scorecardresearch

അഷ്നീര്‍ ഗ്രോവറിനെ എല്ലാ സ്ഥാനങ്ങളില്‍നിന്നും നീക്കി ഭാരത്പേ; കാരണമെന്ത്?

വ്യക്തിപരമായ വിദ്വേഷത്തിന്റെയും താഴ്ന്ന ചിന്തയുടെയും സ്ഥാനത്തുനിന്നുള്ളതാണ് കമ്പനിയുടെ പ്രസ്താവനയെന്ന് അഷ്നീര്‍ ഗ്രോവർ പറഞ്ഞു

വ്യക്തിപരമായ വിദ്വേഷത്തിന്റെയും താഴ്ന്ന ചിന്തയുടെയും സ്ഥാനത്തുനിന്നുള്ളതാണ് കമ്പനിയുടെ പ്രസ്താവനയെന്ന് അഷ്നീര്‍ ഗ്രോവർ പറഞ്ഞു

author-image
WebDesk
New Update
BharatPe, Ashneer Grover, ie malayalam

ഫിന്‍ടെക് പ്ലാറ്റ്‌ഫോമായ ഭാരത്പേ കമ്പനി, അതിന്റെ എല്ലാ സ്ഥാനങ്ങളില്‍നിന്നും അഷ്നീര്‍ ഗ്രോവറിനെ നീക്കം ചെയ്തിരിക്കുകയാണ്. ഗ്രോവറിന്റെ കുടുംബവും ബന്ധുക്കളും കമ്പനി ഫണ്ട് വ്യാപകമായി ദുരുപയോഗം ചെയ്തതായി കമ്പനി പ്രസ്താവനയില്‍ ആരോപിച്ചു. ഗ്രോവറിനും കുടുംബത്തിനുമെതിരെ തുടര്‍ നിയമനടപടി സ്വീകരിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നും ഭാരത്‌പേ പ്രസ്താവനയില്‍ പറഞ്ഞു.

Advertisment

ഭാരത് പേ സഹസ്ഥാപക പദവിയില്‍നിന്ന് അഷ്നീര്‍ ഗ്രോവറിനെ ഒഴിവാക്കിയത് എന്തുകൊണ്ട്?

ഗ്രോവര്‍ കുടുംബവും അവരുടെ ബന്ധുക്കളും 'വ്യാജ വെണ്ടര്‍മാരെ സൃഷ്ടിച്ച് കമ്പനിയുടെ ചെലവ് അക്കൗണ്ടില്‍നിന്ന് പണം തട്ടുകയും മൊത്തത്തില്‍ ഫണ്ട് ദുരുപയോഗം ചെയ്യുകയും ചെയ്തുവെന്നാണ് ഭാരത് പേയുടെ ആരോപണം. പണം സമ്പാദിക്കാനും ആഡംബര ജീവിതത്തിനു പണം കണ്ടെത്താനും ലക്ഷ്യമിട്ടായിരുന്നു തട്ടിപ്പെന്നാണ് ഭാരത് പേയുടെ ആരോപണം.

''അദ്ദേഹത്തിന്റെ തെറ്റായ പ്രവൃത്തികളുടെ ഫലമായി, മിസ്റ്റര്‍ ഗ്രോവര്‍ ഇപ്പോള്‍ കമ്പനിയുടെ ജീവനക്കാരനോ സ്ഥാപകനോ ഡയറക്ടറോ അല്ല,'' ഭാരത്‌പേ പറഞ്ഞു.

ആരോപണങ്ങളോട് അഷ്നീര്‍ ഗ്രോവറിന്റെ പ്രതികരണം എന്ത്?

Advertisment

''കമ്പനിയുടെ പ്രസ്താവനയുടെ സ്വഭാവത്തില്‍ ഞാന്‍ ഞെട്ടിപ്പോയി. പക്ഷേ ആശ്ചര്യമില്ല. ഇത് വ്യക്തിപരമായ വിദ്വേഷത്തിന്റെയും താഴ്ന്ന ചിന്തയുടെയും സ്ഥാനത്തുനിന്നുള്ളതാണ്. സീരീസ് സിയില്‍ 10 ലക്ഷം ഡോളര്‍, സീരീസ് ഡിയില്‍ 25 ലക്ഷം ഡോളര്‍, സീരീസ് ഇയില്‍ 85 ലക്ഷം ഡോളര്‍ എന്നിങ്ങനെ സെക്കന്‍ഡറി ഓഹരി നിക്ഷേപകര്‍ എന്നില്‍നിന്നു വാങ്ങിയത് ബോര്‍ഡിനെ ഓര്‍മിപ്പിക്കേണ്ടത് ആവശ്യമാണെന്നു കരുതുന്നു,'' കമ്പനിയുടെ ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ഗ്രോവര്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

''ഒരാളുടെ ജീവിതശൈലിയുടെ 'ആഡംബര'ത്തെക്കുറിച്ച് ഓഡിറ്റ് ചെയ്യാന്‍ തുടങ്ങിയത് അമര്‍ചന്ദ്, പിഡബ്ല്യുസി, എ ആന്‍ഡ് എം എന്നിവയില്‍ ഏതാണെന്ന് അറിയാനും ഞാന്‍ ആഗ്രഹിക്കുന്നു? എന്റെ സ്വപ്‌നങ്ങളും, കഠിനാധ്വാനത്തിലൂടെയും സംരംഭത്തിലൂടെയും എല്ലാ പ്രതിബന്ധങ്ങളും മറികടന്ന് അവ നേടിയെടുക്കാനുള്ള കഴിവും മാത്രമാണ് എന്നെ സംബന്ധിച്ചിടത്തോളം ആഡംബരം,'' അദ്ദേഹം പറഞ്ഞു.

ഭാരത്പേയുടെ മാനേജിങ് ഡയറക്ടര്‍, കമ്പനി ബോര്‍ഡ് അംഗം എന്നീ സ്ഥാനങ്ങള്‍ രാജിവച്ചുകൊണ്ട് ഗ്രോവര്‍ ചൊവ്വാഴ്ച ഡയറക്ടര്‍ ബോര്‍ഡിന് എഴുതിയിരുന്നു.

ഭാരത്പേ ബോര്‍ഡ് തങ്ങളുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്കായി തന്നെ പുറത്താക്കിയതായി ഗ്രോവര്‍ തന്റെ മെയിലില്‍ ആരോപിച്ചിരുന്നു. കമ്പനിയുമായി ബന്ധപ്പെട്ട സമീപകാല സംഭവവികാസങ്ങള്‍, 'നല്ല ഭരണം' എന്ന് കാണിക്കാനുള്ള മാധ്യമങ്ങളുടെ ഗാലറിയില്‍ കളിക്കുന്ന ഈഗോയുടെ യുദ്ധമാണെന്ന് തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭാരത് പേയുടെ ആരോപണങ്ങളുടെ അടിസ്ഥാനം എന്ത്?

അഷ്നീര്‍ ഗ്രോവറിന്റെ പെരുമാറ്റം ഉള്‍പ്പെടെ കമ്പനിയിലെ ഭരണരീതികളെക്കുറിച്ച് പിഡബ്ല്യുസി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചൊവ്വാഴ്ച വൈകി നടന്ന ഭാരത്പേയുടെ ബോര്‍ഡ് യോഗം പരിഗണിച്ചു. ഭാരത്പേയിലെ തെറ്റായ പ്രവൃത്തികളെക്കുറിച്ചുള്ള പരാതിയെത്തുടര്‍ന്ന് ജനുവരി അവസാനമാണ് പിഡബ്ല്യുസിയെ ചുമതല ഏല്‍പ്പിച്ചത്.

''അന്വേഷണത്തിന്റെ ചില ഫലങ്ങള്‍ ബോര്‍ഡിന് സമര്‍പ്പിക്കും,'' എന്ന അറിയിപ്പ് ലഭിച്ച് മിനിറ്റുകള്‍ക്കകമാണു ഗ്രോവറിന്റെ രാജിയെന്ന് ഭാരത്പേ പ്രസ്താവനയില്‍ പറഞ്ഞു.

ഫണ്ട് ദുരുപയോഗം സംബന്ധിച്ച് സ്വതന്ത്ര ഉപദേശക സ്ഥാപനമായ അല്‍വാരസ് ആന്‍ഡ് മാര്‍സല്‍ (എ ആന്‍ഡ് എം) ചൂണ്ടിക്കാട്ടിയ നിശ്ചിത ആശങ്കകളും പിഡബ്ല്യുസി പരിശോധിച്ചതായി മനസിലാക്കുന്നു. നിയമ സ്ഥാപനമായ ശാര്‍ദുല്‍ അമര്‍ചന്ദ് മംഗള്‍ദാസ് വഴിയാണ് എ ആന്‍ഡ് എമ്മിനെ ഭാരത്പേ നിയോഗിച്ചത്.

ഗ്രോവറിന്റെയും ഭാരത്പേയും കാര്യത്തില്‍ അടുത്തത് എന്താണ്?

കമ്പനിയിലെ ഗ്രോവറിന്റെ ഓഹരി സംബന്ധിച്ച് ഒരു നീണ്ട നിയമയുദ്ധം സംഭവിച്ചേക്കാം. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് വരെ, കമ്പനിയുടെ 9.5 ശതമാനം ഓഹരികള്‍ ഗ്രോവര്‍ കെവശം വച്ചിരുന്നു. അതില്‍ 1-2 ശതമാനം നിയന്ത്രിത ഓഹരികളാണ്.

കമ്പനിയിലെ ഏറ്റവും വലിയ വ്യക്തിഗത ഓഹരിയുടമയായി തുടരാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് ഗ്രോവര്‍ മെയില്‍ വഴിയുള്ള രാജിക്കത്തില്‍ ഗ്രോവര്‍ എഴുതി. അതേസമയം, ഗ്രോവറിന്റെ ഓഹരികള്‍ തിരിച്ചെടുക്കുന്നതിന് ഓഹരി ഉടമസ്ഥ കരാറിലെ ഉപാധികളില്‍നിന്ന് പിന്മാറാന്‍ ബോര്‍ഡ് ഉദ്ദേശിക്കുന്നതായി സ്രോതസുകള്‍ സൂചിപ്പിച്ചു. തന്റെ ഓഹരികള്‍ക്കു 4,000 കോടി രൂപ മൂല്യമുള്ളതായാണ് ഗ്രോവര്‍ കരുതുന്നത്.

ഭാരത്പേയും അഷ്നീറും തമ്മിലുള്ള പോരാട്ടം എന്താണ്?

ഒരു ഓഡിയോ ക്ലിപ്പ് പുറത്തുവന്നതിനു തൊട്ടുപിന്നാലെ ജനുവരി ആദ്യമാണ് ഈ വിഷയം പുറംലോകം അറിഞ്ഞത്. കൊട്ടക് ബാങ്ക് ഉദ്യോഗസ്ഥനെതിരെ അഷ്‌നീര്‍ അപകീര്‍ത്തികരമായ വാക്കുകള്‍ ഉപയോഗിച്ചതായി അതില്‍ കേള്‍ക്കുന്നു. ഓഡിയോ ക്ലിപ്പ് വ്യാജമാണെന്ന് അദ്ദേഹം അവകാശപ്പെട്ടപ്പോള്‍ ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് ബാങ്ക് അറിയിച്ചത്.

രണ്ടാഴ്ച കഴിഞ്ഞ്, മാര്‍ച്ച് അവസാനം വരെ അഷ്‌നീര്‍ സ്വമേധയാ അവധിയില്‍ പ്രവേശിച്ചു. അഷ്നീറും ഭാരത്പേയുടെ ഏറ്റവും വലിയ ഓഹരി ഉടമയായ സെക്വോയയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ഉള്‍പ്പെടുന്ന ഇ-മെയില്‍ വെളിച്ചത്തുവന്ന ശേഷമാണ് ഇത് സംഭവിച്ചത്. അതിനിടെ, അഷ്നീറിന്റെ ഭാര്യ മാധുരി ഗ്രോവര്‍ ജെയിനും അവധിയില്‍ പ്രവേശിച്ചു.

പിന്നീട് ജനുവരിയില്‍, കമ്പനിയുടെ ഗ്രോവറിനു കീഴിലുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഭാരത്പേ സ്വതന്ത്ര ഓഡിറ്റര്‍മാരെ നിയോഗിച്ചു. ഫെബ്രുവരിയില്‍ എ ആന്‍ഡ് എം സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ മാധുരി സാമ്പത്തിക തട്ടിപ്പ് നടത്തിയതായി ആരോപിച്ചിരുന്നു. ഫണ്ട് ദുരുപയോഗം ആരോപിച്ച് മാധുരിയെ ഫെബ്രുവരി 23ന് ഭാരത് പേ പുറത്താക്കി. നിലവിലുള്ള ഭരണ അവലോകനത്തിനെതിരായ അഷ്നീറിന്റെ അടിയന്തര ഹര്‍ജി സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്റര്‍ (എസ്ഐഎസി) കഴിഞ്ഞയാഴ്ച തള്ളിയിരുന്നു.

Technology Finance

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: