scorecardresearch
Latest News

കാർഡ് ഇല്ലാതെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാം, യുപിഐ ഉപയോഗിച്ച്

ഇപ്പോൾ, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, എസ്‌ബിഐ തുടങ്ങിയ ചില ബാങ്കുകളിൽ ഈ സംവിധാനം ലഭ്യമാണ്

കാർഡ് ഇല്ലാതെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാം, യുപിഐ ഉപയോഗിച്ച്

യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) വഴി എല്ലാ എടിഎമ്മുകളിൽ നിന്നും കാർഡ് ഇല്ലാതെ പണം പിൻവലിക്കാനുള്ള സൗകര്യം ലഭ്യമാക്കുന്നതിനുള്ള നിർദേശം മുന്നോട്ട് വച്ചിരിക്കുകയാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ. ഏത് ബാങ്കിന്റെ എടിഎമ്മിൽ നിന്നും ഏത് ബാങ്ക് അക്കൗണ്ടിലെ പണം എടുക്കുന്ന തരത്തിലാവും ഈ സംവിധാനം.

“നിലവിൽ കാർഡില്ലാതെ എടിഎമ്മുകൾ വഴി പണം പിൻവലിക്കാനുള്ള സൗകര്യം ചില ബാങ്കുകളിൽ മാത്രമാണുള്ളത്. യുപിഐ ഉപയോഗിച്ച് എല്ലാ ബാങ്കുകളിലും എടിഎം നെറ്റ്‌വർക്കുകളിലും ഈ സൗകര്യം ലഭ്യമാക്കാനാണ് ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്നത്,” ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. ഈ സംവിധാനം എങ്ങനെ പ്രവർത്തിക്കുമെന്നും അത് ഡെബിറ്റ് കാർഡ് ഉപയോഗത്തിൽ എന്തെങ്കിലും സ്വാധീനം ചെലുത്തുമോ എന്നും പരിശോധിക്കാം.

യുപിഐ വഴി പണം പിൻവലിക്കുന്നത് എങ്ങനെ പ്രവർത്തിക്കും?

ഈ സംവിധാനം എങ്ങനെ പ്രവർത്തിക്കും എന്നതിനെക്കുറിച്ചുള്ള കൃത്യമായ വിശദാംശങ്ങൾ ആർബിഐ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, യുപിഐ ഉപയോഗിച്ച് പണം പിൻവലിക്കാനുള്ള ഓപ്ഷൻ എടിഎമ്മുകളിൽ ഉടൻ വരുമെന്ന് വിഷയത്തെക്കുറിച്ച് അറിവുള്ള ഒരാൾ പറഞ്ഞു. “ആ ഓപ്‌ഷൻ തിരഞ്ഞെടുക്കുമ്പോൾ, ഒരു ഉപയോക്താവ് പിൻവലിക്കാൻ ആഗ്രഹിക്കുന്ന തുക എത്രയെന്ന് ചേർക്കേണ്ടതുണ്ട്, തുടർന്ന് എടിഎം മെഷീനിൽ ഒരു ക്യുആർ കോഡ് ജനറേറ്റുചെയ്യും. ഉപയോക്താവ് അവരുടെ യുപിഐ ആപ്പിൽ ആ കോഡ് സ്കാൻ ചെയ്യുകയും അവരുടെ പിൻ നൽകുകയും വേണം. അതിനുശേഷം എടിഎം പണം നൽകും,” വ്യക്തി കൂട്ടിച്ചേർത്തു.

യുപിഐ വഴി പണം പിൻവലിക്കാൻ അനുവദിക്കുന്നത് അത്തരം ഇടപാടുകളുടെ സുരക്ഷ വർദ്ധിപ്പിക്കുമെന്ന് ദാസ് പറയുന്നു. “ഇടപാടുകൾ എളുപ്പമാക്കുന്നതിന് പുറമേ, അത്തരം ഇടപാടുകൾക്ക് ഫിസിക്കൽ കാർഡുകളുടെ അഭാവം മറികടക്കാനും കാർഡ് സ്കിമ്മിംഗ്, കാർഡ് ക്ലോണിംഗ് തുടങ്ങിയ തട്ടിപ്പുകൾ തടയാനും സാധിക്കും,” ആർബിഐ ഗവർണർ അറിയിച്ചു.

എടിഎമ്മുകളിൽ കാർഡ് ഇല്ലാതെ പണം പിൻവലിക്കുന്നതിനുള്ള നിലവിലെ വഴികൾ എന്തൊക്കെയാണ്?

ഇപ്പോൾ, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, എസ്‌ബിഐ തുടങ്ങിയ ചില ബാങ്കുകൾ തങ്ങളുടെ ഉപയോക്താക്കളെ തങ്ങളുടെ എടിഎമ്മുകളിൽ നിന്ന് കാർഡ് ഇല്ലാതെ തന്നെ പണം പിൻവലിക്കാൻ അനുവദിക്കുന്നു. ഇത് കോവിഡ് -19 പാൻഡെമിക്കിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിച്ച സവിശേഷതയാണ്.

എന്നിരുന്നാലും, ഇത് ഒരു നീണ്ട പ്രക്രിയയാണ്. അതിനായി ഉപയോക്താക്കൾ അതത് ബാങ്കുകളുടെ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുകയും ആദ്യം ആപ്പിൽ കാർഡ്ലെസ് ക്യാഷ് വിഡ്രോവൽ ഓപ്ഷൻ തിരഞ്ഞെടുക്കുകയും വേണം. തുടർന്ന് ഗുണഭോക്താവിന്റെ വിശദാംശങ്ങളും പിൻവലിക്കാനുള്ള തുകയും ചേർക്കുക. ഒരു ഉപയോക്താവിന്റെ മൊബൈൽ നമ്പർ സ്ഥിരീകരിച്ച ശേഷം, ബാങ്ക് ഒരു ഒടിപിയും ഒമ്പത് അക്ക ഓർഡർ ഐഡിയും ഗുണഭോക്താവിന്റെ ഫോണിലേക്ക് അയയ്ക്കും. അതിനുശേഷം, ഗുണഭോക്താവ് എടിഎം സന്ദർശിച്ച് ഒടിപി, ഓർഡർ ഐഡി, ഇടപാടിനുള്ള തുക, മൊബൈൽ നമ്പർ എന്നിവ പണം ലഭിക്കുന്നതിന് നൽകണം.

ഈ ബുദ്ധിമുട്ടുള്ള പ്രക്രിയയ്‌ക്ക് പുറമെ, കാർഡ്‌ലെസ് ക്യാഷ് പിൻവലിക്കലിന് ചില പരിധികളുണ്ട്. അത്തരം പിൻവലിക്കലുകളിൽ ഓരോ ഇടപാടിലും 100 രൂപക്കും ബാങ്കുകളുടെ ഉയർന്ന പരിധിയായി നിശ്ചയിച്ച തുകയ്ക്കും ഇടയിലുള്ള തുക പിൻവലിക്കാം. എച്ച്‌ഡിഎഫ്‌സി ബാങ്ക് ഉപയോക്താക്കൾക്ക്, അത്തരം പിൻവലിക്കലുകളിൽ പ്രതിദിനം പരമാവധി 10,000 രൂപയും പ്രതിമാസം 25,000 രൂപയുമാണ് ഉയർന്ന ഫീസ്. ഇത്തരം പിൻവലിക്കലുകൾക്ക് ഓരോ ഇടപാടിനും 25 രൂപ സേവന ഫീസുമുണ്ട്. നിലവിൽ, യുപിഐ അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കലുകൾക്കും ഇതേ നിയന്ത്രണങ്ങളും സേവന ഫീസും വിധേയമാകുമോ എന്ന് വ്യക്തമല്ല.

“വ്യവസ്ഥാപരമായ മാറ്റങ്ങളിൽ” കേന്ദ്ര ബാങ്ക് ഇപ്പോൾ മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണെങ്കിലും “അടുത്ത 2-3 മാസത്തിനുള്ളിൽ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമെന്നും” ആർബിഐയുടെ ഡെപ്യൂട്ടി ഗവർണർ ടി റാബി ശങ്കർ പറഞ്ഞു. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ), എടിഎം നെറ്റ്‌വർക്കുകൾ, ബാങ്കുകൾ എന്നിവയ്‌ക്ക് ആർബിഐ ഉടൻ പ്രത്യേക നിർദ്ദേശങ്ങൾ അയയ്ക്കുമെന്ന് ശക്തികന്ദ ദാസ് പറഞ്ഞു.

ഇത് ഡെബിറ്റ് കാർഡ് ഉപയോഗത്തെ ബാധിക്കുമോ?

നിലവിൽ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിനുള്ള ഏറ്റവും പ്രചാരമുള്ള മാർഗമാണ് ഡെബിറ്റ് കാർഡുകൾ. നിലവിൽ, രാജ്യത്ത് 900 ദശലക്ഷത്തിലധികം ഡെബിറ്റ് കാർഡുകൾ ഉപയോഗത്തിലുണ്ട്. യുപിഐ വഴി പണം പിൻവലിക്കാൻ അനുവദിക്കുന്നത് ഡെബിറ്റ് കാർഡ് ഉപയോഗത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

“ഈ നടപടി ഡെബിറ്റ് കാർഡുകൾ കൊണ്ടുപോകേണ്ടതിന്റെ ആവശ്യകത കുറയ്ക്കുമെന്നതിനാൽ ഡെബിറ്റ് കാർഡുകളുടെ കാര്യത്തിൽ നേരിട്ടുള്ള ആഘാതം ഉണ്ടാകാം. ക്രെഡിറ്റ് കാർഡുകളും വാലറ്റുകളും പോലുള്ള മറ്റ് പേയ്‌മെന്റ് സംവിധാനങ്ങളിൽ നേരിട്ടല്ലാത്ത സ്വാധീനം ഉണ്ടാകാൻ സാധ്യതയുണ്ട്, കാരണം ഈ നടപടി യുപിഐയുടെ സർവ്വവ്യാപിയെ പ്രോത്സാഹിപ്പിക്കുന്നതായി തോന്നുന്നു,” യെസ് സെക്യൂരിറ്റീസിന്റെ ലീഡ് അനലിസ്റ്റ് ശിവാജി തപ്ലിയാൽ പറഞ്ഞു.

പുതിയ സംവിധാനം വന്നാലും ഡെബിറ്റ് കാർഡുകൾ വിതരണം ചെയ്യുന്നത് നിർത്തുകയില്ലെന്ന് ശക്തികന്ദ ദാസ് വ്യക്തമാക്കി.

യുപിഐ സംവിധാനങ്ങളിലെ പുതിയ മാറ്റങ്ങൾ എന്തായിരിക്കും

അടുത്ത 3-5 വർഷത്തിനുള്ളിൽ, യുപിഐ വഴി പ്രതിദിനം ഒരു ബില്യൺ ഇടപാടുകൾ നടത്തുമെന്ന് പ്രവചിക്കപ്പെടുന്നു. അത് പ്രാപ്തമാക്കുന്നതിന്, നിരവധി സംരംഭങ്ങൾ അവതരിപ്പിച്ചു. ഇതിൽ പ്രധാനം യുപിഐയുടെ ഓട്ടോപേ ഫീച്ചറാണ്. യുപിഐ പ്ലാറ്റ്‌ഫോമിലെ ദൈനംദിന ഇടപാടുകൾ വർദ്ധിപ്പിക്കുന്നതിന് ഓട്ടോപേ ഫീച്ചർ നിർണായകമാകുമെന്ന് വ്യവസായ വിദഗ്ധർ പറയുന്നു.

ഇന്റർനെറ്റ് കണക്ഷനില്ലാത്ത ഫീച്ചർ ഫോണുകളിൽ ആർബിഐ യുപിഐ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് അത്തരം ഉപകരണങ്ങൾ ഉപയോഗിക്കുന്ന 40 കോടിയിലധികം വ്യക്തികൾക്ക് പേയ്‌മെന്റ് സംവിധാനം ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇത് ഡിജിറ്റൽ സാമ്പത്തിക ഇടപാടുകളിലേക്ക് കൂടുതൽ ആളുകളെ ഉൾപ്പെടുത്തുമെന്നും യുപിഐ പ്ലാറ്റ്‌ഫോമിൽ നടത്തുന്ന ഇടപാടുകളുടെ എണ്ണം കൂട്ടുകയും ചെയ്യും.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Cardless cash withdrawals atm upi rbi monetary policy