സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റർ വ്യാഴാഴ്ച (ഏപ്രിൽ 20) സെലിബ്രിറ്റികൾ, രാഷ്ട്രീയക്കാർ, കായികതാരങ്ങൾ, പത്രപ്രവർത്തകർ എന്നിവരുൾപ്പെടെയുള്ള ഉപയോക്താക്കളുടെ പ്രൊഫൈലുകളിൽ നിന്ന് ലെഗസി ബ്ലൂ വെരിഫിക്കേഷൻ ടിക്കുകൾ നീക്കം ചെയ്തു.
ഇന്ത്യയിലെ നിരവധി സർക്കാർ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും അക്കൗണ്ടുകളും മറ്റു പ്രമുഖ വ്യക്തികളുടെയും അക്കൗണ്ടുകളുടെ ബ്ലൂ ടിക് നഷ്ടമായി. ഇതോടെ വ്യാജന്മാർ ഏതാണ് ഒറിജിനൽ ഏതാണ് എന്ന് തിരിച്ചറിയാൻ ആകാത്ത അവസ്ഥയാണ്.
എന്നിരുന്നാലും, ചില സർക്കാർ സ്ഥാപനങ്ങൾക്ക് ഗ്രേ ടിക്ക് ലഭിച്ചു. കൂടാതെ മാധ്യമ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളുടെ നിശ്ചിത ഹാൻഡിലുകൾക്ക് സൗജന്യ മഞ്ഞ ടിക്ക് വാഗ്ദാനം ചെയ്തിട്ടുമുണ്ട്.
ട്വിറ്റർ ഉടമ ഇലോൺ മസ്‌ക് കഴിഞ്ഞ വർഷം “ട്വിറ്റർ ബ്ലൂ” എന്ന പേരിലാണ് പണം അടച്ചുള്ള സേവനം അവതരിപ്പിച്ചത്. ഇത് “പത്രപ്രവർത്തനത്തെ ജനാധിപത്യവൽക്കരിക്കുകയും ജനങ്ങളുടെ ശബ്ദത്തെ ശാക്തീകരിക്കുകയും ചെയ്യും” എന്നാണ് മസ്ക് പറഞ്ഞത്. ട്വിറ്റർ പരിശോധിച്ചുറപ്പിച്ച യഥാർത്ഥ അക്കൗണ്ടുകൾക്ക് അല്ല ഇനി ബ്ലൂ ടിക്ക് ലഭിക്കുന്നത്. ടിക് ആവശ്യമുള്ളവർ അതിനുള്ള പണം നൽകേണ്ടിവരും.
ട്വിറ്ററിന്റെ നീക്കം ബാധിച്ചത് ആരെയൊക്കെ?
വെരിഫിക്കേഷൻ സംവിധാനം വ്യാഴാഴ്ച അവസാനിപ്പിക്കുന്നതിനു മുൻപ്, ഏകദേശം 300,000 ഉപയോക്താക്കൾക്ക് ബ്ലൂ ടിക് ഉണ്ടായിരുന്നതായി, ഡിഡബ്ല്യൂവിന്റെ റിപ്പോർട്ടിൽ പറയുന്നു.
പോപ്പ് താരങ്ങളായ ബിയോൺസും ഷക്കീറയും, മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ്, ഫുട്‌ബോൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, റിയാലിറ്റി ടിവി താരം കിം കർദാഷിയാൻ, മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് (ഇപ്പോൾ ട്വിറ്ററിൽ സജീവമല്ല) എന്നിവരും വെരിഫിക്കേഷൻ നഷ്ടപ്പെട്ട പ്രമുഖരിൽ ഉൾപ്പെടുന്നു.
എന്നിരുന്നാലും, പ്രമുഖ സെലിബ്രിറ്റികളായ ബാസ്‌ക്കറ്റ്‌ബോൾ ഇതിഹാസം ലെബ്രോൺ ജെയിംസ്, എഴുത്തുകാരൻ സ്റ്റീഫൻ കിങ്, സ്റ്റാർ ട്രെക്ക് ടിവി സീരീസിൽ ക്യാപ്റ്റൻ ജെയിംസ് കിർക്കിന്റെ വേഷം ചെയ്ത നടൻ വില്യം ഷാറ്റ്‌നർ എന്നിവർ സബ്‌സ്‌ക്രൈബ് ചെയ്യാതെ തങ്ങളുടെ നീല ടിക്കുകൾ നിലനിർത്തി. അവരുടെ ടിക്കുകൾക്ക് താൻ വ്യക്തിപരമായി പണം നൽകുന്നുവെന്ന് മസ്‌ക് വ്യാഴാഴ്ച പറഞ്ഞു.
ഇന്ത്യയിൽ, രാജ്യത്തെ ട്വിറ്റർ പോലുള്ള പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കുന്ന മിനിസ്ട്രി ഓഫ് ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി പോലുള്ള സർക്കാർ മന്ത്രാലയങ്ങൾക്ക് ബ്ലൂ ടിക്കുകൾ നഷ്ടപ്പെട്ടു. ഡിപ്പാർട്ട്‌മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻസ്, പ്രസ് ഇൻഫർമേഷൻ ബ്യൂറോ എന്നിവയുടെ ഔദ്യോഗിക ഹാൻഡിലുകളും വെരിഫൈഡ് അല്ല.
ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ആലിയ ഭട്ട് തുടങ്ങിയ സിനിമാ മേഖലയിലെ സെലിബ്രിറ്റികൾക്കും വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, മഹേന്ദ്ര സിങ് ധോണി, സ്മൃതി മന്ദാന, പി.വി.സിന്ധു തുടങ്ങിയ കായിക താരങ്ങൾക്കും ബ്ലൂ ടിക്ക് നഷ്ടപ്പെട്ടു. പണം നൽകിയിട്ടും തന്റെ ബ്ലൂ ടിക്ക് തിരികെ ലഭിച്ചില്ലെന്ന് അമിതാഭ് ബച്ചനും പരാതിപ്പെട്ടു.
രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, യോഗി ആദിത്യനാഥ്, അരവിന്ദ് കേജ്‌രിവാൾ, എം.കെ.സ്റ്റാലിൻ, മമത ബാനർജി, പിണറായി വിജയൻ, നിതീഷ് കുമാർ, തേജസ്വി യാദവ്, അശോക് ഗെഹ്‌ലോട്ട് തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കും ഇനി ടിക്കില്ല. ആം ആദ്മി പാർട്ടി, അഖിലേന്ത്യാ തൃണമൂൽ കോൺഗ്രസ്, സിപിഐ (എം), ഡിഎംകെ എന്നിവയുടെ ട്വിറ്റർ പ്രൊഫൈലുകൾക്കും വെരിഫിക്കേഷൻ നഷ്ടപ്പെട്ടു.
എന്താണ് സംഭവിക്കുന്നത്?
ട്വിറ്റർ ബ്ലൂ സേവനത്തിനായി പ്രതിമാസ ഫീസ് അടയ്ക്കുന്നവർക്ക് മാത്രമേ ഇനി ബ്ലൂ ടിക്കുകൾ അനുവദിക്കൂവെന്ന് മസ്‌ക് തീരുമാനിച്ചിട്ടുണ്ട്. ട്വിറ്ററിന്റെ മുൻ ഉടമകൾ ബ്ലൂ ടിക്കുകൾ സൗജന്യമായിട്ടാണ് നൽകിയിരുന്നത്. വ്യാജ അക്കൗണ്ടുകളിൽനിന്നു പ്രമുഖരെ തിരിച്ചറിയാനും തെറ്റായ വിവരങ്ങൾ വ്യാപിക്കുന്നത് തടയാനുമാണ് 2014ൽ ഈ ഫീച്ചർ അവതരിപ്പിച്ചത്.
ബ്ലൂ ടിക് എന്നത് ഇനി അക്കൗണ്ട് വെരിഫൈ ആകുന്നു എന്നല്ല അർഥമാക്കുന്നത്. അതിനായുള്ള സബസ്ക്രിപ്ഷൻ ഉണ്ട് എന്നത് മാത്രമാണ് ഇതിൽനിന്നു വ്യക്തമാക്കുന്നത്. ഇതിനായി ഫോൺ നമ്പറും നൽകണം.
ട്വിറ്റർ ഉപയോക്താക്കൾക്ക് ബ്ലൂ ടിക്ക് നഷ്ടപ്പെടുന്നത് ഇതാദ്യമല്ല. 2022 നവംബറിൽ മസ്ക് ചില രാജ്യങ്ങളിൽ ട്വിറ്റർ ബ്ലൂ സേവനം ആരംഭിച്ചെങ്കിലും അത് തിരിച്ചടി നേരിട്ടു. അതോടെ അതിന്റെ വിലയും കുറയ്ക്കേണ്ടി വന്നു.
തുടക്കത്തിൽ, പ്രതിമാസം 20 ഡോളർ ഈടാക്കാനാണ് തീരുമാനിച്ചിരുന്നത്. പിന്നീട് അത് 8 ഡോളറാക്കി. എന്നാൽ ഒന്നിലധികം വ്യാജ അക്കൗണ്ടുകൾ ഉയർന്നതിനെത്തുടർന്ന് സേവനം താൽക്കാലികമായി നിർത്തിവച്ചു.
ട്വിറ്റർ ബ്ലൂവിന്റെ നിരക്ക് എത്രയാണ്?
ഇന്ത്യയിൽ, ആൻഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങൾക്ക് പ്രതിമാസം 900 രൂപയ്ക്ക് ട്വിറ്റർ ബ്ലൂ സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും. വെബ് സേവനത്തിന് പ്രതിമാസം 650 രൂപയാണ് ചെലവ്. വെബ് സേവനത്തിനായി ഉപയോക്താക്കൾക്ക് 6,800 രൂപയുടെ വാർഷിക സബ്‌സ്‌ക്രിപ്‌ഷനും തിരഞ്ഞെടുക്കാം. ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയിലെ വാർഷിക സബ്‌സ്‌ക്രിപ്‌ഷൻ നിരക്ക് പ്രതിവർഷം 9,400 രൂപയാണ്.
ഈ നിരക്കിൽ ഉപയോക്താക്കൾക്ക് ലഭിക്കുന്നതെന്ത്?
നീല ടിക്ക് മുൻപ് പലർക്കും സ്റ്റാറ്റസിന്റെ ചിഹ്നമായിരുന്നു. ഒരുപാട് ഫോളോവേഴ്‌സ് ഉണ്ടായിരുന്നിട്ടും പലർക്കും അത് ലഭിച്ചിരുന്നില്ല. അവർ ട്വിറ്ററിന്റെ ഏകപക്ഷീയതയെക്കുറിച്ച് പരാതിപ്പെട്ടിരുന്നു.
ഇപ്പോൾ പണം കൊടുത്താൽ ആർക്കും ബ്ലൂ ടിക് സ്വന്തമാക്കാം. സേവനം ലഭിക്കുന്നവർക്ക് പല സംഭാഷണങ്ങളിലും റാങ്കിങ് ലഭിക്കും, തിരയുമ്പോഴും ഇത് കാണിക്കും. ദൈർഘ്യമേറിയ ട്വീറ്റുകൾ പോസ്റ്റ് ചെയ്യാനും കഴിയും. 10,000 ക്യാരക്ടർ വരെ എഴുതാൻ കഴിയും.
വ്യാജ അക്കൗണ്ട് എങ്ങനെ വേർതിരിക്കാം?
ട്വിറ്റർ ബ്ലൂ ഇപ്പോൾ പണം നൽകിയുള്ള സേവനമാണ്. അതിനാൽ അവർ ആ സേവനം ഉപയോഗിക്കുന്നുണ്ടെന്നും ഫോൺ നമ്പർ നൽകി എന്നുമാണ് അതിൽനിന്നു വ്യക്തമാകുന്നത്. അതുകൊണ്ട് അക്കൗണ്ട് ഒറിജിനൽ ആകണമെന്നില്ല. ഒരു അക്കൗണ്ട് വ്യാജമല്ലെന്ന് ഉറപ്പാക്കാനുള്ള ഒരു മാർഗം മറ്റ് ഉറവിടങ്ങളും വെബ്‌സൈറ്റുകളും ക്രോസ്-റഫറൻസ് ചെയ്യുക എന്നതാണ്. പക്ഷേ ഇതിന് സമയവും പരിശ്രമവും ആവശ്യമാണ്.
30 ദിവസത്തിൽ കൂടുതൽ ആക്ടീവ് ആയിട്ടുള്ള, പ്രൊഫൈൽ ഫോട്ടോയും പേരും നൽകിയിട്ടുള്ള അക്കൗണ്ടുകൾക്ക് മാത്രമേ, ബാഡ്ജ് ലഭിക്കുവെന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.
ഗോൾഡ്, ഗ്രേ ടിക്കുകൾ എന്തൊക്കെയാണ്?
ട്വിറ്റർ സർക്കാരുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾക്ക് ഗ്രേ ടിക്കുകൾ നൽകുന്നു. ഉദാഹരണത്തിന്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ധനമന്ത്രി നിർമ്മല സീതാരാമൻ തുടങ്ങിയവരുടെ അക്കൗണ്ടുകൾക്ക് ഗ്രേ ടിക്കുകൾ ഉണ്ട്.
പല മന്ത്രാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ഗ്രേ ടിക്കുകൾ ഉണ്ട്. കേന്ദ്ര ധനകാര്യം, പ്രതിരോധം, ആഭ്യന്തരം, വിദ്യാഭ്യാസം തുടങ്ങിയ മന്ത്രാലയങ്ങൾ, ഡൽഹി പൊലീസ്, മുംബൈ പൊലീസ് എന്നിവയ്ക്കും ഗ്രേ ടിക്കാണ് ലഭിക്കുക. എന്നിരുന്നാലും, എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും ഗ്രേ ടിക്ക് ഇല്ല. എംഇഐടിവൈ ന് ബ്ലൂ ടിക്കോ ഗ്രേ ടിക്കോ ഇല്ല, ബിഎംസിക്ക് ബ്ലൂ ടിക്ക് ഉണ്ട്.
ഗോൾഡ് ടിക്ക് “ട്വിറ്റർ പരിശോധിച്ചുറപ്പിച്ച ഔദ്യോഗിക ബിസിനസ് അക്കൗണ്ടാണെന്ന് സൂചിപ്പിക്കുന്നു” എന്ന് ട്വിറ്റർ പറയുന്നു. പെപ്‌സി, മക്‌ഡൊണാൾഡ്‌സ്, ബർഗർ കിങ് തുടങ്ങിയ കമ്പനികളുടെ അക്കൗണ്ടുകളിൽ ഗോൾഡ് ടിക്കുകൾ ഉണ്ട്. ഇന്ത്യൻ എക്സ്പ്രസ്, എൻഡിടിവി, ഇന്ത്യാ ടുഡേ തുടങ്ങിയ പ്രമുഖ മാധ്യമ സ്ഥാപനങ്ങൾക്കും ഈ ടിക്കുകൾ ഉണ്ട്.