scorecardresearch

താൽക്കാലിക ജോലി, പെൻഷനോ ആരോഗ്യ ആനുകൂല്യമോ ഇല്ല; അഗ്നിപഥ് പദ്ധതി പ്രതിഷേധത്തിന് പിന്നിലെ കാരണങ്ങൾ

ഒരു സൈനികൻ യുദ്ധത്തിൽ മരിച്ചാൽ, അവന്റെ കുടുംബത്തിന് ആനുകൂല്യങ്ങൾ ലഭിച്ചിരുന്നു. എന്നാൽ, പുതിയ അഗ്നിപഥ് പദ്ധതി ഈ ആനുകൂല്യങ്ങൾ അവസാനിപ്പിക്കും

Agnipath scheme protest, ie malayalam

സായുധ സേനയിൽ 4 വർഷത്തെ ഹ്രസ്വനിയമനത്തിനു പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ഉയരുന്നു. പദ്ധതിയെക്കുറിച്ചുള്ള ആശങ്കകൾ നീക്കാനും പുതിയ പദ്ധതി പുതിയ അവസരങ്ങൾ കൊണ്ടുവരുമെന്ന് സ്ഥാപിക്കാനുമുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. പുതിയ പദ്ധതി പുതിയ കഴിവുകൾ മാത്രമല്ല കൊണ്ടുവരുന്നത്, സ്വകാര്യമേഖലയിൽ പുതിയ അവസരങ്ങൾ തുറക്കുക, ഒരു സാമ്പത്തിക പാക്കേജിന്റെ സഹായത്തോടെ യുവാക്കളെ സംരംഭകരാകാൻ സഹായിക്കുക എന്നിവയാണ് കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്.

അഗ്നിപഥ് പദ്ധതിക്കെതിരെ തെരുവിൽ പ്രതിഷേധിക്കുന്നവരുടെ ആശങ്കകളും അരക്ഷിതാവസ്ഥയും പുതിയ പദ്ധതിയുടെ താൽക്കാലിക സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നു – സേവനം നാല് വർഷത്തേക്ക് മാത്രം; പെൻഷൻ എടുത്തു കളഞ്ഞു; കൂടാതെ സൈനികനും അവന്റെ കുടുംബത്തിനും ആജീവനാന്ത ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങളൊന്നുമില്ല.

പ്രായപരിധി നോക്കുമ്പോൾ പലർക്കും ഇനി യോഗ്യരായിരിക്കില്ല എന്ന ഭയവും ഉണ്ട് – 2020 മുതൽ റിക്രൂട്ട്‌മെന്റ് നടന്നിട്ടില്ല, അഗ്നിവീർ ആകാൻ 17.5 നും 21 നും ഇടയിൽ പ്രായമുണ്ടായിരിക്കണം. വ്യാഴാഴ്ച രാത്രി 23 വയസ്സായി ഉയർത്തിക്കൊണ്ട് ഉയർന്ന പ്രായപരിധിയിൽ സർക്കാർ ഇളവ് പ്രഖ്യാപിച്ചു.

ഇതുവരെ, ഒരു സൈനികന് ഏകദേശം 17 വർഷത്തേക്ക് ജോലി സുരക്ഷിതത്വമുണ്ടായിരുന്നു, അതിനുശേഷം പെൻഷനും തനിക്കും കുടുംബത്തിനും സബ്‌സിഡിയുള്ള ആരോഗ്യ പരിരക്ഷയും ലഭ്യമായിരുന്നു. ഒരു സൈനികൻ യുദ്ധത്തിൽ മരിച്ചാൽ, അവന്റെ കുടുംബത്തിന് ആനുകൂല്യങ്ങൾ തുടർന്നിരുന്നു. എന്നാൽ, പുതിയ അഗ്നിപഥ് പദ്ധതി ഈ ആനുകൂല്യങ്ങൾ അവസാനിപ്പിക്കും.

സായുധ സേനയുടെ കുതിച്ചുയരുന്ന ശമ്പളവും പെൻഷനും വെട്ടിക്കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ കാതലായ എന്നാൽ പറയാത്ത ലക്ഷ്യങ്ങളിലൊന്ന്. ഈ വർഷം, 5.25 ലക്ഷം കോടി രൂപയുടെ പ്രതിരോധ ബജറ്റിൽ ഈ രണ്ട് തലങ്ങൾക്കുമായി മാത്രം 2.5 ലക്ഷം കോടി രൂപ സർക്കാർ അനുവദിച്ചു.

അഗ്നിപഥ് സ്കീമിന് കീഴിൽ നാല് വർഷത്തെ കാലാവധിയിൽ സൈനികന് ശമ്പളം ലഭിക്കും, കൂടാതെ സേവനത്തിന്റെ അവസാനം 11.7 ലക്ഷം രൂപ ലഭിക്കും, അത് നികുതി രഹിതമായിരിക്കും. പെൻഷൻ എന്ന ആശയമോ ആജീവനാന്ത ആരോഗ്യ ആനുകൂല്യങ്ങളോ ഇല്ല. സർവീസിലിരിക്കെ സൈനികൻ മരിച്ചാൽ കുടുംബത്തിന് ഇൻഷുറൻസ്, എക്സ്-ഗ്രാഷ്യ, ബാക്കി ശമ്പളം എന്നിവ ഉൾപ്പെടെ ഒരു കോടി രൂപ ലഭിക്കും. എന്നാൽ ഇത് ഒറ്റത്തവണ ആയിട്ടായിരിക്കും.

ഈ ആനുകൂല്യങ്ങൾ നാല് വർഷ കാലയളവിന് ശേഷം സായുധ സേനയുടെ ഭാഗമാകുന്നവർക്ക് തുടരും. എന്നാൽ പുതിയ പദ്ധതി പ്രകാരം, എല്ലാ അഗ്നിവീർമാരുടെയും കാലാവധി 4 വർഷമായിരിക്കും. അതിനുശേഷം മികവു തെളിയിക്കുന്ന 25 ശതമാനം പേർക്ക് സ്ഥിര നിയമനം നൽകുകയും, തുടർന്ന് പുതിയ റിക്രൂട്ട്‌മെന്റിലൂടെ നിയമനം നടത്തുകയും ചെയ്യും. അവർക്ക് 15 വർഷം കൂടി സർവീസിൽ തുടരാം, പെൻഷനും നിലവിലുള്ള ആരോഗ്യ ആനുകൂല്യങ്ങളും ലഭിക്കും.

ബാക്കിയുള്ളവർക്ക് മറ്റ് തൊഴിലുകൾ തുടരാൻ സ്വാതന്ത്ര്യമുണ്ട്, മറ്റ് മേഖലകളിൽ അവരെ പുനരധിവസിപ്പിക്കാൻ സഹായിക്കുന്നതിന് മുൻഗണന, വിദ്യാഭ്യാസ ക്രെഡിറ്റുകൾ, നൈപുണ്യ സർട്ടിഫിക്കറ്റുകൾ എന്നിവ ലഭിക്കുമെന്ന് നിരവധി വകുപ്പുകളും സർക്കാരുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

അഗ്നിവീർ സേനാംഗങ്ങൾ സുരക്ഷിതരല്ലെന്ന വാദം ഒരു മിഥ്യയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്ക് സാമ്പത്തിക പാക്കേജും ബാങ്ക് വായ്പയും ലഭിക്കുമെന്നും കൂടുതൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് 12 ക്ലാസ് തത്തുല്യ സർട്ടിഫിക്കറ്റും തുടർ പഠനത്തിന് ബ്രിഡ്ജിങ് കോഴ്‌സും നൽകുമെന്നും വൃത്തങ്ങൾ അറിയിച്ചു.

തൊഴിലന്വേഷകർക്ക്, കേന്ദ്ര സായുധ പൊലീസ് സേനയിൽ മുൻഗണന ലഭിക്കുമെന്ന് സർക്കാർ ഇതിനകം അറിയിച്ചിട്ടുണ്ട്. ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങളും പൊലീസ് റിക്രൂട്ട്‌മെന്റിൽ മുൻഗണന നൽകുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. കൂടാതെ, മറ്റ് മേഖലകളിലും അവർക്കായി നിരവധി തൊഴിലവസരങ്ങൾ തുറന്നിട്ടുണ്ടെന്ന് സർക്കാർ പറഞ്ഞു.

വരും വർഷങ്ങളിൽ “അഗ്നിവീർ റിക്രൂട്ട്‌മെന്റ് നിലവിൽ സായുധ സേനയിലെ റിക്രൂട്ട്‌മെന്റിന്റെ മൂന്നിരട്ടിയായിരിക്കും” എന്ന് സർക്കാർ വൃത്തങ്ങൾ അവകാശപ്പെട്ടു. എന്നാൽ പദ്ധതിയുടെ പ്രഖ്യാപന ദിവസമായ ചൊവ്വാഴ്ച, ഈ വർഷം ഇത് 46,000 ആയിരിക്കുമെന്നും വരും വർഷങ്ങളിൽ പ്രതിവർഷം 50,000 മുതൽ 60,000 വരെ ഉയരുമെന്നും സർക്കാർ അറിയിച്ചു.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Behind agnipath scheme protest temporary stint no pension or health benefit