ സമയപരിധി കഴിഞ്ഞിരുന്നു,” ബി ബി സി ലേഖനത്തില്‍ പറയുന്നു.
നേപ്പാളിലെ അറസ്റ്റ്
ഇന്ത്യയില്‍നിന്ന് മോചിതനായ ശോഭരാജ് ഫ്രാന്‍സിലേക്ക് മടങ്ങി. 2003-ല്‍ നേപ്പാളിലേക്കു പോയ അദ്ദേഹം വീണ്ടും അറസ്റ്റിലായി. 1975-ല്‍ കോന്നീ ജോ ബ്രോണ്‍സിച്ച് എന്ന അമേരിക്കന്‍ സ്ത്രീയെ കൊലപ്പെടുത്തിയതിനു 2004-ല്‍ നേപ്പാളില്‍ ജീവപര്യന്തം തടവിനുശിക്ഷിക്കപ്പെട്ടു. പിന്നീട്, ബ്രോണ്‍സിച്ചിന്റെ അമേരിക്കന്‍ സുഹൃത്ത് ലോറന്റ് കാരിയെറെ കൊലപ്പെടുത്തിയതിനും ശിക്ഷിക്കപ്പെട്ടു.
2014ല്‍, തിഹാര്‍ ജയിലില്‍ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറുമായി സൗഹൃദം സ്ഥാപിച്ചശേഷം താലിബാന്റെ ആയുധ ഇടപാടുകാരനായി താന്‍ പ്രവര്‍ത്തിച്ചിരുന്നതായും യുഎസ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സിയുമായി (സി ഐ എ) ബന്ധമുണ്ടായിരരുന്നതായും ശോഭ്രാജ് അവകാശപ്പെട്ടു.
ഇന്ത്യന്‍ ടിവി ഷോയായ ബിഗ് ബോസിന്റെ സീസണ് 5 ല്‍ പങ്കെടുത്ത നിഹിത ബിശ്വാസ് നേപ്പാളി സ്ത്രീയെയും ശോഭ്രാജ് വിവാഹം കഴിച്ചു.