ഡേറ്റ മാനേജ്മെന്റ് പോരായ്മ’യുടെ കാര്യത്തില്‍ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) ഓഫ് ഇന്ത്യ, യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ)യെ വിമര്‍ശിച്ചിരിക്കുകയാണ്.
രാജ്യത്തെ എല്ലാ താമസക്കാര്‍ക്കും ആധാര്‍ നല്‍കുന്നതിനായി 2016-ല്‍ സ്ഥാപിതമായ നിയമപരമായ അതോറിറ്റിയാണ് യുഐഡിഎഐ. 2021 ഒക്ടോബര്‍ 31 വരെ 131.68 കോടി ആധാര്‍ നമ്പറുകളാണ് യുഐഡിഎഐ നല്‍കിയത്.
യുഐഡിഎഐയില്‍ സിഎജി കണ്ടെത്തിയ പ്രശ്നങ്ങള്‍ എന്തൊക്കെ?
ഡേറ്റ മാച്ചിങ്ങിലെ പ്രശ്നത്തിനൊപ്പം ആധികാരികത ഉറപ്പാക്കുന്നതിലെ പിശകുകള്‍, രേഖകള്‍ സൂക്ഷിക്കുന്നതില്‍ ന്യൂനത എന്നിവ യുഐഡിഎഐയുടെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള 108 പേജുള്ള ഓഡിറ്റ് റിപ്പോര്‍ട്ടില്‍ സിഎജി പറയുന്നു. ചില കേസുകളില്‍ 10 വര്‍ഷം കഴിഞ്ഞിട്ടും ആധാര്‍ കാര്‍ഡ് ഉടമകളുടെ ഡേറ്റ അവരുടെ ആധാര്‍ നമ്പറുമായി പൊരുത്തപ്പെടുന്നില്ലെന്ന് സിഎജി ചൂണ്ടിക്കാട്ടുന്നു.
ആധികാരികത സംബന്ധിച്ച പിശകുകളിലേക്കു നയിക്കുന്ന ഘടകങ്ങളെ വിശകലനം ചെയ്യുന്നതിനുള്ള സംവിധാനത്തിന്റെ അഭാവത്തെയും സിഎജി വിമര്‍ശിച്ചു. കൂടാതെ, ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് ഡേറ്റ ബേസുകളിലൊന്ന് യുഐഡിഎഐക്കുണ്ടെങ്കിലും ഡേറ്റ ആര്‍ക്കൈവിങ് നയം ഇല്ലായിരുന്നു.
”യുഐഡിഎഐ അവരുടെ സ്വന്തം ചട്ടങ്ങളിലെ വ്യവസ്ഥകള്‍ക്കു വിരുദ്ധമായി 2019 മാര്‍ച്ച് വരെ ബാങ്കുകള്‍ക്കും മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ക്കും മറ്റ് ഏജന്‍സികള്‍ക്കും സൗജന്യമായി ഓതന്റിക്കേഷന് സേവനങ്ങള്‍ നല്കി. ഇതിലൂടെ സര്‍ക്കാരിനുള്ള വരുമാനം നഷ്ടപ്പെടുത്തി,” സിഎജി ചൂണ്ടിക്കാട്ടുന്നു.
യുഐഡിഎഐയിലെ സ്വകാര്യ വിവരങ്ങളുടെ കാര്യമോ?
ആധാര്‍ വിവരങ്ങളുടെ പ്രാമാണീകരണത്തിനായി ഏജന്‍സികളോ കമ്പനികളോ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളോ ഉപകരണങ്ങളോ ആളുകളുടെ സ്വകാര്യ വിവരങ്ങള്‍ സൂക്ഷിച്ചുവയ്ക്കുന്നില്ലെന്നും അത് ആളുകളെ സ്വകാര്യത അപകടത്തിലാക്കുന്നില്ലെന്നും യുഐഡിഎഐ ഉറപ്പുവരുത്തിയിട്ടില്ലെന്നുമെന്നുമുള്ള ആശങ്ക സിഎജി മുന്നോട്ടുവയ്ക്കുന്നു.
”ആധാര്‍ ഡേറ്റയുടെ സുരക്ഷയും അതോറിറ്റി ഉറപ്പാക്കിയിരുന്നില്ല. ഉള്‍പ്പെട്ട പ്രക്രിയയ്ക്ക് അനുസൃതമായി അവര്‍ സ്വതന്ത്രമായി ഒരു പരിശോധനയും നടത്തിയിട്ടില്ല,” സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.
അര്‍ഹതയില്ലാത്തവര്‍ക്ക് ആധാര്‍ നമ്പര്‍ ലഭിച്ചിട്ടുണ്ടാകുമോ?
ആധാറിനായി അപേക്ഷിക്കുന്ന ഒരാള്‍ നിയമം അനുശാസിക്കുന്ന കാലയളവില്‍ ഇന്ത്യയില്‍ താമസിച്ചിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാന്‍ യുഐഡിഎഐ പ്രത്യേക തെളിവുകളോ രേഖകളോ നടപടിക്രമങ്ങളോ നിര്‍ദേശിച്ചിട്ടില്ലെന്ന് സിഎജി ചൂണ്ടിക്കാട്ടുന്നു.
അതിനാല്‍, എല്ലാ ആധാര്‍ ഉടമകളും ആധാര്‍ നിയമത്തില്‍ നിര്‍വചിച്ചിരിക്കുന്ന ‘ഇന്ത്യയിലെ താമസക്കാരാണ്’ എന്നതിന് യാതൊരു ഉറപ്പുമില്ലെന്നു റിപ്പോര്‍ട്ട് പറയുന്നു.
അപൂര്‍ണമായ വിവരങ്ങളോടെ യുഐഡിഎഐ ആധാര്‍ നമ്പറുകള്‍ ലഭ്യമാക്കിയെന്നും ശരിയായ രേഖകളില്ലാതെയോ യോഗ്യമായ ബയോമെട്രിക്സ് ഇല്ലാതെയോ ഒരേ വ്യക്തിക്ക് ഒന്നിലധികം അല്ലെങ്കില്‍ ഡ്യൂപ്ലിക്കേറ്റ് ആധാര്‍ കാര്‍ഡുകള്‍ നല്‍കിയെന്നും സിഎജി അതിന്റെ റിപ്പോര്‍ട്ടിന്റെ ഉപസംഹാരത്തില്‍ പറയുന്നു.
അപേക്ഷകരുടെ താമസ സ്ഥിതി സ്ഥിരീകരിക്കുന്നതിനും ആധികാരികമാക്കുന്നതിനും സ്വയമുള്ള സത്യവാങ്മൂലത്തിനു പുറമെ ഒരു നടപടിക്രമവും ആവശ്യമായ രേഖകളും യുഐഡിഎഐ നിര്‍ദേശിക്കണമെന്നും സിഎജി റിപ്പോര്‍ട്ട് പറയുന്നു.
ആധാര്‍ കാര്‍ഡുകള്‍ ലഭിക്കുന്നില്ല, ഡേറ്റയിലെ പിശകുകള്‍, തങ്ങളുടേതല്ലാത്ത തെറ്റുകള്‍ മൂലമുള്ള ബുദ്ധിമുട്ടുകള്‍ എന്നിവ സംബന്ധിച്ച അപേക്ഷകരുടെ പരാതികളെക്കുറിച്ചോ?
യുഐഡിഎഐക്കു തപാല്‍ വകുപ്പുമായി മതിയായ ക്രമീകരണങ്ങളില്ലെന്നും അതിനാല്‍ ആധാര്‍ കാര്‍ഡുകള്‍ അപേക്ഷകര്‍ക്ക് എത്തിക്കാനാകാതെ വലിയ തോതില്‍ സര്‍ക്കാരിലേക്കു തിരിച്ചയച്ചിട്ടുണ്ടെന്നും സിഎജി ചൂണ്ടിക്കാട്ടുന്നു.
‘മോശം ബയോമെട്രിക്സ് ഉള്ള ആധാര്‍ നമ്പറുകള്‍ പ്രാമാണീകരണ പിശകുകള്‍ സൃഷ്ടിക്കുന്നു. യുഐഡിഎഐ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാതെ ബയോമെട്രിക്സ് അപ്ഡേറ്റ് ചെയ്യുന്നതിനുള്ള ചുമതല ആധാര്‍ ഉടമയുടെ ഉത്തരവാദിത്തമായി മാറ്റുകയും അതിനുള്ള ഫീസ് ഈടാക്കുകയും ചെയ്യുന്നു,” എന്നും സിഎജി കുറ്റപ്പെടുത്തുന്നു.
Also Read: കോവിഡ് -19 ന്റെ എക്സ്ഇ വകഭേദം എന്താണ്, എന്തുകൊണ്ട് അതിനെ ഇപ്പോൾ ഭയക്കേണ്ട?