Explained: Bird Flu, Symptoms, Causes and Risk Factors: കേരളത്തിൽ വീണ്ടും പക്ഷിപ്പനി (എച്ച്5എൻ1) സ്ഥിരീകരിച്ചിരിക്കുകയാണ്. കോട്ടയം, ആലപ്പുഴ ജില്ലകളിലെ താറാവുകളിലാണ് രോഗം റിപ്പോർട്ട് ചെയ്തത്. 12,000 താറാവുകൾ ചത്തു.
രോഗം റിപ്പോർട്ട് ചെയ്ത ഒരു കിലോമീറ്റർ ചുറ്റളവിൽ എല്ലാ പക്ഷികളെയും (കോഴികൾ, അലങ്കാര പക്ഷികൾ ഉൾപ്പെടെ) കൊന്നൊടുക്കാൻ ദ്രുതകർമ സേനയ്ക്കു നിർദേശം നൽകി. മന്ത്രി കെ.രാജുവാണ് ഇക്കാര്യം അറിയിച്ചത്. ഇതേത്തുടർന്ന് ഇന്നലെ ആലപ്പുഴ ജില്ലയിൽ 20,330 പക്ഷികളെ കൊന്നൊടുക്കി. നെടുമുടി-7088, പള്ളിപ്പാട്- 2806, തകഴി-6236, കരുവാറ്റ-4200 എന്നിങ്ങനെയാണ് പക്ഷികളെ നശിപ്പിച്ചത്.
കേരളത്തിനൊപ്പം ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഹിമാചല്‍ പ്രദേശില്‍ വാത്തകളിലും രാജസ്ഥാനിലും മധ്യപ്രദേശ കാക്കകളിലുമായി പക്ഷിപ്പനി കണ്ടെത്തിയത്. ഹരിയാനയില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളി ലക്ഷത്തോളം കോഴി പക്ഷികള്‍ ചത്തത് ദുരൂഹമാണ്.
ഹിമാചല്‍ പ്രദേശിലെ പോങ് ഡാം തടാകത്തില്‍ ആയിരത്തി എണ്ണൂറോളം ദേശാടന പക്ഷികളെ ചത്തനിലയില്‍ കണ്ടെത്തി. രാജസ്ഥാനില്‍ ആറ് ജില്ലകളിലായി ഇരുന്നൂറി അന്‍പതോളം കാക്കകളെ ചത്തനിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് പക്ഷിപ്പനി മുന്നറിയിപ്പ് നല്‍കി.
What is bird flu?: എന്താണ് പക്ഷിപ്പനി?
പക്ഷികളെ ബാധിക്കുന്ന വൈറല്‍ രോഗമാണ് പക്ഷിപ്പനി എന്ന ഏവിയന്‍ ഇന്‍ഫ്‌ളവന്‍സ (avian influenza). ഇന്‍ഫ്‌ളുവന്‍സ ടൈപ്പ് എ വൈറസാണ് രോഗമുണ്ടാക്കുന്നത്. ഇന്‍ഫ്‌ളുവന്‍സ വൈറസിനു പല വകഭേദങ്ങളുണ്ട്. അവയില്‍ ചിലത് കോഴികളില്‍ കുറഞ്ഞ മുട്ട ഉത്പാദനം പോലുള്ള താരതമ്യേന കഠിനമല്ലാത്ത ലക്ഷണങ്ങളാണുണ്ടാക്കുമ്പോള്‍ മറ്റു ചിലത് മാരകമാവുന്നു.
ഇന്‍ഫ്‌ളുവന്‍സ എ വൈറസുകളുടെ സ്വാഭാവിക സംഭരണകേന്ദ്രങ്ങളാണു താറാവുകള്‍, വാത്തകള്‍ തുടങ്ങിയ ജലപക്ഷികള്‍. പല പക്ഷികളും രോഗം പ്രത്യക്ഷപ്പെടാതെ തന്നെ ഇന്‍ഫ്‌ളുവന്‍സ വാഹരാകുകയും കാഷ്ഠം വഴി ചൊരിയുകയും ചെയ്യുന്നു. പറക്കുന്ന സമയത്ത് പോലും പക്ഷികള്‍ ഇവ പുറന്തള്ളുന്നതിനാല്‍, ”ഇന്‍ഫ്‌ളുവന്‍സ വൈറസ് അടങ്ങിയ കണികകള്‍ ലോകമെമ്പാടും വിതറുന്നു”എന്നാണ് അമേരിക്കന്‍ വൈറോളജി പ്രൊഫസര്‍ വിന്‍സെന്റ് റാക്കാനിയല്ലോ പറയുന്നത്.
ജല പക്ഷികളില്‍ പലരും ദേശാടനക്കാരായതിനാല്‍ വൈറസുകള്‍ കോഴി, ഭൂമിയിലെ പക്ഷികള്‍ എന്നിവയിലേക്ക് വ്യാപിക്കുന്നു. ചിലപ്പോള്‍, പന്നികള്‍, കുതിരകള്‍, പൂച്ചകള്‍, നായ്ക്കള്‍ തുടങ്ങിയ സസ്തനികളിലേക്ക് വൈറസ് പടരുന്നു.
What are the symptoms of bird flu?: പക്ഷിപ്പനി ലക്ഷണങ്ങൾ
പനി, തലവേദന, ശരീരവേദന, മൂക്കൊലിപ്പ്, ചുമ, കഫക്കെട്ട്, മഞ്ഞനിറത്തിലുള്ള കഫം, ശ്വാസംമുട്ടൽ എന്നിവയാണ് ലക്ഷണം. പ്രതിരോധശേഷി കുറഞ്ഞവരിലും പ്രമേഹമുള്ളവരിലും ന്യുമോണിയ ആകാനുള്ള സാധ്യതയുണ്ട്. ഇത്തരം രോഗലക്ഷണമുള്ളവർ വെെദ്യസഹായം തേടണം.
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല ഉപയോഗിച്ച് മറയ്ക്കുക. ഇടയ്ക്കിടെ കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക.
ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്ന പക്ഷിപ്പനി മനുഷ്യരിലേക്ക് പടരുമോ ?
എച്ച് 5 എൻ 8 വൈറസ് ആണ് രോഗവാഹിനി. ഇത് മനുഷ്യരിലേക്ക് പടരുമെങ്കിലും നിലവിൽ ആശങ്ക വേണ്ട. പരിഭ്രാന്തി വേണ്ടെന്ന് മന്ത്രി രാജു അറിയിച്ചു. എച്ച് 5 എൻ 8 വൈറസ് വ്യാപകമായി പടരുന്നതല്ലെന്നു മണ്ണുത്തി വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് കോളജ് അധികൃതർ പറഞ്ഞു.
2014ലും 2016ലും കുട്ടനാട്ടിൽ കണ്ടെത്തിയ വൈറസല്ല ഇത്. അന്നത്തേത് വ്യാപനശേഷി കൂടുതലുള്ള വെെറസാണ്. എന്നാൽ, കേരളത്തിൽ ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത് വ്യാപനശേഷി കുറവുള്ള പക്ഷിപ്പനി വെെറസാണ്. ജനിതകമാറ്റം സംഭവിച്ചാൽ വ്യാപനശേഷി കൂടും.
മനുഷ്യരിലേക്ക് എളുപ്പത്തില്‍ പടരുമോ?
ഇല്ല, സാധാരണഗതിയില്‍, രോഗബാധിതരായ ജീവനുള്ളതോ ചത്തതോ പക്ഷികളുമായോ സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കു എച്ച്5എന്‍1 പക്ഷിപ്പനി പിടിപെട്ടിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ പഠനമനുസരിച്ച് ഇത് മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കു പടരുന്നില്ല. ശരിയായി തയാറാക്കിയതും വേവിച്ചതുമായ കോഴിയിറച്ചി ഭക്ഷണങ്ങളിലൂടെ രോഗം ജനങ്ങളിലേക്ക് പടരില്ല. പാചക താപനിലയില്‍ വൈറസ് നശിക്കുന്നു.
കോഴി, താറാവ് കര്‍ഷകര്‍ അതീവ ജാഗ്രത പുലര്‍ത്തണം. പക്ഷിവളര്‍ത്തലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തിശുചിത്വം പാലിക്കണം. ഫാമുകള്‍ വൃത്തിയായി സൂക്ഷിക്കണം. ദേഹത്ത് മുറിവുകള്‍ ഉള്ളപ്പോള്‍ പക്ഷിമൃഗാദികളുമായി ഇടപഴകരുത്. രോഗം പിടിപ്പെട്ട പക്ഷികളെ കൊന്നുകളയണം. പക്ഷികളുമായി അടുത്തിടപഴകുമ്പോള്‍ കയ്യുറകളും കാലുറകളും ധരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
എപ്പോള്‍, എങ്ങനെ മനുഷ്യരെ ബാധിക്കുന്നു?
പക്ഷിപ്പനി പടര്‍ന്നുപിടിക്കുന്നത് പതിറ്റാണ്ടുകളായി ലോകമെമ്പാടുമുള്ള കോഴിയിറച്ചി ഉത്പാദനത്തെ ബാധിക്കുന്നു, രോഗം ബാധിച്ച പക്ഷികളെ നശിപ്പിക്കുന്നത് സാധാരണ നടപടിയാണ്. രോഗം പക്ഷികളില്‍നിന്ന് മനുഷ്യരിലേക്കു പടരും. മനുഷ്യനിലും പന്നിയിലും ജ്വരമുണ്ടാക്കുന്ന ഓര്‍ത്തോമിക്സോ വൈറസുകള്‍ക്കു ഘടനാവ്യത്യാസം സംഭവിക്കുകയും അവ പക്ഷികളുടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുമ്പോഴാണ് പക്ഷിപ്പനി ഉണ്ടാകുന്നത്.
കോഴി, താറാവ് തുടങ്ങിയ വളര്‍ത്തു പക്ഷികളില്‍നിന്നാണ് പക്ഷിപ്പനി മനുഷ്യരിലേക്കു പടരുന്നത്. പക്ഷികളുടെ വിസര്‍ജ്യവുമായി ബന്ധപ്പെടുമ്പോഴാണ് രോഗം പകരാന്‍ സാധ്യത. വെള്ളത്തിലും ചതുപ്പിലും കാണുന്ന പക്ഷികളുടെ കാഷ്ഠം, സ്രവങ്ങള്‍ എന്നിവയും രോഗം പകരാന്‍ കാരണമാകും.
1997 ല്‍ ഹോങ്കോങ്ങിലെ പക്ഷിച്ചന്തയില്‍ പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് മനുഷ്യര്‍ക്ക് പക്ഷിപ്പനി പിടിപെട്ടു. എച്ച്5എന്‍1 വൈറസാണ് മനുഷ്യരെ ബാധിച്ചത്. രോഗബാധിതരായ 18 പേരില്‍ ആറുപേര്‍ മരിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലും വീണ്ടും രോഗം പ്രത്യക്ഷപ്പെടുകയും നൂറുകണക്കിന് മനുഷ്യമരണങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു, പ്രത്യേകിച്ച് തെക്കുകിഴക്കന്‍ ഏഷ്യയില്‍.
രോഗം ബാധിച്ച കോഴി, ദേശാടനപ്പക്ഷികള്‍ എന്നിവരയുടെ സഞ്ചാരം, അനധികൃത പക്ഷി വ്യാപാരം എന്നിവയാണ് രോഗവ്യാപനത്തിന് കാരണമെന്ന് കരുതപ്പെടുന്നു. പൂച്ചകള്‍, സിംഹങ്ങള്‍ തുടങ്ങിയ സസ്തനികളെയും രോഗം ബാധിച്ചു. തുടര്‍ന്ന്, വൈറസിന്റെ മറ്റ് പല വിഭാഗങ്ങളായ എച്ച്5എന്‍2, എച്ച്5എന്‍8 എന്നിവ മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്കു പടര്‍ന്നു. അങ്ങനെ ഇത് ആഗോള പൊതുജനാരോഗ്യ പ്രശ്‌നമായി മാറി.
Read Also: അതിതീവ്ര വൈറസ് കേരളത്തിലും; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി
ഭക്ഷണത്തിന്റെ കാര്യത്തിൽ ഭയം വേണോ ?
കോഴിയിറച്ചി കഴിക്കാമോ മുട്ട കഴിക്കാമോ തുടങ്ങിയ നിരവധി സംശയങ്ങളാണ് ഉയരുന്നത്. മാംസവും മുട്ടയും നന്നായി വേവിച്ച് കഴിക്കുന്നതിൽ പേടിക്കാനില്ലെന്നും എന്നാൽ ബുൾസ് ഐ വേണ്ടെന്നുമാണ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം. പക്ഷിപ്പനി പേടിമൂലം പൊതുവേ ഉണ്ടാകുന്ന സംശയമാണ് പക്ഷി ഇറച്ചി കഴിക്കുന്നത് ഏതെങ്കിലും തരത്തിൽ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുമോ എന്നത്. എന്നാൽ, അങ്ങനെയൊരു ആശങ്ക വേണ്ടെന്നാണ് ആരോഗ്യവിദഗ്‌ധർ പറയുന്നത്. പക്ഷികളുടെ മാംസവും മുട്ടയും കഴിക്കുന്നതിൽ പേടിക്കാനില്ല. മാംസവും മുട്ടയും പാചകം ചെയ്‌തു കഴിക്കുമ്പോൾ നന്നായി വേവിക്കാൻ ശ്രദ്ധിക്കണം. കൂടാതെ പാകം ചെയ്യുന്നതിനായി പച്ച മാംസം കൈകാര്യം ചെയ്ത ശേഷം കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം.
ഇവ ചെയ്യരുത്
- ചത്തതോ രോഗം ബാധിച്ചതോ ആയ പക്ഷികളെയോ ദേശാടനക്കിളികളെയോ പക്ഷിക്കാഷ്ഠമോ നേരിട്ടു കൈകാര്യം ചെയ്യേണ്ട സാഹചര്യം ഒഴിവാക്കുക
- ബുള്‍സ് ഐ പോലുള്ള പകുതി വേവിച്ച മുട്ട കഴിക്കരുത്
- രോഗബാധയേറ്റ പക്ഷികളുള്ള പ്രദേശത്തുനിന്ന് ഒരു കിലോ മീറ്റര്‍ ചുറ്റവളവിൽ പക്ഷികളെ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യരുത്
- അനാവശ്യമായി കണ്ണിലും മൂക്കിലും സ്പര്‍ശിക്കുന്നത് ഒഴിവാക്കണം
- അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുക.
ശ്രദ്ധവേണം ഈ കാര്യങ്ങളിൽ
- ചത്ത പക്ഷികളെയോ, രോഗം ബാധിച്ചവയെയോ, ദേശാടനക്കിളികളെയോ, ഇവയുടെ കാഷ്ഠമോ കൈകാര്യം ചെയ്യേണ്ടി വന്നാൽ അതിനു മുൻപും ശേഷമോ ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കൈകഴുകണം
- രോഗത്തിന്റെ പ്രഭവകേന്ദ്രത്തിൽനിന്ന് ഒരു കിലോ മീറ്റർ ചുറ്റളവിലുള്ളതോ, രോഗം ബാധിച്ചതോ ചത്തതോ ആയ പക്ഷികളെ കൈകാര്യം ചെയ്യുമ്പോൾ കൈയുറയും മാസ്കും നിർബന്ധമായും ധരിക്കണം
- പാകം ചെയ്യാത്ത ഇറച്ചി കൈകാര്യം ചെയ്യുന്നതിനു മുൻപും ശേഷവും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണം
- അസാധാരണം വിധം പക്ഷികൾ കൂട്ടമായി ചത്തതായി ശദ്ധയിൽപ്പെട്ടാൽ അടുത്തുള്ള മൃഗസംരക്ഷണ കേന്ദ്രത്തിൽ അറിയിക്കണം
- പക്ഷികളെ കൈകാര്യം ചെയ്തശേഷം ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടാൽ മെഡിക്കൽ ഡോക്ടറെ സമീപിക്കുക
- വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുക
പക്ഷിപ്പനി ഇന്ത്യയില്‍
ഇന്ത്യയില്‍ മനുഷ്യരില്‍ പക്ഷിപ്പനി ബാധിച്ചതായി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2006 മുതല്‍ 2015 വരെ 15 സംസ്ഥാനങ്ങളിലായി 25 തവണ വളര്‍ത്തുപക്ഷികളില്‍ രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് പറയുന്നു. കാക്കകളിലും രോഗം കണ്ടെത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിലും ഗുജറാത്തിലുമാണ് രാജ്യത്ത് ആദ്യമായി പക്ഷിപ്പനി സ്ഥിരീകരിച്ചത്.