Explained: ചന്ദ്രയാൻ -3 പദ്ധതിയുടെ പണിപ്പുരയിലാണ് ഐഎസ്ആർഒ. 2021ൽ ചന്ദ്രയാന്റെ മൂന്നാം പതിപ്പ് വിക്ഷേപിക്കാൻ കഴിയുമെന്നാണ് ചെയർമാൻ കെ. ശിവൻ സൂചിപ്പിക്കുന്നത്. പദ്ധതിക്കു കേന്ദ്ര സർക്കാർ അംഗീകാരം നൽകിയതായും അദ്ദേഹം മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.

എന്താണ് ചന്ദ്രയാൻ 3

പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ ചന്ദ്രയാൻ-2 ദൗത്യത്തിന്റെ പിൻഗാമിയാണ് ചന്ദ്രയാൻ -3. ഇത് ചന്ദ്ര ഉപരിതലത്തിൽ മറ്റൊരു സോഫ്റ്റ് ലാൻഡിങിന് ശ്രമിക്കും. ചന്ദ്രയാൻ-2 ന്റെ വിക്രം ലാൻഡർ സോഫ്റ്റ് ലാൻഡിങ് ശ്രമത്തിനിടെ ചന്ദ്രോപരിതലത്തിൽ തകർന്നു വീഴുകയായിരുന്നു. ലാൻഡർ, റോവർ, പ്രൊപ്പൽ‌ഷൻ മൊഡ്യൂൾ എന്നിവ ഉൾപ്പെടുന്നതാകും മൂന്നാം ദൗത്യമെന്ന് ഇസ്‌റോ ചെയർമാൻ പറഞ്ഞു.

ചന്ദ്രയാൻ മൂന്നിനായി ഒരു ടീം രൂപീകരിച്ചിട്ടുണ്ടെന്നും പദ്ധതിയുടെ പ്രവർത്തനങ്ങൾ പുരോഗമിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ചന്ദ്രയാൻ-3 ന്റെ പ്രവർത്തനത്തെക്കുറിച്ചുള്ള വിവരങ്ങളും ചന്ദ്രനിലേക്ക് കൊണ്ടുപോകുന്ന ശാസ്ത്രീയ ഉപകരണങ്ങളുടെ പട്ടികയും ഐഎസ്ആർഒയുടെ ഔദ്യോഗിക വെബ്സൈറ്റ് ഇതുവരെ വിശദമാക്കിയിട്ടില്ല.

പദ്ധതിച്ചെലവ്

ഐഎസ്ആർഒയുടെ കണക്കനുസരിച്ച് ചന്ദ്രയാൻ-3 പദ്ധതിയുടെ മൊത്തം ചെലവ് 615 കോടി രൂപ വരും. ചന്ദ്രയാൻ -2 പദ്ധതിയുടെ ആകെ ചെലവ് 960 കോടി രൂപയായിരുന്നു.

ചന്ദ്രയാൻ -3ന്റെ ലാൻഡർ, റോവർ, പ്രൊപ്പൽഷൻ മൊഡ്യൂൾ എന്നിവക്കായി 250 കോടി രൂപ ചെലവാകുമെന്നും പദ്ധതി ആരംഭിക്കുന്നതിന് 365 കോടി രൂപ ചെലവാകുമെന്നും കെ ശിവൻ പറഞ്ഞു.

പ്രധാന ലക്ഷ്യങ്ങൾ

2019 ലെ ഐഎസ്ആർഒയുടെ നേട്ടങ്ങൾ അനുസ്മരിച്ച കെ ശിവൻ ഇസ്റോയുടെ ശ്രദ്ധാകേന്ദ്രങ്ങളും വിശദീകരിച്ചു. 2019 ൽ വിപുലീകരണ പദ്ധതിയായിരുന്നു പ്രധാനമായും ലക്ഷ്യമാക്കിയിരുന്നത്. ഔട്ട്‌റീച്ച് പ്രോഗ്രാമിലെ ശേഷി വർധിപ്പിക്കുക എന്നതായിരുന്നു സ്വീകരിച്ച രണ്ടാമത്തെ തന്ത്രം. മൂന്നാമത്തേത് ഇസ്‌റോയിലെ ശാരീരിക ജോലികൾ കുറയ്ക്കുന്നതാണ്. രണ്ടാമത്തെ ബഹിരാകാശ കേന്ദ്രത്തിനായി തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ ഭൂമി ഏറ്റെടുക്കൽ ആരംഭിച്ചതായും ശിവൻ അറിയിച്ചു.

ഗഗൻയാൻ

ചന്ദ്രയാൻ -3 നൊപ്പം ഗഗൻയാൻ പദ്ധതിയിലും ഇസ്‌റോ സമാന്തരമായി പ്രവർത്തിക്കുന്നുണ്ട്. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ദൗത്യമാണ് ഗഗൻയാൻ. ഇതിനുവേണ്ടി ഉപദേശക സമിതി രൂപീകരിച്ചിട്ടുണ്ട്. നാല് ബഹിരാകാശ യാത്രികരെ തീരുമാനിച്ചതായും ഇവർക്കായുള്ള പരിശീലനം ജനുവരി മൂന്നാം ആഴ്ച മുതൽ റഷ്യയിൽ ആരംഭിക്കുമെന്നും ഇസ്‌റോ ചെയർമാൻ അറിയിച്ചു.

ചന്ദ്രയാൻ 2ന് എന്തുപറ്റി

ചന്ദ്രനിലെ രാസഘടനയെ പറ്റി പഠിക്കുകയായിരുന്നു ചന്ദ്രയാന്‍ 2 ദൗത്യം കൊണ്ട് ഇന്ത്യ ലക്ഷ്യം വച്ചത്. 2008 ലെ ഒന്നാം ചന്ദ്രയാന്‍ ദൗത്യത്തില്‍ നിന്ന് ലഭിച്ച വിവരങ്ങളേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം. 2019 ജൂലൈ 22നാണ് ചന്ദ്രയാൻ 2 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്നു കുതിച്ചുയര്‍ന്നത്.

വിക്ഷേപിച്ച് 29 ദിവസത്തിനുശേഷമാണ് ചന്ദ്രയാൻ-2 ചന്ദ്രന്‍റെ ഭ്രമണപഥത്തിലെത്തിയത്. ചന്ദ്രയാന്‍ 2 ന്റെ ദൗത്യത്തിന്റെ അവസാന ഘട്ടമായിരുന്നു സോഫ്റ്റ് ലാൻഡിങ്. എന്നാല്‍ ചന്ദ്രോപരിതലത്തില്‍നിന്നു 2.1 കിലോമീറ്റര്‍ അകലെ വച്ച് വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമാവുകയായിരുന്നു. ഇതേത്തുടർന്ന് നിർദിഷ്ട ലക്ഷ്യത്തിൽനിന്ന് 500 മീറ്റർ അകലെ വീണ് വിക്രം ലാന്‍ഡർ ഇടിച്ചിറങ്ങി തകർന്നു.

വിക്രത്തിന്റെ ലാൻഡിങ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ നിന്ന് 600 കിലോമീറ്റർ അകലെയുള്ള സമതലത്തിലായിരിരുന്നു. ഇത് വിജയകരമായി തീർന്നിരുന്നെങ്കിൽ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് വിജയകരമായി പൂർത്തിയാക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറുമായിരുന്നു.

യുഎസ് ബഹിരാകാശ ഏജൻസിയായ നാസ ഡിസംബറിൽ വിക്രം ലാൻഡറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി സ്ഥിരീകരിച്ചു. ചെന്നൈ ആസ്ഥാനമായുള്ള ടെക്കി ഷൺമുഖ സുബ്രഹ്മണ്യനാണ് ഇത് കണ്ടെത്തിയത്.

ഐഎസ്ആറോയുടെ കണക്കനുസരിച്ച് 95 ശതമാനത്തോളം ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ ഈ പദ്ധതിക്ക് കഴിഞ്ഞു. ചന്ദ്രോപരിതലത്തിൽ ഒരു ബഹിരാകാശ പേടകം ഇറക്കാൻ ഇന്ത്യക്ക് സാധിച്ചില്ലെങ്കിലും ചന്ദ്രയാൻ -2 ഭ്രമണപഥത്തിൽ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്നും ശാസ്ത്ര വിവരങ്ങൾ ശേഖരിക്കുന്നതിനായി ഇനിയും ഏഴു വർഷം പ്രവർത്തിക്കുമെന്നും കെ ശിവൻ വ്യക്തമാക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook