scorecardresearch
Latest News

യുകെ പ്രധാനമന്ത്രിയായി ബോറിസ് ജോണ്‍സണ് തിരിച്ചെത്താനാകുമോ?

അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് സെപ്തംബര്‍ 6 ന് പ്രധാനമന്ത്രി പദം ഒഴിയേണ്ടി വന്ന ബോറിസ് ജോണ്‍സണ്‍ തിരികെ എത്തുന്നതിനുള്ള ശ്രമം നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

യുകെ പ്രധാനമന്ത്രിയായി ബോറിസ് ജോണ്‍സണ് തിരിച്ചെത്താനാകുമോ?

ന്യൂഡല്‍ഹി:ബ്രിട്ടനില്‍ ഏറ്റവും കുറഞ്ഞകാലം പ്രധാനമന്ത്രിയായിരുന്ന വ്യക്തിയെന്ന പേര് സമ്പാദിച്ചാണ് ലിസ് ട്രസ് പദവിയില്‍ നിന്നിറങ്ങിയത്. ബ്രിട്ടന്റെ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയായ ലിസ് ട്രസ് അധികാരമേറ്റ് നാല്‍പ്പത്തിനാലാം ദിവസമാണ് രാജി പ്രഖ്യാപിച്ചത്. ലിസ് ട്രസിന് പകരക്കാരനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് ഈ മാസം 28 നാണ് പൂര്‍ത്തിയാകുന്നത്.

അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് സെപ്തംബര്‍ 6 ന് പ്രധാനമന്ത്രി പദം ഒഴിയേണ്ടി വന്ന ബോറിസ് ജോണ്‍സണ്‍ തിരികെ എത്തുന്നതിനുള്ള ശ്രമം നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലിസ് ട്രസ് രാജിവച്ചപ്പോള്‍ അവധിക്കാലം ആഘോഷിക്കുകയായിരുന്ന ജോണ്‍സണ്‍ ഇത് ദേശീയ താല്‍പ്പര്യത്തിന്റെ കാര്യമാണെന്ന് വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞതായി ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ബോറിസ് ജോണ്‍സന്റെ പ്രക്ഷുബ്ധമായ ഭരണകാലം

തെരേസ മേ രാജിവച്ചതിന് ശേഷം 2019 ജൂലൈയിലാണ് ബോറിസ് ജോണ്‍സന്‍ പ്രധാനമന്ത്രിയായി നിയമിതനായത്. ബ്രെക്സിറ്റ് വോട്ടിന്റെ മുഖമായ ബോറിസ് ജോണ്‍സണ്‍ ആ വര്‍ഷം ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ നിര്‍ണായക വിജയം നേടി, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ ദശാബ്ദങ്ങളിലെ ഏറ്റവും വലിയ വോട്ട് വിഹിതത്തിലേക്കാണ് ആ തെരഞ്ഞെടുപ്പ് നയിച്ചത്. ബോറിസിന്റെ ഭരണം തുടക്കം മുതല്‍ അഴിമതികളുടെ പരമ്പരയാല്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കി. ‘പാര്‍ട്ടിഗേറ്റ് അഴിമതി’യാണ് അവയില്‍ പ്രധാനം. രാജ്യം ലോക്ക്ഡൗണിലായിരിക്കെ പ്രധാനമന്ത്രിയുടെ നമ്പര്‍ 10, ഡൗണിംഗ് സ്ട്രീറ്റ് വസതിയില്‍ പാര്‍ട്ടി നടത്തിയത് വിവാദമാകുകയായിരുന്നു.
ലോക്ക്ഡൗണ്‍ പാര്‍ട്ടികളുടെ പേരില്‍ അദ്ദേഹം നിയമനിര്‍മ്മാതാക്കളെ തെറ്റിദ്ധരിപ്പിച്ചോ എന്നതിനെക്കുറിച്ച് പാര്‍ലമെന്ററി അന്വേഷണം നേരിടുകയാണ്. 2022 ജൂണില്‍ നടന്ന അവിശ്വാസ വോട്ടിനെ അതിജീവിച്ചതിന് ശേഷം, ബോറിസ് സര്‍ക്കാരില്‍ നിന്നുള്ള മന്ത്രിമാരുടെ രാജിയില്‍ ജൂലൈ 7 ന് ബോറിസിന് പുറത്തേക്കുള്ള വഴി കാണിച്ചു.

തന്റെ ഓഫീസ് വിടുമ്പോള്‍ ജോണ്‍സണ്‍ ഒരു തിരിച്ചുവരവിന്റെ സൂചനകള്‍ നല്‍കിയിരുന്നു. ജൂലൈ 20-ന് ഹൗസ് ഓഫ് കോമണ്‍സില്‍ നടന്ന തന്റെ അവസാന പ്രസംഗത്തില്‍ ജോണ്‍സണ്‍ വീണ്ടും ഒരു രണ്ടാം വരവിന്റെ സൂചന നല്‍കി. ‘സിന്‍സിനാറ്റസിനെപ്പോലെ, ഞാന്‍ എന്റെ കലപ്പയിലേക്ക് മടങ്ങുകയാണ്,’ അദ്ദേഹം പറഞ്ഞു. ഒരു കര്‍ഷകനായി വിരമിച്ചു ജീവിച്ചിരുന്ന സിന്‍സിനാറ്റസിനെ ഒരു അധിനിവേശ ശക്തിയുടെ ആക്രമണത്തെ ചെറുക്കുന്നതിനായി റോമന്‍ സെനറ്റ് തന്റെ സ്ഥാനത്തേക്ക് തിരികെ വിളിച്ചു. ബോറിസ് ജോണ്‍സന്റെ പരാമര്‍ശം സിന്‍സിനാറ്റസ് അധികാരത്തില്‍ തിരിച്ചെത്തിയത് പോലെ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മറ്റൊരു തിരിച്ച് വരവിനെക്കുറിച്ച് സൂചന നല്‍കുന്നുവെന്നായിരുന്നു വിലയിരുത്തല്‍.

ബോറിസ് ജോണ്‍സണ്‍ തിരിച്ച് വരുമോ?

ജോണ്‍സണ്‍ ഇതുവരെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കണ്‍സര്‍വേറ്റീവ് എംപി എന്ന നിലയില്‍ അദ്ദേഹം ഈ സ്ഥാനത്തിന് അര്‍ഹനാണ്. പുറത്തായതിന് ശേഷം ബോറിസിനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് തടയുന്ന നിയമങ്ങളൊന്നുമില്ല, യുകെയില്‍ ഒരാള്‍ക്ക് പ്രധാനമന്ത്രിയാകാന്‍ പരിധികളില്ല. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ചില അനുയായികള്‍ ബോറിസിനെ പിന്തുണച്ച് രംഗത്ത് വന്നിട്ടുണ്ട്. നേതൃമത്സരത്തിനുള്ള പാര്‍ട്ടി നിയമങ്ങള്‍ അനുസരിച്ച് അദ്ദേഹത്തിന് മത്സരത്തില്‍ തുടരുന്നതിന് തിങ്കളാഴ്ച (ഒക്ടോബര്‍ 24) വരെ കുറഞ്ഞത് 100 എംപിമാരുടെ പിന്തുണ ആവശ്യമാണെന്ന് സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ബോറിസ് ജോണ്‍സണ്‍ ഈ പരിധി കൈവരിക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് ബോറിസ് ഗവണ്‍മെന്റിന്റെ ഭാഗമായിരുന്ന ഡിജിറ്റല്‍, കള്‍ച്ചര്‍, മീഡിയ, സ്പോര്‍ട്സ് എന്നിവയുടെ മുന്‍ സ്റ്റേറ്റ് സെക്രട്ടറി നദീന്‍ ഡോറിസിനെ ഉദ്ധരിച്ചുള്ള റിപോര്‍ട്ട് പറയുന്നു. ടോറി ജനവിഭാഗങ്ങള്‍ക്കിടയില്‍ ജോണ്‍സണ്‍ ജനപ്രിയനാണ്, ഈ ആഴ്ച ആദ്യം മുതല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങളുടെ യൂഗോവ് സര്‍വേയില്‍ 32 ശതമാനം പേര്‍ ജോണ്‍സണെ തങ്ങളുടെ പ്രിയപ്പെട്ട സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുത്തതായി കണ്ടെത്തി, 23 ശതമാനം പിന്തുണയുള്ള ഋഷി സുനക്കിനെക്കാള്‍ മുന്നിലാണ് ബോറിസ് ജോണ്‍സണെന്നും ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

ബോറിസ് ജോണ്‍സണ് മുന്നിലുള്ള വെല്ലുവിളികള്‍

ജോണ്‍സണിന് നിലവില്‍ അണികളുടെ ജനപിന്തുണയുണ്ടെങ്കിലും, ഭിന്നിപ്പുണ്ടാക്കുന്ന മുഖമായി തുടരുന്നു, പ്രത്യേകിച്ച് അദ്ദേഹത്തെ നീക്കം ചെയ്യണമെന്ന് അടുത്തിടെ മാത്രം ആവശ്യപ്പെട്ട ടോറി എംപിമാര്‍ക്കിടയില്‍. ‘പാര്‍ട്ടിഗേറ്റ്’ അഴിമതിയെക്കുറിച്ച് നിയമസഭാംഗങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് പാര്‍ലമെന്ററി അന്വേഷണവും അദ്ദേഹം നേരിടുന്നു, ബോറിസ് നേതൃ പദവിയില്‍ എത്തിയാല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ ലക്ഷ്യം വയ്ക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഇത് ഉപയോഗിച്ചേക്കാം. അദ്ദേഹത്തിന്റെ വിജയസാധ്യതയെക്കുറിച്ച് പല ടോറി അംഗങ്ങളും ഇതിനകം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ചില മുതിര്‍ന്ന നേതാക്കള്‍ ജോണ്‍സണ്‍ വിജയിച്ചാല്‍ സ്ഥാനമൊഴിയുന്നതിനെ കുറിച്ചും ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനെ കുറിച്ചും ആലോചിക്കുമെന്ന് പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. മുന്‍ ആരോഗ്യ-വിദേശകാര്യ മന്ത്രി ജെറമി ഹണ്ട്, ഹൗസ് ഓഫ് കോമണ്‍സ് നേതാവ് ജെന്നി മോര്‍ഡൗണ്ട്, മുന്‍ ധനമന്ത്രി ഋഷി സുനക് എന്നിവങ്ങനെ പ്രധാനമന്ത്രി പദത്തില്‍ പ്രതീക്ഷ വയ്ക്കുന്ന ടോറി നേതാക്കളുമായും ബോറിസിന് മത്സരിക്കേണ്ടി വരും.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Can boris johnson return as uk pm