ബിഹാറില്‍ എന്‍ഡിഎയ്ക്ക് വ്യക്തമായ മുന്നേറ്റമാണു നിലവിലെ ലീഡ് നില കാണിക്കുന്നത്. മറ്റു കക്ഷികളേക്കാള്‍ ഏറെ മുന്നിലാണു ബിജെപി. അതേസമയം, വോട്ടെണ്ണലിന്റെ പ്രത്യേകത കണക്കിലെടുത്ത് പ്രത്യാശ കൈവിടാതിരിക്കുകയാണ് പ്രതിപക്ഷം.
കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഓരോ ബൂത്തിലും പരമാവധി വോട്ടര്‍മാരുടെ എണ്ണം 1,000 മുതല്‍ 1,500 മുതല്‍ വരെയായി തിരഞ്ഞെടുപ്പ് കമ്മിഷന് നിജപ്പെടുത്തിയിരുന്നു. ഇതിനര്‍ഥം പോളിങ് ബൂത്തുകളുടെ എണ്ണം വര്‍ധിച്ചുവെന്നതാണ്. ഇതാണ് വോട്ടെണ്ണല്‍ പതിവിലും മന്ദഗതിയിലാകാന്‍ കാരണം.
ഉച്ചവരെ 10 ശതമാനം വോട്ടാണ് എണ്ണിയത്. മൊത്തം 4.10 കോടി വോട്ടുകളില്‍ ഒരു കോടി മാത്രമേ എണ്ണിക്കഴിഞ്ഞിട്ടുള്ളൂവെന്നും രാത്രിയോടുകൂടി മാത്രമേ അന്തിമ ഫലം ലഭ്യമാകൂയെന്നതാണ് ഏറ്റവും ഒടുവിലത്തെ വിവരം.
സാധാരണഗതിയില്‍ ഓരോ മണ്ഡലത്തിലും 25-26 റൗണ്ട് വോട്ടെണ്ണലാണുണ്ടാകുക. എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ ബൂത്തുകളുടെ എണ്ണം കൂടിയതോടെ പല മണ്ഡലങ്ങളിലും വോട്ടെണ്ണല്‍ എണ്ണല്‍ 30 മുതല്‍ 35 റൗണ്ട് വരെയുണ്ട്. ഇതിനാല്‍ തിരിച്ചുവരവിനുള്ള സാധ്യതയുണ്ടെന്നുമാണു പ്രതിപക്ഷ നേതാക്കള്‍ പറയുന്നത്. പ്രത്യേകിച്ച് 70 സീറ്റില്‍ നേരിയ ലീഡ് നിലയാണുള്ളതെന്നതിനാല്.
Also Read: വോട്ടിങ് യന്ത്രങ്ങൾ കരുത്തുറ്റതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; ക്രമക്കേട് ആരോപിച്ച് കോൺഗ്രസ്
തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ വൈകിട്ട് അഞ്ചിനു ലഭ്യമായ വിവരമനുസരിച്ച് എന്‍ഡിഎ 126 സീറ്റില്‍ മേല്‍ക്കൈ നേടിയിരിക്കുയാണ്. രണ്ട് സീറ്റില്‍ വിജയിച്ച ബിജെപി 74 സീറ്റില്‍ ലീഡ് ചെയ്യുകയാണ്. 110 സീറ്റിലാണ് ബിജെപി മത്സരിച്ചത്. 115 സീറ്റില്‍ മത്സരിച്ച ജെഡിയു രണ്ടു സീറ്റില്‍ വിജയം സ്വന്തമാക്കി. 39 സീറ്റില്‍ ലീഡ് ചെയ്യുകയാണ്.
Also Read: Bihar Assembly Election Result 2020: ഇടതു പാര്‍ട്ടികള്‍ക്കു മികച്ച നേട്ടം; 19 സീറ്റില്‍ ലീഡ്
ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിനു 110 സീറ്റിലാണ് മേല്‍ക്കൈയുള്ളത്. രണ്ട് സീറ്റില്‍ വിജയിച്ച ആര്‍ജെഡി 69 സീറ്റില്‍ ലീഡ് ചെയ്യുകയാണ്. ഒരു സീറ്റില്‍ വിജയിച്ച കോണ്‍ഗ്രസ് 19 ഇടത്താണ് ലീഡ് ചെയ്യുന്നത്. 29 സീറ്റില്‍ മത്സരിച്ച ഇടതുപാര്‍ട്ടികള്‍ 18 സീറ്റില്‍ മുന്നിലാണ്. സിപിഐ എംഎല് ലിബറേഷന്‍ 12 സീറ്റിലും സിപിഎമ്മും സിപിഐയും മൂന്നുവീതവും സീറ്റിലുമാണ് മുന്നിട്ടുനില്‍ക്കുന്നത്.
ആര്‍ജെഡി 144 സീറ്റിലും കോണ്‍സ്ര് 70 സീറ്റിലും സിപിഐ എംഎല് 19 സീറ്റിലും സിപിഐ ആറ് സീറ്റിലും സിപിഎം നാലു സീറ്റിലുമാണ് മഹാസഖ്യത്തിന്റെ ഭാഗമായി മത്സരിച്ചത്.