/indian-express-malayalam/media/media_files/uploads/2020/10/explained-fi-2.jpg)
വരാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു വശത്ത് താമരയും(ബിജെപി) അമ്പും (ജെഡി-യു), മറുവശത്ത് കൈയും (കോണ്‍ഗ്രസും) റാന്തലു (ആര്‍ജെഡി)മാണു പ്രധാന പോരാട്ടത്തില്‍ അണിനിരക്കുന്നത്. ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് തീയതികളിലായി നടക്കുന്ന വോട്ടെടുപ്പില്‍ ബാലറ്റുകളില്‍ ചപ്പാത്തി റോളര്‍, ഡോളി, വളകള്‍, കാപ്സിക്കം, ബേബി വാക്കര്‍ തുടങ്ങി മറ്റു നിരവധി ചിഹ്നങ്ങളുമുണ്ട്.
അറുപതോളം പാര്‍ട്ടികളാണ് ഇത്തവണ ബിഹാര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. അംഗീകാരമില്ലാത്ത നിരവധി പാര്‍ട്ടികളെയും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെയും പരസ്പരം വേര്‍തിരിക്കാനും വോട്ടര്‍മാര്‍ക്ക് ഇഷ്ടമുള്ള പാര്‍ട്ടിയെ തിരഞ്ഞെടുക്കാനും ചിഹ്നങ്ങള്‍ സഹായിക്കുന്നു.
243 സീറ്റുകളിലും മത്സരിക്കുന്ന രജിസ്റ്റര്‍ ചെയ്ത, അംഗീകാരമില്ലാത്ത രാഷ്ട്രീയ കക്ഷിയായ ഭാരതീയ ആം അവാം പാര്‍ട്ടിക്ക് 'കാപ്‌സിക്കം' ആണ് ചിഹ്നമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ചിരിക്കുന്നത്. മറ്റൊരു അംഗീകാരമില്ലാത്ത പാര്‍ട്ടിയായ കക്ഷികയായ ഹിന്ദു സമാജ് പാര്‍ട്ടിക്ക് 'ഉരലും ഉലക്കയും' ആണ് ചിഹ്നമായി ലഭിച്ചത്. ആം അധികാര്‍ മോര്‍ച്ചയ്ക്കു ചപ്പാത്തി റോളറും രാഷ്ട്രീയ ജന്‍ വികാസ് പാര്‍ട്ടിക്കു 'ബേബി വാക്കറുമാണ് ചിഹ്നം ലഭിച്ചത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശിവസേനയെ ബിഹാറില്‍ 'വില്ലും അമ്പും' ചിഹ്നം ഉപയോഗിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ചിരുന്നില്ല. ജെഡിയുവിന്റെ ചിഹ്നമായ അമ്പുമായുള്ള സാമ്യം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇത്തവണ ശിവസേനയ്ക്കു കൊമ്പ് വാദ്യോപകരണമാണു ചിഹ്നം അനുവദിച്ചിരിക്കുന്നത്. പപ്പുയാദവിന്റെ ജന്‍ അധികാര്‍ പാര്‍ട്ടി ലോക്താന്ത്രിക്കിന് ഇത്തവണ 'കത്രിക'യാണ് ചിഹ്നം ലഭിച്ചത്. 2015 ലെ വോട്ടെടുപ്പില്‍ ഇത് 'ഹോക്കി സ്റ്റിക്കും ബോളും' ചിഹ്നത്തിലാണ് ഈ പാര്‍ട്ടി മത്സരിച്ചത്.
തിരഞ്ഞെടുപ്പുകളില്‍ ചിഹ്നങ്ങളുടെ പ്രാധാന്യം എന്ത്?
ഇന്ത്യയെപ്പോലുള്ള വിശാലവും വൈവിധ്യപൂര്‍ണവുമായ രാജ്യത്ത്, പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്തതും ചെറുതുമായ നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ സംസ്ഥാന തിരഞ്ഞെടുപ്പില്‍ ഭാഗ്യം പരീക്ഷിക്കുന്നതിനാല്‍ വോട്ടര്‍മാരുമായി ബന്ധം പുലര്‍ത്താനുള്ള നിര്‍ണായക പ്രചാരണ ഉപകരണങ്ങളാണ് ചിഹ്നങ്ങള്‍. 1951-52 ല്‍ ഇന്ത്യ ആദ്യ ദേശീയ തിരഞ്ഞെടുപ്പ് നടത്തിയതുമുതല്‍ വോട്ടെടുപ്പ് പ്രക്രിയയുടെ നിര്‍ണായക ഘടകമാണ് ചിഹ്നങ്ങള്‍. അക്കാലത്ത് വോട്ടര്‍മാരില്‍ 85 ശതമാനവും നിരക്ഷരരായിരുന്നതിനാല്‍, ഇഷ്ടപ്പെടുന്ന രാഷ്ട്രീയ കക്ഷിയെ തിരിച്ചറിയുന്നതിന് പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും ചിഹ്നങ്ങള്‍ അനുവദിച്ചു.
ചിഹ്നങ്ങള്‍ എത്ര തരം?
തിരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ (റിസര്‍വേഷന്‍, അലോട്ട്‌മെന്റ്) (ഭേദഗതി) ഉത്തരവ് 2017 പ്രകാരം, പാര്‍ട്ടി ചിഹ്നങ്ങള്‍ ഒന്നുകില്‍ 'റിസര്‍വ് ചെയ്തത്' അല്ലെങ്കില്‍ 'സൗജന്യം'ആണ്. രാജ്യത്തെ എട്ട് ദേശീയ പാര്‍ട്ടികള്‍ക്കും 64 സംസ്ഥാന പാര്‍ട്ടികള്‍ക്കും തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്ഥിരം ചിഹ്നങ്ങള്‍ അനുവദിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുമ്പ് ആവിര്‍ഭവിക്കുന്ന അംഗീകൃതമല്ലാത്ത ആയിരക്കണക്കിന് പ്രാദേശിക പാര്‍ട്ടികള്‍ക്കായി ഇരുന്നൂറോളം 'സൗജന്യ' ചിഹ്നങ്ങളും കമ്മിഷന്‍ ലഭ്യമാക്കുന്നു.
അംഗീകാരമില്ലാത്ത 2,538 പാര്‍ട്ടികള്‍ രാജ്യത്തുണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പറയുന്നത്. ഒരു സംസ്ഥാനത്ത് അംഗീകാരമുള്ള പാര്‍ട്ടി മറ്റൊരു
സംസ്ഥാനത്തെ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുമ്പോള്‍ സ്ഥിരം ചിഹ്നം 'റിസര്‍വ്' ചെയ്യാന്‍ കഴിയും. എന്നാല്‍, പ്രസ്തുത ചിഹ്നം ഈ രാഷ്ട്രീയ പാര്‍ട്ടിക്ക് അംഗീകാരമില്ലാത്ത സംസ്ഥാനത്ത് മറ്റൊരു പാര്‍ട്ടി ഉപയോഗിക്കുന്നില്ലെങ്കിലോ ഏതെങ്കിലും പാര്‍ട്ടിയുടെ ചിഹ്നവുമായി സാമ്യമില്ലെങ്കിലോ ആണ് ലഭിക്കുക.
ചിഹ്നങ്ങള്‍ അനുവദിക്കുന്നത് എങ്ങനെ?
1968 ല്‍ ആദ്യമായി പ്രഖ്യാപിച്ച ഉത്തരവ് പ്രകാരം ''രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരത്തിനായുള്ള പാര്‍ലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ചിഹ്നങ്ങള്‍ തീരുമാനിക്കല്‍, സംവരണം, അനുവദിക്കല്‍'' എന്നിവയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന് അധികാരം നല്‍കുന്നു.
മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച്, ചിഹ്നം ലഭിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന സമയത്ത് തന്നെ ഒരു കക്ഷി/ സ്ഥാനാര്‍ഥി മൂന്ന് ചിഹ്നങ്ങളുടെ പട്ടിക നല്‍കേണ്ടതുണ്ട്. ഇവ, തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധപ്പെടുത്തിയ ചിഹ്നങ്ങളുടെ പട്ടികയില്‍ നിന്നാണ് തിരഞ്ഞെടുക്കേണ്ടത്. കക്ഷി/ സ്ഥാനാര്‍ഥി നല്‍കിയ മൂന്നെണ്ണത്തില്‍നിന്ന് ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണു ചിഹ്നം അനുവദിക്കുക.
അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പിളരുമ്പോള്‍, ചിഹ്നം ആര്‍ക്കാണെന്ന കാര്യത്തില്‍ തീരുമാനം തിരഞ്ഞെടുപ്പ് കമ്മിഷനൊണു തീരുമാനമെടുക്കുക. ഉദാഹരണത്തിന്, സമാജ്‌വാദി പാര്‍ട്ടി പിളര്‍ന്നപ്പോള്‍, അഖിലേഷ് യാദവ് വിഭാഗത്തിനാണ് 'സൈക്കിള്‍' ചിഹ്നം അനുവദിച്ചത്.
അതുപോലെ, ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് എ.ഐ.എ.ഡി.എം.കെ രണ്ട് വിഭാഗങ്ങളായപ്പോള്‍ ഇരു കൂട്ടരും രണ്ടില ചിഹ്നത്തിന് അവകാശവാദമുന്നയിച്ചു. ഇതേത്തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചിഹ്നം മരവിപ്പിച്ചു. ഇരുകൂട്ടരുടെയും വാദം കേട്ട കമ്മിഷന്‍ ചിഹ്നം പളനിസ്വാമി-പനീര്‍സെല്‍വം വിഭാഗത്തിന് അനുവദിച്ചു. ജനപ്രതിനിധികള്‍ക്കിടയിലും സംഘടനാ സംവിധാനത്തിലും ഭൂരിപക്ഷത്തിന്റെ പിന്തുണ ഈ വിഭാഗത്തിനാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
കേരളത്തില്‍ അടുത്തിടെ ചിഹ്നത്തെച്ചൊല്ലി തര്‍ക്കമുണ്ടായത് കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി- പിജെ ജോസഫ് വിഭാഗങ്ങള്‍ തമ്മിലാണ്. കെഎം മാണിയുടെ മരണത്തെത്തുടര്‍ന്ന് കേരള കോണ്‍ഗ്രസ് പിളര്‍ന്നതോടെ രണ്ടില ചിഹ്നം പി.ജെ ജോസഫ് വിഭാഗത്തിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ചിരുന്നു. കോട്ടയം അകലക്കുന്നം ഗ്രാമപ്പഞ്ചായത്തിലെ പൂവത്തിളപ്പ് വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ പിജെ ജോസഫ് നിര്‍ദേശിക്കുന്ന സ്ഥാനാര്‍ഥിക്കു ചിഹ്നം അനുവദിക്കാമെന്ന് വരണാധികാരിയെ കമ്മിഷന്‍ അറിയിക്കുകയായിരുന്നു.
ഈ വര്‍ഷം ജനുവരിയില്‍, രണ്ടില ചിഹ്നം താല്‍ക്കാലികമായി മരവിപ്പിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ സെപ്റ്റംബറില്‍ ജോസ് കെ. മാണി വിഭാഗത്തിന് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനെതിരെ പി.ജെ ജോസഫ് നല്‍കിയ ഹര്‍ജിയില്‍ കമ്മിഷന്റെ നടപടി ഒരു മാസത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ജോസ് കെ മാണി വിഭാഗത്തിനു ചിഹ്നം അനുവദിച്ചത് കമ്മിഷന്റെ ഭൂരിപക്ഷ വിധിയുടെ അടിസ്ഥാനത്തിലല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ജോസഫിന്റെ ഹര്‍ജി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.