ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യം ചന്ദ്രയാന്‍-2 വിജയകരമായി വിക്ഷേപിച്ചിരിക്കുകയാണ്. ഇനി സെപ്തംബര്‍ ഏഴിലേക്കുള്ള കാത്തിരിപ്പാണ്. അന്നാണ് ചന്ദ്രയാന്‍-2 ചന്ദ്രന്റെ ഉപതരിതലത്തില്‍ ഇറങ്ങുക. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും ഉച്ച കഴിഞ്ഞ് 2.43 നായിരുന്നു ചരിത്ര ദൗത്യവുമായി ചന്ദ്രയന്‍-2 കുതിച്ചുയര്‍ന്നത്.

ജിഎസ്എല്‍വി എംകെ-III വിജയകരമായി തന്നെ ചന്ദ്രയാന്‍-2 നെ ഭ്രമണപഥത്തിലെത്തിച്ചു. റിവൈസ്ഡ് ഫ്‌ളൈറ്റ് സീക്വന്‍സ് പ്രകാരം 23 ദിവസമായിരിക്കും പേടകം ഭൂമിയുടെ ഭ്രമണ പഥത്തിലുണ്ടാവുക. വിക്രം ലാന്റര്‍ മൊഡ്യൂളും പ്രഗ്യാന്‍ റോവറും ഓര്‍ബിറ്ററില്‍ നിന്നും വേര്‍പെട്ട് ചന്ദ്രനില്‍ ഇറങ്ങുന്നതിന് മുമ്പ് 13 ദിവസം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പേടകം സഞ്ചരിക്കും. വിക്രം ലാന്ററിനുള്ളിലായിരിക്കും പ്രഗ്യാന്‍ റോവറുണ്ടാവുക. 14 ദിവസമാണ് (ഒരു ലൂണാര്‍ ദിവസം) ലാന്ററും റോവറും പ്രവര്‍ത്തിക്കുക. ഈ സമയത്തിനിടെ വ്യത്യസ്തമായ പരീക്ഷണങ്ങളും വിവര ശേഖരണവും നടത്തും.

സെപ്തംബര്‍ രണ്ടിന് (43-ാം ദിവസം) ആയിരിക്കും ലാന്റര്‍ മൊഡ്യൂള്‍ ഓര്‍ബിറ്ററില്‍ നിന്നും വേര്‍പെടുക. ശേഷം ലോവര്‍ ഓര്‍ബിറ്റില്‍ കുറച്ച് ദിവസം കൂടി ചന്ദ്രനെ വലം വെക്കും. നേരത്തെ ഷെഡ്യൂള്‍ ചെയ്തതു പോലെ സെപ്തംബര്‍ ആറിനോ ഏഴ് പുലര്‍ച്ചയോ ആകും ലാന്റിങ് നടക്കുക. അതേസമയം, 2379 കിലോ ഗ്രാം ഭാരമുള്ള ഓര്‍ബിറ്റര്‍ ഒരു വര്‍ഷം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ തുടരും. ചന്ദ്രോപരിതലത്തിന്റെ ഹൈ റെസലൂഷന്‍ ത്രിഡി ദൃശ്യങ്ങള്‍ എടുക്കാനുള്ള വ്യത്യസ്തമായ ക്യാമറകള്‍ പേടകത്തിലുണ്ട്. ലൂണാര്‍ അന്തരീക്ഷവും മിനറല്‍ കോമ്പോസിഷനും പഠിക്കാനുള്ള ഉപകരണങ്ങളും പേടകത്തിലുണ്ട്.

ചന്ദ്രയാന്‍ ഒന്നിന്റെ ദൗത്യം ചന്ദ്രനെ വലം വെക്കാനും നിരീക്ഷണങ്ങള്‍ നടത്താനുമായിരുന്നു, എന്നാല്‍ ചന്ദ്രയാന്‍ രണ്ട് ചന്ദ്രന്റെ സൗത്ത് പോളിനെ കുറിച്ച് പഠിക്കും. നേരത്തെ ഒരു ദൗത്യവും ചെന്നിറങ്ങാത്ത ഇടമാണിത്. ജലത്തിന്റെ സാന്നിധ്യം പ്രതീക്ഷിക്കുന്ന മേഖലയാണിത്. കൂടാതെ ചന്ദ്രന്റെ ചരിത്രം പഠിക്കാന്‍ സഹായിക്കുന്ന വിവരങ്ങളും ഇവിടെ നിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook