/indian-express-malayalam/media/media_files/uploads/2023/09/bandh.jpg)
കാവേരി നദീജലം പങ്കിടൽ പ്രശ്നം വീണ്ടും കത്തിപ്പടരുമ്പോൾ...
കാവേരി നദീ ജലം പങ്കിടുന്നത് സംബന്ധിച്ച് 200 വർഷം പഴക്കമുള്ള തർക്കത്തിൽ സുപ്രീം കോടതി 2018ൽ വിധി പറഞ്ഞു. പരമോന്നത കോടതിയുടെ വിധി വന്നിട്ടും കർണാടകവും തമിഴ്നാടും തമ്മിലുള്ള കാവേരി നദീജലം പങ്കിടൽ പ്രശ്നം അവസാനിക്കുന്നില്ല. കർണാടകത്തിലെ നദിയുടെ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതാണ് ഇത്തവണത്തെ പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കുന്നത്.
പ്രതിപക്ഷമായ ബിജെപിയുടെയും ജനതാദൾ സെക്യുലറിന്റെയും പിന്തുണയോടെ നിരവധി കന്നഡ അനുകൂല സംഘടനകളും കർഷക സംഘടനകളും തൊഴിലാളി സംഘടനകളുമാണ് സെപ്തംബർ 26ന് ബെംഗളൂരുവിൽ ബന്ദിന് ആഹ്വാനം ചെയ്തത്. പ്രതിദിനം 5,000 ക്യുസെക്‌സ് വെള്ളം തുറന്നുവിടണമെന്ന സെപ്റ്റംബർ 21ലെ സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് കോൺഗ്രസ് സർക്കാരിനെതിരെ പ്രതിഷേധവുമായി ഇവർ രംഗത്തെത്തിയത്.
തെക്കുപടിഞ്ഞാറൻ മൺസൂൺ അവസാനിക്കാറായിട്ടും കർണാടകത്തിലെ കാവേരി ബേസിൻ റിസർവോയറുകളിൽ വെള്ളത്തിന്റെ അളവ് വളരെ കുറവായിരിക്കുമ്പോഴും തമിഴ്‌നാടിന് വെള്ളം തുറന്നുവിടുന്നതാണ് ബന്ദിന് കാരണമായി പ്രതിഷേധക്കാരുടെ വാദം. ബെംഗളൂരു നഗരത്തിലെ കുടിവെള്ളത്തിന്റെയും സംസ്ഥാനത്തെ മാണ്ഡ്യ മേഖലയിലെ കൃഷിയിടങ്ങളിലെ ജലസേചനത്തിന്റെയും പ്രധാന ജല സ്രോതസ്സാണ് കാവേരി.
സുപ്രീം കോടതിയുടെ 2018 ലെ ഉത്തരവുകൾ നടപ്പിലാക്കുന്നതിന് മേൽനോട്ടം വഹിക്കാൻ കേന്ദ്ര ജലവിഭവ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച രാഷ്ട്രീയാതീതമായ സംവിധാനമാണ് കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റി (CWMA). ഇപ്പോൾ രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കം നിയന്ത്രിക്കുന്നത് ഈ കേന്ദ്ര ഏജൻസിയാണ്.
സുപ്രീം കോടതി 2018ൽ വിധി പുറപ്പെടുവിച്ചിട്ടും തർക്കമുണ്ടായത് എന്തുകൊണ്ട് ?
സുപ്രിംകോടതിയുടെ 2018ലെ ഉത്തരവ് സാധാരണ മൺസൂൺ കാലത്തുള്ള ജലം പങ്കിടൽ മാനദണ്ഡങ്ങൾ മാത്രമാണെന്നും ഇപ്പോഴത്തേത് സാധാരണ പോലെ മഴലഭിച്ച മൺസൂൺ കാലമല്ലെന്നും മഴലഭ്യതയിൽ 30 ശതമാനം കുറവാണെന്നുമാണ് കർണാടകയിലെയും തമിഴ്‌നാട്ടിലെയും രാഷ്ട്രീയ പാർട്ടികളുടെ വാദം.
തമിഴ്‌നാട്ടിലെ ഡിഎംകെയും കർണാടകയിലെ കോൺഗ്രസും ജെഡിഎസും ദുരിതവർഷങ്ങളിലെ തർക്കം പരിഹരിക്കുന്നതിനുള്ള സംവിധാനം സൃഷ്ടിക്കാൻ പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെടുന്നു.
ജൂണിൽ ആരംഭിച്ച മൺസൂണിന്റെ നാല് മാസങ്ങളിൽ ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിലെ മഴ, കർണാടകത്തില്‍ ലഭിച്ചത് കഴിഞ്ഞ 123 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ മഴയാണ്.
സെപ്തംബർ 26ന് ബെംഗളൂരു ബന്ദിന് ആഹ്വാനം ചെയ്തത് ആരാണ്?
വിവിധ സംഘടനകൾ ചേർന്നാണ് ഈ ബന്ദിന് ആഹ്വാനം ചെയ്തത്. കർണാടക സംരക്ഷണ വേദികെ, സംസ്ഥാന ബസ് ട്രാൻസ്പോർട്ട് സർവീസുകളുടെ യൂണിയനുകൾ, കർഷക കൂട്ടായ്മകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. സിഡബ്ല്യുഎംഎ സ്ഥിതിഗതികൾ വീണ്ടും അവലോകനം ചെയ്യുന്നതുവരെ കാവേരി റിസർവോയർ ജലം തമിഴ്‌നാടിന് വിട്ടുനൽകാതിരിക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുകയാണ് ഇവരുടെ ലക്ഷ്യം.
സുപ്രീം കോടതിയുടെ 2018ലെ വിധി എന്തായിരുന്നു?
സുപ്രീം കോടതി 2018 ഫെബ്രുവരിയിലെ ഉത്തരവിൽ കർണാടകത്തിന് 14.75 ടിഎംസി ജലം അധിക വിഹിതമായി അനുവദിക്കുകയും തമിഴ്നാടിന് അതേ അളവിലുള്ള ജല വിഹിതം കുറയ്ക്കുകയും ചെയ്തു. ദക്ഷിണ കർണാടകത്തിലെ കുടിവെള്ളത്തിനായിരുന്നു കർണാടകത്തിന് നൽകിയ അധിക വിഹിതം.
കാവേരി നദിയിൽ ഓരോ വർഷവും പങ്കിടേണ്ട 740 ടിഎംസി ജലത്തിൽ 404.25 ടിഎംസി തമിഴ്നാടിനും 284.75 ടിഎംസി കർണാടകത്തിനും 30 ടിഎംസി കേരളത്തിനും ഏഴ് ടിഎംസി പുതുച്ചേരിക്കും 14 ടിഎംസി പരിസ്ഥിതി സംരക്ഷണത്തിനും കടലിലേക്ക് ഒഴുക്കുന്നതിനുമാണ് സുപ്രീം കോടതി അനുവദിച്ചത്.
അന്തിമ കോടതി ഉത്തരവുകളുടെ ചട്ടക്കൂടിനുള്ളിൽ സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കങ്ങൾ തീർപ്പാക്കുന്നതിന് സി ഡബ്ലിയു എം എ (CWMA), കാവേരി വാട്ടർ റെഗുലേറ്ററി കമ്മിറ്റി (CWRC) എന്നിവ രൂപീകരിക്കാനും സുപ്രീം കോടതി ഉത്തരവിട്ടു.
നിലവിലെ പ്രതിസന്ധി എങ്ങനെ രൂപപ്പെട്ടു?
സുപ്രീം കോടതിയുടെ 2018ലെ വിധി പ്രകാരം ജൂൺ മുതൽ സെപ്തംബർ വരെ കർണാടകം തമിഴ്‌നാടിന് 123.14 ടിഎംസി വെള്ളം വിട്ടുനൽകണം. സാധാരണ മൺസൂൺ സീസണിൽ ഓഗസ്റ്റിൽ 45.95 ടിഎംസിയും സെപ്റ്റംബറിൽ 36.76 ടിഎംസി വെള്ളവും കർണാടകം വിട്ടുനൽകണം. ഈ വർഷം സെപ്റ്റംബർ 23 വരെ 40 ടിഎംസി വെള്ളം മാത്രമാണ് കർണാടകം വിട്ടുകൊടുത്തത്.
ഓഗസ്റ്റിൽ, സാധാരണ വിതരണം ഉറപ്പാക്കാൻ തമിഴ്‌നാട് സി ഡബ്ലിയു എം എ (CWMA) യെ സമീപിച്ചു. കർണാടകത്തിലെ കാവേരി നദീതടത്തിൽ മഴയിൽ 26 ശതമാനം കുറവുണ്ടായതായി (ഓഗസ്റ്റ് ആദ്യം) സി ഡബ്ലിയു എം എ യുടെ കീഴിലുള്ള ശുപാർശ സംവിധാനമായ സി ഡബ്ലിയു ആർ സി നിരീക്ഷിച്ചു. സാധാരണ വർഷത്തിൽ 80.451 ടിഎംസി വെള്ളം നൽകേണ്ടിടത്ത് ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് 28 വരെ 30.252 ടിഎംസി വെള്ളം മാത്രമാണ് കർണാടകം വിട്ടുനൽകിയതെന്നും സമിതി ചൂണ്ടിക്കാട്ടി.
കമ്മിറ്റിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ, തമിഴ്‌നാട് പ്രതിദിനം 25,000 ക്യുസെക്‌സ് ആവശ്യപ്പെട്ടപ്പോഴും 13 ടിഎംസി വെള്ളം പ്രതിദിനം 12,000 ക്യുസെക്‌സ് എന്ന തോതിൽ 15 ദിവസത്തേക്ക് തുറന്നുവിടാൻ ഓഗസ്റ്റ് 12 ന് സി ഡബ്ലിയു എം എ ഉത്തരവിട്ടു. സി ഡബ്ലിയു ആർ സി (CWRC) യും സി ഡബ്ലിയു എം എ (CWMA) യും ഓഗസ്റ്റ് 28 ന് വീണ്ടും മൺസൂൺ സ്ഥിതിഗതികൾ അവലോകനം ചെയ്യുകയും തമിഴ്‌നാട് 12,000 ക്യുസെക്‌സ് ആവശ്യപ്പെട്ടപ്പോൾ കർണാടകത്തില്‍ നിന്ന് പ്രതിദിനം തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് 5,000 ക്യുസെക്‌സായി അളവ് കുറയ്ക്കുകയും ചെയ്തു.
സിഡബ്ല്യുഎംഎ ഉത്തരവിനെതിരെ തമിഴ്‌നാടും കർണാടകവും സുപ്രീം കോടതിയെ സമീപിച്ചെങ്കിലും സെപ്തംബർ 21ന് 5000 ക്യുസെക്‌സ് വെള്ളം വീതം സെപ്തംബർ 26 വരെ തുറന്നുവിടുന്നത് ശരിവച്ചു. കർണാടക സർക്കാർ 26 വരെ സുപ്രീം കോടതി ഉത്തരവ് പാലിക്കുമെന്നും പിന്നീട് പുനഃപരിശോധിക്കുമെന്നും അറിയിച്ചു.
കർണാടകത്തിലെ കാവേരി ബേസിൻ റിസർവോയറുകളിലെ സംഭരണ സ്ഥിതി എന്താണ്?
കാവേരി നദീതടത്തിലെ നാല് ജലസംഭരണികളായ കൃഷ്ണരാജ സാഗർ, കബനി, ഹേമാവതി, ഹാരംഗി എന്നിവ സെപ്തംബർ 23 വരെ അവയുടെ സംഭരണ നിലയുടെ പകുതി മാത്രമേ ജലം ഉണ്ടായിരുന്നുള്ളൂ. ഈ റിസർവോയറുകളിൽ 104.5 ടി എം സി ജല സംഭരണശേഷി ഉണ്ടായിരിക്കേ ആകെ 51.1 ടിഎംസി വെള്ളമാണ് ഉണ്ടായിരുന്നത്.
കർണാടക സർക്കാരിന്റെ അഭിപ്രായത്തിൽ, 2024 ജൂൺ വരെ സംസ്ഥാനത്തിന് ആകെ 112 ടിഎംസി വെള്ളം (കാർഷിക വിളകൾക്ക് നനയ്ക്കുന്നതിന് 79 ടിഎംസിയും ബെംഗളൂരുവിന് കുടിവെള്ളം നൽകാൻ 33 ടിഎംസിയും) ആവശ്യമാണ്. തെക്കുപടിഞ്ഞാറൻ മൺസൂൺ കർണാടകത്തില്‍ അവസാനിക്കുന്നതോടെ ശേഷിക്കുന്ന വെള്ളം കാവേരി നദീതടത്തിലെ ജലസംഭരണികൾ കുടിവെള്ളത്തിനും ജലസേചന ആവശ്യങ്ങൾക്കുമായി സംരക്ഷിക്കപ്പെടണമെന്ന് കോൺഗ്രസ് സർക്കാർ വാദിച്ചു.
ഒക്ടോബറിനും നവംബറിനുമിടയിൽ വടക്കുകിഴക്കൻ മൺസൂൺ പിൻവാങ്ങുന്ന സമയത്ത് തമിഴ്‌നാടിന്റെ വലിയൊരു ഭാഗത്ത് മഴ ലഭിക്കുമെന്നും കർണാടകം വാദിക്കുന്നു, അതേസമയം ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള തെക്കുപടിഞ്ഞാറൻ മൺസൂൺ മാസങ്ങളിൽ കർണാടകത്തില്‍ പ്രധാനമായും മഴ ലഭിക്കുന്നത്.
ബെംഗളൂരുവിലെ കുടിവെള്ള സംഭരണം സുഗമമാക്കുന്നതിനും നിലവിലെ പ്രതിസന്ധി ഘട്ടങ്ങളിൽ അധികജലം തമിഴ്‌നാടിന് വിട്ടുനൽകുന്നതിനുമായി കാവേരിയിൽ മേക്കേദാഡു ചെക്ക് ഡാം പദ്ധതി നടപ്പാക്കാനും കർണാടക സർക്കാർ ആവശ്യപ്പെടുന്നു.
മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമാണോ ഇപ്പോഴത്തെ ജലപ്രതിസന്ധി?
ഈ പ്രതിസന്ധിയെ മുൻ വർഷങ്ങളുടെ ചരിത്രം വച്ച് പരിശോധിച്ചാൽ ആദ്യമല്ലെന്ന് കാണാം. 1991, 2002, 2012, 2016 വർഷങ്ങളിൽ കണ്ട പ്രതിസന്ധികൾക്ക് സമാനമാണ് ഇപ്പോഴുള്ള കാവേരി ജലപ്രതിസന്ധി. എന്നാൽ, 2018-ൽ സുപ്രീം കോടതി തർക്കം തീർപ്പാക്കിയതിന് ശേഷം രൂപപ്പെടുന്ന ആദ്യ പ്രതിസന്ധിയാണിത്.
മുൻകാലങ്ങളിൽ, കാവേരി വിഷയത്തിൽ നടന്ന പ്രതിഷേധങ്ങൾ അക്രമത്തിൽ കലാശിച്ചിട്ടുണ്ട്, മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ അക്രമാസക്തമായ നിലപാടുകൾ സ്വീകരിച്ച് വോട്ടർമാർക്കിടയിൽ സ്വാധീനം നേടാൻ ശ്രമിച്ച സാഹചര്യത്തിലായിരുന്നു ഈ സംഭവങ്ങൾ. സമീപ വർഷങ്ങളിൽ, കർണാടകത്തിലെ രാഷ്ട്രീയക്കാർ കൂടുതൽ അനുരഞ്ജനപാതയിലാണ്. കാരണം, മാണ്ഡ്യയിലെ കർഷകർ ജലസേചനം കുറവ് ആവശ്യമുള്ള വിളകൾ കൃഷി ചെയ്യുന്നതും പുതിയ തലമുറ കൃഷിയിൽ നിന്ന് അകന്നുപോകുന്നതും കാവേരി പ്രശ്നം മൂന്ന് പതിറ്റാണ്ട് മുമ്പത്തെപ്പോലെ വൈകാരികമായി മാറ്റാൻ രാഷ്ട്രീയക്കാർക്ക് സാധിക്കുന്നില്ല.
കാവേരി പ്രശ്‌നത്തിൽ 1991-ൽ കർണാടകത്തില്‍ നടന്ന അക്രമം 23 പേരുടെ മരണത്തിനിടയാക്കിയിരുന്നു. കോൺഗ്രസിന്റെ എസ് ബംഗാരപ്പയായിരുന്നു അന്ന് മുഖ്യമന്ത്രി.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കീഴിൽ 2016ൽ കോൺഗ്രസ് അധികാരത്തിലിരിക്കെ, തമിഴ്‌നാടിന് കാവേരി നദീജലം വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ ബെംഗളൂരുവിൽ അക്രമമുണ്ടായി. പൊലീസ് വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും ചെയ്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.