Covid-19 vaccine: ഹൈദരാബാദിലെ ബയോളജിക്കല്‍ ഇ എന്ന സ്ഥാപനം കൊറോണ വൈറസ് വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ രണ്ട് കരാറുകളില്‍ ഏര്‍പ്പെട്ടു. മരുന്ന് കമ്പനികളിലെ വമ്പനായ ജോണ്‍സണ്‍ ആൻഡ് ജോണ്‍സണുമായും മറ്റൊന്ന് ഹൂസ്റ്റണിലെ ബെയ്‌ലര്‍ കോളേജ് ഓഫ് മെഡിസിനുമായാണു കരാറുകൾ.
വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മിക്കാൻ കരാര്‍ നേടുന്ന രാജ്യത്തെ രണ്ടാമത്തെ പ്രമുഖ മരുന്ന് നിര്‍മാണ കമ്പനിയാണ് ബയോളജിക്കല്‍ ഇ. ജോണ്‍സണ്‍ ആൻഡ് ജോണ്‍സണും ബെയ്‌ലര്‍ കോളേജും വികസിപ്പിക്കുന്ന വാക്‌സിനുകള്‍ക്ക് അനുമതി ലഭിക്കുമ്പോള്‍ അവ ബയോളജിക്കല്‍ ഇ ഇന്ത്യയില്‍ വിതരണം ചെയ്യും.
ലോകത്ത് ഏറ്റവും കൂടുതല്‍ വാക്‌സിനുകള്‍ ഉല്‍പാദിപ്പിക്കുന്ന പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നേരത്തെ ഓക്‌സ്‌ഫോര്‍ഡും നോവാവാക്‌സും വികസിപ്പിക്കുന്ന വാക്‌സിനുകളുടെ വിപണനാവകാശം നേടിയിരുന്നു. ഇവ രണ്ടും മനുഷ്യരിലെ മൂന്നാം ഘട്ട പരീക്ഷണത്തിലാണ്.
Read Also: വ്യാജ കോവിഡ്-19 മരുന്ന് വിറ്റു: ഇന്ത്യന്‍ കമ്പനികള്‍ക്കെതിരെ അമേരിക്ക
ജോണ്‍സണ്‍ ആൻഡ് ജോണ്‍സണുമായുള്ള കരാര്‍ പ്രകാരം ബയോളജിക്കല്‍ ഇ വാക്‌സിന്‍ നിര്‍മാണത്തിനുള്ള ഘടകങ്ങള്‍ നിര്‍മിക്കുന്നതിനും അന്തിമ വാക്‌സിന്‍ നിര്‍മിക്കുന്നതിനുമുള്ള നിലവിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും പുതിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും. ഈ വാക്‌സിന്‍ മനുഷ്യരിലെ ഒന്നും രണ്ടും പരീക്ഷണ ഘട്ടങ്ങളിലാണ്. സെപ്തംബറില്‍ മൂന്നാം ഘട്ട പരീക്ഷണം തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്ന വാക്‌സിന്‍ അടുത്ത വര്‍ഷം തുടക്കത്തില്‍ തയാറായേക്കും. ജെ ആൻഡ് ജെ വാക്‌സിന് യുഎസ് സര്‍ക്കാരില്‍നിന്ന് 100 കോടി യുഎസ് ഡോളറിന്റെ വാക്‌സിന്‍ ഡോസുകള്‍ വാങ്ങുന്നതിനുള്ള കരാര്‍ ലഭിച്ചിട്ടുണ്ട്.
ബെയ്‌ലര്‍ കോളേജുമായുള്ള കരാര്‍ പ്രകാരം ബയോളജിക്കല്‍ ഇ റീകോമ്പിനന്റ് പ്രോട്ടീനെ അധിഷ്ഠിതമാക്കിയുള്ള വാക്‌സിനുള്ള ലൈസന്‍സ് കരസ്ഥമാക്കി. ഇപ്പോള്‍ ഈ വാക്‌സിന്‍ പ്രീ-ക്ലിനിക്കല്‍ പരീക്ഷണത്തിലാണുള്ളത്. ഈ കരാര്‍ പ്രകാരം വാക്‌സിന്‍ നിര്‍മാണത്തിനുള്ള അവകാശം കമ്പനിക്ക് ലഭിച്ചു. കൂടാതെ, ഇനിയുള്ള വാക്‌സിന്‍ വികസനത്തില്‍ പങ്കാളിയാകുകയും ചെയ്യും. ഇന്ത്യയിലേക്കും മറ്റു കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിലേക്കും വിതരണം ചെയ്യുന്നതിനുളള വാക്‌സിന്‍ ബയോളജിക്കല്‍ ഇ നിര്‍മ്മിക്കുമെന്ന് കമ്പനി പറഞ്ഞു.
Read in English: Covid-19 vaccine tracker, August 14: Biological E signs two deals for production of Coronavirus vaccines