scorecardresearch

ജൂതന്മാർ പലസ്തീനിലേക്ക് കുടിയേറിയതെങ്ങനെ; എങ്ങനെയാണ് ഇസ്രായേൽ രൂപം കൊണ്ടത്?

1948 മെയ് മാസത്തിൽ ഇസ്രായേൽ ഔദ്യോഗികമായി സൃഷ്ടിക്കപ്പെടുന്നതിന് വളരെ മുമ്പുതന്നെ ജൂത കുടിയേറ്റക്കാർ പലസ്തീനിൽ സ്ഥിരതാമസമാക്കിയിരുന്നു. യൂറോപ്പിന്റെ കുറ്റകൃത്യങ്ങൾക്ക് പലസ്തീൻ പിഴമൂളേണ്ടി വരുന്നത് എങ്ങനെ? ചെറിയ ന്യൂനപക്ഷമായിരുന്ന ഒരു നാട്ടിൽ യഹൂദർക്ക് രാജ്യം രൂപീകരിക്കാൻ എങ്ങനെ സാധിച്ചു?

1948 മെയ് മാസത്തിൽ ഇസ്രായേൽ ഔദ്യോഗികമായി സൃഷ്ടിക്കപ്പെടുന്നതിന് വളരെ മുമ്പുതന്നെ ജൂത കുടിയേറ്റക്കാർ പലസ്തീനിൽ സ്ഥിരതാമസമാക്കിയിരുന്നു. യൂറോപ്പിന്റെ കുറ്റകൃത്യങ്ങൾക്ക് പലസ്തീൻ പിഴമൂളേണ്ടി വരുന്നത് എങ്ങനെ? ചെറിയ ന്യൂനപക്ഷമായിരുന്ന ഒരു നാട്ടിൽ യഹൂദർക്ക് രാജ്യം രൂപീകരിക്കാൻ എങ്ങനെ സാധിച്ചു?

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Israel Gaza war | Israel-Hamas War | how was Israel created

ഇസ്രായേൽ ചരിത്രത്തിലൂടെ ഒരു യാത്ര

ഇസ്രായേൽ-പലസ്തീൻ തർക്കത്തിലെ രക്തച്ചൊരിച്ചിലിന്റെ ഏറ്റവും പുതിയ അധ്യായത്തിൽ, കര ആക്രമണത്തിന് തയ്യാറെടുക്കുന്നതിനാൽ ആയിരക്കണക്കിന് സാധാരണക്കാരോട് ഗാസ നഗരം വിട്ടുപോകാൻ ഇസ്രായേൽ സൈന്യം ഉത്തരവിട്ടു.

Advertisment

ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിന്റെ ആധുനിക രൂപരേഖകൾ പ്രസിദ്ധമാണെങ്കിലും -ബലപ്രയോഗത്തിലൂടെ തങ്ങളുടെ മാതൃരാജ്യത്ത് സ്ഥാപിക്കപ്പെട്ടതാണ് ഇസ്രായേൽ എന്ന് പലസ്തീനികൾ പറയുന്നു, ബൈബിളിലെ മാതൃരാജ്യത്ത് നിലനിൽക്കാൻ തങ്ങൾക്ക് എല്ലാ അവകാശമുണ്ടെന്ന് ഇസ്രായേൽ അവകാശപ്പെടുന്നു - 'ഇസ്രായേലി'ലേക്കുള്ള ജൂത കുടിയേറ്റം എങ്ങനെയാണ് ആരംഭിച്ചത്? ഇസ്രായേൽ രൂപീകരണം സംബന്ധിച്ച 1948 മെയ് മാസത്തിലെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ്, അതിനുള്ള അരങ്ങൊരുക്കിയത് എങ്ങനെയാണ്? ബ്രിട്ടീഷുകാരും അറബ് രാജ്യങ്ങളും അതിൽ വഹിച്ച പങ്ക് എന്താണ്?

യഹൂദവിരുദ്ധതയും സയണിസവും

ഹീബ്രു ബൈബിൾ അനുസരിച്ച്, അബ്രഹാമിന്റെ ചെറുമകനായ ജേക്കബിന് ദൈവം നൽകിയ പേരാണ് 'ഇസ്രായേൽ', അദ്ദേഹത്തെ മൂന്ന് 'അബ്രഹാമിക്' മതങ്ങളുടെയും ഗോത്രപിതാവായി കണക്കാക്കപ്പെടുന്നു: യഹൂദമതം, ക്രിസ്തുമതം, ഇസ്‌ലാം മതം. അബ്രഹാമിന്റെ സന്തതികൾ കാനാനിൽ സ്ഥിരതാമസമാക്കി, അത് ഏകദേശം ആധുനിക ഇസ്രായേലിന്റെ ഭാഗമായി വരും.

നിരവധി സാമ്രാജ്യങ്ങളുടെ (ഗ്രീക്കുകാർ, റോമാക്കാർ, പേർഷ്യക്കാർ, കുരിശുയുദ്ധക്കാർ, ഇസ്‌ലാമിസ്റ്റുകൾ, എന്നിങ്ങനെ) ഭാഗമായിരുന്ന കാനാൻ ദേശം സഹസ്രാബ്ദങ്ങൾക്ക് ശേഷം, 19-ആം നൂറ്റാണ്ടിന്റെ അവസാനം വരെ, ഓട്ടോമൻ സുൽത്താനേറ്റിന്റെ ഭാഗമായിരുന്നു. യഹൂദമതത്തിന്റെ അനുയായികൾ, അല്ലെങ്കിൽ യഹൂദർ, പല രാജ്യങ്ങളിലും ജീവിച്ചിരുന്നു - സമ്പന്നരായ ന്യൂനപക്ഷങ്ങളായിരുന്നു അവർ, പലയിടത്തും പീഡനത്തിന് ഇരയായി, പ്രത്യേകിച്ച് യൂറോപ്പിൽ.

Advertisment

സാറിസ്റ്റ് സാമ്രാജ്യത്വ റഷ്യയിൽ, 1880-കളിൽ ജൂതന്മാരെ ലക്ഷ്യമിട്ട് വംശഹത്യകൾ നടന്നിരുന്നു. ഫ്രാൻസിൽ, സുപ്രധാന വിവരങ്ങൾ ജർമ്മനിക്ക് കൈമാറിയതിന് ഒരു ജൂത സൈനികനെ തെറ്റായി ശിക്ഷിച്ച 1894-ലെ ഡ്രെഫസ് സംഭവം, അന്നത്തെ യഹൂദ വിരുദ്ധ മുൻവിധികളെ എടുത്തുകാണിച്ചു. യഹൂദ സമൂഹത്തിന് തങ്ങളുടേതെന്ന് വിളിക്കാൻ ഒരു രാജ്യം ഉണ്ടാകുന്നതുവരെ തങ്ങൾ സുരക്ഷിതരായിരിക്കില്ല എന്ന ഒരു വികാരം വളരാൻ തുടങ്ങി. ഈ പ്രസ്ഥാനം - ഒരു യഹൂദ മാതൃഭൂമി സ്ഥാപിക്കാൻ ശ്രമിക്കുന്നത് - സയണിസം എന്നറിയപ്പെട്ടു.

ഓസ്ട്രോ-ഹംഗേറിയൻകാരനായ തിയോഡോർ ഹെർസൽ ഒരു ജൂത രാഷ്ട്രത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് വിവരിച്ചുകൊണ്ട് 1896-ൽ, 'ദേർ ജൂതൻസ്റ്റാറ്റ്' (Der Judenstaat)എന്ന പേരിൽ ഒരു ലഘുലേഖ പ്രസിദ്ധീകരിച്ചു. സയണിസ്റ്റ് രാഷ്ട്രീയത്തിന്റെ (political Zionism) പിതാവായി ഹെർസൽ കണക്കാക്കപ്പെടുന്ന തരത്തിൽ ഈ ലഘുലേഖ യഹൂദർക്കിടയിൽ ജനപ്രിയമായി.

തുടക്കത്തിൽ, ഉഗാണ്ട, അർജന്റീന തുടങ്ങിയ രാജ്യങ്ങൾ യഹൂദ മാതൃരാജ്യത്തിന് സാധ്യതയുള്ള സ്ഥലങ്ങളായി കണക്കാക്കപ്പെട്ടിരുന്നു. എന്നിരുന്നാലും, യഹൂദന്മാരുടെ ബൈബിൾ ഭവനം ഒരിക്കൽ നിലനിന്നിരുന്ന, അവരുടെ വിശുദ്ധ സ്ഥലങ്ങളിൽ പലതും ഇപ്പോഴും സ്ഥിതി ചെയ്യുന്ന പലസ്തീൻ എന്നതായി ആ സ്ഥലം സ്ഥിരീകരിക്കപ്പെട്ടു.

ഒന്നാം ലോകമഹായുദ്ധത്തിന് മുമ്പ്

താമസിയാതെ, പലസ്തീനിലേക്കുള്ള ജൂത കുടിയേറ്റം (അലിയ) ആരംഭിച്ചു. 1881 മുതൽ 1903 വരെയുള്ള ആദ്യ തരംഗം ആദ്യ അലിയ എന്നറിയപ്പെടുന്നു. കുടിയേറ്റക്കാർ വൻതോതിൽ ഭൂമി വാങ്ങി കൃഷിയിറക്കാൻ തുടങ്ങി. താമസിയാതെ, സംഘർഷം രൂപപ്പെടുന്നതിന് മുമ്പതന്നെ ഇത് തദ്ദേശീയരായ പലസ്തീനികളുടെ നഷ്ടമായി മാറി,

ഈ സമയത്ത് പലസ്തീൻ എന്ന വിശാലമായ പ്രദേശം നല്ലൊരു ഭരണ സംവിധാനമില്ലാത്ത ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഒരു പ്രവിശ്യ മാത്രമായിരുന്നു. ഒട്ടോമൻ പ്രജകൾ, അറബികൾ, മുസ്‌ലിങ്ങൾ, അല്ലെങ്കിൽ വംശപരവും ഗോത്രപരവുമായ രീതിയിൽ 'പലസ്തീനികൾ' ആയി തങ്ങളെത്തന്നെ കാണണമെന്നുണ്ടായിരുന്നില്ല. "അസാന്നിദ്ധ്യ ഭൂപ്രഭുത്വം" (Absentee landlordism) സാധാരണമായിരുന്നു. അങ്ങനെ, ആ ഭാഗങ്ങളിൽ താമസിക്കാത്ത ഭൂവുടമകളും കൈക്കൂലി വാങ്ങാൻ മടിയില്ലാത്ത ഓട്ടോമൻ ഉദ്യോഗസ്ഥരും ജൂതർക്ക് ഭൂമി വിൽക്കുകയായിരുന്നു. പ്രദേശവാസികൾക്കും ഭൂമിയിലെ യഥാർത്ഥ കൃഷിക്കാർക്കും - ഗ്രാമീണരും, ദരിദ്രരും, തീരെ സാക്ഷരരല്ലാത്തവരും - അവർക്ക് ഇതിൽ യാതൊരു പങ്കുമുണ്ടായിരുന്നില്ല.

പുതിയ കുടിയേറ്റക്കാർ വന്നതോടെ, അവർ പലസ്തീനുമായി ഒത്തുപോകാനല്ലെന്ന് പെട്ടെന്ന് വ്യക്തമായി. പലസ്തീനിൽ താമസിച്ചിരുന്ന ജൂതന്മാരിൽ നിന്ന് വ്യത്യസ്തമായി, ഈ പുതിയ താമസക്കാർ അവർക്കിടയിൽ മാത്രം ഇടപെടുകയും അറബി സംസാരിക്കുന്നത് കഴിയുന്നത്ര ഒഴിവാക്കുക്കയും ചെയ്തു. നേരത്തെ, അറബി തൊഴിലാളികളെ അവരുടെ കൃഷിയിടങ്ങളിൽ ജോലിക്ക് നിയോഗിച്ചിരുന്നു, കൂടുതൽ കൂടുതൽ യഹൂദർ ഒഴുകിയെത്തിയപ്പോൾ, അതും അപൂർവ്വമായിത്തീർന്നു. കൂടാതെ, മുമ്പ്, ഭൂമി കൈ മാറിയപ്പോൾ, കുടിയാന്മാരെ പുതിയ യജമാനന്റെ കീഴിൽ ജോലി ചെയ്യാൻ അവിടെ താമസിച്ചു. എന്നാൽ, യഹൂദൻ ഭൂമി വാങ്ങിയപ്പോൾ, അറബ് കുടിയാന്മാരെ പലപ്പോഴും അവിടെ നിന്നും ഒഴിവാക്കി , അവരുടെ വീടും സമൂഹവും അവർ ജീവിച്ച ഇടങ്ങളിൽ നിന്ന് കുടിയൊഴിപ്പക്കപ്പെട്ടു.

യഹൂദന്മാർ തങ്ങളുടെ വ്യത്യസ്തമായ - 'ഉത്തമ' - പദവി മറ്റ് പല തരത്തിൽ അടയാളപ്പെടുത്തി. കൃഷി യന്ത്രവൽക്കരിക്കപ്പെട്ടു, വൈദ്യുതി കൊണ്ടുവന്നു. അനുയോജ്യമായ ഒരു മാതൃഭൂമി സൃഷ്ടിക്കാനുള്ള ദൗത്യത്താൽ അവർ പ്രാദേശിക വഴികളിലേക്ക് നീങ്ങിയില്ല. അവരുടെ പട്ടണങ്ങളും വാസസ്ഥലങ്ങളും യൂറോപ്യൻ ഭാവുകത്വം പിന്തുടർന്നു - 1909-ൽ സ്ഥാപിതമായ ടെൽ അവീവ്, ഒരു ഉദാഹരണമാണ് - കൂടാതെ അറബ് അയൽപക്കങ്ങളിൽ നിന്ന് വ്യത്യസ്തമായി നിലകൊണ്ടു. റോത്ത്‌ചൈൽഡ് കുടുംബത്തെപ്പോലെ വിദേശത്തുള്ള സമ്പന്നരായ ജൂതന്മാരാണ് ഇസ്രായേലിലെ സംരംഭത്തിന് ധനസഹായം നൽകുന്നത്.

ഇങ്ങനെ വന്ന പുതിയ ആളുകൾക്കെതിരെ പ്രാദേശികമായി അസ്വസ്ഥയും നീരസവും വർദ്ധിച്ചു. ഓട്ടോമൻ ഉദ്യോഗസ്ഥർ വിദേശ ജൂതന്മാർക്ക് ഭൂമി വിൽക്കുന്നത് വിലക്കി, പക്ഷേ ഉത്തരവ് ഒരിക്കലും ഫലപ്രദമായി നടപ്പിലാക്കിയില്ല. 1908-ൽ, യുവ തുർക്കികളുടെ വിപ്ലവം ഓട്ടോമൻ സുൽത്താനെ അട്ടിമറിച്ചതിനുശേഷം, ജൂത കുടിയേറ്റ ശ്രമങ്ങൾ കൂടുതൽ കാര്യക്ഷമമായി.

പലസ്തീനിന് പുറത്ത്, മറ്റ് രാജ്യങ്ങളിലെ ജൂതന്മാർ അവരുടെ ലക്ഷ്യത്തിന് അന്താരാഷ്ട്ര പിന്തുണ നേടുന്നതിനായി പ്രവർത്തിച്ചു.

ബാൽഫോർ പ്രഖ്യാപനം

പശ്ചിമേഷ്യയുടെ മുഖഛായയെ എന്നെന്നേക്കുമായി മാറ്റിമറിച്ചതായിരുന്നു 1917-ലെ ബാൽഫോർ പ്രഖ്യാപനം. ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ ഒരു ധനികനായ ബ്രിട്ടീഷ് ജൂതന് അയച്ച കത്ത് ലക്ഷക്കണക്കിന് പലസ്തീനികളുടെ വിധി മുദ്രകുത്തി. ഒന്നാം ലോകമഹായുദ്ധത്തിന്റെ ശ്രമങ്ങളിൽ ബ്രിട്ടീഷ് സർക്കാരിന് ജൂതരുടെ പിന്തുണ ആവശ്യമായിരുന്നു. അത് ഉറപ്പിക്കാന്‍, വിദേശകാര്യ സെക്രട്ടറി ആർതർ ജെയിംസ് ബാൽഫോർ സയണിസ്റ്റ് ലക്ഷ്യത്തെ പിന്തുണച്ചു.

ബാരൺ ലയണൽ വാൾട്ടർ റോത്ത്‌സ്‌ചൈൽഡിന് അദ്ദേഹം നൽകിയ കത്തിൽ ഇങ്ങനെ പറയുന്നു: “പലസ്തീനിൽ യഹൂദ ജനതയ്‌ക്കായി ഒരു ദേശീയ ഭവനം സ്ഥാപിക്കുന്നതിനെ ബ്രീട്ടീഷ് രാജഭരണ ഗവൺമെന്റ് അനുകൂലിക്കുന്നു, ഈ ലക്ഷ്യം കൈവരിക്കുന്നതിന് പിന്തുണ നൽകും, ഫലസ്തീനിലെ നിലവിലുള്ള ജൂതേതര സമൂഹങ്ങൾ, അല്ലെങ്കിൽ മറ്റേതെങ്കിലും രാജ്യത്ത് ജൂതന്മാർ അനുഭവിക്കുന്ന അവകാശങ്ങളും രാഷ്ട്രീയ പദവിയും ഉൾപ്പടെ പൗരാവകാശവും മതപരവുമായ അവകാശങ്ങൾക്ക് വിഘാതമാകുന്ന ഒന്നും മുൻവിധികളോടെ ചെയ്യില്ലെന്ന് മനസ്സിലാക്കുന്നു."

പലസ്തീനിലെ പല ഭാവി പ്രമേയങ്ങളുടെയും ടെംപ്ലേറ്റായി ഇത് മാറി - "പലസ്തീനികളുടെ അവകാശങ്ങൾ" എന്നതിനെക്കുറിച്ച് എല്ലായ്പ്പോഴും ചില വരികൾ ഉണ്ടാകുമെങ്കിലും, അതിൽ വളരെക്കുറച്ച് മാത്രമേ പ്രാവർത്തികമാക്കൂ.

അപ്പോഴേക്കും പലസ്തീൻ ദേശീയത വളർന്നു തുടങ്ങിയിരുന്നു. വർദ്ധിച്ചുവരുന്ന ജൂത സ്വാധീനത്തിനെതിരെ വിവിധ ഗ്രൂപ്പുകളും സംഘടനകളും എതിർപ്പ് പ്രകടിപ്പിച്ചു. എന്നിരുന്നാലും, ഇവ വിഭാഗീയതയിൽ കുടുങ്ങിക്കിടന്നു, കൂടാതെ യഹൂദ സമൂഹത്തെപോലെ സംഘടനയും ദൃഢനിശ്ചയത്തോടെയുള്ള ശ്രദ്ധയും അവർക്ക് ഇല്ലായിരുന്നു.

കൂടാതെ, നീണ്ടുനിൽക്കുന്ന സംഘർഷം രണ്ട് സമുദായങ്ങൾക്കിടയിൽ നിലനിൽക്കുന്ന ശത്രുതയും അവിശ്വാസവും സൃഷ്ടിക്കുകയും ഇടയ്ക്കിടെ അക്രമ സംഭവങ്ങളിലേക്ക് ആളിപ്പടരുകയും ചെയ്തു.

ബ്രിട്ടീഷ് നിയോഗവും രണ്ടാം ലോകമഹായുദ്ധവും

ഒന്നാം ലോകമഹായുദ്ധത്തിൽ ഓട്ടോമൻ സാമ്രാജ്യത്തിന്റെ പരാജയത്തിനു ശേഷം, സ്വയം ഭരണം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, അതിന്റെ കീഴിലുണ്ടായിരുന്ന പ്രദേശങ്ങൾ സഖ്യകക്ഷികൾക്കിടയിൽ വിഭജിക്കപ്പെട്ടു. പലസ്തീൻ ബ്രിട്ടീഷുകാർക്ക് കീഴിലായി. ബ്രിട്ടീഷ് ഭരണത്തിന് കീഴിൽ മൂന്ന് പതിറ്റാണ്ടുകൾ വിവിധ കമ്മീഷനുകളും ധവളപത്രങ്ങളും പ്രമേയങ്ങളും വന്നു, അക്രമം പൊട്ടിപ്പുറപ്പെടുകയും ആയിരക്കണക്കിന് ജീവൻ നഷ്ടപ്പെടുകയും ചെയ്തു, ഒടുവിൽ 1947-ൽ യുഎന്നിൽ 'പലസ്തീൻ പ്രശ്നം' എത്തിച്ചർന്നു.

ഒന്നാം ലോകമഹായുദ്ധത്തിനുശേഷം, അറബ് നിരാശയും വഞ്ചിക്കപ്പെട്ടതിന്റെ വികാരവും ജൂത വാസസ്ഥലങ്ങൾ, റെയിൽവേ ട്രാക്കുകൾ, എന്നിങ്ങനെയുള്ളിടങ്ങളിൽ സാധാരണക്കാർക്ക് നേരെയുള്ള ആക്രമണങ്ങളായി പൊട്ടിപ്പുറപ്പെട്ടു. സയണിസ്റ്റ് പ്രശ്‌നം പരിഹരിക്കുന്നതിന് ബ്രിട്ടീഷുകാരിൽ നിന്നുള്ള സ്വാതന്ത്ര്യം അനിവാര്യമാണെന്ന് വിശ്വസിച്ച് അവർ ബ്രിട്ടീഷുകാരെ എതിർക്കുകയും ചെയ്തു.

യഹൂദർക്ക് അപ്പോഴേക്കും കാര്യക്ഷമമായ രഹസ്യാന്വേഷണ വിഭാഗങ്ങളും പരിശീലനം ലഭിച്ച, അച്ചടക്കമുള്ള മിലിഷ്യകളും ഉണ്ടായിരുന്നു.

മിതവാദികളായ ജൂതന്മാർ അറബ് അവകാശങ്ങൾ അനുവദിക്കണമെന്ന് പണ്ടേ വാദിച്ചിരുന്നു. എന്നാൽ, അവർക്ക് സമൂഹത്തിൽ സ്വാധീനം നഷ്ടപ്പെട്ടു തുടങ്ങി.

അറബ് ഭാഗത്ത്, ജെറുസലേമിലെ ഗ്രാൻഡ് മുഫ്തി മുഹമ്മദ് അമീൻ അൽ ഹുസൈനിയുടെയും പലസ്തീനിൽ സ്വാധീനമുള്ള നഷാഷിബി കുടുംബത്തിന്റെയും കീഴിൽ വിശാലമായി രണ്ട് എതിരാളികൾ ഉയർന്നുവന്നു. സായുധ പ്രതിരോധ ഗ്രൂപ്പുകൾ പലപ്പോഴും രാഷ്ട്രീയ പ്രതിരോധ വിഭാഗങ്ങളിൽ നിന്ന് പൂർണ്ണമായും വേർപിരിഞ്ഞു.

യഹൂദരും അറബികളും തമ്മിൽ ചർച്ചകൾ നടത്താനുള്ള ചില ശ്രമങ്ങൾ ഉണ്ടായിരുന്നു, 1919-ലെ ഉടമ്പടി ശ്രദ്ധേയമായിരുന്നുവെങ്കിലും, അത് വൈകാതെ തന്നെ പരാജയപ്പെട്ടു.

രണ്ടാം ലോകമഹായുദ്ധവും ഹോളോകോസ്റ്റും യഹൂദരുടെ കാര്യത്തിൽ അന്താരാഷ്ട്ര സഹതാപം കൊണ്ടുവന്നു. ബ്രിട്ടീഷ് പട്ടാളക്കാരുമായുള്ള പരിശീലനം ജൂത സായുധ സംഘങ്ങൾക്ക് കൂടുതൽ അച്ചടക്കവും മാരകമായ ശക്തിയും കൈവരിക്കുന്നതിന് സഹായകമായി.

1936 മുതൽ 1938 വരെയുള്ള വർഷങ്ങളിൽ, ബ്രിട്ടീഷുകാർ പലസ്തീൻ ഗ്രാമങ്ങളിൽ കൂട്ടശിക്ഷ ചുമത്തുകയും ജൂതന്മാർ കൊലപാതകങ്ങൾ നടത്തുകയും ചെയ്തു. പലസ്തീനികൾ ജൂതന്മാരെയും ബ്രിട്ടീഷുകാരെയും ആക്രമിക്കുകയും ചെയ്തു പലസ്തീനികൾ ഈ കാലഘട്ടത്തെ 'അൽ-തവ്‌റ അൽ-കുബ്ര' അല്ലെങ്കിൽ മഹത്തായ കലാപം എന്ന് വിളിക്കുന്നു. ഇസെദിൻ അൽ-ഖസ്സാം നേതൃത്വം നൽകിയ സായുധ സംഘങ്ങളിലൊന്നിനെ ബ്ലാക്ക് ഹാൻഡ് എന്ന് വിളിച്ചിരുന്നു, . ഹമാസിന്റെ സൈനിക വിഭാഗത്തെ ഇന്ന് അൽ ഖസ്സാം ബ്രിഗേഡ്സ് എന്നാണ് വിളിക്കുന്നത്.

ഈ സമയത്ത്, ബ്രിട്ടീഷുകാർ രൂപീകരിച്ച പീൽ കമ്മീഷൻ പ്രശ്നത്തിനുള്ള ഏക പരിഹാരമായി വിഭജനം നിർദ്ദേശിച്ചു. യഹൂദ പക്ഷം മെച്ചപ്പെട്ട വ്യവസ്ഥകൾക്കായി ചർച്ചകൾ നടത്തിയെങ്കിലും പലസ്തീൻ പക്ഷം നിർദ്ദേശം ബഹിഷ്കരിച്ചു. 1939 മെയ് മാസത്തിൽ ബ്രിട്ടീഷുകാർ പുറത്തിറക്കിയ ധവളപത്രം പലസ്തീൻ പക്ഷത്തിന് കൂടുതൽ അനുകൂലമായിരുന്നു. എന്നാൽ, ഭിന്നിച്ച നിന്ന പലസ്തീൻ നേതൃത്വം അവസരം മുതലാക്കിയില്ല.

ഒടുവിൽ, ഇന്ത്യയിലെ വിഭജന സമയത്ത് ബ്രിട്ടീഷുകാർ ചെയ്തതുപോലെ - പ്രശ്‌നങ്ങൾ പൊട്ടിപ്പുറപ്പെടട്ടെ, തുടർന്ന് അവസാനിക്കട്ടെ-. ചെയ്തു. 1947-ൽ, വിഭജനത്തിനോ മറ്റേതെങ്കിലും പരിഹാരത്തിനോ ഇരുപക്ഷവും സമ്മതിക്കാതെ, അവിശ്വാസവും ശത്രുതയും എക്കാലത്തെയും തീവ്രമായ നിലയിൽ, പ്രശ്നം യുഎൻ പരിഹരിക്കുമെന്നും തങ്ങൾ പലസ്തീനിൽ നിന്ന് പോകുകയാണെന്നും ബ്രിട്ടീഷുകാർ പ്രഖ്യാപിച്ചു.

യുഎൻ പ്രമേയവും യുദ്ധങ്ങളും

ഈ കാലഘട്ടത്തിലുടനീളം, ഒരു കാര്യം വ്യക്തമായിരുന്നു - പോരാടാനും വിജയിക്കാനുമുള്ള യഹൂദരുടെ ദൃഢനിശ്ചയം. ജൂതന്മാർ വളരെ ന്യൂനപക്ഷമായിരുന്നു, എന്നാൽ അക്രമം പൊട്ടിപ്പുറപ്പെട്ടപ്പോഴെല്ലാം അവർ ആധിപത്യം സ്ഥാപിച്ചു. ഒരു നിർണായക ഘടകം അവർ മെച്ചപ്പെട്ട വൈദ്യചികിത്സാ സൗകര്യങ്ങളും ഒരുക്കി എന്നതാണ്, പലസ്തീനികളെ സംബന്ധിച്ചിടത്തോളം, ചികിത്സിക്കാവുന്ന പരിക്കുകൾ പോലും ദുരന്തത്തെ അർത്ഥമാക്കുന്നു

ബ്രിട്ടീഷ് പത്രപ്രവർത്തകൻ ഇയാൻ ബ്ലാക്ക് തന്റെ 'എനിമിസ് ആൻഡ് നെയ്‌ബേഴ്‌സ്' എന്ന പുസ്തകത്തിൽ സയണിസ്റ്റ് മിലിട്ടറി ഗ്രൂപ്പായ ഹഗാനയെ ഉദ്ധരിക്കുന്നു, "'…ഒരു ജൂത കുടിയേറ്റക്കാരന്റെ കാൽപാദം പതിഞ്ഞ സ്ഥലം, ഒരു എബ്രായ പ്രതിരോധക്കാരന്റെ രക്തം ചൊരിഞ്ഞ സ്ഥലം, അതിന്റെ ശിൽപ്പികളാലും സംരക്ഷകരാലും ഒരിക്കലും ഉപേക്ഷിക്കപ്പെടില്ല."

പലസ്തീനെ ജൂത, അറബ് രാജ്യങ്ങളായി വിഭജിക്കുന്നതിന് അനുകൂലമായി 1947 നവംബർ 29-ന് യുഎൻ ജനറൽ അസംബ്ലി വോട്ട് ചെയ്തു, ജറുസലേം യുഎൻ നിയന്ത്രണത്തിലായി. ഇയാൻ ബ്ലാക്കിന്റെ പുസ്തകത്തിൽ പറയുന്നത് അനുസരിച്ച്, "നിർദിഷ്ട യഹൂദ രാഷ്ട്രം രാജ്യത്തിന്റെ 55 ശതമാനം ഉൾക്കൊള്ളുന്നതായിരുന്നു, അതിൽ വലിയ തോതിൽ ജനവാസമില്ലാത്ത നെഗേവ് മരുഭൂമിയും ഉൾപ്പെടുന്നു. അതിന്റെ ജനസംഖ്യയിൽ ഏകദേശം 500,000 ജൂതന്മാരും 400,000 അറബികളും ഉൾപ്പെടും. അറബ് രാഷ്ട്രത്തിന് 44 ശതമാനം ഭൂമിയും ന്യൂനപക്ഷമായി 10,000 ജൂതന്മാരും ഉണ്ടായിരിക്കണം. അറബ് മേഖലകളിൽ വെസ്റ്റ് ബാങ്കും ഗാസയും ഉൾപ്പെടും.

പ്രകോപിതരായ പലസ്തീൻ പക്ഷം പ്രമേയം തള്ളി. മറുവശത്ത്, ഇസ്രായേൽ 1948 മെയ് 14-ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഈ കാലഘട്ടം മുഴുവൻ ആഭ്യന്തരയുദ്ധത്താൽ അടയാളപ്പെടുത്തി, ഇസ്രായേൽ സൈനിക ഗ്രൂപ്പുകൾക്ക് ധാരാളം പലസ്തീനികളെ പുറത്താക്കാൻ കഴിഞ്ഞു. ഇസ്രയേലിന്റെ സൃഷ്ടിയെ നഖ്ബ അല്ലെങ്കിൽ ദുരന്തം എന്നാണ് പലസ്തീനികൾ വിളിക്കുന്നത്, അവർ അതിനെ തങ്ങളുടെ മാതൃഭൂമി നഷ്ടപ്പെട്ട ദിവസമായി കാണുന്നു.

ഇസ്രായേലിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ, ഈജിപ്ത്, ജോർദാൻ, ഇറാഖ്, സിറിയ, ലെബനൻ എന്നിവർ ആക്രമിച്ചു. എന്നാൽ, യുഎസിൽ നിന്നുള്ള ആയുധങ്ങളും ഫണ്ടുകളും ഉപയോഗിച്ച് ദൃഢനിശ്ചയമുള്ള ഇസ്രായേലിന് അവരെ പരാജയപ്പെടുത്താൻ കഴിഞ്ഞു.

ഇതിനെത്തുടർന്ന് കൂടുതൽ അറബ്-ഇസ്രായേൽ യുദ്ധങ്ങൾ ഉണ്ടായി, ഇസ്രായേൽ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുത്തു.

ഇന്ന് ഐക്യരാഷ്ട്രസഭയിലെ 193 അംഗരാജ്യങ്ങളിൽ 139 എണ്ണം പലസ്തീനെ അംഗീകരിക്കുമ്പോൾ 165 എണ്ണം ഇസ്രായേലിനെ അംഗീകരിക്കുന്നു. ഗാസയും വെസ്റ്റ് ബാങ്കും ഇസ്രായേൽ സൈനിക നിയന്ത്രണത്തിലാണ്.

Palestine Israel Palestine Issues Migrants Gaza Israel

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: