scorecardresearch
Latest News

ഒമിക്രോണ്‍ നിയന്ത്രണം: കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍

രാത്രി കര്‍ഫ്യു, പൊതുഗതാഗത നിയന്ത്രണം തുടങ്ങി ശക്തമായ നിയന്ത്രണ നടപടികളിലേക്ക് കടക്കാനാണ് നിര്‍ദേശം

Omicron, Explained

ന്യൂഡല്‍ഹി: ഒമിക്രോണ്‍ കേസുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. രോഗവ്യാപന നിരക്ക് ഉയര്‍ന്ന ജില്ലകളില്‍ നൈറ്റ് കർഫ്യൂ, ആളുകള്‍ ഒത്തുകൂടുന്നതിന് നിയന്ത്രണം എന്നിവ ഉൾപ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനാണ് നിര്‍ദേശം.

എന്തൊക്കെയാണ് മാര്‍ഗനിര്‍ദേശങ്ങള്‍

കഴിഞ്ഞ ഒരാഴ്ചക്കിടെ രോഗവ്യാപന നിരക്ക് 10 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങള്‍, 40 ശതമാനത്തിലധികം കോവിഡ് രോഗികള്‍ ഓക്സിജന്‍ ബെഡുകളുടെ സഹായത്തോടെ ചികിത്സയില്‍ കഴിയുന്ന ജില്ലകള്‍ എന്നിവയുണ്ടെങ്കില്‍ രോഗവ്യാപനം നിയന്ത്രിക്കാനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം.

10 ശതമാനത്തിൽ താഴെ രോഗവ്യാപന നിരക്ക് റിപ്പോര്‍ട്ട് ചെയ്താലും ജില്ലകളില്‍ നിയന്ത്രണങ്ങൾ ഏർപ്പെടുത്താമോ?

10 ശതമാനത്തിൽ താഴെ രോഗവ്യാപന നിരക്ക് റിപ്പോര്‍ട്ട് ചെയ്താലും ജില്ലകളില്‍ നിയന്ത്രണങ്ങൾ ഏർപ്പെടുത്താവുന്നതാണ്. പ്രാദേശിക സാഹചര്യത്തെയും ജനസംഖ്യാ സവിശേഷതകളെയും അടിസ്ഥാനമാക്കി ഒമിക്രോണിന്റെ വ്യാപന സാധ്യത പരിഗണിച്ച് രോഗവ്യാപനം രൂക്ഷമാകുന്നതിന് മുന്‍പ് തന്നെ സംസ്ഥാനങ്ങള്‍ക്ക് നിയന്ത്രണ നടപടികളിലേക്ക് കടക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് വര്‍ധിക്കുന്ന ജില്ലകളില്‍ കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടത് എന്തുകൊണ്ടാണ്?

നിലവിലെ വിവരമനുസരിച്ച് ഡെല്‍റ്റ വകഭേദത്തേക്കാള്‍ മൂന്ന് മടങ്ങ് വ്യാപന ശേഷിയാണ് ഒമിക്രോണിനുള്ളത്. അതുകൊണ്ട് തന്നെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നത് വളരെ വേഗത്തിലും ശ്രദ്ധയോടെയും ആയിരിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

“കൂടാതെ ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യം ഇപ്പോഴും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. അതിനാൽ, കൂടുതൽ ദീർഘവീക്ഷണത്തോടെ തീരുമാനം എടുക്കേണ്ടതും പ്രാദേശിക തലത്തിലും ജില്ലാ തലത്തിലും കർശന നിയന്ത്രണ നടപടികള്‍ സ്വീകരിക്കേണ്ടതും ആവശ്യമാണ്,” ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.

നിയന്ത്രണ നടപടികള്‍ക്കുള്ള നിർദ്ദേശങ്ങൾ എന്തൊക്കെയാണ്?

രാത്രി കര്‍ഫ്യു, ആളുകള്‍ കൂട്ടം കൂടാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക, വിവാഹം മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം ചുരുക്കുക, ഓഫീസില്‍ ഉദ്യോഗസ്ഥരുടെ എണ്ണം പരിമിതപ്പെടുത്തുക, പൊതുഗതാഗതം, വ്യവസായം എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക എന്നിവയാണ് കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്ന മാര്‍ഗങ്ങള്‍.

കേസുകള്‍ വര്‍ധിക്കുന്നതനുസരിച്ച് കണ്ടെയിന്‍മെന്റ്, ബഫര്‍ സോണുകള്‍ തരംതിരിക്കണം. കണ്ടെയിന്‍മെന്റ് സോണുകളില്‍ നിയന്ത്രണം ശക്തമാക്കണം. കോവിഡ് ക്ലസ്റ്ററുകളിലെ സാമ്പിളുകള്‍ ജനിതക ശ്രേണി പരിശോധനയ്ക്കായി ഐഎന്‍എസ്എസിഒജി ലാബുകളിലേക്ക് കാലതാമസം കൂടാതെ അയക്കാനും നിര്‍ദേശമുണ്ട്.

മറ്റ് മാര്‍ഗനിര്‍ദേശങ്ങള്‍

പരിശോധനയിലും നിരീക്ഷണത്തിലും വീടുതോറുമുള്ള അന്വേഷണങ്ങള്‍ നടത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ദിവസവും നടത്തുന്ന മൊത്തം പരിശോധനകളില്‍ ആർടി-പിസിആർ പരിശോധനകളുടെ അനുപാതം ഉറപ്പാക്കുക. കൂടാതെ കൊവിഡ് രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ പ്രത്യേകം നിരീക്ഷിക്കുക.

ഹോം ഐസൊലേഷൻ കർശനമായി നടപ്പാക്കണമെന്നും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹോം ഐസൊലേഷന്‍ നിര്‍ണായകമായ ഒന്നാണ്. നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തി മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നില്ലെന്ന് ഉറപ്പാക്കണം. കാരണം ഒമിക്രോണിന് വ്യാപന ശേഷി വളരെ കൂടുതലാണ്.

Also Read: കോവിഡ് ബാധിതരായവരിൽ ബീജക്കുറവിന് സാധ്യതയുണ്ടെന്ന് കണ്ടെത്തൽ

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Central governments guidelines for omicron containment explained