വോഡഫോൺ ഐഡിയയുടെ (വിഐ) പലിശ കുടിശികയായ 16,000 കോടി രൂപ (2 ബില്യൺ ഡോളർ) ഓഹരിയാക്കാനുള്ള പദ്ധതിക്ക് കേന്ദ്ര സർക്കാർ വെള്ളിയാഴ്ച അനുമതി നൽകി. ഇതോടെ ടെലിക്കോം കമ്പനിയിലെ ഏറ്റവും വലിയ ഓഹരി ഉടമയാകാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞു.
എന്താണ് ഇത്രയും കാലം ഓഹരി പരിവർത്തനത്തിന് തടസമായത്?
2021 സെപ്തംബറിൽ ടെലികോം മേഖലയ്ക്ക് സർക്കാർ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചതു മുതൽ കേന്ദ്രത്തിന് നൽകാനുള്ള മൊത്ത വരുമാനത്തിന്റെ പലിശ ഓഹരിയായി മാറ്റുന്നതിനായി കാത്തിരിക്കുകയായിരുന്നു വിഐ.
ഈ പദ്ധതി നടപ്പിലാക്കുന്നതിലെ കാലതാമസം ടെലികോം കമ്പനിയെ ദുരവസ്ഥയിലേക്ക് നയിച്ചു. കമ്പനിക്ക് അധിക ധനസഹായം ലഭിക്കുന്നതുവരെ ഓഹരി പരിവർത്തനത്തിലേക്ക് കടക്കാന്‍ സര്‍ക്കാര്‍ തയാറിയിരുന്നില്ല. നിക്ഷേപകര്‍ സര്‍ക്കാരിന്റെ നീക്കത്തിനായും കാത്തു നിന്നു.
ഇപ്പോള്‍ എന്ത് മാറ്റമാണ് സംഭവിച്ചത്?
വിയുടെ പ്രൊമോട്ടർമാരിൽ നിന്ന് കമ്പനിയിൽ അധിക മൂലധനം നിക്ഷേപിക്കുമെന്ന് ഉറപ്പ് ലഭിച്ചതിന് ശേഷമാണ് സർക്കാർ പച്ചക്കൊടി കാട്ടിയത്.
“ആദിത്യ ബിർള ഗ്രൂപ്പ് കമ്പനി നടത്തുമെന്നും ആവശ്യമായ നിക്ഷേപം കൊണ്ടുവരുമെന്നും ഞങ്ങൾക്ക് ഉറപ്പ് വേണമായിരുന്നു. അവര്‍ അതിന് സമ്മതിച്ചതിനാല്‍ ഓഹരി പരിവര്‍ത്തനം സാധ്യമായി. ഇന്ത്യ ഒരു ത്രീ-പ്ലേയർ മാർക്കറ്റ് പ്ലസ് ബിഎസ്എൻഎൽ ആകണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്,” കേന്ദ്ര വാർത്താവിനിമയ മന്ത്രി അശ്വിനി വൈഷ്ണവ് വെള്ളിയാഴ്ച പറഞ്ഞു.
ഓഹരി പരിവര്‍ത്തനത്തെക്കുറിച്ച്
റിഫോംസ് ആന്‍ഡ് സപ്പോര്‍ട്ട് പാക്കേജ് ഫോര്‍ ടെലിക്കോം സെക്ടര്‍ പദ്ധതിക്ക് അനുസൃതമായി കേന്ദ്രം നേരത്തെ അറിയിച്ചതും കമ്പനി വിനിയോഗിച്ച പരിവർത്തന ഓപ്ഷനും അനുസരിച്ച് ഒരു ഉത്തരവ് പാസാക്കി. 2013-ലെ കമ്പനീസ് ആക്‌ട് സെക്ഷൻ 62(4) പ്രകാരം, സ്‌പെക്‌ട്രം ലേല തവണകളും എജിആർ കുടിശികയും മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ട പലിശയുടെ എന്‍പിവി, കേന്ദ്ര ഗവൺമെന്റിന് ഇഷ്യൂ ചെയ്യാനുള്ള ഓഹരി ഷെയറുകളാക്കി മാറ്റാൻ കമ്പനിയോട് നിർദേശിക്കുന്നതാണ് ഉത്തരവ്, വെള്ളിയാഴ്ച വൈകുന്നേരം റെഗുലേറ്ററി ഫയലിങ്ങില്‍ വിഐ പറഞ്ഞു.
വിഐ ഈ സാഹചര്യത്തിലേക്ക് നയിച്ചതെന്ത്?
രണ്ട് ലക്ഷം കോടി രൂപയിലധികം കടബാധ്യത ഉണ്ടായതോടെയാണ്, സർക്കാരിന് നൽകേണ്ട 16,000 കോടി രൂപയിലധികം പലിശ ബാധ്യത ഓഹരിയാക്കി മാറ്റുക എന്ന ആശയത്തിലേക്ക് വിഐ എത്തിയത്. ഇത് കമ്പനിയുടെ ഏകദേശം 33 ശതമാനം ഓഹരിയായിരിക്കും. പ്രൊമോട്ടർമാരുടെ കൈവശമുള്ള ഓഹരി 74.99 ശതമാനത്തിൽ നിന്ന് 50 ആയി കുറയും.
ഈ വർഷം ജനുവരിയിൽ, കേന്ദ്രമന്ത്രി വൈഷ്ണവ് ഇത് സങ്കീർണമായിരിക്കുമെന്നും കമ്പനിക്ക് ഒന്നിലധികം സ്രോതസ്സുകളിൽ നിന്ന് മൂലധനം ആവശ്യമായി വരുമെന്നും പറഞ്ഞു. “വോഡഫോൺ ഐഡിയയ്ക്ക് നിരവധി ആവശ്യകതകളുണ്ട്. ഇതിന് പ്രത്യേക മൂലധനം ആവശ്യമാണ്. ഇത്ര മൂലധനം, ആരാണ് നിക്ഷേപിക്കുക? ഇക്കാര്യങ്ങളെല്ലാം ഇപ്പോൾ ചർച്ചയിലാണ്,” കേന്ദ്രമന്ത്രി അന്ന് വ്യക്തമാക്കി.
എന്നിരുന്നാലും വിഐ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പൂര്‍ണമായ പരിഹാരമാകില്ല. രണ്ട് വർഷം മുമ്പ്, 25,000 കോടി രൂപ സമാഹരിക്കാനുള്ള പദ്ധതിക്ക് വിഐ അംഗീകാരം നൽകിയിരുന്നു. ഈ അംഗീകൃത തുകയിൽ 5,000 കോടി രൂപ പ്രമോട്ടർമാരിൽ നിന്ന് സമാഹരിക്കാൻ കമ്പനിക്ക് കഴിഞ്ഞു.
കൂടാതെ, ഇക്വിറ്റി-കൺവേർട്ടിബിൾ ഡെറ്റ് ബോണ്ടുകളുടെ ഇഷ്യു വഴി എടിസി ടെലികോം ഇൻഫ്രാസ്ട്രക്ചറുമായി 1,600 കോടി രൂപയുടെ കുടിശിക തീർക്കാനുള്ള വിയുടെ പദ്ധതി ഒരു തവണ നടക്കാതെ പോയിരുന്നു. എടിസിക്ക് ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നത് പലിശ കുടിശിക സർക്കാർ ഓഹരിയിലേക്ക് മാറ്റുന്നതിന് വിധേയമായിരുന്നു എന്നതിനാലാണിത്.
കമ്പനിയുടെ കുടിശിക ഓഹരിയാക്കി മാറ്റാനുള്ള സർക്കാർ തീരുമാനം കമ്പനിയിൽ മൂലധനം നിക്ഷേപിക്കാൻ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുമെന്ന് വിദഗ്ധർ പറയുന്നു.